UPDATES

ട്രെന്‍ഡിങ്ങ്

മകള്‍ ദളിതനെ വിവാഹം കഴിക്കുന്നത് രാജന്റെ ജാതിവെറിക്ക് സഹിച്ചില്ല; കൊന്നിട്ടും പക തീര്‍ന്നില്ല

ആതിരയെ കുത്തിയത് കൊല്ലാന്‍ ഉറപ്പിച്ച് തന്നെ, പൊലീസ് സ്റ്റേഷനില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ സമ്മതം മൂളിയെങ്കിലും ഉള്ളിലെ ജാതിബോധം രാജനെ കൊലയാളിയാക്കി

പൊലീസ് സ്റ്റേഷനില്‍ വച്ച് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മകളുടെ ഇഷ്ടത്തിന് സമ്മതം മൂളിയെങ്കിലും, ഉള്ളില്‍ അടക്കാന്‍ പറ്റാത്ത ജാത്യാഭിമാനം പേറുന്നുണ്ടായിരുന്നു രാജന്‍ എന്ന പിതാവ്. മകള്‍ ഒരു ദളിതനെ വിവാഹം കഴിക്കുന്നത് ഒരിക്കലും രാജന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മദ്യലഹരി കൂടിയായപ്പോള്‍ ലോകത്തിലെ ഏറ്റവും ക്രൂരനായൊരു അച്ഛനായി മാറുന്നതില്‍ നിന്നും മറ്റൊന്നിനും അയാളെ തടയാന്‍ കഴിഞ്ഞില്ല.

പഠനകാലത്താണ് ആതിരയും കൊയിലാണ്ടി പന്തലായനി സ്വദേശിയായ യുവാവുമായി പരിചയപ്പെടുന്നതും പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രണയം സംഭവിക്കുന്നതും. സൈനികനായി ജോലി ചെയ്യുകയാണ് ഈ യുവാവ് ഇപ്പോള്‍. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ അത് നടക്കട്ടെ എന്നും രണ്ടുപേരും ആഗ്രഹിച്ചു. തങ്ങളെ ജീവിതത്തില്‍ ഒന്നിച്ചു ചേര്‍ക്കണമെന്ന് ഇരുവരും സ്വന്തം വീട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ആതിരയുടെ ആ ആവിശ്യം രാജന് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. കാരണം, ഒന്നുമാത്രം, ജാതി. ഈഴവ സമുദായത്തില്‍പ്പെട്ടതാണ് രാജന്‍. എന്നാല്‍ മകള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെയും. തങ്ങളില്‍ കുറഞ്ഞ ഒരാളെ മകള്‍ വിവാഹം ചെയ്യുന്നതിനോട് തനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും യാതൊരു കാരണവശാലും ഇങ്ങനെയൊരു വിവാഹത്തിന് താന്‍ അനുവദിക്കില്ല എന്ന വാശിയിലായിരുന്നു രാജന്‍. ഇതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. തങ്ങള്‍ ഒരുമിച്ചു തന്നെ ജീവിക്കുമെന്ന നിലപാടില്‍ ആതിരയും യുവാവും ഉറച്ചു നിന്നൂ. ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ചയും തര്‍ക്കവുമെല്ലാം നടന്നു. ഒടുവില്‍ വിഷയം അരീക്കോട് പൊലീസിന്റെ മുന്നിലെത്തി. പൊലീസ് യുവതിയുടെയും യുവാവിന്റെയും വീട്ടുകാരുമായി ചര്‍ച്ച നടത്തി. ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച, പ്രായപൂര്‍ത്തിയ രണ്ടുപേരെ അതിന് അനുവദിക്കണമെന്നായിരുന്നു പൊലീസിന്റെ നിലപാട്. അതിനായവര്‍ ശക്തമായി വാദിക്കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തു നിന്നുകൂടി സമ്മര്‍ദ്ദമുണ്ടായതോടെ രാജന്‍ മകളുടെ ആഗ്രഹം അനുസരിച്ചുള്ള വിവാഹത്തിന് സമ്മതം മൂളി. പക്ഷേ, അത് ആത്മാര്‍ത്ഥമായ അനുവാദം നല്‍കല്‍ ആയിരുന്നില്ല. ഇന്ന്(വെള്ളിയാഴ്ച) പുത്തലം സാളിഗ്രാമ ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താം എന്ന തീരുമാനത്തില്‍ വീട്ടുകാരും ബന്ധുക്കളുമെല്ലാം എത്തി.

പക്ഷേ, രാജന്റെ മനസിലെ ദുരഭിമാനം അയാളെ ഒരു ക്രൂരനാക്കി മാറ്റുകയായിരുന്നു. എന്തുവന്നാലും ഈ വിവാഹം നടത്താന്‍ അനുവദിക്കില്ലെന്ന വെല്ലുവിളി രാജന്‍ മുഴക്കിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു വ്യാഴാഴ്ച (വിവാഹത്തിന്റെ തലേന്ന്) രാജന്‍ മദ്യലഹരിയില്‍ എത്തി ആതിരയുമായി വഴക്കുണ്ടാക്കിയത്. വഴക്ക് ഗുരുതരമായി മാറിയ സമയം ആതിരയേയും കൊണ്ട് രാജന്റെ സഹോദരി അയല്‍വക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതേസമയം അടുക്കളയില്‍ നിന്നും ഒരു കത്തിയുമായി മകളുടെ പിന്നാലെ ഓടിയെത്തിയ രാജന്‍ അയല്‍വീട്ടിലെ കട്ടിലിനിടയില്‍ ഒളിച്ചിരുന്ന ആതിരയെ കുത്തുകയായിരുന്നു. ആതിരയുടെ ഹൃദയഭാഗത്തു തന്നെയായിരുന്നു രാജന്‍ കത്തി കുത്തിയിറക്കിയത്. സംഭവം നടക്കുന്ന വീട്ടില്‍ ഒരമ്മയും രണ്ടു മക്കളുമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഒച്ചയെടുത്തു നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. ആതിരയെ ഉടന്‍ തന്നെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ആ 22 കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയത്തിനേറ്റ മുറിവ് അത്രമേല്‍ മാരകമായിരുന്നു.

പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്തല്ല, കരുതിക്കൂട്ടി തന്നെയാണ് രാജന്‍ മകളെ ആക്രമിച്ചതെന്നും കൊല്ലണമെന്നു തന്നെയായിരുന്നു ഉദ്ദേശം എന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. ഇടതു നെഞ്ചില്‍ തന്നെ കുത്തിയത് മരണം ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും കരുതുന്നു. അവളെ ഇനി കൊണ്ടുപോകേണ്ടതില്ല, അവള്‍ ആശുപത്രിയില്‍ എത്തില്ല…എന്നു രാജന്‍ പറയുന്നുണ്ടായിരുന്നുവെന്നുവത്രേ.

മകളെ കുത്തിയ ശേഷവും അക്രമാസക്തനായി നിന്ന രാജന്‍ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തിയതോടെയാണ് ഇയാള്‍ കീഴടങ്ങാന്‍ തയ്യാറായത്. രാജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പുകൊണ്ട് നടത്തിയ ദുരഭിമാന കൊലയാണിതെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ലാബ് ടെക്നീഷ്യയായി ജോലി നോക്കിയിരുന്ന ആതിരയുടെ അമ്മ സുനിതയാണ്. അശ്വിന്‍ രാജ്, അതുല്‍രാജ് എന്നിവരാണ് ആതിരയുടെ സഹോദരങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍