UPDATES

ട്രെന്‍ഡിങ്ങ്

നടിയെ ആക്രമിച്ച കേസ്: പോലീസ് ദിലീപിനെ കുടുക്കിയത് ഇങ്ങനെ

പുതുതായി രൂപീകരിക്കപ്പെട്ട വിമന്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയുടെ പ്രവര്‍ത്തനമാണ് മന്ദഗതിയിലായിരുന്ന കേസിന്റെ അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായത്

പ്രമുഖ നടി ഷൂട്ടിംഗ് സൈറ്റില്‍ നിന്നും മടങ്ങുന്നതിനിടെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ കേരള സമൂഹത്തിന്റെ മാസങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. സംഭവത്തിന്റെ ആദ്യകാലം മുതല്‍ കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ദിലീപിലേക്ക് എത്തിക്കാവുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.

ഫെബ്രുവരി 17ന് സംഭവം നടന്ന് ഉടന്‍ തന്നെ ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനിയും മറ്റുള്ളവരും അറസ്റ്റിലാകുകയും ചെയ്തു. നടിക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചു. എന്നാല്‍ ഗൂഢാലോചനയില്ലെന്ന സൂചനകളാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നത്. കുടുങ്ങിയെന്ന് ഉറപ്പായിട്ടും പള്‍സര്‍ സുനി വ്യക്തിവൈരാഗ്യം തീര്‍ക്കാനും പണം തട്ടാനുമാണ് കൃത്യം നിര്‍വഹിച്ചതെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകളെല്ലാം പരിശോധിച്ചിട്ടും ഇയാളെ ദിലീപിലേക്ക് എത്തിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചില്ല. രണ്ട് മാസത്തോളം കേസിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല.

ഈ കേസിന്റെ പശ്ചാത്തലത്തിലാണ് വിമന്‍ ഇന്‍ കളക്ടീവ് എന്ന പേരില്‍ സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടത്. ഈ സംഘടനയുടെ പ്രവര്‍ത്തനമാണ് കേസിന്റെ അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായത്. ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതകള്‍ ബോധിപ്പിച്ചു. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായി. പോലീസിന്റെ സംശയം ഇയാളെ ചുറ്റിപ്പറ്റി തന്നെയായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതിനിടെയിലും സുനി പണത്തിനായും തന്നെ ജയില്‍ മോചിതനാക്കാനായും ദിലീപുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ കേസിന്റെ പേരില്‍ സുനി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്ന് ദിലീപ് പരാതി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

അപ്പോഴും ദിലീപിനെതിരെ പോലീസിന് തെളിവുകളൊന്നുമില്ലായിരുന്നു. എന്നാല്‍ ജയിലില്‍ നിന്നും സുനി ദിലീപിന് അയച്ച കത്ത് പുറത്താകുകയും പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചതായും തെളിവുകള്‍ ലഭിച്ചതോടെ ദിലീപ് ചോദ്യം ചെയ്യലിന് വിളിപ്പിക്കപ്പെട്ടു. സുനി വിളിച്ചത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുമായും ഇയാള്‍ ബന്ധപ്പെട്ടിരിന്നുവെന്നും വെളിപ്പെടുത്തലുകളുണ്ടായി. നാദിര്‍ഷയും അന്ന് ചോദ്യം ചെയ്യലിന് വിളിക്കപ്പെട്ടു. 12 മണിക്കൂര്‍ തുടര്‍ച്ചയായാണ് ഇവര്‍ ചോദ്യം ചെയ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് ഇയാള്‍ അപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം സംശയം ദിലീപില്‍ തന്നെ നിലനിര്‍ത്താന്‍ പോലീസിനെ സഹായിച്ചു.

സിനിമ മേഖല ഒന്നടങ്കം ഇയാള്‍ക്കൊപ്പം പിന്തുണയായി നില്‍ക്കുകയും ചെയ്തു. ദിലീപിനെ പിന്തുണച്ചവര്‍ക്കെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നു. ഇതിനിടെ നടിയെ ആക്രമിച്ച ശേഷം ബലപ്രയോഗത്തിലൂടെ പകര്‍ത്തിയെടുത്ത അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് നടിയും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായ കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിച്ചതായും സുനിയുടെ മൊഴി പുറത്തുവന്നു. താന്‍ കൊല്ലപ്പെടുമെന്ന സംശയം പലപ്പോഴും ഉന്നയിച്ച ഇയാള്‍ പറയുന്ന മാഡ്ം കാവ്യയാണെന്നും അവരുടെ അമ്മയാണെന്നുമൊക്കെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. ദിലീപിനെ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടയയ്ക്കാന്‍ തിരുവനന്തപുരത്തു നിന്നും സമ്മര്‍ദ്ദമുണ്ടായതായും വാര്‍ത്തകള്‍ പരന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് വിരമിച്ച ഡിജിപി സെന്‍കുമാര്‍ വെളിപ്പെടുത്തിയതും വാര്‍ത്തയായി. ഈ കേസില്‍ അദ്ദേഹം അന്വേഷണത്തിന് മേല്‍നോട്ടം കൊടുക്കുന്ന എഡിജിപി ബി സന്ധ്യയെയും വിമര്‍ശിച്ചതോടെ പോലീസിലെ പലരും സംശയത്തിന്റെ നിഴലിലായി.

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി പോലും ഈ വിഷയത്താല്‍ പൊതുജനശ്രദ്ധ നേടി. എന്നാല്‍ മുഖ്യമന്ത്രിയും ഡിജിപി ലോക്‌നാഥ് ബഹ്രയും അന്വേഷണം ശരിയായ വഴിക്കാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ സംഭവത്തിന് പിന്നിലെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പോലീസ് പരിശോധിച്ചു. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച ദിലീപിന് വര്‍ഷങ്ങളായി സുനിയുമായി പരിചയമുണ്ടെന്ന് കണ്ടെത്താനായതോടെയാണ് ഇയാളെ കുടുക്കാനുള്ള എല്ലാ തയ്യാറെടുപ്പും പോലീസ് പൂര്‍ത്തിയാക്കിയത്. ഇതേത്തുടര്‍ന്നാണ് ഇന്ന് രാവിലെ വിളിച്ചുവരുത്തി രഹസ്യകേന്ദ്രത്തില്‍ കൊണ്ടു പോയി വീണ്ടും ചോദ്യം ചെയ്തത്. തെളിവുകള്‍ ഉറപ്പാക്കിയതോടെ വൈകിട്ടോടെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

സിനിമയില്‍ മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പള്‍സര്‍ സുനി അറസ്റ്റിലായപ്പോള്‍ ഇയാള്‍ തന്റെ നടിയായ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചതായി ഒരു നിര്‍മ്മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുണ്ടായ ആക്രമണങ്ങളെല്ലാം തന്നെ പുറത്തു വരാതിരിക്കുകയാണ് ഇക്കാലമത്രയും സംഭവിച്ചത്. ഒരു പക്ഷെ ആ രീതിയില്‍ തന്നെ തേഞ്ഞ് മാഞ്ഞ് പോകാമായിരുന്ന ഒരു കേസായിരുന്നു ഇതും. ആക്രമിക്കാന്‍ ഏര്‍പ്പെടുത്തിയവരും ആക്രമിച്ചവരുമെല്ലാം പ്രതീക്ഷിച്ചത് അഭിമാനമോര്‍ത്ത് നടി ഈ വിവരം പുറത്ത് പറയില്ലെന്നാണ്. എന്നാല്‍ ആക്രമണം നടന്ന ദിവസം നടി പോലീസില്‍ പരാതിപ്പെട്ടതോടെ ഇവരുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു. ഇതോടെയാണ് സുനിയ്ക്ക് വാഗ്ദാനം ചെയ്ത പണം ദിലീപ് നല്‍കാതെ വന്നത്. സംശയം തന്നിലേക്കെത്താതിരിക്കാന്‍ കേസില്‍ ഇടപെടാനും ഇയാള്‍ തയ്യാറായില്ല. സുനിയെ രക്ഷിക്കാന്‍ ഇയാള്‍ രംഗത്തെത്താതിരിക്കുകയും ചെയ്തതോടെ സുനി തനിക്ക് ക്വട്ടേഷന്‍ നല്‍കിയയാളെ പോലീസിന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍