UPDATES

ലിംഗം കൊണ്ടു ചിന്തിക്കുന്നവരുടെ ഭീഷണിക്ക് മുന്നില്‍ പേടിക്കില്ല; ദുര്‍ഗ മാലതി

കതുവ പീഡനത്തിനെതിരേ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗ മാലതി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അവര്‍ക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നത്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കശ്മീരില്‍ എട്ടു വയസ്സുകാരിയായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന സംഭവത്തിനെതിരെ പ്രതിഷേധ ചിത്രം വരച്ച യുവതിക്ക് സൈബര്‍ വധഭീഷണി. ചിത്രകാരിയും അധ്യാപികയുമായിരുന്ന ദുര്‍ഗ മാലതിക്കാണ് താന്‍ വരച്ച ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങളും വധഭീഷണിയും നേരിടേണ്ടി വരുന്നത്.

‘ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍…
ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍…
ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍…
അവരുടേത് കൂടെയാണ് ഭാരതം…
ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും…’

എന്ന വരികള്‍ക്കൊപ്പം പുരുഷ ലിംഗത്തെയും ഹിന്ദു മത വിശ്വാസ പ്രകാരമുള്ള ശിവ ലിംഗത്തെയും സമന്വയിപ്പിച്ച് ദുര്‍ഗ വരച്ച ചിത്രങ്ങള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരം ലഭിച്ചത്. തുടര്‍ന്ന്, ഹിന്ദു മതത്തെയും ദൈവ വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ ദുര്‍ഗക്കെതിരെ ഭീഷണിയുയര്‍ത്തി രംഗത്ത് വരികയായിരുന്നു.സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകളും അറപ്പുളവാക്കുന്ന തെറികളും തനിക്കെതിരെ അവര്‍ പ്രയോഗിക്കുന്നതായി ദുര്‍ഗ പ്രതികരിക്കുന്നു. ഒപ്പം, തന്റെ മോര്‍ഫ് ചെയ്ത ന്യൂഡ് ചിത്രങ്ങളും ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ദുര്‍ഗ പരാതിപ്പെടുന്നു. മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളില്‍ നിന്നുമെല്ലാമുള്ള ആളുകള്‍ കമന്റസും മെസ്സേജും തെറിവിളികളുമായി തനിക്കുപിന്നാലെ കൂടിയിട്ടുണ്ടെങ്കിലും ചിത്രം പിന്‍വലിക്കാനോ മാപ്പപേക്ഷിക്കാനോ തയ്യാറല്ലെന്ന് ദുര്‍ഗ വ്യക്തമാക്കുന്നു.

"</p "</p

കതുവായില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടത് അങ്ങേയറ്റം ദാരുണ സംഭവമാണ്. പുരുഷ ലിംഗത്തെ ഒരു റേപ്പിസ്റ്റിന്റെ പ്രതീകമായും, അതിനെ ഒരായുധമാക്കി മാറ്റുന്ന മനുഷ്യര്‍ എന്ന ആശയവും മുന്‍നിര്‍ത്തിയാണ് ഞാന്‍ എന്റെ ചിത്രം വരച്ചത്. ഒപ്പം ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍ എന്നു തുടങ്ങുന്ന അഞ്ചുവരി വാചകവും ചേര്‍ത്തിരുന്നു. എന്നാല്‍, വാചകമൊഴിവാക്കി ചിത്രം മാത്രം ഷെയര്‍ ചെയ്താണ് എനിക്കെതിരെ ഭീഷണിയുയര്‍ത്തുന്നവര്‍ ഹിന്ദു മതത്തെ വ്രണപ്പെടുത്തി എന്നാരോപിക്കുന്നത്. ജീവനുവേണ്ടി യാചിക്കേണ്ടി വരുമെന്നും പച്ചക്ക് കൊന്നുകളയുമെന്നുമാണ് എനിക്കെതിരെ ലഭിച്ച പ്രതികരണങ്ങള്‍. എനിക്കു മാത്രമല്ല, ചിത്രം ഷെയര്‍ ചെയ്ത ഓരോ വ്യക്തിയുടെയും ഇന്‍ബോക്‌സിലും കമന്റസിലും ഇത്തരക്കാര്‍ തെറിവിളിയും ഭീഷണിയുമായി കടന്നുചെന്നിരിക്കുകയാണ്. എത്രയൊക്കെ അക്രമങ്ങള്‍ നേരിടേണ്ടി വന്നാലും പേടിച്ച് പിന്മാറാനോ ചിത്രം പിന്‍വലിക്കാനോ ഞാന്‍ തയ്യാറല്ല.’ ദുര്‍ഗ അഴിമുഖത്തോട് പ്രതികരിക്കുന്നു.

"</p "</p "</p

ചിത്രം പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് നിരന്തരം വര്‍ധിച്ചു വരുന്ന സൈബര്‍ അക്രമത്തിനെതിരെ പരാതി നല്‍കാനാണ് ദുര്‍ഗയുടെ തീരുമാനം. മാസങ്ങള്‍ക്ക് മുന്‍പ് ഗൗരി ലങ്കേഷിന്റെ മരണത്തോടനുബന്ധിച്ച് ദുര്‍ഗ വരച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കും ഭീഷണികള്‍ക്കും വഴിയൊരുക്കിയിരുന്നു.

 

(തന്റെ ചിത്രം  മോര്‍ഫ് ചെയ്ത് തനിക്കെതിരേ അശ്ലീലപ്രചരണം നടത്തുന്നവരെ തുറന്നു കാണിക്കണമെന്ന ദുര്‍ഗ മാലതിയുടെ ആവശ്യപ്രകാരമാണ് മേല്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ അഴിമുഖം പ്രസിദ്ധീകരിക്കുന്നത്)

 

 

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍