UPDATES

ട്രെന്‍ഡിങ്ങ്

മുന്നോട്ടു വന്ന സ്ത്രീകളെ ‘തേവിടിച്ചികൾ’ എന്ന് വിളിച്ച ഒരു സമൂഹവും ഇവിടെയുണ്ടായിരുന്നു-ഹരീഷ് വാസുദേവന്‍ സംസാരിക്കുന്നു

റിവ്യൂ ഹർജിക്കു വേണ്ടി വാചാലരാകുന്ന രമേശ് ചെന്നിത്തലയും ശ്രീധരൻ പിള്ളയും പറയണം, എന്താണ് 411 പേജ് വരുന്ന വിധി ന്യായത്തിലെ തെറ്റ്?

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന അസത്യ പ്രചാരണങ്ങളെ കുറിച്ചും, കേസിലെ നിയമപരമായ സാധ്യതയകളെ കുറിച്ചും നിയമ വിദഗ്ധന്‍ ഹരീഷ് വാസുദേവൻ സംസാരിക്കുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പടച്ചു വിടുന്ന നുണകളുടെ കൂമ്പാരം കണ്ടുമടുത്തിട്ടാണ് ചിലത് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നിയത്. വിധി വരുന്നതിനു മുൻപേ ഉണ്ടായ പ്രചാരണം ഏതോ മുസ്ലിം ആണ് ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വേണ്ടി ഹർജി സമർപ്പിച്ചത് എന്നായിരുന്നു. അത് അധിക താമസം ഇല്ലാതെ പൊളിഞ്ഞു. വിശ്വാസികളായ ഹിന്ദുക്കൾ തന്നെ ആണ് ഹർജി നൽകിയതെന്നും, മറിച്ചുള്ള വാദങ്ങൾ എല്ലാം തെറ്റാണെന്നും.

രണ്ടാമതായി ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി വന്ന ശേഷം നടന്ന ഒരു പ്രചാരണം തന്ത്രിമാരോടോ മറ്റോ ചർച്ച ചെയ്യാതെ ആണ് സർക്കാർ ഇത്തരം ഒരു നീക്കം രഹസ്യമായി നടത്തിയത് എന്ന്. 1991 മുതലുള്ള സത്യവാങ്മൂലങ്ങൾ കോടതി പരിശോധിച്ചു. സർക്കാരും, ദേവസ്വം ബോഡും കക്ഷികളായിരുന്നു. 411 പേജ് വരുന്ന ഈ വിധിന്യായം വായിക്കാതെ ആണ് നുണകളുമായി സംഘപരിവാർ അണികൾ ഇറങ്ങിയിരിക്കുന്നത് എന്ന് വ്യക്തം.

ഇനി ഒരു വാദം ഉണ്ടായിരുന്നത് ആചാരങ്ങളും, അനുഷ്ടാനങ്ങളും പരിഗണിക്കാതെയാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത് എന്നായിരുന്നു. തന്ത്രിമാരെ, വിശ്വാസികളെ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും കേട്ട ശേഷമാണ് കോടതി ഈ വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നത് എന്നത് ആണ് യാഥാർഥ്യം.

ശബരിമല സ്ത്രീ പ്രവേശനത്തിൽ കോടതി ചെയ്തിരിക്കുന്നത് വിശ്വാസത്തിന്റെ പുറത്തുള്ള ഭരണഘടനാ സാധ്യത പരിശോധിക്കുകയാണ്. മൗലികാവകാശത്തിനു നിരക്കുന്ന തരത്തിലുള്ള ഒരു വിശ്വാസം പറ്റുമോ ഇല്ലയോ എന്നാണ് കോടതി പരിശോധിച്ചത്. കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു ചട്ടം ഉണ്ടായിരുന്നു 3 ബി അനുസരിച്ചുള്ള ചട്ടം. ഇത് ഭരണഘടനാപരമായി നിലനിൽക്കുമോ എന്ന് പരിശോധിച്ചപ്പോൾ ഇല്ല എന്ന് കണ്ടെത്തി അത് റദ്ദ് ചെയ്തു.

10 നും 50 നും ഇടയിലുള്ള യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കുന്നത് ആർട്ടിക്കിൾ 14 ,15 പ്രകാരം മൌലികാവകാശത്തിന് എതിരാണ് എന്നും കോടതി നിരീക്ഷിച്ചു. മതവിശ്വാസത്തിൽ യുക്തി ഉപയോഗിക്കുകയല്ല കോടതി ചെയ്തത് മറിച്ച് മതവിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവ മൗലികാവകാശത്തിനു വിരുദ്ധമായി നിലനിൽക്കുമോ എന്നാണ് കോടതി ആത്യന്തികമായി പരിഗണിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എല്ലാ വികസിത രാജ്യങ്ങളിലും ഭരണഘടന വരുന്നതിനു മുൻപുള്ള, നിയമം വരുന്നതിനു മുൻപുള്ള ഒരു അനാചാരവും അതുപോലെ നിലനിൽക്കില്ല; പ്രഥമ പരിഗണന നിയമത്തിനും, ഭരണഘടനയ്ക്കും തന്നെ ആയിരിക്കും.

നമ്മുടെ രാജ്യത്ത് ഏതു മതത്തിൽ വിശ്വസിക്കാനും, പ്രാർത്ഥിക്കാനും, അന്തസ്സോടെ ജീവിക്കാനും, തുല്യതയും ഭരണഘടനാ ഉറപ്പ് നൽകുന്നുണ്ട്. മൗലികാവകാശത്തിനു വിരുദ്ധമായി മറ്റൊരു മൗലികാവകാശം നിലനിൽക്കില്ല എന്നതാണ് ചുരുക്കം.

ശബരിമല ക്ഷേത്രം പന്തളം രാജകുടുംബത്തിന്റേതാണെന്നും അങ്ങനെ ഒരു കരാർ നിലവിൽ ഉണ്ടെന്നും വാട്സാപ്പിൽ അടക്കം ഒരു പ്രചാരണം ഉണ്ട്. ഇത് കള്ളം ആണ്. ഈ കരാറിന് പറയുന്നത് ‘കവനന്റ്’ എന്നാണ്. സത്യത്തിൽ അങ്ങനെ ഒരു കരാർ ഇല്ല. ഇനി ഏതെങ്കിലും തരത്തിൽ അങ്ങനെ ഒരു കരാർ ഉണ്ടെങ്കിൽ 1950 ൽ ഭരണഘടനാ നിലവിൽ വന്നതോടുകൂടി അത് അസാധുവായി.

ഇനി സുപ്രീം കോടതി വിധി വന്നിട്ടും ബഹുഭൂരിപക്ഷം വിശ്വാസികളായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാൻ താൽപ്പര്യം ഇല്ലെന്നു വാദിക്കുന്ന ഒരു കൂട്ടരെ കാണുന്നുണ്ട്. എന്താണ് ശബരിമലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്? അവിടെ വരുന്ന സ്ത്രീകളെ ആക്രമിക്കുന്നു, തെറി പറയുന്നു, അവരുടെ വീടുകളിൽ വരെ ആക്രമം അഴിച്ചു വിടുന്നു. തികച്ചും Insecure ആയ ഒരു അവസ്ഥ നിലനിൽക്കുമ്പോൾ മനസ്സമാധാനം ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം വിശ്വാസികളായ ഭക്തകള്‍ അങ്ങോട്ട് പോകാൻ തയ്യാറാകണമെന്നില്ല.

ചരിത്രം പരിശോധിച്ചാൽ പുരോഗമനം പറയുന്ന മനുഷ്യരുടെ എണ്ണം തുലോം കുറവായിരുന്നു. വി ടി ഭട്ടതിരിപ്പാട് അന്തർജനങ്ങളോട് മറക്കുട ഉപേക്ഷിച്ചു വന്നു സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ എണ്ണത്തിൽ കുറഞ്ഞ സ്ത്രീകൾ മാത്രമേ തയ്യാറായി മുന്നോട്ടു വന്നുള്ളൂ. ഇനി ആ മുന്നോട്ടു വന്ന സ്ത്രീകളെ ‘തേവിടിച്ചികൾ’ എന്ന് വിളിച്ച ഒരു സമൂഹവും ഇവിടെ ജീവിച്ചിരുന്നു.

ശ്രീനാരായണ ഗുരുവിനു ഒരിക്കലും ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല, ക്ഷേത്ര പ്രവേശന വിളംബരം വന്നപ്പോഴും പലരും മടിച്ചുനിന്നു. അതൊരു പാപം ആണെന്ന് ധരിച്ചിരുന്നവർ ഉണ്ടായിരുന്നു. ഇതേ പാപബോധം സൂക്ഷിക്കുന്നവർ ആണ് നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ. ചെറിയ പ്രായം മുതൽ ഈ പാപബോധം ഇൻജക്ട് ചെയ്തു വെച്ചിരിക്കുകയാണ്. പക്ഷെ പുതിയ തലമുറ ലിംഗ നീതിയുടെ പാഠം പഠിച്ചാണ് മുൻപോട്ടു വരുന്നത്. അവർ ഒരു തരത്തിലുള്ള വിവേചനത്തിനും നിന്നുകൊടുക്കാൻ സാധ്യതയില്ല.

സംസ്‌ഥാന സർക്കാർ റിവ്യൂ ഹർജി നൽകണം എന്നാവശ്യപ്പെടുന്നവർ ആദ്യം അറിയേണ്ടത് വി എസ് അച്യുതാനന്ദന്റെ സർക്കാരിന്റെ കാലത്ത് കോടതിയിൽ നൽകിയ അഫിഡവിറ്റിൽ പറയുന്നത് വിശ്വാസികളുടെ വികാരം പരിഗണിച്ചുകൊണ്ട് ഒരു നിലപാട് എടുക്കണം എന്ന് തന്നെയാണ്. പക്ഷെ സ്ത്രീകളെ മാറ്റിനിർത്തുന്നതിനോട് യോജിപ്പില്ല എന്നും. ഇതോടൊപ്പം ഒരു പ്രധാന കാര്യം കൂടി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുണ്ട്. കോടതി വിധി എന്ത് തന്നെയായാലും അത് സംസ്ഥാന സർക്കാർ നടപ്പിലാക്കും. ഈ സാഹചര്യത്തിൽ സർക്കാർ റിവ്യൂ ഹർജി നൽകണം എന്ന് പറയുന്നതിലെ യുക്തി എന്താണ്?

ഇനി റിവ്യൂ ഹർജി സർക്കാർ നൽകിയാൽ സ്വാഭാവികമായും കോടതി ഒരു ചോദ്യം ഉന്നയിക്കും. വിധി എന്ത് തന്നെയായാലും നടപ്പാക്കാം എന്നുറപ്പ് നൽകിയിട്ടു പിന്നെ എന്തിനു റിവ്യൂ ഹർജി നൽകി എന്ന്!

ഇനി റിവ്യൂ ഹർജിയിലേക്ക് വന്നാൽ എന്താണ് റിവ്യൂ ഹർജി? ഏതെങ്കിലും കോടതി ഇട്ട ഒരു വിധി, ആ വിധിയിൽ ഒരു അപ്പാരന്റ എറർ ഓൺ ദി ഫേസ് ഓഫ് റെക്കോഡ്‌സ് ഉണ്ടാവണം, അതായത് വിധിയിൽ ഒറ്റ നോട്ടത്തിൽ ഒരു തെറ്റുണ്ടാവണം അതാണ് റിവ്യൂ ഹർജി അഥവാ തിരുത്തൽ ഹർജി. കഴിഞ്ഞ പത്തു മുപ്പത് ദിവസങ്ങളായി റിവ്യൂ ഹർജിക്കു വേണ്ടി വാചാലരാകുന്ന രമേശ് ചെന്നിത്തലയും, അഡ്വക്കേറ്റ് ശ്രീധരൻ പിള്ളയും പറയണം, എന്താണ് ശബരിമല സ്ത്രീ പ്രവേശാനത്തിലെ 411 പേജ് വരുന്ന വിധി ന്യായത്തിലെ തെറ്റ്? ഏതു പേജിൽ ആണ് പ്രശ്നം ഉള്ളത്? എന്താണ് നിങ്ങളുടെ വാദം.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു നമുക്ക് ഇനിയും ചർച്ച ചെയ്യാം, പക്ഷെ സത്യസന്ധമായ വസ്തുതകളുടെ പിൻബലത്തിൽ മാത്രം. ഈ വിഷയത്തിൽ സംഘപരിവാറിന്റെ ഉദ്ദേശം വ്യക്തമാണ്, കേരള സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുക, അസ്വാരസ്യങ്ങൾ ഉണ്ടാക്കുക. അതിനെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടണം.

ഒരൊറ്റ കാര്യം കൂടി അഭ്യർത്ഥിക്കാനുണ്ട് ശബരിമലയുടെ ചർച്ചയുടെ മെറിറ്റ് പരിശോധിക്കുമ്പോൾ ദയവ് ചെയ്തു ഏതെങ്കിലും നിയമം കൊണ്ടുവന്ന് ഇതെല്ലം അട്ടിമറിക്കാം എന്ന് ധരിക്കരുത്. അത് തെറ്റാണ്, നടപ്പുള്ള കാര്യവുമല്ല. സംസ്ഥാന സർക്കാരോ, കേന്ദ്ര സർക്കാരോ നിയമം കണ്ടുവന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ നിയമസഭകളിലും പാസാക്കിയാലും മൗലിക അവകാശത്തിനു വിരുദ്ധമായ ഒരു നിയമവും, ചട്ടവും, ആചാരവും, അനുഷ്ഠാനവും ഈ നാട്ടിൽ നിലനിൽക്കില്ല. അത് ഇന്ത്യയുടെ ഏറ്റവും വലിയ ഒരു മേന്മയായി നാം കാണണം. അതുകൊണ്ട് തന്നെ മൗലിക അവകാശത്തിനു വിരുദ്ധമായ ഒന്നിന് വേണ്ടി നാം വാദിക്കരുത്.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

ശബരിമലയുടെ അവകാശ തര്‍ക്കം ചൂടുപിടിക്കുന്നു; പന്തളം കൊട്ടാരത്തിന് പറയാനുള്ളത് ഇതാണ്/ വീഡിയോ

‘നിനക്കെന്നാടീ അമ്മിഞ്ഞ മറയ്ക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത്?’ ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ യുവതിക്ക് ജാതി അധിക്ഷേപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍