UPDATES

ട്രെന്‍ഡിങ്ങ്

ഷൈലജ ടീച്ചറാണ് രേവതിയെന്നു തെറ്റിദ്ധരിക്കേണ്ട കേട്ടോ; വൈറസിനെ കുറിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് പറയാനുള്ളത്

അല്‍പ്പമൊരു വിഷമത്തോടെയും എന്നാല്‍ അഭിമാനത്തോടെയും നാളെയും നാളെയും ഓര്‍മിക്കാന്‍ ഒരു സിനിമയാകണം വൈറസ് എന്നും ഷൈലജ ടീച്ചര്‍

കേരളത്തെ ആദ്യം ഞെട്ടിക്കുകയും പിന്നീട് ഒറ്റക്കെട്ടോടെ നേരിട്ട് പ്രതിരോധിക്കുകയും ചെയ്ത നിപ്പ വൈറസ് പടര്‍ന്ന കാലത്തിന്റെ കഥയാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രം. കേരളത്തിന്റെ ആരോഗ്യരംഗത്തിനും സമൂഹികമായ കൂട്ടായ്മയ്ക്കും എന്നും അഭിമാനിക്കാവുന്ന നേട്ടമാണ് നിപ്പ വൈറസിനെ കീഴടക്കിയത്. നിപ്പ കാലത്തെ യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന വൈറസിന്റെ ട്രയിലറിന് അഭൂതപൂര്‍വമായ പിന്തുണയാണ് സാമൂഹമാധ്യമങ്ങളില്‍ നിന്നും കിട്ടുന്നത്. ചിത്രത്തെ എത്രത്തോളം പ്രേക്ഷകര്‍ കാത്തിരിക്കുന്നുവെന്നതുകൂടിയാണ് ഈ പിന്തുണ കാണിക്കുന്നത്.

വെള്ളിയാഴ്ച്ച രാത്രി പത്തു മണിക്കാണ് വൈറസ് ട്രെയിലര്‍ അണിയറക്കാര്‍ പുറത്തു വിട്ടത്. യാദൃശ്ചികമെന്നു പറയാവുന്ന ഒരു സംഭവം കൂടി വെള്ളിയാഴ്ച്ച വൈകുന്നേരം നടന്നു. ട്രെയിലര്‍ റിലീസിനു മുന്നെ നടന്ന അഭിനേത്രി രേവതിയുടെയും ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെയും കണ്ടുമുട്ടലായിരുന്നു അത്. വൈറസില്‍ രേവതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈലജ ടീച്ചറെയാണ് രേവതിയുടെ കഥാപാത്രം പ്രതിനിധീകരിക്കുന്നത്. നേരത്തെ ചിത്രീകരണത്തിന്റെ ചില സ്റ്റില്‍സ് പുറത്തു വന്നപ്പോഴും രേവതിയെ കണ്ട് ഇത് ശരിക്കും ഷൈലജ ടീച്ചര്‍ തന്നെയാണല്ലോ എന്നു സോഷ്യല്‍ മീഡിയ അത്ഭുതപ്പെട്ടിരുന്നു. രൂപം കൊണ്ട് രേവതി തനി ഷൈലജ ടീച്ചര്‍ തന്നെയാണെന്നാണ് ട്രയിലര്‍ കൂടി പുറത്തു വന്നതോടെ എല്ലാവരും പറയുന്നത്. കാസ്റ്റിംഗ് എന്നാല്‍ ഇതാണെന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയ കൈയടിക്കുന്നത്. ഇരുവരുടെയും മുഖങ്ങള്‍ ഒരുമിച്ച് ചേര്‍ത്തുള്ള ഫോട്ടോ വൈറല്‍ ആകുന്നതിനു മുന്നേയായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രണ്ടാം വാര്‍ഷിക ചടങ്ങില്‍ ഷൈലജ ടീച്ചറും രേവതിയും ഒരുമിച്ചത്.

ഉദ്ഘാടകയായ മന്ത്രി തന്റെ പ്രസംഗത്തില്‍ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നതിനിടയില്‍ നിപ്പ വൈറസിനെയും അതിനെ ഒരു ടീമായി നിന്ന് നേരിട്ടതിനെയും കുറിച്ച് പറയുകയുണ്ടായി. ഈ സമയം വൈറസ് എന്ന ചിത്രത്തെ കുറിച്ചും ടീച്ചര്‍ പ്രതിപാദിക്കുകയുണ്ടായി; ‘ഞാനിപ്പോള്‍ അതിലേക്ക് (നിപ്പ)പോകുന്നില്ല. രേവതിയിപ്പോള്‍ ചെയ്‌തോണ്ടിരിക്കുകയാണ്. വളരെ അന്തസ്സായിട്ട്, രേവതിയുടെ ഒരു പക്വതയും…എന്നെക്കാള്‍…ഞാനൊന്നുമല്ല അതിനകത്ത്. ഒരു സിംബലായിട്ട്, കേരളത്തില്‍ ഒരു ഗവണ്‍മെന്റ് ഉണ്ടായിരുന്നു, അതിന്റെയൊരു പ്രതീകമായിട്ട് അവരത് എടുത്തൂ എന്നേയുള്ളൂ. തെറ്റിദ്ധരിക്കേണ്ട ഷൈലജ ടീച്ചറാണ് രേവതിയെയെന്ന്. അതിനേക്കാള്‍ അര്‍ത്ഥസമ്പുഷ്ടമായി അവര്‍ ആ കാര്യങ്ങള്‍ പറയുന്നുണ്ട്. ഞാന്‍ ആഷിഖിനോടും(സംവിധായകന്‍ ആഷിഖ് അബു), ആഷിഖ് ഇത് എടുക്കുന്ന സമയത്ത്, ഇതിന്റെ സയന്റിഫിക് ആയിട്ടുള്ള കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. നാളെയും നാളെയും ഓര്‍മിക്കാന്‍, അല്‍പ്പമൊരു വിഷമവും എന്നാല്‍ അഭിമാനവും തോന്നുന്ന രീതിയില്‍, നാളത്തെ സമൂഹത്തിന് ഗുണം ചെയ്യുന്ന രീതിയില്‍ അതിന്റെ ശാസ്ത്രീയവശങ്ങളാണ് നിങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. ആരീതിയില്‍ തന്നെയായിരിക്കും അവരത് ചെയ്യുന്നത്’ ഇങ്ങനെയായിരുന്നു ഷൈലജ ടീച്ചറുടെ വാക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍