UPDATES

ട്രെന്‍ഡിങ്ങ്

ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ലാല്‍സലാം, നീല്‍സലാം; എബിവിപിക്കെതിരെ ഇടത്-ദളിത്‌ സംഘടനകള്‍ സംയുക്ത പോരാട്ടത്തിന്

കഴിഞ്ഞ തവണ എസ്.എഫ്.ഐ സഖ്യവും എ.എസ്.എയും പ്രസിഡന്റ്റ് സ്ഥാനത്തേക്ക് പരസ്പരം മത്സരിച്ചിരുന്നു

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇത്തവണ എബിവിപിക്കെതിരെ ഇടത്, ദളിത്, ആദിവാസി, മുസ്ലീം സംഘടനകള്‍ യോജിച്ച പോരാട്ടത്തിന്. അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന ബാനറിലാണ് സംഘടനകള്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. പ്രധാനമായും എസ്.എഫ്.ഐ, അംബേദ്ക്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്‍ (എ.എസ്.എ) എന്നീ സംഘടനകളാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. എ.എസ്.എ പ്രവര്‍ത്തകനും അങ്കമാലി സ്വദേശിയും പി.എച്ച്.ഡി വിദ്യാര്‍ഥിയുമായ ശ്രീരാഗ് പൊയ്ക്കാടനാണ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി.

രോഹിത് വെമൂലയുടെ മരണത്തിനു ശേഷം രാജ്യത്തെ ക്യാമ്പസുകളില്‍ നടക്കുന്ന സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിന്റെ കുന്തമുന ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയാണ്. എബിവിപിക്കെതിരെ ഇടത്-ദളിത് സംഘടനകള്‍ ഒരുമിക്കണമെന്ന ആവശ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉയര്‍ന്നു വന്നിരുന്നെങ്കിലും സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.എഫ്.ഐ സഖ്യവും എ.എസ്.എയും വെവ്വേറെ മത്സരിക്കുകയായിരുന്നു. എ.എസ്.എ മറ്റു സീറ്റുകളില്‍ മത്സരിച്ചുമില്ല. തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സഖ്യം മുഴുവന്‍ സീറ്റുകളും കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ എബിവിപിക്കെതിരെ ഒറ്റക്കെട്ടായി മത്സരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ ഇരുവിഭാഗവും യോജിപ്പിലെത്തുകയായിരുന്നു എന്നാണ് അറിവ്.

ഇത്തവണത്തെ ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സഖ്യം എ.ബി.വി.പിക്കെതിരെ വിജയം കണ്ടതും ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്കെതിരെ എന്‍.എസ്.യു.ഐ വിജയിച്ചതും സഖ്യത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ഉറപ്പിച്ചു എന്നുമറിയുന്നു. എന്നാല്‍ ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ സഖ്യവും ക്യാമ്പസില്‍ ശക്തമായ സാന്നിധ്യമായ ബാപ്‌സയും വെവ്വേറെയാണ് ഇത്തവണ മത്സരിച്ചത്.

കഴിഞ്ഞ തവണ എ.എസ്.എയ്ക്ക് പിന്തുണ നല്‍കിയ എസ്.ഐ.ഒയെ സഖ്യത്തിന്റെ ഭാഗമായി പ്രഖ്യാപിക്കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്നുമറിയുന്നു. എസ്.ഐ.ഒ, എന്‍.എസ്.യു.ഐ സംഘടനകളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന ഉപാധിയാണ് എസ്.എഫ്.ഐ നേതൃത്വം മുന്നോട്ടു വച്ചത്. എന്നാല്‍ ഇവര്‍ എ.എസ്.എയുടെ ഭാഗമായി നില്‍ക്കുമെന്നും മത്സരരംഗത്തുണ്ടാകില്ലെന്നുമുള്ള തീരുമാനത്തില്‍ എത്തി എന്നാണ് വിവരം. അതേ സമയം, മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ് സഖ്യത്തിന്റെ ഭാഗമാണ്. സഖ്യത്തിന്റെ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നതും എം.എസ്.എഫാണ്.

സ്ഥാനാര്‍ഥികള്‍ ഇവരാണ്: പ്രസിഡന്റ്റ്- ശ്രീരാഗ് പി. (എ.എസ്.എ), വൈസ് പ്രസിഡന്റ്റ്- ലുനാവത് നരേഷ് (ട്രൈബല്‍ സ്ടുഡന്റ്സ് ഫോറം- ടി.എസ്.എഫ്), ജനറല്‍ സെക്രട്ടറി- ആരിഫ് മുഹമ്മദ്‌ (എസ്.എഫ്.ഐ), ജോയിന്റ് സെക്രട്ടറി- മുഹമ്മദ്‌ ആഷിഖ് എന്‍.പി (എം.എസ്.എഫ്), സ്പോട്സ് സെക്രട്ടറി- ലോലം ശ്രാവന്‍ കുമാര്‍ (ദളിത്‌ സ്റ്റുഡന്റ്സ് യൂണിയന്‍-ഡി.എസ്.യു), കള്‍ച്ചറല്‍ സെക്രട്ടറി- ഗുണ്ടേതി അഭിഷേക് (ഡി.എസ്.യു), ജി.എസ്കാഷ് (IMA)- തിനാഞ്ജലി ഡാം (എസ്.എഫ്.ഐ),  ജിഎസ്കാഷ് (P.G)- ചാരു നിവേദിത ആര്‍. (എസ്.എഫ്.ഐ).

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍