UPDATES

സിനിമാ വാര്‍ത്തകള്‍

ബിജെപി മന്ത്രിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങില്ലെന്നത് എന്റെ നിലപാട്, നിങ്ങളുടെ തെറിവിളികളെ ഞാന്‍ ഭയപ്പെടില്ല; അനീസ് കെ മാപ്പിള

അനീസിനെതിരേ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികളുടെ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

രാഷ്ട്രപതി അവാര്‍ഡ് നല്‍കാത്തത് മാത്രമല്ല, ഒരു ബി.ജെ.പി മന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കേണ്ടി വരുന്നതും താന്‍ ചടങ്ങില്‍ സംബന്ധിക്കാതിരിക്കാന്‍ കാരണമാണെന്ന് മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അനീസ്. കെ. മാപ്പിള. വയനാട്ടിലെ പണിയ സമുദായത്തെ കുറിച്ച് തയ്യാറാക്കിയ ‘സ്ലേവ് ജനസീസ്’ എന്ന ഡോക്യുമെന്ററിയാണ് അനീസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ രാഷ്ട്രപതിക്ക് പകരം മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരം സമ്മാനിക്കുക എന്ന തീരുമാനത്തോട് പ്രതിഷേധിച്ച് ചടങ്ങില്‍ നിന്ന് വിട്ട് നിന്നത് അനീസ് ഉള്‍പ്പെടെ 66 അവാര്‍ഡ് ജേതാക്കളാണ്. രാഷ്ട്രപതി നേരിട്ട് പുരസ്‌കാരം നല്‍കുന്ന പതിനൊന്ന് പേരുടെ ലിസ്റ്റിലുണ്ടായിരുന്ന കെ.ജെ.യേശുദാസും സംവിധായകന്‍ ജയരാജും അവാര്‍ഡ് സ്വീകരിച്ചു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള മറ്റ് അവാര്‍ഡ് ജേതാക്കളൊക്കെ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.

‘എന്നെ സംബന്ധിച്ച് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുന്നില്ല എന്നത് മാത്രമല്ല പ്രശ്‌നം. ഏതെങ്കിലും ബിജെപി മന്ത്രി ആണ് അവാര്‍ഡ് സമ്മാനിക്കുന്നത് എന്ന് നേരത്തേ അറിയിച്ചിരുന്നെങ്കില്‍ ഞാന്‍ ഡല്‍ഹിയിലേക്കേ വരില്ലായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അവാര്‍ഡ് അയച്ചു തരുന്നതാണ് രീതി. അങ്ങനെ അവാര്‍ഡ് വീട്ടിലെത്തിയേനെ. അവിടെ പോകാന്‍ സമയമില്ലാത്തത് കൊണ്ടൊന്നുമല്ല. ഇതെന്റെ രാഷ്ട്രീയ നിലപാടാണ്.’ അനീസ് പറയുന്നു.

”ഏതെങ്കിലും ഒരു ബി.ജെ.പി മന്ത്രിയുടെ കയ്യില്‍ നിന്നും ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വീകരിക്കരുതെന്ന നിലപാടില്‍ ഞാന്‍ ഉള്‍പ്പെടുന്ന 66 പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു” എന്നാണ് അനീസ് ഇന്നലെ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ എഴുതിയത്. ബിജെപി മന്ത്രിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കില്ല എന്നെഴുതിയതോടെ അനീസിന്റെ നേര്‍ക്ക് സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുഭാവികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പോസ്റ്റിന്റെ താഴെ തെറിവിളിച്ചും അവഹേളിച്ചും ആയിരക്കണക്കിന് കമന്റുകളാണ് വരുന്നത്.

കോണ്‍ഗ്രസ്സ് മന്ത്രി, കമ്മ്യൂണിസ്റ്റ് മന്ത്രി എന്നൊക്കെ പറയാറില്ലേ, ഇതിപ്പോള്‍ ബി.ജെ.പി മന്ത്രി എന്ന് വിശേഷിപ്പിച്ചപ്പോള്‍ അവര്‍ക്കെന്താണിത്ര നാണക്കേടെന്ന് അനീസ് ചോദിക്കുന്നു. അനീസ് കെ മാപ്പിള എന്ന പേര് കണ്ടത് കൊണ്ട് മുസ്ലിംവിരുദ്ധമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ഐ.എസ്സില്‍ നിന്നുള്ള അവാര്‍ഡ് തരാം, ഈ കാക്കക്ക് അവാര്‍ഡ് കൊടുത്തവരെയാണ് പറയേണ്ടത് തുടങ്ങി വംശീയമായ അധിക്ഷേപങ്ങളാണ് പലതും.

വിരലില്‍ എണ്ണാവുന്ന കമന്റുകള്‍ കണ്ടു എന്നല്ലാതെ താനിതൊന്നും വായിച്ച് നോക്കാന്‍ പോലും പോകുന്നില്ലെന്നാണ് അനീസിന്റെ നിലപാട്. ”എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതിനോട് തെറിവിളി നടത്തുന്നത് അവരുടെ രാഷ്ട്രീയത്തിന്റെ രീതിയാണ്. ഞാന്‍ പറഞ്ഞത് എന്റെ നിലപാടാണ്. ഈ പറച്ചിലുകള്‍ എനിക്കൊരു സമ്മര്‍ദ്ദവും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല അതിന്റെ മേല്‍ എന്തെങ്കിലും ഇടപെടല്‍ നടത്തുന്നത് തന്നെ സമയം കളയാലാണ്. നമുക്ക് വേറെ എന്തൊക്കെ പണികളുണ്ട്. ” അനീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍