UPDATES

ട്രെന്‍ഡിങ്ങ്

ഇന്ന് അയ്യപ്പ ദര്‍ശനം നടത്തിയ ആ 52-കാരിയുടെ കണ്ണില്‍ കണ്ടത്..

കാഴ്ചയില്‍ ഒരു സ്ത്രീയുടെ പ്രായം തീരുമാനിക്കാന്‍ നിങ്ങളാരാണ്? വിശ്വാസ സംരക്ഷരായ ബ്രഹ്മചാരികളോടാണ്

ശബരിമലയിലെ സംഘര്‍ഷാവസ്ഥ നാലാം ദിവസവും തുടരുകയാണ്. തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 17ന് നട തുറക്കുന്നതിന് മുന്നോടിയായാണ് ഇവിടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രംകോടതി വിധി നടപ്പാക്കാന്‍ സ്ത്രീകള്‍ എത്തുമോയെന്ന ഭക്തരെന്ന് സ്വയം വിളിക്കുന്ന ഒരു വിഭാഗത്തിന്റെ ആശങ്കയാണ് ഈ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത്. ചില ആചാരങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണെന്നും ഈ രാജ്യത്ത് നിലനിന്നിരുന്ന പല ദുരാചാരങ്ങളും അയിത്തവുമെല്ലാം ഇല്ലാതായത് പുരോഗമന ചിന്താഗതിയുള്ള ചിലര്‍ നടത്തിയ മുന്നേറ്റങ്ങളുടെ ഫലമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ വിധിയെ പലരും സ്വാഗതം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് തുല്യതയും ലിംഗനീതിയും ഉറപ്പുവരുത്തുന്ന ചരിത്രപരമായ ഈ വിധി നടപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രഖ്യാപിച്ച് ഏതാനും സ്ത്രീകള്‍ ശബരിമലയിലെത്തുമെന്ന് പരസ്യമായി അറിയിച്ചതോടെ ശബരിമലയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ സ്വഭാവം മാറുകയും ചെയ്തു.

വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പന്തളത്തും നിലയ്ക്കലും മറ്റുമായി നാമജപ പ്രതിഷേധത്തിന് എത്തിയവര്‍ ക്രമേണ ശബരിമലയിലെത്തുന്നവരെ തടയുന്ന ഒരു ആള്‍ക്കൂട്ടമായി മാറുകയാണ് ചെയ്തത്. ഇതോടെ ശബരിമലയില്‍ പതിവായി എത്തുന്ന പുരുഷ ഭക്തന്മാര്‍ പോലും ഭീതിയോടെ മാത്രം തീര്‍ത്ഥാടനം നടത്തേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. അപ്പോള്‍ പിന്നെ സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ? 41 ദിവസത്തെ വ്രതമെടുത്ത് ഇരുമുടിക്കെട്ടുമേന്തി മനസില്‍ ഈശ്വരനെ മാത്രം ധ്യാനിച്ച് സ്വസ്ഥവും ശാന്തവുമായ മനസോടെ ഭക്തര്‍ തീര്‍ത്ഥാടനം നടത്തുന്നുവെന്നാണല്ലോ പറയപ്പെടുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ ശബരിമലയില്‍ കണ്ട ഭക്തരുടെയൊന്നും മുഖങ്ങളില്‍ ഈ വികാരങ്ങളല്ല പ്രതിഫലിച്ച് കാണുന്നത്. അടുത്ത ദിവസം എന്തു സംഭവിക്കുമെന്ന ആശങ്കയോ ആചാരം ലംഘിക്കപ്പെടുന്നതിലെ അമര്‍ഷമോ ആരെങ്കിലും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന ജാഗ്രതയോ ഒക്കെയാണ് ഈ മുഖങ്ങളില്‍ പ്രതിഫലിക്കുന്നത്. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ശബരിമലയിലേക്ക് എത്താന്‍ ശ്രമിക്കുന്ന സ്ത്രീകളെ സമരക്കാര്‍ തടയുകയും ആക്രമിക്കുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയും ചെയ്തതോടെ ശബരിമല അക്ഷരാര്‍ത്ഥത്തില്‍ തീര്‍ത്ഥാടനഭൂമിയുടെ സ്വഭാവം കൈവിട്ട് കലാപഭൂമിയായി മാറിയെന്ന് പറയാം.

17ന് വൈകിട്ട് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടപ്പോള്‍ തന്നെ യുവതീ പ്രവേശനം നടന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും ആരംഭിച്ചു. പതിനെട്ടാംപടി കടന്ന് ശ്രീകോവിലിന് മുന്നിലേക്ക് നടന്നുപോകുന്ന ഒരു യുവതിയുടെ ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്നതോടെയായിരുന്നു ഇത്. ആദ്യം അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ ദൃശ്യം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചു. അതോടെ ശബരിമല ദര്‍ശനം നടത്തി ആദ്യ യുവതി എന്ന രീതിയില്‍ പ്രചരണവും ആരംഭിച്ചു. എന്നാല്‍ വിശ്വാസികളെ ആശ്വസിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. ആരും വിഷമിക്കേണ്ട അവര്‍ക്ക് ‘കാഴ്ചയില്‍ പ്രായം തോന്നിക്കില്ലെങ്കിലും’ അമ്പത് വയസ്സിന് മുകളില്‍ പ്രായമുണ്ട്. നമ്മുടെ ആളുകള്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് അത് ഉറപ്പാക്കിയിട്ടാണ് കടത്തി വിട്ടത്. എന്നായിരുന്നു ആ ആശ്വാസ വാക്കുകള്‍.

ആന്ധ്ര സ്വദേശി മാധവിയാണ് ആദ്യം ശബരിമല ചവിട്ടാനെത്തിയത്. സകുടുംബം ശബരിമലയിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട് തനിക്ക് 45 വയസ്സാണ് എന്ന് പറഞ്ഞതോടെയാണ് രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞത്. കേരളത്തിലെ നിലവിലെ സാഹചര്യം മനസിലാക്കി അവര്‍ 50 വയസ്സിന് മുകളില്‍ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇതാരുടെയും ശ്രദ്ധയില്‍പ്പെടുകയില്ലായിരുന്നു. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ മലയിലെത്തുന്ന സ്ത്രീകളുടെ പ്രായം തിരക്കുന്ന ഭക്തന്മാര്‍ ഒന്നാലോചിച്ചാല്‍ കൊള്ളാം. ഇത്തരം സംഘര്‍ഷഭരിതമായ ഒരു സാഹചര്യം നിലവില്‍ വരുന്നതിന് മുമ്പ് ഇത്തരത്തില്‍ പ്രായം തിരക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ നിങ്ങള്‍ പറയുന്നത് പോലെ ‘കാഴ്ചയില്‍’ അമ്പത് വയസ്സിന് താഴെയും മുകളിലും പ്രായമുള്ള പലരും ശബരിമലയില്‍ എത്തിയിട്ടും പതിനെട്ടാംപടി കയറി അയ്യപ്പനെ തൊഴുതിട്ടുമുണ്ടാകും.

ഇന്ന് ത്രിച്ചി സ്വദേശിയായ ലത ശബരിമല കയറാനെത്തിയപ്പോഴും നേരത്തെ പറഞ്ഞ കാഴ്ചയില്‍ പ്രായം തോന്നിക്കുന്നില്ല എന്ന വാദം ഉയര്‍ന്നു കേട്ടു. വലിയ നടപ്പന്തലിലെത്തിയ ഇവര്‍ക്ക് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ കൂടിയതോടെയാണ് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഇതേക്കുറിച്ച് പറഞ്ഞത്. അതായത് ഇവര്‍ കടന്നു വന്ന വഴികളിലൊന്നും ഭക്തര്‍ക്ക് തോന്നാതിരുന്ന സംശയം മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ ഉണ്ടാകുകയായിരുന്നു. എന്നാല്‍ തനിക്ക് 52 വയസ്സുണ്ടെന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തിയതോടെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കുകയും ചെയ്തു. ഇവരുടെ പ്രായം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ തന്നെ ആശയക്കുഴപ്പുണ്ട്. മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവര്‍ക്ക് 55 വയസ്സെന്നാണ്. എന്നാല്‍ ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ ഇവര്‍ക്ക് 53 വയസ്സാണ്. കഴിഞ്ഞ തവണ വളരെ സ്വസ്ഥതയോടെയും സമാധാനത്തോടെയും ശബരിമല ദര്‍ശനം നടത്തിയതെന്ന് അവകാശപ്പെടുത്തിയ ഇവരെ ഇത്തവണ ശബരിമലയില്‍ നിന്നും ഭയപ്പെടുത്തിയാണ് മടക്കി അയയ്ക്കുന്നതെന്ന് ദൃശ്യങ്ങളിലും അവരുടെ പ്രതികരണങ്ങളിലും വ്യക്തമാണ്.

കാഴ്ചയില്‍ അമ്പത് വയസ്സ് പൂര്‍ത്തിയാകാത്ത സ്ത്രീയെന്നായിരുന്നു ലതയെക്കുറിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പറഞ്ഞത്. അതുതന്നെയാണ് ഭക്തരെന്ന് പറഞ്ഞ് ബഹളമുണ്ടാക്കാനെത്തിയിരിക്കുന്നവരുടെയും പ്രശ്‌നം. കാഴ്ചയില്‍ ഒരു സ്ത്രീയുടെ പ്രായം തീരുമാനിക്കാന്‍ നിങ്ങളാരാണ്? എങ്ങനെയാണ് ഒരു സ്ത്രീയുടെ പ്രായം നിങ്ങള്‍ക്ക് നിര്‍ണയിക്കാനാകുക? തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് അമ്പത് വയസ്സില്‍ കൂടുതലുണ്ടോ പത്ത് വയസ്സില്‍ താഴെയാണോ എന്നൊക്കെ എന്ത് മാനദണ്ഡങ്ങളിലാണ് നിങ്ങള്‍ തീരുമാനിക്കുക? കണ്ടാല്‍ പ്രായം തോന്നിക്കില്ലെന്ന് ഇവര്‍ തന്നെ പറയുന്നുണ്ട്. പതിനെട്ടാംപടിക്ക് താഴെ നിന്ന് ഇത്തരത്തില്‍ നോട്ടംകൊണ്ട് അധിക്ഷേപിച്ചാണോ അയ്യപ്പന്റെ ബ്രഹ്മചാര്യം സംരക്ഷിക്കാനായി കാവല്‍ നില്‍ക്കുന്നത്? ശബരിമലയിലേക്കെത്തുന്ന ഓരോ സ്ത്രീകളെയും നോക്കി പ്രായം നിശ്ചയിക്കുന്നവരും ആചാരങ്ങളെയും ലംഘിക്കുകയല്ലേ? വ്രതം നോക്കുന്നവര്‍ക്ക് ഒരു സ്ത്രീയുടെ ശരീരത്തിലേക്ക് അവളുടെ പ്രായം തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ എങ്ങനെയാണ് നോക്കാന്‍ സാധിക്കുക?

ഇനി പ്രായം തെളിയിക്കാന്‍ തിരിച്ചറിയല്‍ രേഖകളും പ്രായംതെളിയിക്കുന്ന രേഖകളും മറ്റുമായി തീര്‍ത്ഥാടനത്തിനെത്താന്‍ പറയുമ്പോള്‍ തന്നെ വരുന്നത് പ്രശ്‌നബാധിതമായ ഒരു സ്ഥലത്തേക്കാണെന്ന തോന്നലായിരിക്കും തീര്‍ത്ഥാടകര്‍ക്കുണ്ടാകുക. അതോടെ തന്നെ ആചാരം ലംഘിക്കപ്പെടുന്നു. അത്തരത്തിലൊരു അന്തരീക്ഷത്തില്‍ ഒരുകാരണവശാലും ഭക്തിയോടെയോ സ്വസ്ഥമായ മനസോടെയോ തീര്‍ത്ഥാടനം നടത്താന്‍ ഒരാള്‍ക്കും സാധ്യമല്ല. ഇനി തിരിച്ചറിയല്‍ കാര്‍ഡോ മറ്റു രേഖകളുമോ ഒക്കെ കൊണ്ടുവന്നാലും അത് ആരെയും കാണിക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ല. ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഈ രേഖകള്‍ കാണിക്കേണ്ടതുള്ളൂ. അല്ലാതെ അക്രമസാക്തരായി നില്‍ക്കുന്ന ഈ ആള്‍ക്കൂട്ടത്തിന് നേരെ ഈ രേഖകള്‍ നീട്ടേണ്ട യാതൊരു ബാധ്യതയും ഒരു ഭക്തയ്ക്കുമില്ല.

ഇന്ന് തടയപ്പെട്ട അയ്യപ്പ ഭക്ത ലതയുടെ കണ്ണുകളില്‍ കണ്ടത് അയ്യപ്പനെ ദര്‍ശിച്ചതിലെ ആത്മീയ സാക്ഷാത്ക്കാരമല്ല. മറിച്ച് ആക്രമികൂട്ടത്തിനുള്ളില്‍ പെട്ട ഒരുവളുടെ നിസ്സഹായതയായിരുന്നു. പച്ചയായ ഭയമായിരുന്നു.

ശബരിമലയിൽ നടക്കുന്നത് തുല്യനീതി വിധിയ്‌ക്കെതിരെ ഉള്ള ഭക്തി ആഭാസ ആക്രമണങ്ങൾ ; സംവിധായകൻ ഡോക്ടർ ബിജു

പ്രളയകേരളത്തെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യര്‍ ഇപ്പോള്‍ പറയുന്നുണ്ടാവും, വി ആര്‍ അഷെയിംഡ് ഓഫ് യു മിസ്റ്റര്‍ പിള്ള എന്ന്

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല കയറാനെത്തിയ 6 സ്ത്രീകള്‍ ഇവരാണ്

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

വികാരം ഇളക്കിവിടുന്നവര്‍ ആരൊക്കെ? പി എസ് ശ്രീധരന്‍ പിള്ള മുതല്‍ ദീപാ രാഹുല്‍ ഈശ്വര്‍ വരെ കളിക്കുന്നത് തീക്കളി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍