UPDATES

ട്രെന്‍ഡിങ്ങ്

കോടിയേരി ബാലകൃഷ്ണന്റെ ‘അപഥസഞ്ചാര’ങ്ങള്‍

കൊച്ചിയിലെ തെരുവിലിറങ്ങിയ കന്യാസ്ത്രീകൾ ആത്മാവിലേക്ക് തുളച്ചുകയറിയ വാളുകൾ ഊരിയെടുത്ത് , പീഡാനുഭവങ്ങളെ കലാപത്തിന്റെ ഇന്ധനമാക്കി പോരാട്ടത്തിനിറങ്ങിയവരാണ്

കാലത്തിന്റെ സഞ്ചാരപഥങ്ങളിൽ വഴികാട്ടികളായി നക്ഷത്രങ്ങളെ കാണുന്നത് സമരങ്ങളുടെയും പോരാട്ടങ്ങളുടെയും രൂപത്തിലാണ്. അതിനെ കാണാൻ നിങ്ങൾക്ക് മൂന്നു വിശുദ്ധജ്ഞാനികളുടെ ആവശ്യമില്ല. അതിനു ആട്ടിടയന്മാർ മതി. അനീതിക്കെതിരെ ചുരുട്ടിയ മുഷ്ടിക്കുള്ളിലെ സത്യസന്ധത മാത്രം മതി. ആ സത്യസന്ധതയില്ലാത്തതുകൊണ്ടാണ്, കേരളത്തിന്റെ ആധുനികചരിത്രത്തിലെ വഴികാട്ടികളായ സ്ത്രീവിമോചനപ്പോരാട്ടങ്ങളിൽ ഒന്നായ, കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക പീഡനാരോപണത്തിൽ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ “അപഥസഞ്ചാരം” എന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി ബാലകൃഷ്‌ണൻ വിളിക്കുന്നത്. എത്ര സൂക്ഷ്മമായാണ് ബാലകൃഷ്ണൻ ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നത് അമ്പരപ്പിക്കുന്നു. സ്ത്രീകൾ ലൈംഗിക പീഡനത്തെതിരെ നടത്തുന്ന സമരത്തെ ‘അപഥ സഞ്ചാരം’ എന്ന് വിശേഷിപ്പിക്കുമ്പോൾ ആ വാക്കിന്റെ പ്രയോഗവ്യാപ്തികൾ അയാൾക്ക് അറിയാത്തതല്ല.

ഈ അധിക്ഷേപത്തിന് വരാനിരിക്കുന്ന നിരവധി പോരാട്ടങ്ങൾ അയാളെക്കൊണ്ടും ധനികരും ജീർണമതവ്യാപാരികളുമായി അശ്ലീലമായ ബാന്ധവം പുലർത്തുന്ന അയാളുടെ സംഘടനയെക്കൊണ്ടും കണക്കുപറയിപ്പിക്കും. കാലത്തിന്റെ ഗോൽഗോത്ത കുന്നുകളിലേക്കുള്ള കുരിശുയാത്രകൾ ദുഷ്‌കരമാണ് എന്ന് തീർച്ചയായും കാണാനിരിക്കുന്നതേയുള്ളൂ. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്കും നാഗരികതയുടെ സമര,സംവാദ വ്യവഹാരങ്ങൾ നീണ്ടുകിടക്കുന്നു എന്ന് തവളകൾക്കറിയില്ലെങ്കിലും ആകാശത്തിനും ഭൂമിക്കുമറിയാം.

ഈ സമരം സഭയ്‌ക്കെതിരാക്കാൻ ദുഷ്ടശക്തികൾ ശ്രമിക്കുന്നതിലെ ആശങ്ക സി പി എം സംസ്ഥാന സെക്രട്ടറി മാത്രമല്ല, കോൺഗ്രസ് നേതാക്കൾ വരെ പറയുന്നുണ്ട്. സംശയം വേണ്ട ബാലകൃഷ്‌ണ, ഈ സമരം കത്തോലിക്കാ, ക്രിസ്ത്യൻ സഭകൾക്കെതിരെക്കൂടിയാണ്. പുരുഷാധിപത്യത്തിന്റെയും വ്യാപാര താത്പര്യങ്ങളുടെയും മൊത്തക്കച്ചവടക്കാരായ ക്രിസ്ത്യൻ സഭയ്‌ക്കെതിരെക്കൂടിയാണ് ഈ സമരം. അതുകൊണ്ടുതന്നെ ഇതെല്ലാം മറ്റുവിധത്തിൽ ഒട്ടും കുറയാതെ ചെയ്യുന്ന സകല മത, ജാതി,പുരുഷാധിപത്യ മേൽക്കോയ്മകൾക്കുമെതിരെയാണ് ഈ സമരം. കന്യാസ്ത്രീ മഠങ്ങളെന്ന അടിമത്തവാളങ്ങളുടെ മതിലുകൾ ഭേദിച്ച് പുറത്തുകടന്ന ഈ കന്യാസ്ത്രീകൾ സഞ്ചരിച്ച പ്രാർത്ഥനാദൂരങ്ങൾ എത്രയാണെന്ന് അറിയാൻ കഴിയാത്ത സഭയുടെ സംവിധാനത്തിനെതിരെകൂടിയാണ് ഈ സമരം.

വിശ്വാസത്തിന്റെയും ദൈവകഥകളുടെയും കെട്ടുകഥകൾ മാറ്റിനിർത്തിയാൽ ക്രിസ്തു എന്ന സങ്കല്പം ബാക്കിയാക്കുന്നത് സമരത്തിന്റെയും ചെറുത്തുനില്പിന്റെയും നിലയ്ക്കാത്ത ഊർജമാണ്. ഇരുണ്ടുകറുത്ത ആകാശത്തിനു കീഴെ കുരിശിന്റെ പ്രതീകാത്മകമായ സഹനഭാരത്തിന്റെ നിഴലിൽ, മകന്റെ മരണം കാത്തുകിടന്ന മേരി ബാക്കിയാക്കുന്നതും അതാണ്. അതിൽ വിശുദ്ധമായൊരു നിഷേധമുണ്ട്. അസ്ഥികളെ തീപിടിപ്പിക്കുന്ന വിലാപമുണ്ട്. അയാളുടെ ചോരയിൽ നിന്നും പടർന്ന നിശബ്ദതയും ഭാവിയിലേക്ക് കരുതിവെച്ച സമരവുമുണ്ട്.

ജെറുസലേം ദേവാലയത്തിൽ വെച്ച് വൃദ്ധനായ സൈമൺ, ശിശുവായ ജീസസിനെ കയ്യിലെടുത്ത് മേരിയോട് വരാനിരിക്കുന്ന എല്ലാ യാതനകളുടെയും പേരിൽ ആർദ്രമായി അവളുടെ തലയിൽ തടവി ഒരു മുന്നറിയിപ്പ് പോലെ പറയുന്നത്, “നിന്റെ ആത്മാവിലൂടെയും ഒരു വാൾ തുളച്ചുകയറും” എന്നാണു. കൊടിയ യാതനകളുടെയും സഹനത്തിന്റെയും പീഡാനുഭവങ്ങളുടെയും ചൂഷണത്തിന്റെയും വാളുകൾ അന്തമില്ലാതെ തുളച്ചുകയറുമ്പോഴാണ് മനുഷ്യർ എല്ലാ കുരിശുമരണങ്ങൾക്കും അറുതിയായി എന്ന് പറയുന്നത്. അവർ ‘പിതാവേ പിതാവേ നീയുമെന്നെ കൈവിട്ടോ” എന്ന് വിശ്വാസത്തിന്റെ മുറിവുകളിൽ നിന്നും ചോരവാർന്ന് മരിക്കുമ്പോൾ ചോദിക്കുന്നത് നിർത്തുകയും, രക്ഷകർ മുകളിൽ നിന്നല്ല പോരാട്ടത്തിന്റെ തെരുവുകളിലേക്കിറങ്ങുന്ന തങ്ങൾതന്നെയാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നത്.

കൊച്ചിയിലെ തെരുവിലിറങ്ങിയ കന്യാസ്ത്രീകൾ ആത്മാവിലേക്ക് തുളച്ചുകയറിയ വാളുകൾ ഊരിയെടുത്ത് , പീഡാനുഭവങ്ങളെ കലാപത്തിന്റെ ഇന്ധനമാക്കി പോരാട്ടത്തിനിറങ്ങിയവരാണ്. അവർ കുരിശുമരണത്തിനു കാത്തുകിടക്കുന്നില്ല എന്നാണു ഈ സമരത്തിന്റെ നിർണായകമായ ചരിത്രപ്രാധാന്യം.

ഒരു പൊതുസമൂഹമെന്ന നിലയിൽ കത്തോലിക്കാ സഭയുടെ മുഷ്‌ക്കിനുമുന്നിൽ മുട്ടുവിറച്ചുനിന്നില്ല കേരളത്തിലെ പൗരസമൂഹം എന്ന വലിയ പ്രാധാന്യംകൂടി ഈ സമരത്തിനുണ്ട്. പരസ്പരം ഒത്തുതീർപ്പ് പ്രഖ്യാപിച്ച തസ്കരസംഘങ്ങളെപ്പോലെ രാഷ്ട്രീയകക്ഷികളും മതസംഘടനകളും സഭയുമെല്ലാം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ, രാഷ്ട്രീയകേരളം പതുക്കെയാണെങ്കിലും അവരെ മറികടന്നു മുന്നോട്ടു നടക്കാനുള്ള പ്രവണത കാണിക്കുന്നുവെന്ന് ഏറെ തെളിഞ്ഞിട്ടില്ലെങ്കിലും അകലെ കാണുന്ന ഒരു നക്ഷത്രത്തെപ്പോലെ നമുക്ക് കാണാം. അതെത്ര പ്രകാശവർഷങ്ങൾ അകലെയാണ് എന്നത് ഇനിയും തെളിയേണ്ടിയിരിക്കുന്നു.

ഇതുവരെ ഏക വഴികാട്ടിയായി കൊണ്ടുനടക്കാൻ പരിശീലിപ്പിക്കപ്പെട്ട വിശുദ്ധപുസ്തകമല്ല, മറിച്ച് തികച്ചും മതേതരമായ ഇന്ത്യൻ ഭരണഘടന കയ്യിലെടുത്ത ഒരു കന്യാസ്ത്രീയുടെ ചിത്രമാണ് ആ സമരപ്പന്തലിലെ ഏറ്റവും വലിയ കലാപം. ഇതൊരു മതേതര പൗരസമൂഹത്തിന്റെ കലാപമാണ്. അനീതിക്കെതിരായ കലാപം. ആ കലാപങ്ങളുടെ ക്ലേശപാതകളിൽ നിൽക്കുന്ന മനുഷ്യരെ കാണാൻ കഴിയാതെപോകുന്നതും ആ സമരത്തെ ‘അപഥസഞ്ചാരം’ എന്ന് വിളിക്കുന്നതും ചരിത്രത്തിലെ അപഥ സഞ്ചാരിണികളെക്കുറിച്ച് ബാലകൃഷ്ണനും അയാളടക്കമുള്ള ഭരണ, രാഷ്ട്രീയ സംവിധാനം പെട്ടി ചുമക്കുന്ന ധനിക-മത മാഫിയ സംഘങ്ങൾക്കും അറിയുന്നതുകൊണ്ടാണ്. കാരണം ആ അറിവ് അവരെ പൊള്ളിക്കുന്നുണ്ട്, ഭയപ്പെടുത്തുന്നുണ്ട്. ഒരു കുരിശുമരണത്തിന്റ രക്തം ഇപ്പോഴും കത്തോലിക്കാ സഭയെയും മറ്റു ക്രിസ്ത്യൻ സഭകളെയും അവരുടെ ആത്മവഞ്ചനയുടെ ഉള്ളറകളിൽ പൊള്ളിക്കുന്നതുപോലെ, ഭയപ്പെടുത്തുന്നപോലെ.

ധീരകളായ കന്യാസ്ത്രീകളുടെ അപാരമായ പോരാട്ടസ്ഥൈര്യത്തിന്,
മതേരകേരളം നടത്തിയ കന്യാസ്ത്രീ സമരത്തിന് വീണ്ടും അഭിവാദ്യങ്ങൾ!

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘ദുരുദ്ദേശക്കാരാ’യ കന്യാസ്ത്രീകള്‍ ഒരു കെഎസ്ആര്‍ടിസി ബസിന് പോലും കല്ലെറിഞ്ഞിട്ടില്ല കോടിയേരീ…

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍