UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപ് ജയില്‍ മോചിതനായി

ആര്‍പ്പുവിളികളോടെയാണ് ദിലീപിനെ ആരാധകര്‍ സ്വീകരിച്ചത്. സഹോദരന്‍ അനൂപിനൊപ്പം ദിലീപ് വീട്ടിലേയ്ക്ക് പോയി.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ആലുവ സബ് ജയിലില്‍ നിന്ന് ദിലീപ് പുറത്തിറങ്ങി. ദിലീപിനെ മോചിപ്പിച്ചുകൊണ്ടുള്ള അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവ് സഹോദരന്‍ അനൂപാണ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. ആര്‍പ്പുവിളികളോടെയാണ് പുറത്തിറങ്ങിയ ദിലീപിനെ ആരാധകര്‍ സ്വീകരിച്ചത്. സഹോദരന്‍ അനൂപിനൊപ്പം ദിലീപ് വീട്ടിലേയ്ക്ക് പോയി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം. പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട്  മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നടിയെക്കുറിച്ച്  പരാമര്‍ശങ്ങള്‍ നടത്തരുതെന്നുമുള്ള ഉപാധികള്‍ കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.

ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിക്കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുമ്പ് രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യം തള്ളിയിരുന്നു. അഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂര്‍ത്തിയാകുമായിരുന്നു. ഒക്ടോബര്‍ ആറിന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ദിലീപ് ഇപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്. ഇതോടെ ഇനി കേസിലെ നടപടികള്‍ നടന് ജയിലിനു പുറത്തുനിന്നു നേരിടാന്‍ സാധിക്കും. ജൂലൈ 10 നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ടുതവണ അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിനായി സമീപിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍