UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീധന തുകയ്ക്കായി ഭാര്യയുടെ വൃക്ക കച്ചവടം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍

അപെന്‍ഡിക്‌സ് ശസ്ത്രക്രിയയുടെ മറവിലായിരുന്നു ചതി

രണ്ടു ലക്ഷം രൂപ സ്ത്രീധന തുകയ്ക്കു വേണ്ടി യുവതിയുടെ വൃക്ക അവര്‍ അറിയാതെ വില്‍പ്പന നടത്തി കാശു വാങ്ങിയ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍. പശ്ചിമബംഗാളിലാണ് ഈ ക്രൂരത നടന്നത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇവരുടെ ഭര്‍ത്താവ്, ഇയാളുടെ സഹോദരി ഭര്‍ത്താവ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

28 കാരിയായ റിതിക സര്‍ക്കാരാണ് ഇത്തരമൊരു ചതിക്ക് ഇരയായത്. 2005 ല്‍ ആയിരുന്നു റിതികയുടെ വിവാഹം. സ്ത്രീധന തുകയായി രണ്ടു ലക്ഷം രൂപ കൂടി വേണമെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ ആവശ്യം. എന്നാല്‍ നിര്‍ധനരായ റിതികയുടെ കുടുംബത്തിന് അത്രയും തുക നല്‍കാനുള്ള കഴിവില്ലായിരുന്നു. അതിന്റെ പേരില്‍ നിരന്തരം ആ സ്ത്രീ പീഢനങ്ങള്‍ ഏറ്റുവാങ്ങി കഴിയുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് റിതികയ്ക്ക് അപ്പന്‍ഡിക്‌സ് വന്നതോടെയാണ് ഒരു ചതിക്ക് കളമൊരുങ്ങിയത്. കഠിനമായ വയറുവേദന കൊണ്ടു ബുദ്ധിമുട്ടിയ റിതികയെ ഭര്‍ത്താവ് കൊല്‍ക്കത്തയിലുള്ള ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ കൊണ്ടുപോയി. ചെറിയൊരു സര്‍ജറി നടത്തുന്നതോടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് നഴ്‌സിംഗ് ഹോം അധികൃതര്‍ റിതികയെ സമാധാനിപ്പിച്ചത്.

എന്നാല്‍ സര്‍ജറി കഴിഞ്ഞിട്ടും വേദനയ്ക്ക് ഒരു കുറവും വന്നില്ല. തന്നെ ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകാന്‍ റിതിക ഭര്‍ത്താവിനോട് യാചിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഈ ആവശ്യം നിരാകരിക്കുക മാത്രമല്ല, മുന്‍പ് സര്‍ജറി നടത്തിയ കാര്യം ആരോടും മിണ്ടിപ്പോകരുതെന്നു റിതികെ അയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വേദന സഹിക്കാന്‍ കഴിയാതെ വന്നതോടെ സ്വന്തം വീട്ടുകാരെ വിവരം അറിയിച്ചു. അവരാണ് റിതികെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോകുന്നത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണത്. അവിടെ വച്ചാണ് ഞെട്ടിക്കുന്ന ആ വിവരം റിതിക അറിയുന്നത്. തന്റെ വലത് വൃക്ക നഷ്ടപ്പെട്ടിരിക്കുന്നു. സംശയം മാറാനായി രണ്ടാമതൊരു ആശുപത്രിയിലും പരിശോധന നടത്തി. അവിടെ നിന്നും കിട്ടിയ മറുപടിയും നടക്കുന്നത് തന്നെ.

അതോടെ റിതികയ്ക്ക് കാര്യങ്ങള്‍ മനസിലായത്. സ്ത്രീധന തുകയ്ക്ക് വേണ്ടി ഭര്‍ത്താവ് തന്റെ വൃക്ക വിറ്റതാണ്. അന്ന് നഴ്‌സിംഗ് ഹോമില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് കച്ചവടം നടന്നിരിക്കുന്നതെന്നും റിതികയ്ക്ക് മനസിലായി; റിതിക പൊലീസില്‍ നല്‍കിയ പരാതി ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകശ്രമം, കച്ചവടതാത്പര്യാര്‍ത്ഥം മനുഷ്യാവയവങ്ങള്‍ വില്‍ക്കുന്നതിനെതിരേയുള്ള നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിതികയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. വൃക്ക മാഫിയയ്ക്കാണ് റിതികയുടെ വൃക്ക ഭര്‍ത്താവ് വിറ്റിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍