UPDATES

രാഹുല്‍ ഗാന്ധിക്ക് ഇത് മധുരമുളള പരാജയം

പരാജയങ്ങളില്‍ നിന്നും പാഠം പഠിച്ചെടുക്കാനുളള ശേഷി ഇതിനകം തന്നെ രാഹുല്‍ നേടി കഴിഞ്ഞു. ഒരു പക്ഷെ, കോണ്‍ഗ്രസ് പരാജയപ്പെട്ട എല്ലാ തിരഞ്ഞെടുപ്പുകളും രൂപപ്പെടുത്തിയത് രാഹുല്‍ എന്ന നേതാവിനെ ആയിരിക്കും

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി എന്ന നിലക്കാണ് രാജ്യം ഉറ്റുനോക്കിയത്. 2019 ല്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് ഫലം സ്വാധീനിക്കുമെന്നതാണ് അതിനു കാരണം. ഗുജറാത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അനുകൂല വിധി ഉണ്ടായാല്‍ അത് കേന്ദ്രത്തില്‍ ബിജെപിക്ക് തുടരാനുളള ഉറച്ച സമ്മതമായിരിക്കുമെന്നായിരുന്നു ആ ചിന്തയുടെ പ്രേരണ. ബിജെപി വിജയിച്ചുവെങ്കിലും കോണ്‍ഗ്രസിന്റെ പ്രകടനം മോശമല്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ശക്തമായ ഒരു മത്സരം വോട്ടണ്ണെലില്‍ തന്നെ കാണാന്‍ സാധിച്ചു. തുടക്കത്തില്‍ ചില നിമിഷങ്ങള്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയായിരുന്നു ലഭിച്ചതും.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ‘ഭാവി’ നിര്‍ണ്ണയിക്കുന്ന പരീക്ഷണം തന്നെയായിരുന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി വരുന്നു എന്നതുറപ്പായ ഉടനെ നേരിട്ട ഏറ്റവും നിര്‍ണ്ണായകമായ വെല്ലുവിളിയുമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ പുറത്തുവന്ന ഫലത്തില്‍ കോണ്‍ഗ്രസിനു 2012ല്‍ ലഭിച്ച 61 സിറ്റുകളേക്കാള്‍ അധികം സീറ്റുകള്‍ ലഭിച്ചുവെന്നത് ചെറുതല്ലാത്ത പ്രതീക്ഷയാണ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും അത് നല്‍കുന്നത്. ഏതാനും സീറ്റുകള്‍ അധികം നേടിയെന്നതു മാത്രമല്ല അത് രാഷ്ട്രീയത്തില്‍ രാഹുല്‍ ലഭിച്ച മികച്ച കളരിയായി മാറി ഗുജറാത്ത് തിരഞ്ഞെടുപ്പ്. രാഹുലിന്റെ ആദ്യതിരഞ്ഞെടുപ്പ് പാഠവും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്നാണ്. 1997 ലെ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയമാണ് തിരഞ്ഞെടുപ്പിനെ നേരിടാനുളള തന്ത്രങ്ങളെ പറ്റി ആലോചിക്കാന്‍ രാഹുലിനെ ആദ്യമായി പ്രേരിപ്പിക്കുന്നത്. പ്രസംഗപീഠത്തില്‍ കുറിപ്പ് നോക്കി വായിക്കുന്ന രീതി രാഹുല്‍ ഉപേക്ഷിച്ചതും ആ തിരഞ്ഞെടുപ്പിനു ശേഷമാണ്.

രാഹുല്‍ മികച്ച നേതാവാകാന്‍ നടത്തിയ മുഖ്യപരീക്ഷണങ്ങളില്‍ ഒന്നായിരുന്നു കുറിപ്പ് നോക്കാതെ പ്രസംഗിക്കാനുളള ശ്രമമെന്ന് 2009 ല്‍ ബിസിനസ് സറ്റാന്‍ഡേര്‍ഡ് പത്രം എഴുതി. ‘സുക്ഷ്മമായ നിരീക്ഷണവും പെട്ടെന്ന് പഠിച്ചെടുക്കാനുളള കഴിവുമുളള’ രാഹുല്‍ വിവിധ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത പരീക്ഷണങ്ങളായിരുന്നു പ്രയോഗിച്ചത്. രാഹുല്‍ ഗാന്ധി പരീക്ഷിച്ച പബ്‌ളിക്ക് റിലേഷന്‍ ടൂളുകള്‍ പെട്ടെന്ന് വിജയം നേടിയെടുത്ത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പടിപടിയായി അദ്ദേഹത്തിലെ മികച്ച നേതാവിനെ അത് കടഞ്ഞെടുത്തുവെന്ന് വേണം കരുതാന്‍. ആദ്യമായി ഗോദയിലേക്ക് ഇറങ്ങിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ പയറ്റിയ പി ആര്‍ ടൂള്‍ സ്‌പോര്‍ട്‌സ് ആയിരുന്നു. സ്വന്തം മണ്ഡലത്തില്‍ അരങ്ങേറിയ കബഡി മത്സരം ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചതും, മണ്ഡലത്തില്‍ 15 ഓവര്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതും രാഹുലിന്റെ പുതിയ പി ആര്‍ ടൂളായിരുന്നു. ടൂര്‍ണ്ണമെന്റിന് വലിയ തുക വാഗ്ദാനം ചെയ്യുക മാത്രമല്ല; ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തെ കളിക്കാണാന്‍ കുറച്ച് സമയം ഗ്യാലറിയില്‍ ഇരുത്തുകയും ചെയ്തു. സ്‌കൂള്‍ പഠനം കഴിഞ്ഞ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സെന്റ് സറ്റീഫനിലേക്ക് പഠനത്തിനു ചേര്‍ന്ന രാഹുലിന്റ് കായിക താല്‍പ്പര്യം ജനുവിനായിരുന്നുവെന്ന് അക്കാലത്ത് ദേശിയപത്രങ്ങള്‍ എടുത്ത് പറഞ്ഞിരുന്നു.

2009 ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഒരു പ്രൊപ്പഗണ്ടാ തന്ത്രവുമായി രാഹുല്‍ നേതൃത്വത്തിന്റെ മുന്നിലെത്തിയത് മുതിര്‍ന്ന നേതാക്കളെ അമ്പരപ്പിച്ചിരുന്നു. രാഹുലിന്റെ നിര്‍ദ്ദേശാനുസരണം അന്നാദ്യമായാണ് പുറമെയുള്ള എന്‍ ജി ഒകളെ പാര്‍ട്ടി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. സമൂഹത്തിന്റെ വിവിധ തുറകളിലെ വിദഗ്ധരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു കാര്യപരിപാടികള്‍ ആസൂത്രണം ചെയ്തത്. അതുപ്പോലെ തന്നെയാണ് 2008 ല്‍ രാഹുല്‍ പാര്‍ട്ടിയില്‍ നടത്തിയ ഞെട്ടിക്കുന്ന ഇടപെടല്‍. ഇന്തോ- യുഎസ് ആണവ കരാര്‍ സംബന്ധിച്ച രാഷ്ട്രീയ വിവാദം പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലേക്ക് തളളിയിട്ട സാഹചര്യമായിരുന്നു അത്. അന്ന് രാഹുല്‍ മുന്നോട്ട് വെച്ചത് മറ്റൊരു പ്രചാരണ തന്ത്രമായിരുന്നു. ‘നമുക്ക് ഒരു സിംഗിള്‍ പേജ് രേഖയുമായി ജനങ്ങളെ സമീപിക്കാം. ആണവ കരാറിനെ കുറിച്ച് ഹൃസ്വവും എളുപ്പത്തില്‍ ആശയവിനിമയം സാധ്യമാകുന്ന തരത്തിലുളള ഒരു കുറിപ്പുണ്ടാക്കി വക്താക്കള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും നല്‍കാം’ ഇതായിരുന്നു അന്നത്തെ രാഹുലിന്റെ നിര്‍ദ്ദേശം. ആ ആശയവും രാഹുല്‍ കടം കൊണ്ടതായിരിക്കണമെന്നില്ല. കാരണം, കാംബ്രിഡ്ജില്‍ മനേജ്മമെന്റ് കോഴ്‌സ് പഠിച്ച രാഹുല്‍ മുംബൈയില്‍ സ്വന്തമായി മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തിയിരുന്നു.

അതുപ്പോലെ തന്നെയാണ്, രാജസ്ഥാന്‍, മിസോറാം, ജമ്മു കാശ്മീര്‍, ഡല്‍ഹി, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണവും. വിജയത്തേക്കാള്‍ പുതിയ പാഠങ്ങളാണ് രാഹുല്‍ ഗാന്ധിക്ക് ആ പ്രചാരണ അനുഭവങ്ങള്‍ നല്‍കിയത്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് രാഹുലിനെ പഠിപ്പിച്ച പാഠം ജനങ്ങളെ നേരിട്ട് കണ്ട് അവരുടെ പ്രശ്‌നങ്ങളെ തിരിച്ചറിയാമെന്നാണെന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എതായായാലും ഗുജറാത്തില്‍ വിജയം കണാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ വിജയം കോണ്‍ഗ്രസിനേയും രാഹുലിനെയും കാത്തിരിക്കുന്നുവെന്ന് കരുതാം. കാരണം, പരാജയങ്ങളില്‍ നിന്നും പാഠം പഠിച്ചെടുക്കാനുളള ശേഷി ഇതിനകം തന്നെ രാഹുല്‍ നേടി കഴിഞ്ഞു. ഒരു പക്ഷെ, കോണ്‍ഗ്രസ് പരാജയപ്പെട്ട എല്ലാ തിരഞ്ഞെടുപ്പുകളും രൂപപ്പെടുത്തിയത് രാഹുല്‍ എന്ന നേതാവിനെ ആയിരിക്കുമെന്നു ഭാവിയില്‍ പറയേണ്ടതായി വരും.

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍