UPDATES

മഴക്കെടുതിയില്‍ ഇന്ന് 19 മരണം; മൂന്നു വിമാനങ്ങളില്‍ സൈന്യമെത്തും; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എടപ്പാടിക്ക് മുഖ്യമന്ത്രിയുടെ കത്ത്

12 ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഓണപ്പരീക്ഷകളും മാറ്റി വച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിവച്ചത്.

കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന അതീവ ജാഗ്രതാ നിര്‍ദേശം മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുകയായിരുന്നു.  18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് അതീവ ജാഗ്രതാ നിര്‍ദേശം.  ഒറീസ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ കനത്ത മഴയക്ക് കാരണം. ഇന്ന് വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായി എട്ട് ജില്ലകളില്‍ ശക്തമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു നദികള്‍ കനത്ത മഴ തുടരുന്ന സാഹര്യത്തില്‍ 7 ജില്ലകളിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം പെരിങ്ങോവില്‍ വീട്ടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടം ഉള്‍പ്പെടെ സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളില്‍ ഇന്നുണ്ടായത് 19 മരണം. പെരിങ്ങോവില്‍ കുടുംബാംഗങ്ങളായ മൂസ, ഇര്‍ഫാന്‍ അലി, സഫ്വാന്‍, മുഷ്ഫിഖ്, ഹൈറുദീസ, ബഷീര്‍ എന്നിവരാണ് മരിച്ചത്. ജില്ലയിലെ തന്നെ കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് കൈതക്കുണ്ട് സ്വദേശി അനീസും ഭാര്യ സുനീറ എന്നിവരും ഇന്ന് മരിച്ചിരുന്നു. പുലര്‍ച്ചെയായിരുന്നു ഇവിടെ ദുരന്തമുണ്ടായത്. അപകടത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട ചിറ്റാറില്‍ രണ്ട് പേരെ കാണാതായി. ജില്ലയിലെതന്നെ സീതത്തോട് മുണ്ടന്‍പാറയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായവരില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടിലധികം പേര്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് വിവരം. ഇതിനിടെ വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്നും ഷോക്കേറ്റ് ഇട്ടിയപ്പാറയില്‍ ചുഴുകുന്നില്‍ ഗ്രേസി എന്ന സ്ത്രീ മരിച്ചിട്ടുണ്ട്. ഇടുക്കി മൂന്നാറില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ജീവനക്കാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മദനനാണ് മരിച്ചത്. മഴക്കെടുതിയില്‍ ഇന്നുമാത്രം 19 പേര്‍ കൊല്ലപ്പെട്ടതോടെ സംസ്ഥാനത്ത ഈ മാസം മരിച്ചവരുടെ എണ്ണം 50 പിന്നിട്ടു. കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  12 ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഓണപ്പരീക്ഷകളും മാറ്റി വച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിവച്ചത്.

ഇതിന് പുറമേ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ മൂന്ന് വിമാനങ്ങളില്‍ പൂനയില്‍ നിന്ന് സേനയെത്തും.  സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സേനാംഗങ്ങള്‍ സംസ്ഥാനത്തെത്തുന്നത്. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനും, രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമുള്ള വ്യോമ, നാവിക, കര സേനകളുടെ സഹായം തേടിയത്. അതിനിടെ ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജവനിരപ്പ് കുറയ്ക്കാന്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോവണമെന്നാവശ്യപ്പെട്ട്് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ജലനിരപ്പ് 142 അടിയിലേക്കുയര്‍ത്താന്‍ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെടാനും ഇന്നു ചേര്‍ന്ന ഉന്നത തലയോഗത്തില്‍ തീരുമാനമായിരുന്നു.

മഴകനത്തതോടെ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നു വിട്ടു. മുല്ലപെരിയാര്‍ ഡാമിന്റെ 13 സ്പില്‍വേയും തുറന്നു. പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ 5200 അടി വെള്ളമാണ്. നീരൊഴുക്ക് രണ്ടു വര്‍ഷത്തിനിടയില ഏറ്റവും ഉയര്‍ന്ന തോതിലാണിപ്പോള്‍. പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് സ്പില്‍വേ താഴ്ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി മഞ്ഞുമല, കുമളി, പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നി വില്ലേജുകളില്‍ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. സര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

പെരിയാറിന്റെ തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണ്ണമായും മുങ്ങിയ അവസ്ഥയിലാണ്.

മലയോര മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. കണ്ണൂരിലെ മലയോര മേഖലയിൽ കൂടുതൽ പ്രദേശങ്ങളിൽ, വീണ്ടും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. കൊട്ടിയൂർ ചപ്പമല, ഇരിട്ടിയിലെ കരിക്കോട്ടക്കരി, എടപ്പുഴ തുടങ്ങിയ ഭഗങ്ങളിൽ നിന്ന് ഇന്നലെ രാത്രി തന്നെ വീണ്ടും ദുരിതാശ്വാസ ക്യമ്പുകൾ തുറന്നു. സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുകയാണ്. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗം കുറച്ചിട്ടുണ്ട്. ആലപ്പുഴ പുറങ്കടലില്‍ മല്‍സ്യബന്ധന ബോട്ടില്‍ വെള്ളം കയറി മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാനില്ല. നാലു പേരെ നാവിക സേന ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ച സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. . കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സര്‍വീസുകളാണ് റദ്ദാക്കിയത്. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക. അബുദാബിയില്‍ നിന്ന് നെടുമ്പാശേരി യില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുകയെന്നും എയര്‍ഇന്ത്യ അറിയിച്ചു.
മഴ ശക്തമാവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

‘ഒരു കാര്യം പ്രത്യേകമായി ഓര്‍ക്കുക , പ്രധാനപ്പെട്ട എല്ലാ ഡാമുകളും തുറന്നു വിട്ടിട്ടുണ്ട്. നദികളില്‍, കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു വരികയാണ്. ആരും നദീതീരങ്ങളിലേക്ക് പോകരുത്. വെള്ളക്കെട്ടില്‍ കുട്ടികള്‍ പോകുന്നതും ശ്രദ്ധിക്കണം,’ എന്ന് അദ്ദേഹം ഒദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍