UPDATES

ട്രെന്‍ഡിങ്ങ്

ഇടിച്ച ലോറി ബിജെപി നേതാവിന്റെ സഹോദരന്റേത്, കേന്ദ്രമന്ത്രിയുടെ ആരോപണങ്ങള്‍ പൊളിച്ചടുക്കി പൊലീസ്

തന്നെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചു കൊല്ലാനായിരുന്നു ശ്രമിച്ചതെന്നായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ബിജെപി കേന്ദ്രമന്ത്രിയായ ഹെഗ്‌ഡെയുടെ ആരോപണം

തന്നെ മനഃപൂര്‍വം വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന കര്‍ണാടകയില്‍ നിന്നുള്ള ബിജെപി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വാദങ്ങള്‍ പൊളിഞ്ഞു. അപകടത്തിന് ഒരു വര്‍ഗീയ നിറം കൂടി നല്‍കി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ ബിജെപിക്ക് അനുകൂലമായി വികാരം ഉണ്ടാക്കിയെടുക്കാമെന്ന തന്ത്രങ്ങളാണ് പൊലീസ് അന്വേഷണത്തിലൂടെ പൊളിഞ്ഞത്. ചൊവ്വാഴ്ച രാത്രി ഹവേരിയില്‍വച്ച് ഒരു ലോറി അനന്ത് ഹെഗ്‌ഡെയുടെ എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിച്ചു പൊലീസുകാരന് പരിക്കേറ്റിരുന്നു. എന്നാല്‍ ഈ അപകടം മനഃപൂര്‍വം ഉണ്ടാക്കിയതാണെന്നും തന്റെ ജീവന്‍ അപകടത്തില്‍പ്പെടുത്താനായിരുന്നു ലക്ഷ്യമെന്നും പറഞ്ഞ് നിരവധി ട്വീറ്റുകളും ഒക്കെയായി വിഷയം ആളിക്കത്തിക്കാന്‍ കേന്ദ്രമന്ത്രി പരമാവധി ശ്രമിച്ചു. ഇടിച്ച ലോറിയുടെ ഡ്രൈവര്‍ നാസര്‍ എന്നു പേരുള്ള ഒരാളാണെന്ന് പ്രത്യേകം എടുത്ത് പറഞ്ഞ് അയാളുടെ ചിത്രങ്ങളും ഹെഗ്‌ഡെ തന്റെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. നാസറിനു പിന്നില്‍ ഒരു വന്‍ സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു കൂടി പറഞ്ഞു വച്ചു കര്‍ണാടകയിലെ ബിജെപിയുടെ തീപ്പൊരി നേതാവ്.

കൂടുതല്‍ കാര്യങ്ങള്‍ പറയാനായി ഒരു വാര്‍ത്തസമ്മേളനവും വിളിച്ചിരുന്നു അനന്ത് ഹെഗ്‌ഡെ. എന്നാല്‍ ആ വാര്‍ത്താസമ്മേളനം അകാരണമായി റദ്ദ് ചെയ്യേണ്ടി വന്നു ബിജെപി മന്ത്രിക്ക്. കാരണം, അതിനു മുന്നേ പൊലീസ് നടന്ന അപകടത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവന്നു.

അനന്ത് ഹെഗ്‌ഡെ തന്നെ കൊല്ലാനുള്ള ശ്രമം എന്നു പറഞ്ഞ അപകടം ഉണ്ടാക്കിയ ലോറിയുടെ ഉടമസ്ഥന്‍ ഒരു നാഗേഷ് ആണ്. ചിക്കമംഗ്ലൂരിലെ കോപ്പ സ്വദേശി. ഈ നാഗേഷിന്റെ സഹോദരന്‍ രമേഷ് കോപ്പയിലെ ബിജെപി താലൂക്ക് പ്രസിഡന്റും! കേന്ദ്രമന്ത്രി പറയുന്നതുപോലെ മനപൂര്‍വമായൊരു അപകടമല്ല ഉണ്ടായതെന്ന് പൊലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമാവുകയും ചെയ്തു. ദേശീയപാതയിലൂടെ വരികയായിരുന്ന ലോറി ഹലഗേരി ബൈപ്പാസില്‍വച്ച് തിരിയേണ്ട സ്ഥലം കടന്നും മുന്നോട്ടു പോയി. വഴി തെറ്റിയെന്നു മനസിലാക്കിയതോടെ ഡ്രൈവര്‍ വാഹനം പുറകോട്ടെടുക്കാന്‍ ശ്രമിച്ചതോടെയാണ് മന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനവുമായി ഇടിച്ചത്.

കേന്ദ്രമന്ത്രിയുടെ ആരോപണങ്ങള്‍ വന്ന ഉടനെ തന്നെ അനന്ത് കുമാറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി സിദ്ദരാമയ്യ രംഗത്തു വന്നിരുന്നു. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കൊലപാതകശ്രമമാണ് തനിക്കെതിരേ നടന്നതെന്ന മന്ത്രിയുടെ പ്രതികരണം മനോനിലയുടെ കുഴപ്പം കൊണ്ടുണ്ടാകുന്ന ചിന്തയാണെന്നായിരുന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രതികരിച്ചത്. അശ്രദ്ധമൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആകാം അപകടം നടന്നിരിക്കുക, എന്നാല്‍ അതൊരു കൊലപാതകശ്രമം ആണെന്നൊക്കെ പറയുന്നത് ശരിയാണോ? ക്രിമിനല്‍ ചിന്താഗതിയാണ് ഇത് തെളിയിക്കുന്നത്. ബിജെപിയിലെ ചില ആള്‍ക്കാര്‍ ക്രിമിനല്‍ മനോനിലയുള്ളവരാണ്, അവര്‍ ഇങ്ങനെയൊക്കെയെ ചിന്തിക്കൂ; സിദ്ധരാമയ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

ക്രിമിനല്‍ മനസുള്ള ബിജെപിക്കാര്‍ ഇങ്ങനെയൊക്കെയെ ചിന്തിക്കൂ; കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി

കാറില്‍ ലോറിയിടിപ്പിച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് കേന്ദ്ര മന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍