UPDATES

ട്രെന്‍ഡിങ്ങ്

ഡല്‍ഹിയില്‍ വീട്ടുടമയുടെ തടവിലായ രണ്ട് കുഞ്ഞുങ്ങളുള്‍പ്പെടുന്ന മലയാളി കുടുംബത്തെ മുഖ്യമന്ത്രി ഇടപെട്ട് മോചിപ്പിച്ചു

ഭക്ഷണം പോലും ലഭിക്കാതെ മൂന്നും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ അവശ നിലയിലായിരുന്നു

വിദേശ ജോലിക്ക് രേഖകള്‍ സമ്പാദിക്കാനായി ഡല്‍ഹിയിലെത്തിയ മലയാളി കുടുംബത്തെ വീട്ടുടമ തടവിലാക്കി. രണ്ട് കുഞ്ഞുങ്ങളുള്‍പ്പെടുന്ന കുടുംബത്തെയാണ് വീട്ടുടമ തടവിലാക്കിയത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ മൂലം ഇവരെ രക്ഷപ്പെടുത്തി നാട്ടിലേക്ക് മടക്കിയയച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് സൗത്ത് അരയന്‍തുരുത്തി പുതുവല്‍ വീട്ടില്‍ അഖില്‍ അലോഷ്യസും ഭാര്യ അഞ്ജിതയും രണ്ട് കുട്ടികളുമാണ് വീട്ടുടമയുടെ തടവിലായത്. മലയാള മനോരമയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

വിദേശത്ത് ജോലി നേടുന്നതിനുള്ള രേഖകള്‍ നേടാനായാണ് ഇവര്‍ ഒരുമാസം മുമ്പ് ഡല്‍ഹിയിലെത്തിയത്. ഓണ്‍ലൈനിലൂടെ നഗരപ്രാന്തത്തിലെ ഖാന്‍പുരിലുള്ള ദുഗര്‍ കോളനിയിലെ ഒരു വീടിന്റെ മുറി ഇവര്‍ വാടകയ്‌ക്കെടുക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ ഇവരുടെ പാസ്‌പോര്‍ട്ടും മറ്റ് സാധനങ്ങളും നഷ്ടമായിരുന്നു. ഇവരോടൊപ്പം വയനാട് സുല്‍ത്താന്‍ബത്തേരി മലങ്കരവയല്‍ അബ്ദുറഹ്മാന്‍, മുഹമ്മദ് അബ്ദുള്‍, മലപ്പുറം സ്വദേശി മുഹമ്മദ് സെഫാന്‍ എന്നിവരും വിദേശത്തേക്ക് പോകാനുള്ള ശ്രമങ്ങള്‍ക്കായി ഇതേ വീടിന്റെ മറ്റൊരു മുറി വാടകയ്‌ക്കെടുത്തിരുന്നു. ഇരുകൂട്ടരുടെയും വാടക തിയതി കഴിഞ്ഞ 16നാണ് കഴിഞ്ഞത്. വാടക കൊടുത്തില്ലെന്ന കാരണത്താലാണ് കുഞ്ഞുങ്ങളുള്‍പ്പെടുന്ന സംഘത്തെ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും വാച്ച്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.

ഇതിനിടെ ഇവിടെ നിന്നും രക്ഷപ്പെട്ട സെഫാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറിനെയും കണ്‍ട്രോളര്‍ ജോര്‍ജ്ജ് മാത്യുവിനെയും വിളിച്ച് അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശിച്ചു.

ഡല്‍ഹി നോര്‍ക്ക ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ് ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എല്ലാവരെയും കണ്ടെത്തുകയും ചെയ്തു. അഖിലിനെയും കുടുംബത്തെയും മറ്റ് രണ്ട് പേരെയും കേരള ഹൗസില്‍ എത്തിച്ചു. ഭക്ഷണം പോലും ലഭിക്കാതെ മൂന്നും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ അവശ നിലയിലായിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍