UPDATES

ട്രെന്‍ഡിങ്ങ്

കാവി ചുറ്റിയ രാജ്യം; മലയാളി യുവതിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് പറയും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍

1984-ലെ സിക്ക് കൂട്ടക്കൊല കാലത്ത് ഒരു സിക്ക് ദമ്പതികളെ രക്ഷിച്ചതിന്റെ ഓര്‍മ

ആള്‍ക്കൂട്ട കൊലകളുടേയും മുസ്ലീം, ദളിത് കൊലപാതകങ്ങളുടേയും സാമുദായിക കലാപങ്ങളുടേയും കാലത്ത് എന്താണ് മൂന്നു പതിറ്റാണ്ടിനിടയില്‍ രാജ്യത്തിന് സംഭവിച്ചതെന്ന് ഓര്‍മിപ്പിച്ച് മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും നിരവധി പേര്‍ ഷേര്‍ ചെയ്യുകയും ചെയ്ത പോസ്റ്റ് ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായി.

1984-ല്‍ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനു പിന്നാലെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം അക്ഷരാര്‍ത്ഥത്തില്‍ കലാപത്തിന്റെ പിടിയിലായ സമയത്ത് സ്വന്തം മാതാപിതാക്കളുടെ അനുഭവം ഓര്‍മിപ്പിച്ചു കൊണ്ടാണ് Sam Ish എന്ന യുവതിയുടെ പോസ്റ്റ്. കലാപകാരികളില്‍ നിന്ന് എങ്ങനെയാണ് ഒരു സിക്ക് ദമ്പതികളെ തന്റെ മാതാപിതാക്കളടങ്ങിയ ട്രെയിന്‍ യാത്രക്കാര്‍ രക്ഷപെടുത്തിയത് എന്ന് അവര്‍ വിശദമാക്കുന്നു. അന്ന് സിക്കുകാര്‍ നേരിട്ട അതേ അവസ്ഥയാണ് ഇന്ന് മുസ്ലീങ്ങള്‍ നേരിടുന്നതെന്നും എന്നാല്‍ ഇക്കാലത്തിനിടയില്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ടത് എന്താണ് എന്ന് കാണിച്ചു തരുന്നതാണ് ഇപ്പോള്‍ കാണുന്ന ആള്‍ക്കൂട്ട കൊലകളും പെഹ്‌ലു ഖാന്റെയും ജുനൈദിന്റേയുമാക്കെ കൊലപാതകങ്ങളെന്നും അവര്‍ പറയുന്നു. കാവിധാരികളായ നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി ഇന്ത്യക്കാര്‍ മാറിയെന്നും അവര്‍ നിരീക്ഷിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്
1984 നവംബര്‍ ഒന്ന്. എന്റെ മാതാപിതാക്കള്‍ മുഗള്‍സരായില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയാണ്. ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് രാജ്യത്താകെ കലാപം പടര്‍ന്നു പിടിച്ചിരിക്കുകയാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഡല്‍ഹിയില്‍ ചില കുഴപ്പങ്ങളൊക്കെ ഉണ്ടെന്ന് മാത്രമേ അവര്‍ക്ക് ധാരണയുണ്ടായിരുന്നുള്ളൂ.

ആ കംപാര്‍ട്ട്‌മെന്റില്‍ അച്ഛനേയും അമ്മയും ഉള്‍പ്പെടെ രണ്ട് യുവദമ്പതികളാണ് ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം പിന്നിട്ട സിക്ക് ദമ്പതികളായിരുന്നു അത്. അവര്‍ വളരെയധികം പേടിച്ചിരുന്നു, ആശങ്കാകുലരായിരുന്നു.

ബനാറസ് കഴിഞ്ഞ് അല്‍പ്പം പോയതോടെ ആള്‍ക്കൂട്ടം ട്രെയിന്‍ തടഞ്ഞു. അവര്‍ ഓരോ കംപാര്‍ട്ട്‌മെന്റുകളായി പരിശോധിക്കുകയാണ്. ഇന്ന് മുസ്ലീങ്ങള്‍ എങ്ങനെയാണോ പെട്ടൊന്നൊരു ദിവസം ശത്രുക്കളായത്, സമാനമായ അവസ്ഥയായിരുന്നു അന്ന് സിക്കുകാരുടേതും.

ആ സര്‍ദാറിന്റെ ഭാര്യ തളര്‍ന്നുവീണു. എന്നാല്‍ 2017-ലെ ഇന്ത്യയെപ്പോലെ ഷണ്ഡത്വം ബാധിച്ച ഒന്നായിരുന്നില്ല 1984-ലെ ഇന്ത്യ. പൊടുന്നനെ എല്ലാവരും ജാഗരൂകരായി. അവര്‍ കംപാര്‍ട്ട്‌മെന്റിന്റെ വാതിലടച്ചു. ആ പെണ്‍കുട്ടി പേടികൊണ്ട് ഹിസ്റ്റീരിയ ബാധിച്ചതുപോലെയായി. പെട്ടെന്ന്, ഒരുപക്ഷേ അതുവരെ തന്റെ മുഖം പുറംലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത പ്രായമായ ഒരു മുസ്ലീം സ്ത്രീ ആ തിരക്കിനിടയില്‍ തന്റെ ബുര്‍ഖ ഊരി ആ പെണ്‍കുട്ടിയെ മറച്ചു. സിക്ക് പുരുഷന്മാര്‍ക്ക് മതാചാര പ്രകാരം അവരുടെ നീണ്ട മുടി സൂക്ഷിക്കണമെന്നാണ്. അത് മുറിച്ചു കളയണം. എല്ലാം പെട്ടെന്നായിരുന്നു. ഒരാള്‍ കത്രിക സംഘടിപ്പിച്ചു.

എന്റെ അച്ഛന്‍ ആ ദൃശ്യങ്ങള്‍ ഒരിക്കലും മറക്കില്ല. ആ സിക്ക് പയ്യന്‍ തന്റെ ടര്‍ബന്‍ ഊരി, തന്റെ അസ്തിത്വത്തിന്റെ കൂടി ഭാഗമായ നീണ്ട മുടി മുറിക്കാന്‍ തയാറെടുത്തു. എന്നാല്‍ അയാളുടെ കൈകള്‍ വിറച്ചു, അയാള്‍ക്കതിന് കഴിഞ്ഞില്ല. അയാള്‍ മരവിച്ചിരിക്കുകയായിരുന്നു. അച്ഛനും മറ്റൊരാളും കൂടി അയാളുടെ മുടി മുറിക്കാന്‍ സഹായിച്ചു. അയാളുടെ താടിയും മുറിച്ചു. ആ മരവിപ്പിലും അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. അമ്മയും നേരത്തെ ബുര്‍ക്ക കൊണ്ട് ആ പെണ്‍കുട്ടിയെ മറച്ചു പിടിച്ച വൃദ്ധയും ചേര്‍ന്ന് ആ പെണ്‍കുട്ടിക്ക് ചുറ്റും ചേര്‍ന്നിരുന്നു. അവര്‍ക്കു ചുറ്റും കംപാര്‍ട്ട്‌മെന്റിലെ പുരുഷന്മാരും. സിക്ക് പയ്യനെ മുകളിലെ ബര്‍ത്തിലും ഇരുത്തി.

കലാപകാരികള്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി പരിശോധന തുടങ്ങിയതോടെ കുറച്ചു പേര്‍ മുന്നോട്ടു വന്ന് അവരോട് തര്‍ക്കിച്ചു തുടങ്ങി. ചിലര്‍, സിക്കുകാര്‍ ആരെങ്കിലും ആ കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ തന്നെ അവരെ കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ആ വൃത്തികെട്ടവന്മാര്‍ ഇറങ്ങിപ്പോകുന്നതു വരെ അവര്‍ കള്ളം പറഞ്ഞും വാദിച്ചും നിന്നു.

ഒരൊറ്റയാള്‍, ഒരൊറ്റയാള്‍ പോലും വാക്കു കൊണ്ടോ നോട്ടം കൊണ്ടോ പോലും ആ സിക്ക് ദമ്പതികളെ ഒറ്റുകൊടുക്കാന്‍ തയാറായില്ല.

പക്ഷേ, അത് അന്നായിരുന്നു. ഇത് ഇന്നാണ്. 1984-നും 2014-നും ഇടയ്‌ക്കെവിടെയോ ഇന്ത്യക്കാര്‍ക്ക് ആ നട്ടെല്ല് നഷ്ടപ്പെട്ടു പോയി.

ഇന്നവര്‍ ഏതു മുസ്ലീമിനെയും കൊല്ലാന്‍ തയാറാണ്. മുസ്ലീം കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ അവര്‍ ന്യായീകരിക്കും. കാശ്മീരിലും ഛത്തീസ്ഗഡിലുമൊക്കെ ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന ഭീകരതയെ നോക്കി അവര്‍ ആര്‍ത്തുവിളിക്കുകയും കൈയ്യടിക്കുകയും ചെയ്യും. അവരുടെ കാവി ചുറ്റിയ നേതാക്കള്‍ പറഞ്ഞാല്‍ എന്തും ചെയ്യും. സങ്കടകരമാണ്, വിവേകമില്ലാത്ത, നട്ടെല്ലില്ലാത്ത ആ ആള്‍ക്കൂട്ടത്തെ ഓര്‍ത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍