UPDATES

ട്രെന്‍ഡിങ്ങ്

ബോക്‌സിംഗ് റിംഗില്‍ നിങ്ങള്‍ പശുക്കളെ പോലെയായിരിക്കണം; താരങ്ങള്‍ക്ക് ബിജെപി മന്ത്രിയുടെ സമ്മാനം പശുക്കള്‍

മന്ത്രി നല്‍കിയ ‘റിവാര്‍ഡു’കള്‍ പക്ഷേ ബോക്‌സിംഗ് ചാമ്പ്യന്മാര്‍ തിരിച്ചു കൊടുത്തു

രാജ്യത്തിന്റെ കായികമേഖലയ്ക്ക് ഏറ്റവുമധികം സംഭവാനകള്‍ നല്‍കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നിലാണ് ഹരിയാന. നിരവധി കായികതാരങ്ങളാണ് ഹരിയാനയില്‍ നിന്നും ഇന്ത്യയുടെ അഭിമാനമായി വന്നിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുകളുടെ നിറഞ്ഞ പിന്തുണയും അവരുടെ കായികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാണ്. എന്നാല്‍ നിലവില്‍ ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കായിക പ്രോത്സാഹനങ്ങളില്‍ ചിലത് വിമര്‍ശമനങ്ങളും പരിഹാസങ്ങളും കൊണ്ടു വരികയാണ്.

എഐബിഎ- വനിത ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ബോക്‌സിംഗ് താരങ്ങള്‍ക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഓം പ്രകാശ് ദങ്കര്‍ നല്‍കിയ പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബോക്‌സര്‍മാര്‍ കൂടുതല്‍ മികവ് കാണിക്കാനായി മന്ത്രി പുരസ്‌കാരങ്ങളായി നല്‍കിയത് പശുക്കളെയാണ്!

പശുവിനെ സമ്മാനിക്കുന്നതിനു പിന്നിലെ കാരണങ്ങളും മന്ത്രി വിവരിക്കുന്നുണ്ട്. എരുമയുടെ പാല്‍ ഉപയോഗിക്കുന്നത് നിര്‍ത്തണം. പകരം പശുവിന്‍ പാല്‍ കുടിക്കണം. പശുവിന്‍ പാല് കൊഴുപ്പ് കുറയ്ക്കുകയ്ക്കും. ബോക്‌സിംഗ് താരങ്ങള്‍ക്കാണ് ഇതിന്റെ ഗുണം. പശു വളരെ ഉത്സാഹശാലിയായ മൃഗമാണ്. എന്നാല്‍ എരുമയാകട്ടെ മിക്കസമയവും മയക്കത്തിലായിരിക്കും. ഹരിയാനയില്‍ പറയുന്നത് നിങ്ങള്‍ക്ക് കരുത്ത് വേണമെങ്കില്‍ എരുമപ്പാല്‍ കുടിക്കുക, ബുദ്ധിയും സൗന്ദര്യവും വേണമെങ്കില്‍ പശുവിന്‍ പാല്‍ കുടിക്കുക എന്നാണ്. ഈ ബോക്‌സിംഗ് താരങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയവരാണ്, നമുക്കവരെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്; മന്ത്രി ദങ്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു.

എന്നാല്‍ മന്ത്രി നല്‍കിയ റിവാര്‍ഡുകള്‍ക്ക് അത്ര സ്വീകാര്യത കിട്ടിയില്ലെന്നാണ് മറുവാര്‍ത്ത. പശുക്കളെ കിട്ടിയ താരങ്ങളില്‍ മൂന്നുപേര്‍ അവയെ തിരികെ നല്‍കിയെന്നാണ് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിട്ടിയ പശുക്കള്‍ പാല്‍ ചുരത്താത്തവയാണെന്നും അവയെ നോക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നതുമാണ് തിരിച്ചു നല്‍കാന്‍ കാരണമായി ഇവര്‍ പറയുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ചു ദിവസം എന്റെ അമ്മ ആ പശുവിനെ നന്നായി നോക്കി. പക്ഷേ ഞങ്ങള്‍ക്ക് പാല്‍ നല്‍കാന്‍ മറന്നുപോയി. മൂന്നുവട്ടം ആ പശു അമ്മയെ തൊഴിച്ചു. പശുവിന്റെ തൊഴികൊണ്ട് അമ്മയ്ക്ക് പരിക്കേറ്റു. ഇതുകൊണ്ട് കിട്ടിയ പശുവിനെ ഞങ്ങള്‍ ഉടന്‍ തന്നെ തിരിച്ചു കൊടുത്തു; റോത്തക്കില്‍ നിന്നുള്ള ബോക്‌സിംഗ് താരമായ ജ്യോതി ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുന്നു. ഞങ്ങള്‍ക്ക് ഇപ്പോള്‍ സ്വന്തമായുള്ള ഏരുമകള്‍ മതിയെന്നാണ് ജ്യോതി പറയുന്നത്. അതേസമയം ജ്യോതിയുടെ പരിശീലകനായ വിജയ് ഹൂഡ പറയുന്നത് ബോക്‌സര്‍മാര്‍ക്ക് കൊടുത്തത് ലോക്കല്‍ ബ്രീഡില്‍ പെട്ട പശുക്കളെയായിരുന്നുവെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍