UPDATES

മഴക്കലിയടങ്ങുന്നില്ല; 23 മരണം; വയനാട്ടില്‍ റെഡ് അലെര്‍ട്ട്; ഇടുക്കി ഡാം ജലനിരപ്പ് 2401 അടി

ഇതുവരെയായി സംസ്ഥാനത്ത് 22 അണക്കെട്ടുകള്‍ തുറന്നു. പലയിടത്തായി പത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വയനാട്ടില്‍ ദുരന്ത നിവാരണ അതോറിറ്റി റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘം വയനാട്ടിൽ എത്തി. ഇടുക്കി ചെറുതോണി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും. ജലനിരപ്പ് 2401 അടിയിലേക്ക് നീങ്ങുന്നു. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് സൂചന. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂന്നാമത്തെ ജലസംഭരണിയായ പമ്പ ഡാം തുറക്കുന്നതിനു മുന്നോടിയായി അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് 23 പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയുടെ മൂന്നു സംഘങ്ങള്‍ രംഗത്തുണ്ട്. ഇതുവരെയായി സംസ്ഥാനത്ത് 22 അണക്കെട്ടുകള്‍ തുറന്നു. പലയിടത്തായി പത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. ഇടുക്കിയിലും മലപ്പുറത്തും വയനാട്ടിലുമാണ് കൂടുതല്‍ മരണം സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യന്ത്രി പിണറായി വിജയനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയും തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു സഹായം വാഗ്ദാനം ചെയ്തു.

മഴക്കെടുതി വിവിധ ജില്ലകളിലൂടെ;

ഇടുക്കി

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ മാത്രം 11 പേരാണ് മരിച്ചത്. ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേര്‍ മരിച്ചു. ഇതില്‍ പാത്തുമ്മ (65), മുജീബ് (38), ഷമീന (35) നിയ (7) മിയ (5) എന്നീ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. കൊരങ്ങട്ടില്‍ മോഹനന്‍ കുറുമ്പനക്കല്‍ (52), ഭാര്യ ശോഭന (41) എന്നിവരാണ് മരിച്ച ബാക്കി രണ്ടുപേര്‍. രാജപുരം ക്രിസ്തുരാജ് എല്‍.പി സ്‌കൂളിനു സമീപം ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളായ കരികുളത്തില്‍ വീട്ടില്‍ മീനാക്ഷി അവരുടെ മകന്‍ രാജന്‍, മകള്‍ ഉഷ എന്നിവരെ കാണാതാവുതകയും ചെയ്തിട്ടുണ്ട്. കഞ്ഞിക്കുഴി വിലേജ് ചുരുളില്‍ ഉരുള്‍ പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു.

ദേശീയ പാതയിലടക്കം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇടുക്കിയുടെ പലമേഖലയിലും ഗതാഗതം തടസപ്പെടുകയും മൂന്നാര്‍ ഒറ്റപ്പെടുകയും ചെയ്ത അവസ്ഥയിലാണ്. ഉടുമ്പന്‍ചോല റോഡ്, രാജാക്കാട് പൊന്‍മുടി റോഡ്, രാജാക്കാട്- എഎംസിഎച്ച് സിറ്റി, ചെമ്മണ്ണാര്‍ ഉടുമ്പന്‍ചോല എന്നീ റോഡുകള്‍ തകന്നിട്ടുണ്ട്. നേര്യമംഗലം- പമ്പള-കീറിതോട് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കൊന്നത്തടി വില്ലേജില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് 12 പേരെ പന്നിയാര്‍കുട്ടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

മലപ്പുറം

മലബാറില്‍ മഴക്കെടുതി രൂക്ഷമായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍ പെട്ട് അഞ്ചുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ചെട്ടിയംപാറ പറമ്പില്‍ സുബ്രഹ്മണ്യന്റെ കുടുംബത്തിനാണ് ദുരന്തം സംഭവിച്ചത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (9) നിവേദ് (3), ബന്ധു മിഥുന്‍ (16) എന്നിവരാണ് മരിച്ചത്. എന്നാല്‍ സുബ്രഹ്മണ്യനായി (30)തിരച്ചില്‍ തുടരുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ജില്ലാ ഭാരണകൂടം സൈന്യത്തിന്റെ സഹായം തേടി. നിലമ്പൂര്‍ മേഖലയില്‍ സൈന്യത്തിന്റെ നേത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചത്. നിലമ്പൂര്‍ ടൗണില്‍ മൂന്നിടത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വനമേഖലകളില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ കാളികാവ്, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ നിന്നും നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചാലിയാറില്‍ മൂന്നു മീറ്ററോളം ജലനിരപ്പ് ഉര്‍യര്‍ന്ന അവസ്ഥയിലാണ്. നിലമ്പൂര്‍-വണ്ടുര്‍ റോഡിലെ വടക്കുംപാടം നായാട്ടുകല്ലില്‍ റോഡ് ഒലിച്ചുപോയി. ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസ് മണ്ണിടിച്ചിലില്‍ നശിച്ചു. നിലമ്പൂരിലും കൊണ്ടോട്ടിയിലുമായി 20 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം അന്തര്‍സംസ്ഥാന പാതയായ നിലമ്പൂര്‍ വഴിക്കടവ് വഴിയുള്ള ലോറി ഗതാഗതം തടയുമെന്ന് സ്പീക്കര്‍ ശ്രരാമകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ പ്രധാന നദിയായ ചാലിയാറും പോഷക നദികളും കരകവിഞ്ഞൊഴുകുകയാണ്.

വയനാട്

മഴക്കെടുതിയില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെ്ത വയനാട്ടില്‍ ജില്ലാ ഭരണകൂടം റെഡ് അലര്‍ട്ട്(അതീവ ജാഗ്രതാ നിര്‍ദേശം) പുറപ്പെടുവിച്ചിരുന്നത്. താമരശ്ശേരി, പാല്‍ച്ചുരം, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. താമരശേരി. കുറ്റ്യാടി ചുരങ്ങളിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. ദുരന്ത പ്രതികരണ സേനയുടെ രണ്ട് ടീം ഇന്ന് വൈകീട്ടെത്തും. രണ്ട് സംഘങ്ങളിലായി 100 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തുക.
കെടുതി നേരിടാന്‍ ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുറിച്യര്‍മല, കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയി എന്നിവിടങ്ങിളിലാണ് ഉരുള്‍പൊട്ടല്‍ റിപോര്‍ട്ട് ചെയ്തത്്. വൈത്തരിയില്‍ ലക്ഷം വീട് കോളനിയിലുണ്ടായ മണ്ണിടിച്ചിലില്‍ കോളനിയിലെ ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇവിടെ ലില്ലി എന്ന സ്ത്രീയും ഇന്നലെ മരിച്ചിരുന്നു.  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വയനാട്ടില്‍ 398.71 മില്ലീമീറ്റര്‍ മഴ പെയ്‌തെന്നാണ് കണക്കുകള്‍.

കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പുതുപ്പാടി, കണ്ണപ്പന്‍കുണ്ട് പ്രദേശങ്ങളില്‍ ഇരുള്‍പ്പൊട്ടല്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണപ്പന്‍കുണ്ട് പുഴ ഗതിമാറിയൊഴുകി. തുടര്‍ന്ന് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ കണ്ണപ്പന്‍കുണ്ടില്‍ യുവാവ് മരിച്ചു.

മേട്ടിക്കുന്ന് സ്വദേശി റിജിത്തിത്താണ് മരിച്ചത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്ത് കാറിനൊപ്പം ഒഴുക്കില്‍ പെടുകയായിരുന്നു. ജില്ലായില്‍ 52 കുടുംബങ്ങളെ മാറ്റി മാര്‍പ്പിച്ചു. ഹെക്ടര്‍ കണക്കിന് കൃഷിയും നശിച്ചിട്ടുണ്ട്. ചൂരടി മലിയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് കുറ്റ്യാടി-വയനാട് റോഡിന്റെ ഭാഗങ്ങള്‍ ഒലിച്ചുപോയി. കക്കയം ഡാം തുറന്നതിനാല്‍ 27 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

എറണാകുളം

ഇടുക്കിയിലെ ഇടമലയാറാര്‍ ഡാം തുറന്നുവിടുകയും ചെറുതോണി അണക്കെട്ടിലെ ട്രയല്‍ റണിന്റെ ഭാഗമായി തുറന്ന ഷട്ടര്‍ അയക്കാത്തതമാണ് ഏറണാകുളം ജില്ലയെ കെടുതിയിലാഴ്ത്തിയത്. ഇതിനിടെ കോലഞ്ചി കുന്നുക്കുരുടിയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ കൊല്ല്‌പ്പെടുകയും ചെയ്തു. മണ്ണൂര്‍ കൊല്ലേരി മൂലയില്‍ ഗോപീകൃഷ്ണനും(17) കൊച്ചി കണ്ടന്‍കടവ് കോയില്‍പറമ്പില്‍ അലന്‍(17)മാണ് മരിച്ചത്. ഇടമലയാറിലെ വെള്ളം വന്‍ തോതില്‍ ഒഴുകിയെത്തിയതോടെ മുളവുകാട് കായല്‍ അപകടാവസ്ഥയിലാണ്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി എറണാകുളം ജില്ലാ കളക്ടര്‍ ക്യാമ്പ് ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ ക്യാംപ്് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ചെറു തോണി അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നേക്കുമെന്ന റിപോര്‍ട്ടുകളക്കം പരിശോധിക്കുന്നതിനായാണ് കളക്ടര്‍ ആലുവയില്‍ ക്യാംപ് ചെയ്തിട്ടുള്ളത്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്ത നിവാരണ സേനയയക്കം ജില്ലയില്‍ സജ്ജമാണ്. അതിനിടെ വെള്ളം പൊങ്ങിയേക്കുമെന്ന ഭീതിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങി. ആദ്യഘട്ടത്തില്‍ വിമാനം ഇറങ്ങുന്നതു റദ്ദാക്കിയപ്പോള്‍ പിന്നീട് പുറപ്പെടുന്നതും വിലക്കി. എങ്കിലും പിന്നീട് പൂര്‍ണമായും വിമാനസര്‍വീസ് പുനരാരംഭിച്ചു.

പാലക്കാട്

പാലക്കാട് നഗരത്തിന്റെ ചുറ്റുപാടും വെളളം കയറിയ നിലയിലാണ്. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ അഞ്ചടി ഉയര്‍ത്തിയതിനെ ഉയര്‍ത്തിയതോടെയാണ് ജില്ലയില്‍ പലയിടത്തും പെട്ടെന്ന വെള്ളം കയറാന്‍ ഇടയാക്കിയകത്. കല്‍പ്പാത്തി പുഴയില്‍ വെള്ളം നിറഞ്ഞതോടെ ഒലവക്കോട് ജംക്ഷന്‍ വെള്ളത്തിലാവുകയും ശേഖരിപുരത്തെ കോളനിയി നിവാസികളെ രക്ഷാ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

മലമ്പുഴ ഡാമിന്റെ ഷട്ടര്‍ തുടര്‍ന്ന് പാലക്കാടും പരിസരപ്രദേശത്തുമായി 10 ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കഞ്ചിക്കോട് വനമേഖലയില്‍ ഉരുള്‍ പൊട്ടി. വെള്ളപ്പാച്ചിലില്‍ റെയില്‍വേ ട്രാക്ക് ഒഴുകിപ്പോയി. കഞ്ചിക്കോട് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുണ്ടായ തടസങ്ങള്‍ നീക്കം ചെയ്തു. ഭാരതപ്പുഴയില്‍ വന്‍ തോതില്‍ ഉയര്‍ന്നതോടെ പുഴയോട് ചേര്‍ന്ന് ജില്ലയുടെ പടിഞ്ഞറന്‍ മേഖലയില്‍ വെള്ളംകയറി. ജലനിരപ്പുയര്‍ന്നിട്ടുണ്ട്. പോത്തുണ്ടി, മംഗലംഡാം എന്നിവയും ഇന്ന് തുറന്നിട്ടുണ്ട്. ആളിയാര്‍ അണക്കെട്ടില്‍നിന്ന് 5000 അടി വെള്ളം ഭാരതപ്പുഴയില്‍ എത്തുന്നുണ്ട്. ജില്ലയില്‍ പത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

തൃശൂര്‍

മഴകനത്തതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും കേരളത്തിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നുമായ അതിരിപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നതും മലയോര മേഖലയിലെ കനത്ത മഴയുമാണ് അതിരിപ്പിള്ളി നിറഞ്ഞ് കവിയാന്‍ കാരണമായത്. അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ ഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ദേശീയ പാതയിലെ കുതിരാന്‍ തുരങ്കത്തിനു മുകളില്‍ ഇന്നലെ മല ഇടിഞ്ഞുവീണു.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലകളെയാണ് കനത്ത മഴയും മഴക്കെടുതിയും ദുരിതവും രൂക്ഷമായി ബാധിച്ചത്. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളാണ് പ്രളയം ബാധിച്ചത്. കൊട്ടിയൂര്‍, ചുങ്കക്കുന്ന്, കേളകം, കണിച്ചാര്‍, പേരാവൂര്‍, കോളയാട് അയ്യന്‍കുന്ന്, ആറളം, ഇരിട്ടി, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, കരിക്കോട്ടക്കരി തുടങ്ങിയ മേഖലകളില്‍ ജില്ലയില്‍ വന്‍ നശനഷ്ടം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാവലി പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകുന്നു. കൊട്ടിയൂരിനെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയില്‍ പത്തോളം ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂരിലെ പ്രധാന തീര്‍്ത്ഥാടന കേന്ദ്രമായ പറശിനിക്കടവ് ക്ഷേത്രത്തില്‍ വെള്ളം കയറി. ആറളം തുരുത്തും കേളകവും പൂര്‍ണമായും വെള്ളത്തിനടയിലായിട്ടുണ്ട്. കൊട്ടിയൂര്‍ മേഖലയില്‍നിന്ന് നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊട്ടിയൂരില്‍ ഒരു കെട്ടിടം ഇടിഞ്ഞു വീണിട്ടുണ്ട്. ശ്രീകണ്ഠാപുരത്ത് നൂറിലേറെ കടകള്‍ വെള്ളത്തിനടിയിലായി.

പത്തനംതിട്ട

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്കെത്തിയതോടെ മേഖലയില്‍ ഇന്നലെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇലനിരപ്പ് 3 അടി കൂടി പിന്നിട്ടാല്‍ പരമാവധി സംഭരണശേഷിയിലെത്തും. ഇതിനു മുന്നോടിയായി ശബരിഗിരിയുടെ ഭാഗമായ കക്കിയുടെ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇതോടെ കക്കി, പമ്പ നദികളിലെ ജലനിരപ്പ് ഒരു മീറ്ററിലധികം ഉയര്‍ന്നിട്ടുണ്ട്. പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ നിലവില്‍ വെള്ളപ്പൊക്കകെടുതി നേരിടുന്ന കുട്ടനാട്, അപ്പര്‍ കുട്ടനാട് എന്നിവിടങ്ങളില്‍ വീണ്ടും ദുരിതം വര്‍ധിക്കും.

ആലപ്പുഴ

ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വച്ചു. ജില്ലയില്‍ നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടു്ണ്ട്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംജി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ദുരന്തനിവാരണം: ഇന്ന് സർക്കാർ എടുത്ത നടപടികൾ

സംസ്ഥാനത്തെ കാലവർഷക്കെടുതിയെ നേരിടാനുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. രാവിലെ ചേർന്ന ഉന്നതതല യോഗ തീരുമാനങ്ങളുടെ പുരോഗതിയാണ് മുഖ്യമന്ത്രി വൈകുന്നേരം വിലയിരുത്തിയത്. ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിടാൻ കേന്ദ്രസേനകളുടേയും ദുരന്തനിവാരണ സേനകളുടേയും പൊലീസ്- ഫയർ ഫോഴ്സ് സേനകളുടേയും നേതൃത്വത്തിൽ ഫലപ്രദമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മന്ത്രിമാർ വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. എം എൽ എ മാർ അടക്കമുള്ള ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും സജീവമായി രക്ഷാപ്രവർത്തനത്തിൽ അണിചേർന്നിട്ടുണ്ട്.

* ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്.

* ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 സംഘം കോഴിക്കോട് വിമാനത്താവളത്തിൽ എത്തി. ഇവരിൽ 48 പേരടങ്ങുന്ന സംഘം നാളെ രാവിലെയോടെ വയനാട്ടിലെത്തും. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും നാളെ പ്രവർത്തനം നടത്തും. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ പാലക്കാട് എത്തും. ഇവരിൽ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാട് പ്രവർത്തിക്കും. 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്ക് പോകും.

കണ്ണൂരിൽ നിന്നും കരസേനയുടെ ഒരു സംഘം പെരിയ ചുരം വഴി വയനാട്ടിലേക്ക് തിരിച്ചു. പോകുന്ന പാതയിലെ തടസങ്ങൾ നീക്കിയാണ് ഈ സംഘം വയനാട്ടിൽ എത്തുന്നത്. കണ്ണൂരിലും മലപ്പുറത്തും നിലവിൽ കരസേനയുടെ ഓരോ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌.

നേവിയുടെ 15 പേരടങ്ങുന്ന സംഘം നിലവിൽ മലപ്പുറത്ത് ലഭ്യമാണ്. 5 പേർ വയനാട്ടിലും എത്തിയിട്ടുണ്ട്. ഏഴിമല നാവിക അക്കാദമിയിൽ നിന്നും ഒരു ടീം വയനാട്ടിലേക്ക് പുറപ്പെട്ടു.

കരസേനയുടെ മിലിട്ടറി എഞ്ചിനിയറിംഗ് ഗ്രൂപ്പ് രാത്രിയോടെ കോഴിക്കോട് എത്തും. 34 പേരടങ്ങുന്ന സംഘം 6 ബൗട്ടുകളും 5 ബൗസറുകളുമായാണ് സംഘം എത്തുന്നത്. ഈ സംഘം മലപ്പുറത്തും കോഴിക്കോടും ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ദുരന്ത പ്രദേശങ്ങളിൽ പ്രവർത്തനം നടത്തും.

മറ്റൊരു സംഘം രാത്രിയോടെ കോയമ്പത്തൂരിൽ എത്തും. പകൽ വയനാട്ടിലേക്ക് ചുരം മാർഗം എത്തും

കരസേനയുടെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ മൂന്നാമത്തെ സംഘം സെക്കന്തരാബാദിൽ നിന്നും എറണാകുളത്ത് എത്തും. ഇവർ ഇടുക്കിയിൽ രക്ഷാപ്രവർത്തനത്തെ സഹായിക്കും.

എയർ ഫോഴ്സിന്റെ AN 32, 2 MI 17, 1 ALH എന്നിവയും കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ 1 ALH ഹെലികോപ്റ്ററും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ C 17 വിമാനവും കൂടുതൽ സേനയും ലഭ്യമാകുമെന്നും സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.

റവന്യു സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ പ്രത്യേക ഏകോപന സെൽ ആരംഭിച്ചു. വിവിധ വകുപ്പുകളുമായും നേവി – വ്യോമസേന- എൻ ഡി ആർ എഫ് , കോസ്റ്റ് ഗാർഡ് എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ദക്ഷിണമേഖലാ കമാൻഡഡ് കുമാരി രേഖാ നമ്പ്യാർ തിരുവനന്തപുരത്ത് എത്തി ഈ സെലിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.

ആവശ്യാനുസരണം ബുൾഡോസർ, ജനറേറ്റർ, ലൈറ്റ് എന്നിവ വാടകക്കെടുത്ത് വിനിയോഗിക്കാൻ ജില്ലാ കലക്ടർമാർക്ക് അനുമതി നൽകി.

എണ്ണായിരത്തോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പ്രായമായവർ, രോഗമുള്ളവർ, അംഗ പരിമിതർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ദുരന്ത പ്രദേശങ്ങളിലും ഇത്തരക്കാരെ ശ്രദ്ധിക്കണം.

ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രം,ശുചി മുറികൾ തുടങ്ങിയവ ഒരുക്കാൻ നിർദ്ദേശം നൽകി.

ക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കുട്ടനാട് കാലവർഷക്കെടുതിയുണ്ടായപ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തിയ മാതൃകയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കാനാണ് നിർദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍