UPDATES

കേരളം

കൊട്ടിയൂര്‍ പീഡനക്കേസ്: നാല് കന്യാസ്ത്രീമാരും ഫാ. തേരകവും രക്ഷപ്പെട്ടത് എങ്ങനെ?

റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതും പ്രസവ വിവരം മറച്ചുവച്ചതുമാണ് ഇവര്‍ക്കെതിരെ കേസ്‌

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരനാണെന്ന് തലശേരി പോക്‌സോ കോടതി ഇന്ന് വിധിച്ചിരിക്കുകയാണ്. അതേസമയം കേസിലെ ആറ് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറ് പേരും ഉള്‍പ്പെടെ ഏഴ് പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വടക്കുംചേരി കുറ്റക്കാരനാണെന്ന് വിധിച്ച തലശേരി പോക്‌സോ കോടതി മറ്റ് ആറ് പേരെയും വെറുതെ വിടുകയും ചെയ്തു.

ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, കല്ലുമുട്ടി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടര്‍ സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫാന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫിലിയ, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. ജോസഫ് തേരകം എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ടത്. കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ സ്വന്തം മുറിയില്‍ വച്ച് വടക്കുംചേരി പീഡിപ്പിച്ചെന്നാണ് കേസ്. ഗര്‍ഭിണിയായ കുട്ടിയെ ക്രിസ്തുരാജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ തന്നെ പ്രസവം നടക്കുകയും ചെയ്തു.

ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യവിവരം പോലീസിന് കൈമാറിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വയനാട് വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും നടന്നു. ആശുപത്രി അധികൃതര്‍ അടക്കം പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അഡ്മിനിസ്‌ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച് സുപ്രിംകോടതി വെറുതെ വിടുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവവിവരം മറച്ചുവച്ചു എന്നാണ് മറ്റ് ആറ് പേര്‍ക്കുമെതിരായ കുറ്റം. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ വെറുതെവിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍