UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ എത്ര യുവതികള്‍ കയറി? 51 പേരുടെ സര്‍ക്കാര്‍ പട്ടികയ്ക്ക് പിന്നില്‍

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയത്ത് പ്രായം തെറ്റായി രേഖപ്പെടുത്തിയവരാണ് അതേക്കുറിച്ച് വിശദീകരണം നല്‍കേണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ പറയുന്നത്

ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക ഇന്നലെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വഴി ക്യൂ രജിസ്റ്റര്‍ ചെയ്ത യുവതികളുടെ ലിസ്റ്റ് ആണ് ഇതെന്നും ഇവര്‍ ശബരിമല ദര്‍ശനം നടത്തിയോ ഇല്ലയോ എന്ന് അറിയില്ലെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ ലിസ്റ്റില്‍ സംശയം തോന്നിയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി പൊരുത്തക്കേടുകളാണ് കണ്ടെത്തിയത്. ലിസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള ആരും തന്നെയില്ലെന്ന് വ്യക്തമായതോടെയാണ് മാധ്യമങ്ങള്‍ അന്വേഷണം നടത്തിയത്.

യുവതികളുടെ പേര്, പ്രായം, ആധാര്‍ നമ്പര്‍, വിലാസം, ഫോണ്‍നമ്പര്‍ എന്നിവയാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ ഉപയോഗിച്ച് കേരള പോലീസ് തയ്യാറാക്കിയ ലിസ്റ്റാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെയെല്ലാം പ്രായം 41നും 49നും ഇടയിലാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രം ബന്ധപ്പെട്ടവരില്‍ 20 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും നാല് പേര്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ളവരും ഒരാള്‍ ഗോവയില്‍ നിന്നുള്ളയാളുമാണ്. ഇതില്‍ ഒമ്പത് പേര്‍ പുരുഷന്മാരാണെന്നും ലിസ്റ്റിലുള്ള ഒരു സ്ത്രീകളെയും അറിയില്ലെന്നുമാണ് പ്രതികരിച്ചതെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് പേര്‍ക്ക് ലിസ്റ്റില്‍ പറഞ്ഞതിനേക്കാള്‍ പ്രായം കൂടുതലുള്ളവരാണ്. രണ്ട് പേരുടേതാകട്ടെ ഓണ്‍ലൈന്‍ ബുക്കിംഗിന്റെ സമയത്ത് പ്രായം കൊടുത്തപ്പോള്‍ തെറ്റിപ്പോയതാണ്. പല സ്ത്രീകള്‍ക്കും അമ്പതിന് മുകളില്‍ പ്രായമുണ്ടെന്ന് ഇന്നലെ വൈകിട്ടോടെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയത്ത് വിവരങ്ങള്‍ എന്റര്‍ ചെയ്തയാള്‍ക്ക് സംഭവിച്ച തെറ്റാണ് ഇതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇതിനിടെ പട്ടികയിലുള്ള ശാന്തി എന്ന തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിനി ശബരിമല ദര്‍ശനം നടത്തിയതായി ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചിട്ടുണ്ട്. 55 അംഗ സംഘത്തിനൊപ്പം നവംബറില്‍ ശബരിമലയിലെത്തിയ അവര്‍ക്ക് 48 വയസ്സ് മാത്രമാണ് പ്രായമെന്ന് അവരുടെ തിരിച്ചറിയല്‍ രേഖകളില്‍ വ്യക്തമാണ്.

എന്നാല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി, കനകദുര്‍ഗ, മഞ്ജു എന്നിവരുടെ പേരുകള്‍ ഇല്ല. ഇരുവരും 50 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ലിസ്റ്റില്‍ കനകദുര്‍ഗ എന്ന പേരുണ്ടെങ്കിലും ഇവര്‍ തമിഴ്‌നാട്ടിലെ പൊത്തേരി സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഈസാഹചര്യത്തില്‍ മന്ത്രി കടകംപള്ളി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ മാത്രമാണ് ലിസ്റ്റിലുള്ളതെന്നും ഇവര്‍ ദര്‍ശനം നടത്തിയിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നും പറയുന്നത്. ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ അനുസരിച്ചാണ് ഈ ലിസ്റ്റ് തയ്യാറാക്കിയത്. ഇതൊരു സത്യവാങ്മൂലമൊന്നുമല്ല. ഈ ലിസ്റ്റിലെ ആരെങ്കിലും തങ്ങള്‍ക്ക് അമ്പത് വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ അത് സര്‍ക്കാരിന്റെ കുറ്റമല്ല. ഇത് ക്രോസ് ചെക്ക് ചെയ്യാന്‍ സംവിധാനങ്ങളൊന്നുമില്ലെന്നും മന്ത്രി പറയുന്നു. അതേസമയം ഈ ലിസ്റ്റ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചതിനെക്കുറിച്ച് പോലീസ് പറയുന്നത് മറ്റൊന്നാണ്. ഇതൊരു സത്യവാങ്മൂലമല്ലെന്നും എന്നാല്‍ ഇന്നലെ ബിന്ദുവിനും കനകദുര്‍ഗയ്ക്കും കനത്ത പോലീസ് സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച കേസ് സുപ്രിംകോടതി പരിഗണിക്കുമ്പോള്‍ എന്തെങ്കില്‍ ചോദ്യങ്ങള്‍ ഉണ്ടായാല്‍ ഉത്തരം പറയാന്‍ മാത്രമാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയത്ത് പ്രായം തെറ്റായി രേഖപ്പെടുത്തിയവരാണ് അതേക്കുറിച്ച് വിശദീകരണം നല്‍കേണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ പറയുന്നത്. 16 ലക്ഷം പേര്‍ വിര്‍ച്വല്‍ ക്യൂവില്‍ പേര് രജിസ്റ്റര്‍ ചെയ്തതില്‍ 8.2 ലക്ഷം പേര്‍ മാത്രമാണ് അത് ഉപയോഗിച്ചത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 7,564 സ്ത്രീകള്‍ വിര്‍ച്വല്‍ ക്യൂവില്‍ പേര് രജിസ്റ്റര്‍ ചെയ്തുവെന്നും ഇതില്‍ 51 പേര്‍ ഇത് ഉപയോഗിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്. രജിസ്‌ട്രേഷന് ശേഷം ലഭിക്കുന്ന ഫോമിന്റെ പ്രിന്റ് ഔട്ട് ക്ഷേത്രദര്‍ശനത്തിനെത്തുമ്പോള്‍ അവരുടെ കൈവശമുണ്ടാകും. എന്നാല്‍ ഇതിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനുള്ള സംവിധാനം പോലീസിനില്ല.

കോടതിയില്‍ ഹാജരാക്കാന്‍ മാത്രമാണ് ഈ ലിസ്റ്റ് തയ്യാറാക്കിയതെന്നും പൊതുജനങ്ങളെ കാണിക്കാനല്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതെങ്ങനെ ചോര്‍ന്നുവെന്ന് തങ്ങള്‍ക്കറിയില്ലെന്നും അവര്‍ പറയുന്നു. ഈ ലിസ്റ്റിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറയുന്നത്. ഈ ലിസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല. എത്ര സ്ത്രീകള്‍ കയറിയെന്ന് ദേവസ്വം ബോര്‍ഡിന് അറിയില്ലെന്ന് പറയുന്ന പത്മകുമാര്‍ ലിസ്റ്റിന്റെ ഉത്തരവാദിത്വം ബോര്‍ഡിന് അല്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ സര്‍ക്കാര്‍ ആരുടെയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴി എത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും കോടിയേരി പറയുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്. സുപ്രിംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. 51 യുവതികള്‍ ശബരിമല സന്ദര്‍ശിച്ചെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതില്‍ പകുതിയിലേറെ പേര്‍ക്കും അമ്പതിന മുകളില്‍ പ്രായമുണ്ടെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. സര്‍ക്കാര്‍ കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. ശബരിമല ഭക്തരുടെ മുന്നില്‍ പരാജയപ്പെട്ടതിന്റെ ലജ്ജ മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള പുനഃപരിശോധനാ ഹര്‍ജിയെ സ്വാധീനിക്കാനാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്നും പിള്ള ആരോപിക്കുന്നു.

എന്തൊക്കെയായാലും ശബരിമലയില്‍ എത്ര യുവതികള്‍ പ്രവേശിച്ചുവെന്നത് കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലെന്നാണ് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് പറഞ്ഞത്. മാത്രമല്ല, ശബരിമലയില്‍ പ്രവേശിച്ചതിന്റെ പേരില്‍ ഭീഷണി നേരിടുന്ന ഇരുവര്‍ക്കും മുഴുവന്‍ സമയവും പൂര്‍ണ സുരക്ഷ നല്‍കണമെന്നും കോടതി വിധിച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍