UPDATES

ട്രെന്‍ഡിങ്ങ്

ചരിത്രപരമായ വിധിയുമായി ഗുജറാത്ത് ഹൈക്കോടതി; ബിജെപി നേതാവ് ഉള്‍പ്പെട്ട കൊലക്കേസ് പുനര്‍വിചാരണ നടത്തണം

വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജേത്വയുടെ കൊലപാതകകേസ് പുനഃര്‍വിചാരണ നടത്താനാണ് കോടതി ഉത്തരവ്

ചരിത്രപരമായൊരു വിധിയിലൂടെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ഗുജറാത്ത്‌ ഹൈക്കോടതി. വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജേത്വ കൊലക്കേസില്‍ പുനര്‍വിചാരണയ്ക്കാണു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മുന്‍ എംപിയും ബിജെപി സംസ്ഥാനഘടകത്തിലെ പ്രമുഖനുമായ ദിനു സോളങ്കി കുറ്റാരോപിതനായ കേസിന്റെ വാദം സിബിഐ ട്രയല്‍ കോടതിയില്‍ പൂര്‍ത്തിയായി വിധി പറയാനിരിക്കേയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

സിബിഐ കോടതിയില്‍ അമിത് കൊലക്കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വിചാരണയെ ‘നീതിപീഠത്തിന്റെ പരാജയം’ എന്നു വിളിച്ച ഹൈക്കോടതി വിചാരണ റദ്ദ് ചെയ്യാനും പുനര്‍വിചാരണ ആരംഭിക്കാനുമാണ് ഉത്തരവിട്ടത്. കുറ്റാരോപിതരില്‍ പ്രധാനിയായ ദിനു സോളങ്കി എന്ന സംസ്ഥാനത്തെ ശക്തനായ രാഷ്ട്രീയ നേതാവിന് കേസ് വിസ്താരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ടെന്നായിരുന്നു ആക്ഷേപം.

സോളങ്കിയുടെ ഇടപെടല്‍ ഹൈക്കോടതിക്കു ബോധ്യപ്പെട്ടതിനാലാണ് വിചരണ റദ്ദാക്കാനും പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടതുമെന്ന് അമിതിന്റെ പിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആനന്ദ് യാഗ്നിക് പറഞ്ഞു.

കേസിന്റെ വിസ്താരത്തിനിടയില്‍ സാക്ഷികളായി ഉണ്ടായിരുന്ന 195 പേരില്‍ 105 പേരും പ്രതിഭാഗത്തിനനുകൂലമായി കൂറുമാറിയതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.

രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ ഇങ്ങനെയൊന്നു സംഭവിക്കുന്നത് ഇതാദ്യമായാണ്. വിധി പ്രസ്താവത്തിനു മുമ്പായി വിസ്താരം റദ്ദ് ചെയ്യുകയും പുതിയ ജഡ്ജിക്കു മുമ്പാകെ പുനഃര്‍വിചാരണ ആരംഭിക്കാനുമുള്ള ഹൈക്കോടതിവിധിയാണ് ഉണ്ടായിരിക്കുന്നത്; യാഗ്നിക് ദി ഹിന്ദുവിനോടു പറഞ്ഞു. പുനര്‍വിചാരണയെ പ്രതികള്‍ പണമുപയോഗിച്ചോ കായികമായോ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനും സിബിഐക്കും കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

2010 ല്‍ ഹൈക്കോടതിക്കു പുറത്തുവച്ചാണ് വന്യജീവിസംരക്ഷകനും വിവരാവകാശ പ്രവര്‍ത്തകനുമായിരുന്ന അമിത് ജേത്വ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഗിര്‍ വനത്തില്‍ നടക്കുന്ന വന്‍തോതിലുള്ള ചുണ്ണാമ്പുകല്‍ ഖനനത്തിനെതിരേ ഹര്‍ജി ഫയല്‍ ചെയ്തതിനു പിന്നാലെയായിരുന്നു സൗരാഷ്ട്ര സ്വദേശിയായ അമതിന്റെ കൊലപാതകം.
ഈ കേസ് ആദ്യം അന്വേഷിച്ച അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം ദിനു സോളങ്കിക്ക് ക്ലീന്‍ ചിറ്റാണ് നല്‍കിയത്. പിന്നീട് കേസ് സിബിഐക്ക് കൈമാറി. സിബിഐ നടത്തിയ അന്വേഷണത്തില്‍ ദിനു സോളങ്കിയും ബന്ധുക്കളും കോദിനറില്‍ നടത്തുന്ന അനധികൃത ഖനനം വെളിച്ചത്തു കൊണ്ടുവന്നതിനു പിന്നാലെയാമ് അമിത് ജേത്വ കൊല്ലപ്പെട്ടതെന്നു കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നു സിബിഐ സോളങ്കിക്കെതിരേ കുറ്റപത്രം തയ്യാറാക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍