ഈ ഗുണ്ടാ നേതാക്കന്മാർക്ക് പിന്നീട് കാലക്രമേണ വന്ന പേരാണ് രാജാവ് ! ഗുണ്ടാ പിരിവിനു പിന്നീട് പറഞ്ഞ പേരാണ് കരം അഥവാ ടാക്സ് !
ഒന്ന് രണ്ടു ലക്ഷം കൊല്ലമായി തെണ്ടിത്തിരിഞ്ഞു, നൂറും ഇരുനൂറും ഉള്ള കൂട്ടങ്ങളായി, ആണും പെണ്ണുമായി, ഒരു മൂപ്പന്റെ കീഴിൽ നടന്നിരുന്നു മാനവരാശി മൊത്തം ഇടയ്ക്കിടെ അടുത്ത കൂട്ടങ്ങളുമായി കച്ചറകൾ ഉണ്ടാക്കും, അങ്ങോട്ടും ഇങ്ങോട്ടും കൊല്ലും, ചിലപ്പോൾ മറ്റേ ഗോത്രത്തിലെ എല്ലാ ആണുങ്ങളെയും കൊല്ലും. പീഡിപ്പിച്ചും പെട്ടെന്നും കൊല്ലും. ഒക്കെ ലോക്കൽ ആചാരങ്ങൾ അനുസരിച്ചിരിക്കും. പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യും. പിടിച്ചോണ്ട് പോകും. ഒക്കെ ആചാരങ്ങൾ തന്നെ. അവരവരുടെ ദൈവങ്ങൾക്ക് ജയിച്ചവർ നന്ദിയും, മൃഗബലിയും, ചിലപ്പോ നര ബലിയും കൊടുക്കും കേട്ടോ. കുറ്റം പറയരുതല്ലോ – എന്ത് മനോഹരമായ ആചാരങ്ങൾ!
ആളോള് തല ഉപയോഗിച്ച് പ്രകൃതിയെ കുറച്ചൊക്കെ വരുതിയിൽ വരുത്തി. ആനേക്കാൾ വലിയ മാമോത്തുകളെ കല്ലും വടിയും മാത്രം കൊണ്ട് അച്ചാലും കൊന്നു തീർത്തു. തിന്നു. ഉണക്കിറച്ചി സൂക്ഷിച്ചും വച്ചു. ചുമ്മാ ചില്ലറ ആളോളല്ല, ഈ ആളോള്.
ഫലം എന്താ – കണ്ടമാനം പെറ്റുപെരുകി. അലഞ്ഞു തിരിയാൻ സ്ഥലം തികയാതെ ആയി. കൃഷി, മൃഗവളർത്തൽ തുടങ്ങി. നഗരങ്ങൾ ആയി. വലിയ ആൾതാമസമുള്ള മേഖലകൾ ആയി.
കച്ചവടം കുറെ പണ്ടേ തന്നെ തുടങ്ങിയിരുന്നു. ഇപ്പൊ അത് ഉച്ചസ്ഥായിയിൽ ആയി. ഇല്ലാതെ പറ്റില്ലല്ലോ. അമ്പും വില്ലും ചറ പറ ഉണ്ടാക്കുന്നവന് വേറൊന്നിനും സമയം ഇല്ല. തിന്നാൻ അത് കൊടുത്ത് ധാന്യം വാങ്ങണം. മീൻ പിടിക്കുന്നവന് തുണി ഉടുക്കണ്ടേ? നല്ല ഉഷാർ പരുത്തി ഉണക്കി തുണി ഉണ്ടാക്കുന്ന ഒരു ഗ്രാമം തന്നെ ഉണ്ട്. അവന്മാർക്ക് പക്ഷെ വേറൊന്നും അറിഞ്ഞൂടാ. കച്ചോടം ഇല്ലെങ്കിൽ നിപുണന്മാർ ഇല്ല. ഏതെങ്കിലും ഒരു കാര്യത്തിൽ നിപുണതകൾ വികസിപ്പിക്കാൻ പറ്റിയില്ലെങ്കിൽ മനുസ്സന്മാർ ഇപ്പോളും തുണിയുടുക്കാതെ, പല്ലിയെയും പാറ്റയെയും തിന്നു ജീവിച്ചേനെ.
പക്ഷെ കുഴപ്പം ഉണ്ട്, യുദ്ധം ചെയ്യാൻ നിപുണന്മാർ ഉണ്ട്. കള്ളന്മാരിലും എക്സ്പെർട്ടുകൾ ഉണ്ട്. കൊലപാതകികളും, ബലാത്സംഗികളും ആണ് ഒക്കെ. ഉദ്ഭവപാപം ആളോളെ വിട്ട് പോകുന്നില്ലല്ലോ.
അപ്പൊ ലോക്കൽ ഗുണ്ടകൾ പൊങ്ങി വരും. തടിമാടന്മാർ ഉണ്ട്. വാളും കുന്തവും ഉപയോഗിക്കുന്നതിൽ ആണ് നിപുണത. അതിൽ ചിലർ കൂട്ടാളികളെയും കൂട്ടി റോന്ത് ചുറ്റും. പൈസ പിരിക്കും, വേറെ കൊള്ളക്കാരെ വന്നാൽ അടിച്ചോടിക്കാം എന്ന്. ആദ്യത്തെ ഗുണ്ടാ പിരിവ്. ഈ ഗുണ്ടാ നേതാക്കന്മാർക്ക് പിന്നീട് കാലക്രമേണ വന്ന പേരാണ് രാജാവ്! ഗുണ്ടാ പിരിവിനു പിന്നീട് പറഞ്ഞ പേരാണ് കരം അഥവാ ടാക്സ്!
ഇപ്പൊ നമ്മുടെ സർക്കാർ ചെയ്യുന്നതും ഇതാണ്. ആളോള് ഓരോന്ന് ഉണ്ടാക്കുന്നു, അല്ലെങ്കിൽ സേവനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നു. സർക്കാർ കാശു പിരിക്കുന്നു. നിയമങ്ങൾ നടപ്പാക്കുന്നു. പോലീസ്, പട്ടാളം ,ഒക്കെ വച്ച് കൊണ്ടിരിക്കുന്നു. വളരെ ഷോർട്ടായി, ഹ്രസ്വമായി, ചുരുക്കി, ഒറ്റയടിക്ക്, ചട് പിടു എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ് കാര്യങ്ങൾ .
ഇതിന്റെ ഇടക്ക് വേറെ ചിലർ ഉണ്ട്. വില്ലുണ്ടാക്കുന്നവരുടെ കുല ദൈവത്തെ എങ്ങനെ പ്രീതിപ്പെടുത്താം? മഴദേവനെ എങ്ങനെ കൈക്കൂലി കൊടുത്ത് ഒതുക്കാം? ഭാവി പറയണോ ഹേ? എന്ത്? മരിച്ച അപ്പനോട് എന്തേലും ചോദിക്കണം എന്നോ? വഴിയുണ്ടാക്കാമല്ലോ.
മനുഷ്യന് സ്പിരിച്വൽ ആവശ്യങ്ങൾ ഉണ്ട് – സ്പിരിച്വൽ. സ്പിരിറ്റും വേണം. കഞ്ചാവും വേണം. സ്പിരിച്വാലിറ്റിയും വേണം. ഇവരും രായാക്കന്മാരും ഇപ്പോഴും ഒത്തു പോകും. രാജാവിനെ ഭയക്കണം. എന്നാലേ ലക്ഷങ്ങൾ ഉള്ള ഒരു രാജ്യം ഭരിക്കാൻ പറ്റൂ. അപ്പൊ രാജാവാരാ? ദൈവം. അല്ലെങ്കിൽ ദൈവത്തിന്റെ അളിയൻ. രാജ്യദ്രോഹം പാപം. ദൈവം കോപിക്കും!
വി പി മേനോൻ എന്ന മലയാളി മേനോൻ, ആയിരവും രണ്ടായിരവും മാത്രം ജനസംഖ്യ ഉള്ള ചില രാജ്യങ്ങളിലെ രാജാവിനെ കണ്ട്, ആയിരത്തി തൊള്ളായിരത്തി നാല്പത്താറിൽ, ഇന്ത്യയിൽ ചേരു പ്രഭോ, എന്നും പറഞ്ഞു നടക്കുമ്പോൾ, പല ഡൂക്കിലി രാജാവും പറഞ്ഞത് ഇതാണ്.
“ഞാൻ രാമന്റെ കുലത്തിൽ ഉള്ളതാണ്”
“ഞാൻ കൃഷ്ണന്റെ!”
“ഞാൻ സൂര്യവംശിയാ”
സോറി. പറയാൻ വന്നത്, ഇന്ത്യയുടെ കാര്യം ആണ്. ബ്രിട്ടീഷുകാർ ഭാണ്ഡം തുറന്നു നമ്മളെ മോചിപ്പിക്കാൻ തീരുമാനിച്ചു. പുറത്ത് വരുന്നത് രണ്ടു രാജ്യങ്ങൾ – ഇന്ത്യ, പാകിസ്ഥാൻ.
അല്ല – വേറെ കുറെ ഉണ്ട്, 1946 ആയപ്പോൾ ആണ് ആ മൂന്നു പേർക്കും അത് കത്തിയത്. ഏത് മൂന്നു പേര്?
ഗാന്ധി, നെഹ്റു,പട്ടേൽ.
ഇവരാണ് പ്രധാന നായകർ, അന്ന് ഭാണ്ഡം കുടഞ്ഞിടുമ്പോൾ, ഒരു വലിയ ഇന്ത്യയും, വലിപ്പം അധികം ഇല്ലാത്ത പാകിസ്ഥാനും പുറത്തു വീഴുന്നതിനൊപ്പം, അഞ്ഞൂറ്റി അൻപതോളം ചെറു രാജ്യങ്ങളും ചില്ലറ പൊഴിയുമ്പോലെ പുറത്തു വീഴും. ഇതിനെ ഒക്കെ എന്ത് ചെയ്യാൻ? ചിലത് കശ്മീർ, ഹൈദരാബാദ്, പോലെ ഉള്ള നല്ല വലിപ്പം ഉള്ളവ ആണ്. തിരുവിതാംകൂർ പോലെ വളരെ ചുരുക്കം ചിലത് കുഴപ്പമില്ലാതെ ഭരിക്കുന്നുണ്ട്. പ്രജകൾ, ബ്രിട്ടീഷ് ഇന്ത്യയെക്കാൾ ഒരു പിടി നന്നായിത്തന്നെ ഇരിക്കുന്നു.
എന്നാൽ മിക്കതും “ഊള കുപ്പത്തൊട്ടികൾ ആണ്, രാജാക്കന്മാർ ക്രൂരരും പ്രാന്തന്മാരുമായ അലവലാതികളും ആണ്” ഇത് ഞാൻ പറഞ്ഞതല്ല. ഒരു ചരിത്രകാരന്റെ വാക്കുകൾ ആണ്.
നെഹ്റുവിനെ പേടിയും മഹാ വെറുപ്പും ആണ് രായാക്കന്മാർക്ക്. അതുകൊണ്ടാണ്, നറുക്ക് പട്ടേലിന് വീണത്. പട്ടേൽ മൌണ്ട് ബാറ്റനെ കണ്ടു പിന്നെ – സന്തോഷിച്ചാട്ടെ, സന്തോഷിച്ചാട്ടെ – ഒരു മലയാളിയും കൂടി ചേർന്നാണ് രായാക്കന്മാരെ ഒതുക്കിയത്. വി പി മേനോൻ എന്ന ഒരു ഉദ്യോഗസ്ഥൻ. കുറുക്കരിൽ കുറുക്കൻ. ചാണക്യരിൽ മുതു ചാണക്യൻ. ഉഡായിപ്പിൽ പി എച് ഡി.
അപ്പൊ മൂന്നു പേര് ചേർന്നാണ് രായാക്കന്മാരെ ഒതുക്കിയത്:
മൗണ്ട് ബാറ്റൻ, പട്ടേൽ, വി പി മേനോൻ
മൗണ്ട് ബാറ്റനോട് പട്ടേൽ പറഞ്ഞു:
“സായിപ്പണ്ണ, പോയാ പിന്നെ ഇവരെ തിരിഞ്ഞു നോക്കൂല്ല എന്ന് പറഞ്ഞേക്കണം”
മൌണ്ട് ബാറ്റൻ ഉള്ള രാജാക്കന്മാരെ ഒക്കെ വിളിച്ചു കൂട്ടി പറഞ്ഞു :
“ഞങ്ങ പോവ്വാണ്. നിങ്ങ എന്ത് വേണോ ആയിക്കോ. പക്കേങ്കി, ഒന്നോർക്കണം. ഇനി ഇന്ത്യ ആണ് ഗുണ്ട. ചേർന്നോ, ചേർന്നോ. ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. വലിയ വില.”
“ചതി – കൊലച്ചതി. എന്താണ് ചിലയിടത്ത് ചാരം, ചിലയിടത്ത് പുക?!!!”വിശ്വാസം, അതല്ലേ എല്ലാം ?” എന്നെല്ലാം കുറെ രായാക്കന്മാർ നിലവിളിച്ചു. മൌണ്ട് ബാറ്റൺ മൈൻഡ് ചെയ്തില്ല.
അങ്ങനെ വി പി മേനോൻ ഓരോ ചെറു രാജ്യങ്ങളും സന്ദർശിച്ചു. രാജാക്കന്മാരുടെ കാലും ഒക്കെ തലോടി. പദവി നില നിർത്താം, കാശ് കയ്യിൽ വച്ചോ എന്നൊക്കെ പറഞ്ഞു. രാജ്യം നമ്മക്ക് വേണം. പട്ടേൽ പറഞ്ഞിരിന്നു. “അവന്മാരുടെ സ്വർണോം പെണ്ണുങ്ങളേം ഒന്നും ഇന്ത്യക്ക് വേണ്ട. പക്കേങ്കി, അവരടെ സ്ഥലം. മിട്ടി. മണ്ണ്. അത് ഞമ്മക്ക് കിട്ടണം.”
സംഭവം സ്ത്രീകളെ അപമാനിച്ചു പട്ടേൽ. പക്ഷെ പറഞ്ഞതാണ്.
ഓരോരുത്തർ ആയി ചേർന്നു. ഭയങ്കര രസികൻ കഥകൾ ആണ്. അവസാനം നാല് പേർ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. അതിൽ, സന്തോഷിച്ചാട്ടെ, സന്തോഷിച്ചാട്ടെ- മ്മ്ടെ തിരുവിതാംകൂറും ഉണ്ട്!
കശ്മീർ,ജുനഗഢ്, ഹൈദരാബാദ്, തിരുവിതാംകൂർ .
കശ്മീർ ഇപ്പോഴും പ്രശ്നം തന്നെ. അത് വേറെ ടോപിക് ആണ്. ഹിന്ദു രാജാവും ഭൂരിപക്ഷം മുസ്ലിം പ്രജകളും.
ജുനഗഢ് – മുസ്ലിം രാജാവും ഭൂരിപക്ഷം ഹിന്ദു പ്രജകളും പട്ടി പ്രേമി ആണ് രായാവ്. രണ്ടായിരം പട്ടികൾ ഉണ്ട്. രണ്ടു പട്ടികളുടെ കല്യാണം നടത്തി. മൂന്ന് ലക്ഷം രൂപ അന്ന് ചിലവിട്ട് ആണ് സദ്യ കൊടുത്തത്. ഒരു ശരാശരി പ്രജയുടെ മാസ വരുമാനം മൂന്നു രൂപ. ബെസ്റ്റ് രായാക്കന്മാർ ആരുന്നേ! അങ്ങേരു ചാടിക്കേറി പാകിസ്ഥാനിൽ ചേരുന്നു എന്നും പറഞ്ഞു, കത്തും കൊടുത്തു! പ്രജകൾ ഇളകി. അങ്ങേര് പട്ടികളെയും കൊണ്ട് ഓടി പാകിസ്ഥാനിൽ പോയി ഒളിച്ചു. ഇന്ത്യ കേറി ഇങ്ങോട്ട് ചേർത്ത്. ഹിത പരിശോധന നടത്തി കേട്ടോ.
ഹൈദരാബാദ് നിസാം. അട്ട കടിച്ചാൽ വിടുവിക്കാൻ ഉപ്പ് തേക്കാത്ത മഹാൻ. ശത കോടീശ്വരൻ. അങ്ങേർക്ക് സ്വതന്ത്ര രാജ്യം ആയി നിക്കണം! ഭൂരിപക്ഷം ഹിന്ദുക്കൾ തന്നെ. കുറെ ഏറെ മുസ്ലീങ്ങൾ ഉണ്ട്. മുസ്ലീങ്ങളിൽ ചിലരെ സംഘടിപ്പിച്ചു ലഹളയോട് ലഹള. കാസിം റാസ്വി എന്ന ഒരാളുടെ കീഴിൽ രാസാക്കാർ എന്ന ഒരു ചാവേർ പട ഉണ്ടാക്കി, മുടിഞ്ഞ ലഹളന്ന്യെ.
പട്ടേൽ കുറച്ച് കാത്തിരുന്നു. ഒരു രാത്രി കുറെ പട്ടാളക്കാരെ വിട്ടു. കുറെ രസാക്കർ ആൾക്കാരെ പെട്ടന്ന് കാണാനില്ലാതെ ആയി. പെട്ടന്ന് നിസാം റേഡിയോയിൽ വന്നു പറഞ്ഞു:
“രസാക്കർ ഒക്കെ ഊളകൾ. കാസിം റാസ്വി മുതു ഊള.
ഇന്ത്യക്കാർ നല്ലവർ. എന്ത് നല്ല രാജ്യം. നുമ്മക്ക് ഇന്ത്യയിൽ ചേരണം.”
മനം മാറി, മനം മാറി! ഉഷാർ ഉഷാർ. എല്ലാം വളരെ പെട്ടന്നായിരുന്നു.
തിരുവിതാംകൂർ ഉണ്ടല്ലോ. ദിവാൻ സി പി രാമസ്വാമി അയ്യർ. മിടു മിടുക്കൻ. രാജാവ് ഉള്ളം കയ്യിലെ പാവ. കുറെ സദ്ഭരണം ക്രെഡിറ്റ് പുള്ളിക്ക് എടുക്കാം എന്ന് കൂട്ടിക്കോ. പക്ഷെ ഗാന്ധി ഊള. നെഹ്റു തെണ്ടി- ഇങ്ങനെ ഇരുപത്തിനാലുമണിക്കൂറും പറഞ്ഞോണ്ടിരിക്കും. സ്വാതന്ത്ര്യ സേനാനികളെ ഒക്കെ അടിച്ചമർത്തും.
തിരുവിതാംകൂർ വേറെ രാജ്യമായി നിക്കും – ദിവാൻ പ്രഖ്യാപിച്ചു. മോണോസൈറ്റ് ബ്രിട്ടന് വിൽക്കാൻ കരാർ വരെ ഉണ്ടാക്കി. മറ്റു രാജ്യങ്ങളിലേക്ക് അംബാസഡർമാരെ അയച്ചു. കപ്പൽപ്പട റെഡി ആക്കി. ആകെ ജഗപൊഗ. പൊന്നു തമ്പുരാൻ ആചന്ദ്രതാരം വാഴും. ജയ് മഹാരാജൻ! ദീവാൻ നീണാൾ വാഴട്ടെ.
ജനങ്ങൾ ഇളകി. സി പി പോലീസിനെ വിട്ട് അടി തുടങ്ങി.
ഒരു പരിപാടിക്കിടെ കറന്റ് കളഞ്ഞു, ഒരു അയ്യർ, സ്വാതന്ത്ര്യ സേനാനി, സുബ്ര അയ്യർ വെട്ടുകത്തി വച്ച് സി പിയെ ഒറ്റ വെട്ട് വെട്ടി, മുണ്ടില്ലാതെ ഓടി രക്ഷപ്പെട്ടു. ഐ മീൻ ,വന്നപ്പോൾ ഉണ്ടായിരുന്നു. ഓടിയപ്പോ അഴിഞ്ഞു പോയി. മുണ്ട് വേറെ ആരോ ഒളിപ്പിച്ചു.
സീ… അക്രമം ഒന്നിനും ഒരു പരിഹാരം അല്ല . പക്ഷെ സ്ഥിരം നിങ്ങളെ വഴിയിൽ വച്ച് തെറി പറയുന്ന ഒരു കള്ളുകുടിയൻ ഉണ്ട് എന്ന് വിചാരിക്കുക . എന്ത് ചെയ്യും? പല വഴികൾ നോക്കീട്ട് ഒന്നും നടക്കുന്നില്ല. പോലീസ് മൈൻഡ് ചെയ്യുന്നില്ല. കരണക്കുറ്റിക്ക് ഒരറ്റയെണ്ണം ഒരു ദിവസം കൊടുത്തു എന്ന് വിചാരിക്ക് – സംഭവം മിക്കവാറും സോൾവ് ആകും. അതിന്റെ ഒരു കിടപ്പു വശം, സോറി അടിപ്പ് വശം അങ്ങനാണ്.
ഇവിടെ അയ്യർ അയ്യരെ വെട്ടിയപ്പോൾ, അയ്യരുടെ ചെവി അറ്റു തൂങ്ങി. പക്ഷെ ഒറ്റ വെട്ടിൽ ഒട്ടിപ്പോയി! തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേർന്നു! മുണ്ട് പോയ അയ്യർ, ചെവി പോയ അയ്യർ. എന്താ ഒരു അയ്യര് കളി!
ആശുപത്രി കിടക്കയിൽ വച്ച് തന്നെ ചെവി പോയ അയ്യർ രാജാവിനോട് ഉപദേശിച്ചു:”രായാവെ – ചേർന്നോ, ചേർന്നോ. അതാ നല്ലത്.”
മനം മാറി, മനം മാറി! കണ്ടോ കണ്ടോ. അഭിപ്രായം ഒരിക്കലും ഇരുമ്പുലക്ക ആവാൻ പാടില്ല.
മുണ്ട് പോയ അയ്യർ മുണ്ടുടുത്ത് പുറത്തേക്കിറങ്ങി. ഇനി ഒളിക്കണ്ടല്ലോ, ചെവി പോയ അയ്യർ തലയിൽ മുണ്ടും ഇട്ട് മദിരാശിക്ക് വണ്ടി കേറി. ഇതോടെ ഇവിടെ രായാക്കന്മാരുടെ വാഴ്ച അവസാനിച്ചു. പക്ഷെ ചരിത്രമല്ലേ – ഇനിയും പല തരത്തിൽ ഉള്ള രാജാക്കന്മാർ തല പൊക്കാൻ മതി. നമ്മൾ അത്രേം പുരോഗമിച്ചിട്ടൊന്നും ഇല്ല. ഗുണ്ടാ പിരിവും ഗുണ്ടായിസവും അവസാനിച്ചിട്ടും ഇല്ല. നിയമ വാഴ്ച എന്നൊക്കെ ഡയലോഗ് ഒക്കെയേ ഉള്ളു . ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.
വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍