UPDATES

ട്രെന്‍ഡിങ്ങ്

വേങ്ങരയില്‍ പഠിച്ചില്ലെങ്കില്‍ വരും തെരഞ്ഞെടുപ്പില്‍ ലീഗിന് നാല് സീറ്റെങ്കിലും നഷ്ടമാകും

കൊടിഞ്ഞി ഫൈസല്‍ വധം മുതല്‍ ഹാദിയയുടെ മതം മാറ്റം വരെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇസ്ലാമിസ്റ്റ് രാഷ്ട്രീയം ജനങ്ങളെ സ്വാധീനിച്ചിരുന്നുവെങ്കില്‍ കെ സി നസീറിന് നിശ്ചയമായും പതിനായിരത്തിലേറെ വോട്ട് കിട്ടേണ്ടതായിരുന്നു

2011ന് മുമ്പുള്ള കണക്കുകൂടി നോക്കിയാലേ ‘കുഞ്ഞാപ്പ ഫാക്ടര്‍’ ഒഴിച്ചുള്ള വിശകലനത്തിന് സ്‌കോപ്പുള്ളൂ. പഴയ മലപ്പുറം മണ്ഡലത്തിലെ കണ്ണമംഗലം, ഒതുക്കുങ്ങല്‍, ഊരകം, വേങ്ങര പഞ്ചായത്തുകളും തിരൂരങ്ങാടിയിലായിരുന്ന അബ്ദുറഹ്മാന്‍ നഗറും താനൂരിലായിരുന്ന പറപ്പൂരും ചേര്‍ന്നതാണ് ഇപ്പോഴത്തെ വേങ്ങര മണ്ഡലം. 2006ല്‍ കുറ്റിപ്പുറത്ത് കുഞ്ഞാപ്പയും തിരൂരില്‍ ഇ.ടിയും മങ്കടയില്‍ മുനീറും വീണപ്പോഴും എം ഉമ്മറിന് 30657 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണ് മലപ്പുറം.

ആ ഇടത് (വിഎസ്)തരംഗത്തിലും 58.41% വോട്ടാണ് എം ഉമ്മര്‍ നേടിയതെന്നതു കൂടി വച്ചുവേണം കെഎന്‍എ ഖാദറിന്റെ വോട്ട് വിഹിതവും ഭൂരിപക്ഷവും വിലയിരുത്താന്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിലെ, പ്രത്യേകിച്ചും മലപ്പുറത്തെ മുസ്ലിം വോട്ടുകളിലുണ്ടായ മാറ്റം,
എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ടി എന്നിവയുടെ രാഷ്ട്രീയ സാന്നിധ്യം, വീണ്ടും സജീവമായിട്ടുള്ള സുന്നി-മുജാഹിദ് തര്‍ക്കം, അങ്ങനെ തിരിച്ചും മറിച്ചും കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമെല്ലാം നോക്കിയാലും വേങ്ങരയില്‍ നഷ്ടം ലീഗിന് തന്നെയാണ്. അത് കുഞ്ഞാപ്പക്ക് കിട്ടിയിരുന്ന ഇടതു വോട്ടാണെന്ന് വിലയിരുത്തി കണ്ണടച്ച് ഇരുട്ടാക്കിയാല്‍ ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാല് മണ്ഡലം കയ്യില്‍ നിന്ന് പോകാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടിവരില്ല. പെരിന്തല്‍മണ്ണ(579), മങ്കട(1508), തിരൂരങ്ങാടി(6043), തിരൂര്‍(7061) എന്നിങ്ങനെയാണ് ലീഗിന്റെ നിലവിലെ ഭൂരിപക്ഷം.

വേങ്ങരയിലെ 30 ശതമാനം ഹിന്ദുക്കളുടെ വോട്ട് എന്തുകൊണ്ട് ബിജെപിക്ക് ലഭിച്ചില്ല സര്‍? അതാണ് ചോദ്യം

ലീഗിനെ വിമര്‍ശിച്ചിരുന്ന മുസ്ലിംസംഘടനകളെല്ലാം മറിച്ച് വോട്ടു ചെയ്തു എന്നവകാശപ്പെടുന്ന 2006 ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ കിട്ടിയതിലുമേറെ വോട്ട് എല്‍ഡിഎഫിന് ഇത്തവണ നേടാനായിട്ടുണ്ട്. ലീഗ് വിമതവോട്ടുകളില്‍ നല്ലപങ്കും സമാഹരിക്കാന്‍ എസ്ഡിപിഐക്കും കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൊടിഞ്ഞി ഫൈസല്‍ വധം മുതല്‍ ഹാദിയയുടെ മതം മാറ്റം വരെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇസ്ലാമിസ്റ്റ് രാഷ്ട്രീയം ജനങ്ങളെ സ്വാധീനിച്ചിരുന്നുവെങ്കില്‍ കെ സി നസീറിന് നിശ്ചയമായും പതിനായിരത്തിലേറെ വോട്ട് കിട്ടേണ്ടതായിരുന്നു. പിഎഫ്‌ഐ നിരോധനഭീഷണി ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കാരടക്കം അവര്‍ക്ക് വോട്ടു ചെയ്തിരിക്കേണ്ടതല്ലേ? മുമ്പ് ബിജെപിക്ക് പോയിരുന്ന വോട്ടുകള്‍ ഇത്തവണ ബഷീറിന് കിട്ടിയെന്ന വാദം തള്ളിക്കളയേണ്ടതല്ല. എന്നാല്‍ ഇടതു പക്ഷത്തിന്റെ മൃദുഹിന്ദുത്വ സമീപനമാണ് അതിന് കാരണം എന്ന വ്യാഖ്യാനമൊക്കെ ഒരു സിദ്ധാന്തമെന്ന നിലയില്‍ വായിക്കാം, മാറാട് കലാപം മൊബീല്‍-പീവീസ് കമ്പനിക്കുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നൊക്കെ വായിച്ചതുപോലെ.

അക്രമോത്സുകമായ ഹിന്ദുത്വരാഷ്ട്രീയം മുന്നില്‍ യാഥാര്‍ത്ഥ്യമായി വന്നു നിന്നാല്‍ ലീഗിനെയോ യുഡിഎഫിനേയോ അല്ല ജനം പ്രതീക്ഷയോടെ നോക്കുക എന്ന് മനസ്സിലാക്കാന്‍ ഇതിനോടകം ആ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു. തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ ലീഗിനോളം കഴിയുന്ന പാര്‍ട്ടി വേറെയില്ലെന്ന് 2006-2011 കാലയളവില്‍ അവര്‍ തെളിയിച്ചതാണ്. പക്ഷെ 2006ലെ പോലെ നേതാവിന്റെ സദാചാരഭ്രംശമല്ല, ഇപ്പോഴവരെ തുറിച്ചു നോക്കുന്നത്. കുറ്റസമ്മതം കൊണ്ടോ പശ്ചാതാപ പ്രവര്‍ത്തനം കൊണ്ടോ അല്ല, മറിച്ച് നിലപാടുകൊണ്ടു മാത്രം മറികടക്കാവുന്ന രാഷ്ട്രീയപ്രതിസന്ധിയാണത്.

അതേസമയം കൂടുതല്‍ കിട്ടിയ 7000 വോട്ടുകളില്‍ 6000വും ‘സംഘ’വിരുദ്ധ മനസ്സുകളില്‍ നിന്ന് വന്നതുതന്നെയാണെന്ന് തിരിച്ചറിഞ്ഞാല്‍ എല്‍ഡിഎഫിനും കൊള്ളാം. ന്യൂനപക്ഷ വര്‍ഗ്ഗീയത ഭൂരിപക്ഷത്തിന് വളമാകുന്നുവെന്നാണല്ലോ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ആ ‘ന്യൂനപക്ഷ വര്‍ഗ്ഗീയത’ കാലുറപ്പിക്കുന്നത് നിങ്ങള്‍ കടന്നു ചെല്ലാന്‍ മടിക്കുന്ന ഇടവഴികളിലാണ്, കോമ്രേഡ്‌സ്. അതു മനസ്സിലാക്കുന്നില്ലെങ്കില്‍ ഇവിടെ നിന്നുള്ള മുന്നോട്ടുപോക്കും അത്ര എളുപ്പമാവില്ല.

(രാജീവ് രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്)

 

രാജീവ് രാമചന്ദ്രന്‍

രാജീവ് രാമചന്ദ്രന്‍

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍