UPDATES

ട്രെന്‍ഡിങ്ങ്

പരിസ്ഥിതിയെന്തെന്ന് അറിയാത്തയാളെ ജൈവവൈവിധ്യ ബോര്‍ഡിന്റെ അധ്യക്ഷനാക്കിയെന്ന് ആരോപണം

ജോഷി സര്‍ക്കാരിന്റെ റബ്ബര്‍ സ്റ്റാമ്പായായിരിക്കും പ്രവര്‍ത്തിക്കുകയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് കുസുമം ജോസഫ്

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ അധ്യക്ഷനായ എസ് സി ജോഷിയുടെ നിയമനം ജൈവവൈവിധ്യ നിയമത്തിന് എതിരാണെന്ന വാദവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. ജൈവവൈവിധ്യത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിനും അത് ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനുമുള്ള(എബിഎസ്) അദ്ദേഹത്തിന്റെ പരിജ്ഞാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ബോര്‍ഡിന്റെ അധ്യക്ഷന്‍ പരിസ്ഥിതി പ്രവര്‍ത്തന രംഗത്തെ പ്രശസ്ത വ്യക്തിയും ജൈവവൈവിധ്യം പരിരക്ഷിക്കുന്നതിനും ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനും പരിജ്ഞാനവും അനുഭവ സമ്പത്തുമുള്ളയാളായിരിക്കണം. കൂടാതെ എബിഎസുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അറിവുണ്ടാകണം.

വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍ മറ്റ് കാര്യങ്ങളിലെല്ലാം അദ്ദേഹം യോഗ്യനാണെങ്കിലും എബിഎസ് പരിജ്ഞാനമില്ലെങ്കില്‍ അയോഗ്യനാക്കപ്പെടുമെന്നാണ് വാദം. ജോര്‍ജ്ജ് ഡിക്രൂസ് അംഗമായ കേരള ശാസ്ത്രസാഹിത്യ പരിഷത് പരിസ്ഥിതി സബ് കമ്മിറ്റിയാണ് ഇത് നിര്‍ദ്ദേശിക്കുന്നത്. നിയമത്തില്‍ എബിഎസ് ഒരു സുപ്രധാന ഘടകമാണെന്ന് ഈ കമ്മിറ്റി പറയുന്നു. ഇതിനെക്കുറിച്ച് ധാരണയുള്ള ഒരാളാണ് ബോര്‍ഡിന്റെ അധ്യക്ഷനാകേണ്ടത്. ജൈവവൈവിധ്യത്തിന്റെ യഥാര്‍ത്ഥ സംരക്ഷകരായ തദ്ദേശിയരായ വിഭാഗങ്ങള്‍ക്ക് ഗുണഫലങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനാകുന്ന ഒരാളായിരിക്കണം അധ്യക്ഷന്‍.

സര്‍ക്കാരില്‍ നിന്നും എതിര്‍പ്പുണ്ടായാല്‍ ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തില്‍ ശക്തമായ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന് ദേശീയ ജൈവവൈവിധ്യ അതോറിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ വി എസ് വിജയനും പറയുന്നു. അതേസമയം എല്ലാ വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെയാണെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ജോഷി സര്‍ക്കാരിന്റെ റബ്ബര്‍ സ്റ്റാമ്പായായിരിക്കും പ്രവര്‍ത്തിക്കുകയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് നാഷണല്‍ അലയന്‍സ് പീപ്പിള്‍സ് മൂവ്‌മെന്റ് കേരള കോര്‍ഡിനേറ്റര്‍ കുസുമം ജോസഫ് വ്യക്തമാക്കി. ‘പരിസ്ഥിതി രാഷ്ട്രീയം പാര്‍ശ്വവല്‍കൃതമല്ലാത്ത ഈ കാലത്ത് അദ്ദേഹത്തെ ഈ പദവിയില്‍ നിയമിച്ചതില്‍ ഞങ്ങള്‍ അതൃപ്തരാണ്. പരിസ്ഥിതി സംരക്ഷനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്താണെന്ന് പോലും ആര്‍ക്കും അറിയില്ല. അദ്ദേഹം പ്രവര്‍ത്തിച്ച വനംവകുപ്പിനെ സംബന്ധിച്ചാണെങ്കില്‍ വനങ്ങള്‍ ദിനംപ്രതി ഇല്ലാതാകുന്നതല്ലാതെ വര്‍ദ്ധിക്കുന്നില്ല’ അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഉമ്മന്‍ വി ഉമ്മന്റെ നിയമനവും ഇതുപോലെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. അദ്ദേഹം നിയമിതനായ ശേഷമാണ് ഖനനത്തില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം ജൈവവൈവിധ്യ കമ്മിറ്റിയ്ക്ക് നല്‍കാന്‍ സ്റ്റേറ്റ് എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി തീരുമാനിച്ചത്. അതിനെയാണ് ബോര്‍ഡ് ഗുണഫലങ്ങള്‍ പങ്കുവയ്ക്കല്‍ എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ഗുണഫലങ്ങള്‍ പങ്കുവയ്ക്കലിലുള്ള അവഗണന മൂലമുണ്ടാകുന്ന വിപത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍