UPDATES

ട്രെന്‍ഡിങ്ങ്

കനത്തമഴയില്‍ ഒറ്റപ്പെട്ട് വയനാട്; റെഡ് അലര്‍ട്ടുമായി ജില്ലാ ഭരണകൂടം, ചുരങ്ങളില്‍ ഗതാഗതം സ്തംഭിച്ചു

മാനന്തവാടി താലൂക്കിലെ 60 ശതമാനം പ്രദേശങ്ങളിലും വെള്ളം കയറി. വൈത്തിരി അറമലയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചു.

രണ്ടുദിവസമായി തുടരുന്ന കനത്തമഴ മൂലം വയനാട്ടിലേക്കുള്ള പ്രധാന പാതകളില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ ഉണ്ടായതോടെ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്നെന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
താമരശ്ശേരി ചുരം അടക്കമുള്ള പാതകളില്‍ ഗതാഗതം തടസപ്പെട്ടതോടെ വയനാട് ജില്ല ഒറ്റപ്പെട്ട നിലയില്‍. വടക്കേ വയനാട് മേഖലയിലെ വിവിധ പ്രദേശങ്ങള്‍ ഏതാണ്ട് പൂര്‍ണമായും വെള്ളം കയറിയിട്ടുണ്ട്. മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മാനന്തവാടി താലൂക്കിലെ 60 ശതമാനം പ്രദേശങ്ങളിലും വെള്ളം കയറി. വൈത്തിരി അറമലയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചു.

മഴയും ഉരുള്‍പൊട്ടല്‍ ഭീഷണിയും കണക്കിലെടുത്തു എട്ട് ദുരിതാശ്വാസക്യാമ്പുകള്‍ വയനാട്ടില്‍ തുറന്നിട്ടുണ്ട്. 1183 പേരെ ആണ് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഇതോടെയാണ് മാനന്തവാടി താലൂക്കിലെ പ്രദേശങ്ങളില്‍ വെള്ളം കയറിയത്. അതേസമയം സുല്‍ത്താന്‍ ബത്തേരി മേഖലയെ മഴ കാര്യമായി ബാധിച്ചിട്ടില്ല.
നിലവില്‍ താമരശേരി ചുരം വഴി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ചുരം റോഡില്‍ പല ഇടങ്ങളിലായി മണ്ണിടിഞ്ഞതാണ് കാരണം. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മഴ തടസ്സമാകുന്നുണ്ട്. കഴിഞ്ഞ തവണ മഴ ശക്തമായിരുന്ന ഘട്ടത്തില്‍ ചിറ്റിലത്തോട് വരെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് കൂടി രൂക്ഷമായതോടെ ആ പ്രദേശം വരെയെങ്കിലും വാഹനങ്ങള്‍ക്ക് എത്തനവാത്ത അവസ്ഥയാണ്. ബസ്സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ പെട്ട് കിടക്കുകയാണ്. ചുരത്തില്‍ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യല്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായതോടെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴയെ തുടര്‍ന്ന് വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാഹന ഗതാഗതം തടസ്സപ്പെട്ടത്തിനാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും ഭാഗമായി ബാധിച്ചിട്ടുണ്ട്.

കാലവര്‍ഷം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് വയനാട്ടില്‍ പെയ്തത്. ചൊവ്വാഴ്ച്ച പകല്‍ 3 മണി മുതല്‍ ബുധനാഴ്ച 3 വരെ 153.34 മില്ലീ മീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതിനിടെ, വയനാട് വഴിയുള്ള പാതകള്‍ വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം ക്രമീകരണങ്ങള്‍ ഒരുക്കി. വയനാട് ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായി എഡിഎം ഇ മുഹമ്മദ് യൂസഫ് അറിയിച്ചു. ബംഗ്ലൂരുവില്‍ നിന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് യാത്രക്കാരാണ് വയനാട് നിരവില്‍പ്പുഴ ഭാഗത്ത് കുടുങ്ങിയത്. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബസ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍