UPDATES

പിതൃസഹോദര പുത്രന്‍, ഭാര്യ, തോട്ടക്കാരി; ബന്ധുനിയമന ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ജലീല്‍; എത്രനാള്‍ സിപിഎമ്മിന് സംരക്ഷിക്കാനാകും?

ഷാജിയെ അയോഗ്യനാക്കിയ വിധി ദൈവം കൊടുത്ത ശിക്ഷയാണെന്ന് ജലീല്‍ പറയുന്നുണ്ടെങ്കിലും തനിക്കെതിരായ ആരോപണങ്ങളില്‍ നിന്നും മന്ത്രിക്ക് ഇനി എളുപ്പത്തില്‍ രക്ഷപ്പെടാനാകില്ല

മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നാണ് ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ ആരോപണങ്ങള്‍ ഒന്നൊഴിയാതെ വന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗ് കൊണ്ടുവന്ന ആരോപണത്തെ അത്ര പെട്ടന്ന് തള്ളിക്കളയാനാകില്ല. ബന്ധു നിയമനത്തിന്റെ സൗകര്യം മന്ത്രിയുടെ ഭാര്യയ്ക്കും ലഭിച്ചുവെന്നിടത്താണ് കേസ് ഗൗരവമാകുന്നത്. കെ എം ഷാജി എം എല്‍ എ ഉന്നയിച്ച ആരോപണം ഒരു പുകമറ പോലെ നില്‍ക്കുമ്പോഴായിരുന്നു ഹൈക്കോടതി വിധി ഷാജിക്കെതിരായത്. ഷാജിയെ അയോഗ്യനാക്കിയ വിധി ദൈവം കൊടുത്ത ശിക്ഷയാണെന്ന് ജലീല്‍ പറയുന്നുണ്ടെങ്കിലും തനിക്കെതിരായ ആരോപണങ്ങളില്‍ നിന്നും മന്ത്രിക്ക് ഇനി എളുപ്പത്തില്‍ രക്ഷപ്പെടാനാകില്ല. അതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ തന്നെയാണ് സാധൂകരണം. ‘മല വെള്ളപ്പാച്ചില്‍ പോലെയാണ് ആരോപണങ്ങള്‍’ എന്നാണ് ചെന്നിത്തല പറഞ്ഞത്.

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി ജലീലിന്റെ പിതൃസഹോദര പുത്രന്‍ അദീബ് ടി കെയെ നിയമിച്ചത് ബന്ധു നിയമനമാണ് എന്നാണ് യൂത്ത് ലീഗ് ഉയര്‍ത്തിയ ആരോപണം. 2013-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത ബിരുദത്തിനൊപ്പം എംബിഎ അല്ലെങ്കില്‍ സിഎ, സിഎസ്, ഐസിഡബ്ല്യുഎ എന്നിവയില്‍ ഏതെങ്കിലുമൊന്നും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണമെന്നാണ്. എന്നാല്‍ 2016 ഓഗസ്തില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബിടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിജി ഡിപ്ലോമ യോഗ്യത കൂട്ടിച്ചേര്‍ത്തു. ഇതുവഴി എഞ്ചിനീയറിങ് ബിരുദധാരിയായ അദീപിനെ നിയമിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു എന്നാണ് ഫിറോസ് ഉന്നയിച്ച ആരോപണം. സത്യപ്രതിജ്ഞ ലംഘനവും സ്വജപപക്ഷപാതവും നടത്തിയ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തുകയും ചെയ്തു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അയോഗ്യരാണെന്ന് കണ്ടെത്തിയ 2 പേരെ കോര്‍പ്പറേഷനില്‍ തന്നെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായി നിയമനം നല്‍കിയതും ചോദ്യം ചെയ്യപ്പെടുന്നു.

ഇതിനിടെ ജലീലിന്റെ ഔദ്യോഗിക വസതിയായ ഗംഗയില്‍ പൂന്തോട്ടം പരിചാരികയായ ഒരു വീട്ടമ്മയെക്കുറിച്ചും വാര്‍ത്തകള്‍ വന്നു. വിവരാവകാശ പ്രകാരം മലയാള മനോരമ കണ്ടെടുത്ത ആ വിവരങ്ങള്‍ അനുസരിച്ച് വാളാഞ്ചേരി തൊഴുവാനൂര്‍ സ്വദേശിയായ ഈ സ്ത്രീയ്ക്ക് എല്ലാ മാസവും ശമ്പളം പോകുന്നുണ്ട്. പക്ഷെ ഇവര്‍ മലപ്പുറത്തെ സ്വന്തം വീട്ടില്‍ തന്നെയുണ്ട്. വാളാഞ്ചേരി ജലീലിന്റെ സ്വന്തം സ്ഥലമാണ്. അവിടെയാണ് അദ്ദേഹത്തിന്റെ ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളും. പ്രിന്‍സിപ്പലായി അവര്‍ക്ക് ലഭിച്ച സ്ഥാനക്കയറ്റമാണ് ആരോപണങ്ങളിലൊന്ന്. പ്രീത എന്ന മറ്റൊരു അധ്യാപികയ്ക്ക് നിയമ പ്രകാരം ലഭിക്കേണ്ട പ്രമോഷനാണ് ജലീലിന്റെ ഭാര്യ ഫാത്തിമക്കുട്ടിക്ക് ലഭിച്ചതെന്നാണ് ആരോപണം. വാളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫാത്തിമക്കുട്ടി പ്രിന്‍സിപ്പലായി നിയമിക്കപ്പെടുന്നത് ചട്ടലംഘനമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇരുവര്‍ക്കും തുല്യ സീനിയോറിറ്റിയാണെങ്കിലും കെഇആര്‍ ചട്ടപ്രകാരം ജനന തിയതി വച്ച് പ്രീതയാണ് പ്രിന്‍സിപ്പലാകാന്‍ യോഗ്യ. ഇതേ മാനേജ്‌മെന്റിന് കീഴിലുള്ള വാളാഞ്ചേരിയിലെ ഗേള്‍സ് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയത് മന്ത്രിയുടെ ഭാര്യയ്ക്ക് പ്രമോഷന്‍ നല്‍കിയതിനാലാണെന്നാണ് ആരോപണം.

മഹാരാജസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യു സിപിഎമ്മിനെ സംബന്ധിച്ച് ഇപ്പോള്‍ ഒരു അഭിമാന പ്രതീകമാണ്. അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉള്‍പ്പെടെ 10 പേരെ ജലീല്‍ ഇടപെട്ട് കില(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍)യില്‍ നിയമിച്ചുവെന്നതാണ് മറ്റൊരു ആരോപണം. കിലയിലെ നിയമനങ്ങള്‍ പി എസ് സി വഴിയാണ് നടത്തേണ്ടത്. പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലെ മുന്‍ ക്ലര്‍ക്ക് വി രാമകൃഷ്ണനെ തിരിച്ചെടുത്തത് മന്ത്രി ഇടപെട്ടിട്ടാണെന്ന് കെ എം ഷാജി ഉന്നയിച്ച ആരോപണം. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാമകൃഷ്ണനെ പിരിച്ചുവിട്ടത്. ആരോപണങ്ങള്‍ നിലനില്‍ക്കെ തിരിച്ചെടുത്തതാണ് മന്ത്രിക്ക് എതിരെ ആരോപണം ഉയരാന്‍ കാരണം. സ്വകാര്യ സര്‍വകലാശാലയുടെ ക്യാമ്പസ് കൊച്ചിയില്‍ ആരംഭിക്കാന്‍ ജലീല്‍ അനുമതി നല്‍കിയെന്നും വലിയ അഴിമതി നടക്കാനുള്ള സാധ്യത ഇതിലുണ്ടെന്നുമാണ് കെഎന്‍എ ഖാദര്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചത്.

മുമ്പ് ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന്‍ ആരോപണ വിധേയനായപ്പോള്‍ പാര്‍ട്ടിക്ക് സംരക്ഷിക്കാനായില്ല. ജയരാജനെതിരെ ഒരു ആരോപണമാണ് ഉയര്‍ന്നത്. പക്ഷെ ജലീലിനെതിരെ ഒന്നല്ല, ഓരോദിവസം ഓരോന്നായി ഉയരുകയാണ്. പാര്‍ട്ടിക്ക് ഏറെ നാളൊന്നും മന്ത്രിയെ സംരക്ഷിക്കാനാകില്ല. ആരോപണം അടിസ്ഥാനരഹിതമല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ജലീലിന് മാത്രമാണ്. അതുകഴിഞ്ഞിട്ട് മാത്രം ജലീല്‍ കുറ്റക്കാരനാണെന്ന് തോന്നുന്നില്ല എന്ന് പാര്‍ട്ടിക്ക് ഔദ്യോഗികമായി തന്നെ പറയാന്‍ സാധിക്കും.

ജലീലിന് മേല്‍ ചാരിയ കോണിയിലൂടെ ഷാജി ഇറങ്ങുമോ?

ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?

മന്ത്രി ബന്ധുവിന് വേണ്ടി തഴഞ്ഞത് അഞ്ച് എംബിഎക്കാരെ; കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു

അത് ഉണ്ടയില്ലാ വെടി ആയേക്കില്ല; നിയമനം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് എംഡി; മന്ത്രി കെ.ടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍