UPDATES

ട്രെന്‍ഡിങ്ങ്

സന്യാസം സ്വീകരിക്കുന്ന ശതകോടീശ്വര ദമ്പതികളുടെ മകളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കം

ഗുജറാത്ത് ബാലാവകാശ സംരക്ഷണ കമ്മിഷന് വിവരാവകാശ നിമയപ്രകാരം ലഭിച്ച ഒരു അപേക്ഷയില്‍ കുട്ടിയുടെ ഭാവിയെക്കുറിച്ചും കുട്ടിയില്‍ ആര്‍ക്കാണ് അവകാശമെന്നും ചോദിക്കുന്നു

ജൈന സന്യാസം സ്വീകരിക്കുന്ന ശതകോടീശ്വരരായ ദമ്പതികളുടെ മകളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കം. മൂന്ന് വയസ്സുകാരിയായ മകളെയും 100 കോടി രൂപയുടെ സ്വത്തും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന സുമിത് റത്തോഡ്, അനാമിക എന്നിവരുടെ മകളുടെ അവകാശം ആര്‍ക്കാണെന്നതാണ് ഇപ്പോള്‍ തര്‍ക്ക വിശയമായിരിക്കുന്നത്. ഇന്നാണ് ഇവര്‍ സന്യാസ ദീക്ഷ സ്വീകരിക്കുന്നത്.

സുമിതിന്റെ പിതാവും വ്യവസായിയുമായ രാജേന്ദ്ര സിംഗ് കൊച്ചുമകളുടെ സംരക്ഷണ അവകാശം തനിക്കാണെന്ന് പറഞ്ഞ് രംഗത്തെത്തി. എന്നാല്‍ അനാമികയുടെ പിതാവും ബിജെപി നീമുച്ച് ജില്ലാ പ്രസിഡന്റുമായ അശോക് ചണ്ഡാലിയ കുട്ടിയില്‍ അവകാശം ഉന്നയിച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മക്കള്‍ സന്യാസം സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നും എന്നാല്‍ കൊച്ചുമകളുടെ അവകാശം തനിയ്ക്കാണെന്നുമാണ് ഇരുവരും പറയുന്നത്.

ലണ്ടനില്‍ ജോലി ചെയ്തിരുന്ന സുമിത് പിന്നീട് ജോലി ഉപേക്ഷിച്ച് കുടുംബ ബിസിനസ് ഏറ്റെടുക്കുകയായിരുന്നു. അനാമിക ഒരു ഖനിയില്‍ എന്‍ജിനിയര്‍ ആയിരുന്നു. നാല് വര്‍ഷമാണ് ഇവരുടെ ദാമ്പത്തിക ജീവിതം നീണ്ടു നിന്നത്. ഇക്കാലത്തിനിടയ്ക്ക് സുമിതിന്റെ ആസ്തി നൂറ് കോടിയായി വളരുകയും ചെയ്തു. അതേസമയം ഈ സ്വത്തില്‍ തനിക്കാണ് അവകാശവാദമുന്നയിച്ച് സുമിതിന്റെ അര്‍ദ്ധസഹോദരന്‍ സന്ദീപ് റത്തോഡും രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്തിലെ ബാലാവകാശ സംരക്ഷണ കമ്മിഷന് ലഭിച്ച ഒരു വിവരാവകാശ നിയമ പ്രകാരം ലഭിച്ച അന്വേഷണത്തില്‍ ഒരാള്‍ കുട്ടിയുടെ ഭാവിയെക്കുറിച്ചും കുട്ടിയില്‍ ആര്‍ക്കാണ് അവകാശമെന്നും ചോദിച്ചതോടെ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിരിക്കുകയാണ്.

ഇന്ന് സൂററ്റിലെ സാധുമാര്‍ഗി ജെയിന്‍ ആചാര്യ രാമലാല്‍ മഹാരാജിന് കീഴില്‍ ദമ്പതികള്‍ ദീക്ഷ സ്വീകരിക്കും. ഈവര്‍ഷം ആദ്യം പ്ലസ്ടു പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് വാങ്ങിയ ഒരു കൗമാരക്കാരനും ജൈന സന്യാസം സ്വീകരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍