UPDATES

ലേഡീസ് ഹോസ്റ്റലുകളിലെ ‘വഴിതെറ്റി’ നടക്കുന്ന പെൺകുട്ടികൾ സംസാരിക്കുന്നു

ചില ജോലികൾ ചെയ്യുന്ന പെണ്ണുങ്ങൾക്ക് ഒരെല്ല് കൂടുതലാണോ? ജീൻസ് ഇട്ട പെണ്ണുങ്ങളെ ഭയക്കണോ?-വനിതാ ദിന ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പാര്‍വതി

പാര്‍വതി

“ഈ പ്രായത്തിലുള്ള പെൺകുട്ടികളാണ്, ജോലി ചെയ്യുന്നവരാണ്, അവർക്കും പുറത്തുപോകാനും നിശാഗന്ധിയിലും കനകക്കുന്നിലും നടക്കുന്ന  രാത്രി പരിപാടികൾ കാണാനും ആഗ്രഹം ഉണ്ടാകും, അതൊക്കെ എനിക്കറിയാം. മറ്റ് ഹോസ്റ്റലുകൾ പോലെ അല്ല മുൻകൂട്ടി ഒന്ന് സൂചിപ്പിച്ചാൽ അവർക്ക് ഏഴ്  മണി കഴിഞ്ഞും പുറത്ത് പോകാനുള്ള അനുവാദമുണ്ട്. പിന്നെ എന്തിനാണ് ഈ നിയന്ത്രണം എന്ന് ചോദിച്ചാൽ, ഇവരെ വീട്ടുകാർ നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ചതല്ലേ? അവരുടെ സുരക്ഷിതത്വം നോക്കണമല്ലോ. ഏഴ് മണിക്ക് അവർ എത്തിയോ എന്ന് അറിയാൻ രക്ഷിതാക്കൾ വിളിച്ച് നോക്കാറ് പോലുമുണ്ട്. അത്ര കരുതലോടെയാണ് പെൺകുട്ടികളെ അവർ ഇവിടെ കൊണ്ടുവന്ന് നിർത്തുന്നത്.” സമൂഹവും കുടുംബവും സ്ത്രീകൾക്കുമേൽ മാത്രം കെട്ടിവെച്ച പ്രതീക്ഷയുടെയും സുരക്ഷിതത്വത്തിന്റെയും ഭാരം, തിരുവനന്തപുരത്തെ പ്രശസ്തമായ വർക്കിങ് വിമൻസ് അസോസിയേഷൻ ഹോസ്റ്റൽ വാർഡനും സാമൂഹ്യ പ്രവര്‍ത്തകയുമായ ടി. രാധാമണിയുടെ ഈ വാക്കുകളിലുണ്ട്.

നമുക്കൊരു മഹത്തായ സംസ്കാരമുണ്ടെന്ന ഉപദേശം കേൾക്കേണ്ടി വന്ന, “മഹത്തായ” സംസ്കാരം ഏൽപ്പിച്ച ബാധ്യതകൾ ഇനിയും പേറാനാകില്ല എന്നുറപ്പിച്ച് വഴിതെറ്റിച്ചു നടന്ന ചില പെൺകുട്ടികൾ അഴിമുഖത്തോട് സംസാരിക്കുകയാണ്. അവരുടെ ഹോസ്റ്റൽ സമയങ്ങളെക്കുറിച്ചും, അത് തെറ്റിച്ച് നടത്തിയ രാത്രി യാത്രകളെക്കുറിച്ചും….

‘അസമയ’ത്തിനായുള്ള സമരങ്ങൾ, സമര വിജയങ്ങൾ

‘ആൺകുട്ടികൾക്ക് രാത്രി 9 മണി വരെ പുറത്തിറങ്ങാമല്ലോ, പിന്നെന്താണ് ഞങ്ങളുടെ ഹോസ്റ്റലിനു മാത്രം 6.30 ന് പൂട്ടുവീഴുന്നത്’ എന്ന് ശ്രീകാര്യം എൻജിനീയറിങ് ഹോസ്റ്റലിലെ പെൺകുട്ടികൾ ചോദിച്ചതും തുല്യതയ്ക്കു വേണ്ടി സമരം ചെയ്ത് വിജയം നേടിയെടുത്തതും ഈ കഴിഞ്ഞ മാസമാണ്. ഹോസ്റ്റൽ സമയങ്ങളിലെ ഈ വേർതിരിവ് ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന, എല്ലാവരും വളരെ സ്വാഭാവികമെന്ന് കരുതുന്ന ഒരു ലിംഗ വിവേചനം തന്നെയാണെന്ന രാഷ്ട്രീയം അവിടുത്തെ ആസാദി സമര സമിതിയിലെ കുട്ടികൾ വളരെ കൃത്യതയോടെ പറഞ്ഞാണ് വിജയം നേടിയെടുത്തത്. ഇപ്പോൾ 9.30 വരെ അവർക്ക് പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലാതെ പുറത്തുപോകാമെന്നാണ് പറയുന്നത്.

എൻജിനീയറിങ് കോളേജിലെ കുട്ടികളുടെ ഈ സമര വിജയം മാതൃകയാക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളും ഹോസ്റ്റൽ സമയം നീട്ടാൻ സമരത്തിന് ഇറങ്ങാനിരിക്കുകയാണ്. 7 മണിയ്ക്ക് മുൻപ് പൂട്ടി സാക്ഷയിടുമായിരുന്ന ഹോസ്റ്റലിന്റെ ഗേറ്റ് 9 മണി വരെ തുറന്നു തന്നെ ഇടനായി സമരം ചെയ്ത തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിനികൾ സംസാരിക്കുന്നതും വ്യക്തമായ രാഷ്ട്രീയം തന്നെയാണ്. ഞങ്ങൾക്ക് രാത്രി വല്ലപ്പോഴും പുറത്തുപോയി ഭക്ഷണം കഴിക്കണം, ഒരു സിനിമ കാണണം, രാത്രിയിലെ നഗരം കാണണം. ആരാണ് ഞങ്ങളുടെ സ്വന്തന്ത്ര്യത്തിനു പരിധികൾ നിശ്ചയിക്കുന്നത് എന്ന് തന്നെയാണ് ഈ കോളേജ് വിദ്യാർഥികൾ ചോദിക്കുന്നത്.

കൂട്ടുകൂടരുത്, പാട്ടുപാടരുത്, ഒരു കട്ടിലിൽ കിടക്കരുത്, 50 രൂപ ഫൈൻ

“ഞങ്ങൾ ഒന്ന് വയ്യാതെ കിടന്നാൽ പോലും ഞങ്ങളുടെ ആൺ സുഹൃത്തുക്കൾക്കൊപ്പം വരരുത്, അവരെ സഹായത്തിനു വിളിക്കരുത് എന്നൊക്കെയാണ് ഹോസ്റ്റൽ നിയമം. ഒരു ദിവസം ഗേറ്റിനടുത്ത് വെച്ച് എന്റെ ഒരു ആൺ സുഹൃത്തിനോട് ഒന്ന് സംസാരിച്ചുപോയി. വാർഡൻ അത് കണ്ടിരുന്നു. പിന്നെ ആ ദിവസം മുഴുവൻ കുറ്റവാളികയെ നോക്കുന്നത് പോലൊരു നോട്ടമായിരുന്നു. എന്നോട് ഒന്നും ചോദിച്ചൊന്നുമില്ല, ആ നോട്ടം തന്നെ നല്ല പുളിച്ച തെറിയായിരുന്നു.” കൊച്ചിയിലെ ഒരു വർക്കിങ് വിമൻസ് ഹോസ്റ്റലിലെ അന്തേവാസി പറയുന്നത് ഇങ്ങനെയാണ്.

ആണ്‍കുട്ടികളോട് കൂട്ടുകൂടിയാൽ മാത്രമല്ല ഹോസ്റ്റൽ റൂംമേറ്റ്സ് തമ്മിലുള്ള വൈകാരിക ബന്ധങ്ങൾക്ക്‌ നേരെയും സംശയത്തിന്റെ മുന തന്നെയാണ് നീളുന്നതെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ഒരു ഹോസ്റ്റലിലെ വിദ്യാർത്ഥിനി പറയുന്നത്. അവിടുത്തെ വാർഡന്റെ “ഹോമോഫോബിയ” കൊണ്ട് ഞങ്ങൾ പൊറുതി മുട്ടിയെന്നാണ് അന്തേവാസികളുടെ അഭിപ്രായം. രണ്ട് പെൺകുട്ടികൾ ഒരേ കട്ടിലിൽ കിടന്നാൽ വാർഡന് പേടിയാണ്. സ്വന്തം റൂമിൽ നിന്ന് എഴുനേറ്റ് അപ്പുറത്തുള്ള മുറിയിലെ കൂട്ടുകാരിയെ കണ്ടാൽ , അവിടെ കുറച്ച് നേരം കൂട്ടമായി ഇരുന്ന് സംസാരിച്ചാൽ 50 രൂപ പിഴയടയ്ക്കണം. വിദ്യാർത്ഥികൾ പറയുന്നു.

കലൂർ ഒരു ഹൌസിങ് കോളനിയിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്ന ഒരു യുവതി അഴിമുഖത്തോട് പറയുന്നത് പാട്ടുപാടാനും ഉറക്കെ സംസാരിക്കുവാനുമുള്ള വിലക്കുകളെ കുറിച്ചാണ്. വീട്ടിൽ നിന്ന് അധികം ശബ്ദം പൊങ്ങരുത്, നിങ്ങൾ പാട്ടുപാടരുതെന്നത്രേ വീട്ടുടമസ്ഥന്റെ നിർദ്ദേശം. “പെണ്ണിന്റെ ഒച്ച ഉയർന്നാൽ ഭൂമികുലുക്കം ഉണ്ടാകുമെന്നാണ് ഇപ്പോഴും അവരുടെ ധാരണ” പെൺകുട്ടികൾ പറയുന്നു. ഒച്ച ഉയർത്തി സംസാരിച്ചത് ഞങ്ങൾ നല്ല കുടുംബത്തിൽ പിറക്കാത്തതുകൊണ്ടാണെന്നും, ഞങ്ങൾ മോശം പശ്ചാത്തലത്തിൽ നിന്ന് വരുന്നത് കൊണ്ടാകുമെന്നും വളരെ അശ്ലീലമായ ഭാഷ ഉപയോഗിച്ച് സംസാരിച്ചതിന് ഞങ്ങൾ വാർഡനായ കന്യാസ്‌ത്രീയ്‌ക്കെതിരെ പ്രിൻസിപ്പലിന് പരാതി കൊടുത്തിട്ടാണ് അവരെ മാറ്റിയത്. പിറവത്തെ ഒരു ക്രിസ്ത്യൻ മാനേജ്‌മന്റ് കോളേജിലെ അനു പീറ്റർ എന്ന വിദ്യാർത്ഥിനി തുറന്നു പറയുന്നു.

ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല

“കൊച്ചിയിൽ ജോലി കിട്ടിയ സമയത്ത് തന്നെ ഹോസ്റ്റലിൽ നിക്കില്ല എന്ന് ഞാൻ ഉറപ്പിച്ചതായിരുന്നു, ഒരുവിധപ്പെട്ട ഹോസ്റ്റലുകളിൽ ഒക്കെ എന്തൊക്കെ നിയന്ത്രണങ്ങളാണെന്നു എനിക്കറിയാം. അതുകൊണ്ടുതന്നെയാണ് ഒരു വീട് നോക്കിയത്. വീടിനായി അന്വേഷിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ കാര്യങ്ങളൊക്കെ പതുക്കെ വ്യക്തമായി. കൊച്ചിയിൽ അവിവാഹിതരായ പെൺകുട്ടികൾക്ക് താമസിക്കാൻ വീട് കൊടുക്കില്ല. അതൊക്കെ വലിയ പുലിവാലാണെന്നാണ് വീട്ടുടമസ്ഥരുടെ ന്യായം എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. പുലിവാല് പിടിക്കുന്നതിന്റെ നഷ്ടപരിഹാരമെന്നോണം വാടക കൂട്ടി കൊടുത്താൽ ചിലപ്പോ വീട് കിട്ടിയേക്കും. ഒറ്റയ്ക്ക് നില്‍ക്കുന്ന പെൺകുട്ടികളെ പറ്റിക്കാൻ അവിടുത്തെ വീട് ബ്രോക്കറുമ്മാർക്കും നല്ല ഉത്സാഹമാണ്, വേറെ വീട് കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ച് ഞങ്ങൾ കൂടുതൽ വാടകയും കൊടുത്ത് വീട്ടുടമസ്ഥരെയും പേടിച്ച് ഇങ്ങനെ കഴിയുന്നു”. പാലക്കാട്ടുനിന്നും എറണാകുളത്തേക്ക് ജോലിയ്ക്കായി വന്ന പെൺകുട്ടി അത്യധികം നിരാശ്ശയോടെയാണ് ഇത് പറഞ്ഞത്. അവിവാഹിതരായ പെൺകുട്ടികളുടെ സഞ്ചാരപഥങ്ങളും സ്വതന്ത്രവും പരിമിതപ്പെടുത്തി അവളുടെ കന്യകാത്വത്തെ കാത്തുസൂക്ഷിച്ചു വെക്കുന്നതിനുള്ള അധിക കൂലി കൂടി ഈടാക്കുന്നുണ്ട് കൊച്ചിയിലെ ചില വീട്ടുടമസ്ഥർ. തൃശൂരിൽ ജോലി കിട്ടിയപ്പോൾ താമസിക്കാൻ ഇടമന്വേഷിച്ചു നടന്ന 40 വയസ്സുള്ള അവിവാഹിതയായ സ്മിത പറയുന്നത് എല്ലാവരും നിരന്തരം ഭർത്താവിനെ അന്വേഷിക്കുന്നു എന്നാണ്.

“വീട്ടിലാരൊക്കെ ഉണ്ട്?

അച്ഛനും ഞാനും

അപ്പൊ കുടുംബം?

അതാണ് പറഞ്ഞത് അച്ഛനും ഞാനും

അതല്ല കുടുംബം?

വിവാഹമോചിതയാണോ?

അല്ല, ഞാൻ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല”

ഇത് പറയുമ്പോൾ വീട്ടുടമസ്ഥരുടെ മുഖം കറുക്കുന്നത് കാണാറുണ്ടെന്നും വീട് തരാൻ  അവരൊന്ന് മടിക്കുമെന്നാണ് സ്മിത അഴിമുഖത്തോട് വെളിപ്പെടുത്തുന്നത്. “ചോദിക്കാനും പറയാനും” ആരുമില്ലാത്തവരെ എങ്ങനെ നിയന്ത്രിക്കും എന്നതാണ് അവരുടെ പ്രശ്‌നം എന്ന് നിരവധി പെൺകുട്ടികൾ അഴിമുഖത്തോട് വെളിപ്പെടുത്തുന്നു.

ചില നാട്ടിൻപുറ “നന്മ”കൾ

“ഞങ്ങളുടെ ഹോസ്റ്റലിൽ പണ്ട് ഭയങ്കര സ്വാതന്ത്ര്യം ആയിരുന്നു. ഇപ്പോൾ പക്ഷെ പെൺകുട്ടികൾ കൃത്യം 7 മണിക്ക് കേറണം എന്ന് നിയമം വന്നു. എന്താണെന്നു ചോദിച്ചപ്പോൾ വാർഡൻ പറഞ്ഞത് നമ്മൾ ഇപ്പോൾ ഹോസ്റ്റൽ സിറ്റിയിൽ നിന്നും നാട്ടിൻപുറത്തേക്ക് മാറ്റിയില്ലേ, രാത്രി പെൺകുട്ടികൾ ഇറങ്ങി നടക്കുന്നത് ഈ നാട്ടിൽ ഉള്ളവർക്ക് ചിലപ്പോൾ ഉൾകൊള്ളാൻ പറ്റിയേക്കില്ല എന്നാണ്.”  തിരുവന്തപുരം ഐ എ എസ് അക്കാദമിയിലെ ചില പെൺകുട്ടികൾ തങ്ങളുടെ ഹോസ്റ്റൽ കർഫ്യുവിനെകുറിച്ച അധികൃതർ പറഞ്ഞ വിചിത്ര ന്യായങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെയൊക്കെയാണ്. ഈ നന്മയ്ക്കു പിന്നിലുള്ള തട്ടിപ്പൊക്കെ നമ്മൾ പണ്ടേ തിരിച്ചറിഞ്ഞതാ, നമ്മുടെ സ്‌പേസിൽ വന്ന് ചൊറിയാനുള്ള അധികാരം അല്ലാതെ മറ്റെന്താണ് ഈ നന്മ? അവര്‍ ചോദിക്കുന്നു. നന്മയുടെ പേരിൽ അടുത്ത കാലത്ത് ഏറ്റവും ചർച്ചയായ മലബാറിലെ കാലിക്കറ്റ് സർവകലാശാലയിലെ ചില വിദ്യാർത്ഥിനികൾ പറയുന്നു. “എന്റെ പൊന്നു ചേട്ടാ, എല്ലാ ദിവസവും എന്നെ ഇങ്ങനെ കൊണ്ടാക്കണമെന്നില്ല, എന്റെ കാര്യം നോക്കാൻ എനിക്കറിയാം, ആങ്ങള ചെല്ല് എന്ന് തറപ്പിച്ച് തന്നെ പലരോടും മുഖത്ത് നോക്കി പറയേണ്ടി വന്നിട്ടുണ്ട്.”  ഹരിത എന്ന പെൺകുട്ടി പറയുന്നു.

ചില ജോലികൾ ചെയ്യുന്ന പെണ്ണുങ്ങൾക്ക് ഒരെല്ല് കൂടുതലാണോ? ജീൻസ് ഇട്ട പെണ്ണുങ്ങളെ ഭയക്കണോ?

കലൂരുള്ള ഒരു വർക്കിങ് വിമന്‍സ് ഹോസ്റ്റലിലെ അന്തേവാസികളാണ് ഈ വിചിത്രമായ കാര്യം പറഞ്ഞത്. കലൂരിലുള്ള ചില മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾക്ക് മറ്റുള്ളവരെക്കാൾ അധികം സ്വാതന്ത്ര്യം “കൊടുക്കാറുണ്ട്.” എന്താണെന്ന് ചോദിച്ചാൽ വാർഡൻ പറയും അവരുടെ ജോലി അലഞ്ഞു നടക്കലല്ലേ, നമ്മുക്ക് നിയന്ത്രിക്കാൻ പറ്റില്ലല്ലോ എന്ന്. രാത്രി ഷിഫ്റ്റിൽ പണിയെടുക്കുന്ന ഭയമില്ലാത്ത സ്ത്രീകളുടെ അടുത്ത് ഹോസ്റ്റൽ അധികൃതർ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് മുതിരാറില്ല എന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. അവരോട് എന്തെങ്കിലും ചോദിച്ചാൽ അവർ തുല്യതയെ കുറിച്ച് സംസാരിച്ച് നാവടപ്പിക്കും, സ്വന്തം അവകാശങ്ങളെക്കുറിച്ചും തൊഴിലിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിക്കുന്ന സ്ത്രീകളെ വാർഡന് കുറച്ച് ഭയമാണ് എന്നാണ് ഇവർ കണ്ടെത്തുന്നത്.

ജീൻസ് ഇടുന്നതാണ് ബലാത്സംഘങ്ങൾക്ക് കാരണം എന്ന ധാരണയെക്കുറിച്ച് നടത്തിയ അന്വേഷങ്ങളെക്കുറിച്ച് നിവേദിത മേനോൻ തന്റെ “സീയിങ് ലൈക് എ ഫെമിനിസ്റ്റ്” എന്ന പുസ്തകത്തിൽ വിവരിക്കുന്ന രസകരമായ ഒരു ഭാഗമുണ്ട്. ജീൻസ് ഇട്ടതു കൊണ്ട് തങ്ങൾ കൂടുതൽ സുരക്ഷിതരാകുകയായിരുന്നുവെന്നും  “മോഡേൺ” പെണ്ണുങ്ങളാണെന്നു കണ്ട് ആളുകൾ അടുത്ത് വരാൻ ഒന്ന് മടിക്കുമെന്നുമാണ് നിവേദിത തന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കോഴിക്കോട് ഒരു ഹോസ്റ്റലിൽ താമസിച്ച അനുഭവം അനു എന്ന പെൺകുട്ടി വിവരിക്കുന്നത് ഇങ്ങനെയാണ്

“ഞാൻ മുടി മുറിച്ച് ആണുങ്ങളുടേത് പോലെ ആക്കിയിരുന്നു, ജീൻസും ഷിർട്ടുമാണ് മിക്കവാറും എന്റെ വേഷം. ആളുകളുടെ ഒരു പിശക് നോട്ടമുണ്ട്, പക്ഷെ വാർഡന് എന്നെ പേടിയാണ്. വേറൊന്നുമല്ല എന്നെ കണ്ടപ്പോൾ ഞാൻ അവരുടെ നിയന്ത്രങ്ങളിൽ ഒന്നും ഒതുങ്ങുന്ന ഒരാളല്ല എന്ന് അവർക്കു തോന്നി. ഇന്നുവരെ ഞാൻ അവരോട് യാതൊരു തർക്കത്തിനും പോയിട്ടില്ല, പക്ഷെ മറ്റുള്ളവരെ പോലെ എന്നെ നിയന്ത്രിക്കാൻ വരാറില്ല. വീട്ടിൽ വിളിച്ച് പറയുമെന്ന് എന്റെ അടുത്ത് മാത്രം ഭീഷണിയില്ല, ഞാൻ വീടും തറവാടുമൊക്കെയുള്ള കുലസ്ത്രീ അല്ല എന്ന് അവർക്ക് തോന്നിയിരിക്കണം.”

പറയുന്നതിൽ സ്വല്പം കാര്യമുണ്ടാകാം, പക്ഷെ നിങ്ങൾ പറയുന്നതല്ല അതിന് കാരണം

കൊച്ചിയിലെ ഒരു മാർക്കറ്റിങ് കമ്പനിയിൽ ജോലിയും കഴിഞ്ഞ് അമൃത എന്ന പെൺകുട്ടി രാത്രി സ്വല്പം താമസിച്ച് അവൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുകയായിരുന്നു. പെട്ടെന്ന് ഒരാൾ അവളുടെ അടുത്ത് ബൈക്ക് നിർത്തിയിട്ട് “രാത്രിയിൽ ഒറ്റയ്ക്ക് പോകണ്ട. ഞാൻ എത്ര പൈസ വേണമെങ്കിലും തരാം എത്രയാ റേറ്റ് എന്ന് പറഞ്ഞത്‌ മതി എന്ന് പറഞ്ഞു.” ഒഴിവാക്കാൻ നോക്കിയിട്ടും അയാൾ വിടുന്ന മട്ടില്ല. ഈ സമയത്ത് ഇറങ്ങി നടക്കുന്ന സ്ത്രീകൾ ലൈംഗിക തൊഴിലാളികൾ മാത്രമെന്നായിരുന്നുവത്രെ ആ ചെറുപ്പക്കാരന്റെ വിശ്വാസം. “സ്വന്തമായി തൊഴിലുണ്ട്, നിക്കാൻ ഇടമുണ്ട്, പൈസയുണ്ട് എന്നൊക്കെ പറഞ്ഞാലും ചില നേരത്ത് അന്യനാട്ടിൽ രാത്രിയിൽ നമ്മൾ വല്ലാതെ അരക്ഷിതരായിപോകും എന്നത് സത്യം തന്നെയാണ്. പക്ഷെ ഈ അരക്ഷിതാവസ്ഥയ്ക്ക് കാരണം ഞങ്ങൾ ഇറങ്ങി നടക്കുന്നു എന്നതല്ല, നിങ്ങളുടെ ചിന്താഗതി അത്രയ്ക്കും മോശമാണെന്നതാണ്” അമൃത അഴിമുഖത്തോട് പറയുന്നു.

പാര്‍വതി

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍