UPDATES

ട്രെന്‍ഡിങ്ങ്

ഹര്‍ദ്ദിക് പട്ടേലിനെതിരെ ലൈംഗിക ആരോപണം: ‘സ്വകാര്യത’ ബിജെപിയുടെ ഇരട്ടത്താപ്പ്?

സുപ്രീം കോടതി സ്വകാര്യത മൗലികാവകാശമാണ് എന്ന് വിധിച്ചിട്ടും അത് തങ്ങളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കുക എന്ന തന്ത്രമാണ് കേന്ദ്രം ഭരിക്കുന്ന കക്ഷി സ്വീകരിക്കുന്നത്

ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിന്റെതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ‘ലൈംഗീക സിഡി’ പുറത്തുവരുമ്പോള്‍ ബിജെപിയുടെ ധാര്‍മ്മികതയും വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതില്‍ അവര്‍ പുലര്‍ത്തുന്ന അലംഭാവവുമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് സ്‌ക്രോള്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ ഇത്തരത്തിലുള്ള ഒരു ‘വ്യാജ സിഡി’ അണിയറയില്‍ തയ്യാറാവുന്നുണ്ടെന്നും അതുടന്‍ പുറത്തുവരുമെന്നും രണ്ടാഴ്ച മുമ്പുതന്നെ ഹര്‍ദ്ദിക് പട്ടേല്‍ വ്യക്തമാക്കിയരുന്നു.

ഒരു സ്ത്രീയുമായി പട്ടേല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും മറ്റൊന്നില്‍ അദ്ദേഹം മദ്യപിക്കുന്നതുമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇവയിലൊന്നും വിവാദപരമോ അപവാദകരമോ ആയ ഒന്നുമില്ലെന്നാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പട്ടേലിന്റെ ഔന്നിത്യത്തിന് ഏറ്റ ധാര്‍മ്മിക തിരിച്ചടിയായാണ് ബിജെപി അനുയായികുള്‍ ഈ വീഡിയോകള്‍ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. പട്ടേലിനെ അനുകൂലിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവരാനും സിഡികള്‍ക്കായെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സിഡികള്‍ക്ക് സാധിച്ചിട്ടില്ല എന്നത് മറ്റ് ചില ചര്‍ച്ചകള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. സ്വകാര്യതയെ സംബന്ധിച്ച ചര്‍്ച്ചകള്‍ക്കും ഒരാളുടെ സ്വകാര്യതയില്‍ എത്രത്തോളം കടന്നുചെല്ലാം എന്ന ചോദ്യത്തിനും ഈ സംഭവം വഴി തെളിച്ചിട്ടുണ്ട്. അത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെ കുറിച്ച് ഹാര്‍ദ്ദിക് പാട്ടേല്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും സൂക്ഷിച്ച് മാത്രം പ്രതികരിക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധിതമായത്. എന്നാല്‍, ബിജെപിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഐടി, സാമൂഹിക മാധ്യമ കണ്‍വീനര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ ‘ഹാര്‍ദ്ദിക് പട്ടേലിന്റെ യഥാത്ഥ സത്യം’ എന്ന പേരില്‍ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

വീഡിയോകളില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെങ്കിലും പൊതുജനതാല്‍പര്യം മുന്‍നിറുത്തിയാണ് അത് പ്രചരിപ്പിക്കുന്നതെന്നാണ് ബിജെപി അണികളുടെ ഭാഷ്യം. എന്നാല്‍ ചത്തീസ്ഗഢിലെ ബിജെപി മന്ത്രിക്കെതിരായി സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി നേതൃത്വവും അണികളും സ്വീകരിച്ച നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപിയുടെ ഒരു സംസ്ഥാന മന്ത്രി ഉള്‍പ്പെട്ട സെക്‌സ് ടേപ്പ് കൈവശം വച്ചുവെന്ന്് ആരോപിച്ച് ബിബിസിയുടെ മുന്‍ മാധ്യമ പ്രവര്‍ത്തകനെ അവിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീഡിയോ കാണിച്ച് സംസ്ഥാന മന്ത്രിയില്‍ നിന്നും പണം ഈടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ താന്‍ എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു ടേപ്പ് സൂക്ഷിക്കുന്നു എന്ന് മാത്രമാണ് മന്ത്രിയുമായുള്ള സംഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിച്ചത് എന്ന് പിന്നീട് വ്യക്തമായിരുന്നു.

എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വകാര്യത ഒരു മൗലിക അവകാശമല്ലെന്ന് സുപ്രീം കോടതിയില്‍ വാദിച്ച ഒരു പാര്‍ട്ടി ഇത്തരത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നതില്‍ അത്ഭുതത്തിന് അവകാശമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി പിന്നീട് വിധിച്ചിരുന്നു. എന്തെങ്കിലും രാഷ്ട്രീയ ലാഭം നേടാനുണ്ടെങ്കില്‍ സ്വകാര്യത മൗലികവകാശമല്ലെന്ന തങ്ങളുടെ നിലപാടിലേക്ക് ബിജെപി മടങ്ങിപ്പോവുകയാണ് പതിവ്. കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാക്കളും പട്ടേല്‍ വിഭാഗക്കാരും തമ്മിലുള്ള കൂടിക്കാഴ്ച നടന്ന ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തു എന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ പിന്നീട് കൃത്യമായി ചോര്‍ത്തുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഗുജറാത്ത് പോലെയുള്ള ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള സ്വകാര്യതയിലുള്ള കടന്നുകയറ്റത്തെ സന്തോഷപൂര്‍വം ദുരുപയോഗം ചെയ്യുകയും എന്നാല്‍ ഔദ്ധ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നത് ഉള്‍പ്പെടെയുള്ള ആരോപണം നേരിടുന്ന ചത്തീസ്ഗഡ് മന്ത്രിക്ക് വേണ്ടി ഒരു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബിജെപി ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. തങ്ങളുടെ ആധാര്‍ പരിപാടി വിജയിപ്പിക്കുന്നതിനായി സ്വകാര്യതയെ കുറിച്ചുള്ള എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ തയ്യാറാവുന്ന ഒരു പാര്‍ട്ടിയെയാണ ഇവിടെ വെളിപ്പെടുന്നത്. അതുകൊണ്ടുതന്നെ സുപ്രീം കോടതി സ്വകാര്യത മൗലികാവകാശമാണ് എന്ന് വിധിച്ചിട്ടും അത് തങ്ങളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കുക എന്ന തന്ത്രമാണ് കേന്ദ്രം ഭരിക്കുന്ന കക്ഷി സ്വീകരിക്കുന്നത്. സ്വകാര്യ വ്യക്തികളെ നിരീക്ഷിക്കുന്നതിനായി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദി ഔദ്യോഗിക സംവിധാനത്തെ ദുരുപയോഗം ചെയ്ത വിവാദത്തെയാണ് ഇതൊക്കെ ഓര്‍മ്മിപ്പിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍