UPDATES

സ്വന്തം വിശ്വാസ പ്രമാണങ്ങളില്‍ ഉറച്ചുനിന്ന് ജീവിക്കും: ‘ലൗ ജിഹാദ്’ കാലത്തെ ഹരിതയും നിസാമുദ്ദീനും പറയുന്നു

പ്രണയിക്കുന്നവര്‍ക്ക് വിവാഹം കഴിക്കാന്‍ മതംമാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് ഹരിതയും നിസാമുദ്ദീനും തെളിയിക്കുന്നത്

സമീപകാലത്തായി കേരളത്തില്‍ ഉയര്‍ന്നുവന്ന ഒരു വാക്കാണ് ലൗ ജിഹാദ് എന്നത്. വിദ്യാലയങ്ങളിലെയും തൊഴിലിടങ്ങളിലെയും എന്തിന് നാട്ടിന്‍പുറങ്ങളിലെ വരെ സൗഹൃദങ്ങള്‍ പിന്നീട് പ്രണയത്തിനും വിവാഹത്തിനും വഴിമാറുമ്പോഴെല്ലാം രണ്ട് കുടുംബങ്ങള്‍ക്കിടയിലുള്ള ചര്‍ച്ചകള്‍ മാത്രമായിരുന്നു അവയെല്ലാം. നാട്ടിന്‍പുറങ്ങളില്‍ പോലും ഏതാനും ദിവസങ്ങളിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഇത്തരം വിഷയങ്ങള്‍ കെട്ടടങ്ങുകയും ഈ ദമ്പതികളെല്ലാം ആ സമൂഹത്തില്‍ തന്നെ മറ്റുള്ളവരെ പോലെ ജീവിക്കുകയും ചെയ്തു പോന്നു.

എന്നാലിന്ന് ആ സാഹചര്യങ്ങളെല്ലാം പാടെ മാറിയിരിക്കുന്നു. കാരണം ഇത് ലൗജിഹാദിന്റെയും ഘര്‍വാപ്പസിയുടെയും കാലമാണ്. പ്രണയങ്ങളെ നിരീക്ഷിക്കാന്‍ ഔദ്യോഗികമായും അനൗദ്യോഗികമായും സംവിധാനങ്ങളേര്‍പ്പെടുത്തിയിരിക്കുന്നു. പ്രണയത്തെ മതംമാറ്റത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി ഒരു വിഭാഗം കണക്കാക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇത്തരത്തില്‍ മതംമാറിയവരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്. ബോധവല്‍ക്കരണത്തിലൂടെയും ധനമുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയും മതംമാറ്റിയിരുന്ന കാലത്തില്‍ നിന്നും പ്രണയത്തിലൂടെ മതംമാറ്റാമെന്ന് ഒരു വിഭാഗം ചിന്തിക്കുന്നുണ്ടെന്ന അവസ്ഥയിലെത്തിയിട്ടുണ്ട് കാര്യങ്ങള്‍. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് മനുഷ്യരെ വര്‍ഗ്ഗീയമായി തരംതിരിക്കുന്ന കാഴ്ചകളാണ് ഇന്ന് അധികവുമുള്ളത്.

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദവും നിര്‍ബന്ധിതമായ മതപരിവര്‍ത്തനവും ശക്തമാകുന്നുവെന്ന് വാദിക്കുന്നത് സംഘപരിവാര്‍ സംഘടനകളാണ്. പ്രണയവിവാഹത്തിനായി മതംമാറുകയും തീവ്രമതചിന്തകളിലേക്ക് നീങ്ങുകയും ചെയ്തവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ ലൗജിഹാദ് തഴച്ചുവളരുന്നുവെന്ന് സംഘപരിവാര്‍ വാദിക്കുന്നത്. ഈ വാദം പല ഇസ്ലാമിക സംഘടനകളെയും സംശയത്തിന്റെ മുനയിലാക്കുകയും ചെയ്യുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം മതത്തിന് വിരുദ്ധമാണെന്നും ലൗ ജിഹാദ് എന്നത് തെറ്റായ പ്രചരണമാണെന്നുമെല്ലാം ഇസ്ലാമിക സംഘടനകള്‍ വാദിക്കുന്നുണ്ടെങ്കിലും ചില സംഭവങ്ങള്‍ ഈ വാദത്തെയും സംശയത്തിന്റെ നിഴലിലാക്കുന്നു.

അഖില എന്ന ഹാദിയയുടെ വിഷയം അത്തരത്തിലൊന്നാണ്. അഖില ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ മതംമാറിയ ശേഷം വിവാഹം കഴിക്കുകയും അഖിലയുടെ അച്ഛന്റെ പരാതിപ്രകാരം ഹൈക്കോടതി ഈ വിവാഹം റദ്ദാക്കുകയുമായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഷെഫിന്‍ അഖിലയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതി. ഹൈക്കോടതി വിധിയ്ക്ക് മേല്‍ സുപ്രിംകോടതി ഇടപെട്ടിട്ടുണ്ടെങ്കിലും ആ വിധിയെ അട്ടിമറിച്ച് പിതാവ് തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഹാദിയ പറയുന്നത്. കൂടാതെ ഹിന്ദുമതത്തിലേക്ക് തിരികെയെത്താന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദങ്ങളും ഭീഷണികളുമുണ്ടെന്നും ഹാദിയ പറയുന്നു. കൊല്ലപ്പെടാനുള്ള സാധ്യതകള്‍ പോലും ഹാദിയ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഹാദിയയോട് നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാദിയയുടെ വിഷയം ഒരുവശത്ത് കത്തിനില്‍ക്കുമ്പോള്‍ തന്നെ കേരളം വളരെ പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഹരിതയുടെ വിവാഹം. പ്രായപൂര്‍ത്തിയായ ഏതൊരു യുവാവിനും യുവതിക്കും വിവാഹം കഴിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അവകാശമുണ്ടെന്നതിനാല്‍ തന്നെ ഹാദിയയുടെ മതംമാറ്റവും വിവാഹവും ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നത് തന്നെയാണ്. അതേസമയം പ്രണയിക്കുന്നവര്‍ക്ക് വിവാഹം കഴിക്കാന്‍ മതംമാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് ഹരിതയും നിസാമുദ്ദീനും തെളിയിക്കുന്നത്. കഴിഞ്ഞ തലമുറയില്‍ വരെയും ഒട്ടനവധി ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഈ തലമുറയില്‍ എത്തിയപ്പോള്‍ മിശ്രവിവാഹങ്ങള്‍ രണ്ട് കുടുംബങ്ങള്‍ക്ക് അപ്പുറം രണ്ട് സമുദായങ്ങള്‍ ഒരു സമൂഹത്തെ മുഴുവനുമായും ബാധിക്കുന്നുവെന്ന സമകാലിക സാഹചര്യത്തിലാണ് അഖിലയും നിസാമുദ്ദീനും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത്. അതേസമയം ഷെഫിനുമായുള്ള ഹാദിയയുടെ വിവാഹത്തിന്റെ ലക്ഷ്യം തന്നെ താന്‍ വിശ്വസിക്കുന്ന മതത്തിലേക്കുള്ള പരിവര്‍ത്തനമാണെന്നതിനാല്‍ ഇവിടെ ഹാദിയയെ കുറ്റപ്പെടുത്താനാകില്ല.

ഹൈക്കോടതിയുടെ കന്യാചര്‍മ്മ പരിശോധനകള്‍

തൃശൂര്‍ സ്വദേശികളായി ഹരിതയുടെയും നിസാമുദ്ദീന്റെയും പ്രണയ ബന്ധവും ഏറെ കോലാഹലങ്ങള്‍ക്കും നിയമനടപടികള്‍ക്കും കാരണമായിരുന്നു. മതപരിവര്‍ത്തനം തങ്ങളുടെ ലക്ഷ്യമല്ലെന്ന് ഇരുവരും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ലൗജിഹാദിന്റെ ഉദാഹരണമായാണ് സമൂഹം ഈ ബന്ധത്തെ ചിത്രീകരിച്ചത്. അന്യമതസ്ഥരായ രണ്ട് പേരുടെ പ്രണയബന്ധം തകര്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി തീവ്രവാദ ബന്ധവും മതംമാറ്റവും ആരോപിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് ഇവിടെ വന്നിരിക്കുന്നതെന്ന് ഇവരുടെ സംഭവത്തില്‍ നിന്നു തന്നെ വ്യക്തമാകും. കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളും അയല്‍വാസികളുമായ നിസാമുദ്ദീന്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ക്ക് അപ്പുറത്ത് നിന്ന് ഹരിതയെ വിവാഹം കഴിക്കാനാണ് ഗള്‍ഫില്‍ ജോലി തേടി പോയത്. നിസാമുദ്ദീനുമായുള്ള ബന്ധം തുടര്‍ന്നാല്‍ കൊന്നുകളയുമെന്നായിരുന്നു ഹരിതയ്ക്കുള്ള ബന്ധുക്കളുടെ ഭീഷണി. ഗള്‍ഫിലായിരുന്ന നിസാമുദ്ദീന്‍ അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ പോക്‌സോ വകുപ്പ് പ്രകാരം കേസ് കൊടുക്കുകയും ചെയ്തു അവര്‍. എന്നാല്‍ ലൗ ജിഹാദ് നടത്തുന്ന നിസാമുദ്ദീനെ വധിക്കുമെന്നായിരുന്നു ചില സംഘടനകളുടെ ഭീഷണി.

എന്നിട്ടും ഇരുവരെയും പിരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഹരിതയുടെ പിതാവ് നിസാമുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി നല്‍കിയത്. നിസാമുദ്ദീന് ഐഎസ് ബന്ധമുണ്ടെന്നും മകളെയും മതപരിവര്‍ത്തനം നടത്തി തീവ്രവാദിയാക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി. ചില മാധ്യമങ്ങള്‍ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിതയെ മറ്റൊരു ഹാദിയയാക്കി ചിത്രീകരിച്ചതോടെ ഇവരുടെ ബന്ധവും സമൂഹത്തിന്റെയും സമുദായത്തിന്റെയും ഗുരുതരമായ പ്രശ്‌നമായി വളര്‍ന്നു.

ഇതിനിടെ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ചില ഘര്‍വാപ്പസി കേന്ദ്രങ്ങളും നിസാമുദ്ദീനും കുടുംബത്തിനുമെതിരെ രംഗത്തെത്തി. ഇവര്‍ തീവ്രവാദികള്‍ ആണെന്നും പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തി പണം സമ്പാദിക്കുന്നവരാണെന്നുമായിരുന്നു പ്രചരണം. വ്യക്തമായ യാതൊരു തെളിവുകളുമില്ലാതെയുള്ള ഈ പ്രചരണത്തെയും ഏറ്റെടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആളുണ്ടായി.

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

എന്നാല്‍ ഹരിതയുടെയും നിസാമുദ്ദീന്റെയും കേസ് സൂക്ഷ്മമായി പഠിച്ച ഹൈക്കോടതി ഐഎസ് ബന്ധവും ലൗ ജിഹാദ് ആരോപണവും പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് വിധി പ്രഖ്യാപിച്ചത്. ലൗ ജിഹാദിന്റെയും ഇസ്ലാമിക തീവ്രവാദത്തിന്റെയും പേരില്‍ സംഘപരിവാര്‍ കെട്ടിപ്പൊക്കിയ മറ്റൊരു നുണ കൂടിയാണ് ഇതോടെ പൊളിഞ്ഞത്. കോടതിയുടെ അനുമതിയോടെ മതാചാരപ്രകാരമല്ലാതെ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ഒക്ടോബര്‍ 28ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു.

തങ്ങളില്‍ ലൗ ജിഹാദ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ ഇനിയെങ്കിലും തുറന്ന മനസോടെ വസ്തുതകളെ തിരിച്ചറിയാന്‍ തയ്യാറാകണമെന്ന് മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്ന് നിസാമുദ്ദീനും ഹരിതയും കേരളശബ്ദത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു. പരസ്പരം മതവിശ്വാസങ്ങളെ മാനിച്ചുകൊണ്ട് ജീവിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്നും മുമ്പ് പലപ്പോഴും ഇത് പറഞ്ഞപ്പോഴും ആരും ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നും ഇരുവരും പറയുന്നു. സ്വന്തം വിശ്വാസ പ്രമാണങ്ങളില്‍ ഉറച്ചു നിന്ന് ഞങ്ങള്‍ ജീവിക്കും. വ്യത്യസ്ത മതങ്ങള്‍ അതിനൊരിക്കലും തടസ്സമാകില്ലെന്നും ഇരുവരും പറയുന്നു.

ഘര്‍വാപ്പസി കേന്ദ്രത്തിലെ ചിലര്‍ വന്ന് മാനസികമായി ഒട്ടേറെ പീഡിപ്പിച്ചുവെന്നും. ലൗ ജിഹാദിനെ കുറിച്ചുള്ള പുസ്തകങ്ങളും സിഡികളുമൊക്കെ കാണിച്ചായിരുന്നു ആ ബോധവല്‍ക്കരണം. മതം മാറുന്നില്ലെന്ന് എത്രപറഞ്ഞിട്ടും അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അതേസമയം വളര്‍ത്തിവലുതാക്കിയ കുടുംബത്തെ ഉപേക്ഷിച്ചുവെന്ന പ്രചരണവും തെറ്റാണെന്നും അവരോടുള്ള സ്‌നേഹം എന്നും ഉള്ളില്‍ തന്നെയുണ്ടെന്നും ഇരുവരും പറയുന്നു. നിസാമുദ്ദീന്റെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ അംഗീകരിച്ചു കഴിഞ്ഞു. ഹരിതയുടെ വീട്ടുകാരും ഈ ബന്ധത്തെ ഉടന്‍ അംഗീകരിക്കുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.

ലൗ ജിഹാദ്; പ്രണയത്തിന്റെ വര്‍ഗീയവത്ക്കരണ പ്രചരണങ്ങളില്‍ മലയാളി തോറ്റു പോകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍