UPDATES

‘അഭിപ്രായം പറയാന്‍ പറ്റുന്നില്ല’, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ താരമായ മലയാളി ഐഎഎസ് ഓഫീസര്‍ രാജിവെച്ചു; രാഷ്ട്രീയത്തിലേക്കോ?

പ്രളയകാലത്ത് കൊച്ചിയിൽ കണ്ണൻ ഗോപിനാഥൻ നേരിട്ട് പങ്കെടുത്ത പ്രവർത്തനങ്ങൾ രാജ്യമെമ്പാടും ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വർഷം കേരളത്ത ബാധിച്ച മഹാപ്രളയത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്വയം പങ്കാളിയായി പ്രശംസ പിടിച്ചു പറ്റിയ ഐഎഎസ് ഓഫീസർ സിവിൽ സർവീസിൽ നിന്നും രാജിവച്ചു. കേന്ദ്ര ഭരണപ്രദേശം ഉൾപ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗർ ഹവേലി അഡ്മിനിസ്ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്തിരുന്നതുമായി മലയാളി ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനാണ് വെള്ളിയാഴ്ച രാജി സമർപ്പിച്ചത്.

നിലവിലെ തന്റെ ജോലി സാഹചര്യങ്ങൾ വ്യക്തിയെന്ന നിലയിൽ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിന് തടസമാവുന്നെന്ന് വ്യക്തമാക്കിയാണ് നടപടിയെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാജിവാർത്ത കണ്ണൻ ഗോപിനാഥനും സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല. സാങ്കേതികമായി താനിപ്പോഴും സർക്കാർ ഉദ്യോഗസ്ഥനാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രളയകാലത്ത് കൊച്ചിയിൽ കണ്ണൻ ഗോപിനാഥൻ നേരിട്ട് പങ്കെടുത്ത പ്രവർത്തനങ്ങൾ രാജ്യമെമ്പാടും ശ്രദ്ധ നേടിയിരുന്നു. എട്ട് ദിവസമായിരുന്നു കണ്ണൻ ഗോപിനാഥൻ ദുരിതാശ്വാസ ക്യാംപിൽ പ്രവർത്തിച്ചത്. അരിച്ചാക്ക് ചുമന്നും ലോഡിറക്കിയും റിലീഫ് ക്യാംപിൽ സജീവമായിരുന്ന അദ്ദേഹത്തെ ആദ്യമാരും തിരിച്ചറിഞ്ഞില്ലെന്നതും ശ്രദ്ധേയമായിരുന്നു.

ജോലിയില്‍ നിന്ന് ലീവെടുത്ത് മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്ത ശേഷമായിരുന്നു എറണാകുളത്ത് ക്യാംപിലെത്തിയത്. ഇതിനിടെ ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. ഇതിന് പിറകെ എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്തിരുന്നു.

പ്രളയം രൂക്ഷമായ സമയത്ത് തിരുവനന്തപുരത്ത് എത്തിയ പുതുപ്പള്ളി സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍, വീട്ടിലേക്ക് പോവാതെയാണ് പ്രളയം രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിലെ ക്യാംപുകളിലെത്തിയത്. സ്വന്തം ബാച്ചുകാരന്‍ ജില്ലാ കലക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ട് പോലും ആരോടും താന്‍ ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് പിന്നീട് കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്ത് എത്തിയത്. ചുമടെടുക്കുന്ന കളക്ടർ എന്ന രീതിയിൽ കൊച്ചിയിൽ നിന്നുള്ള വാർത്തകൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ അടക്കം താരമാവുകയായിരുന്നു കണ്ണൻ ഗോപിനാഥൻ എന്ന 32-കാരൻ.

Also Read- വെയിലും മഴയും കൊള്ളുന്നവരല്ലേ, കാട്ടില്‍ കിടന്നാലെന്ത്, ഷീറ്റില്‍ കിടന്നാലെന്ത്; ക്യാമ്പുകളില്‍ നിന്നിറങ്ങിയാല്‍ പോകാനൊരിടമില്ലാത്ത നിലമ്പൂരിലെ ആദിവാസികള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍