UPDATES

ട്രെന്‍ഡിങ്ങ്

ഞങ്ങള്‍ എന്നും ദരിദ്ര നാരായണന്മാരായിരുന്നാല്‍ മതിയോ? തോമസ് ചാണ്ടിയുടെ ഒരു പഴയ ചോദ്യം

ഒരിക്കല്‍ കുട്ടനാട്ടില്‍ വ്യവസായം വേണ്ടെന്ന് പറഞ്ഞ ചാണ്ടി തന്നെയാണ് പിന്നീട് അവിടേക്ക് ടൂറിസം വ്യവസായം കൊണ്ടുവന്നതും കായലുകളും പാടശേഖരങ്ങളും കയ്യേറി അതിനെ പുഷ്ടിപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്

കുട്ടനാട്ടില്‍ ഒരു പണക്കാരനുമില്ലെന്നും പണക്കാരൊക്കെ പണ്ടേ കാഞ്ഞിരപ്പിള്ളിയ്ക്ക് പോയെന്നുമാണ് ഒരുകാലത്ത് ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ച കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി നിയമസഭയില്‍ പറഞ്ഞത്. 2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് ചാണ്ടി ഇങ്ങനെ പറഞ്ഞത്. ഞങ്ങളുടെ നെല്‍ എന്നും പെരുമ്പാവൂരില്‍ കൊണ്ടുപോയി കുത്തേണ്ടെന്നും ഞങ്ങള്‍ എന്നും ദരിദ്ര നാരായണന്മാരായിരുന്നാല്‍ മതിയോയെന്നും അദ്ദേഹം ചോദിക്കുന്നു. അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ ചോദ്യത്തിന് മറുപടിയായാണ് തോമസ് ചാണ്ടി ഇങ്ങനെ പറഞ്ഞത്. നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്ത കുട്ടനാട്ടിലെ ഭൂമിയില്‍ പിന്നീട് കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്നും കൃഷി നടന്നോയെന്നും കുട്ടനാട്ടുകാരനായ താങ്കള്‍ വിശദീകരിക്കുമോയെന്ന് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

‘കുട്ടനാട്ടിലെ അഞ്ച് ഏക്കര്‍ സ്ഥലത്തിന് എറണാകുളത്തെ അര സെന്റിന്റെ വില പോലുമില്ല. ഞാന്‍ കുറച്ച് നിലം വാങ്ങാന്‍ പോയപ്പോള്‍ എന്റെ ജോലിക്കാരന്‍ പറഞ്ഞു സാറിന്റെ പേരില്‍ ഇപ്പോള്‍ 15 ഏക്കറായി കഴിഞ്ഞു. അതുകൊണ്ട് സാറിന്റെ പേരില്‍ വാങ്ങാന്‍ പറ്റില്ല. അനിയന്റെയോ ചേട്ടന്റെയോ പേരില്‍ വാങ്ങണമെന്ന്. അപ്പോള്‍ ഞാന്‍ ആലോചിച്ചു. എന്റെ കയ്യിലിരിക്കുന്ന 15 ഏക്കറിന് തേവരയിലെ ഒരു സെന്റിന്റെ വിലയല്ലേ ഉള്ളൂവെന്ന്. എറണാകുളത്ത് നിലം നികത്തിയവരെല്ലാം സമ്പന്നരായിരിക്കുന്നു. ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ ബുദ്ധിമുട്ടുണ്ട്. ഒരു നിയമം ഇവിടെ അടിച്ചേല്‍പ്പിക്കാന്‍ പോകുന്നു. ഞങ്ങളുടെ കുട്ടികള്‍ക്ക് തലചായ്ക്കണം. ഞങ്ങള്‍ക്ക് വ്യവസായം വേണ്ട, വില്‍ക്കേണ്ട, ഐടി പാര്‍ക്കൊന്നും വേണ്ട. ഞങ്ങള്‍ക്ക് ഇനിയും ആവശ്യങ്ങളുണ്ട്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വരികയാണെങ്കില്‍ ഞങ്ങള്‍ക്ക് കാലിവളര്‍ത്തലും കോഴി വളര്‍ത്തലുമൊക്കെ ഉണ്ടാകണം. ഞങ്ങള്‍ക്ക് റൈസ് മില്‍ വേണം. ഞങ്ങളുടെ നെല്‍ പെരുമ്പാവൂരില്‍ കൊണ്ടുപോയി കുത്തേണ്ട. ഞങ്ങള്‍ക്ക് വളരണ്ടേ? ഞങ്ങള്‍ എന്നും ദരിദ്ര നാരായണന്മാരായിരുന്നാല്‍ മതിയോ? കുട്ടനാട്ടില്‍ ഒരു പണക്കാരനുമില്ല. പണക്കാരൊക്കെ പണ്ടേ കാഞ്ഞിരപ്പള്ളിയിലേക്കും മറ്റും പോയി’

എന്നതായിരുന്നു തോമസ് ചാണ്ടിയുടെ മറുപടിയിലെ പ്രസക്തഭാഗം. ഇതേ നിയമസഭയില്‍ കുട്ടനാട്ടില്‍ തരിശായി കിടക്കുന്ന പാടശേഖരങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നപ്പോള്‍ അന്നത്തെ മന്ത്രി കെപി രാജേന്ദ്രനോട് തോമസ് ചാണ്ടി മന്ത്രി പറഞ്ഞ മറുപടി അതിലും രസകരമാണ്. ‘ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല. കുട്ടനാട്ടിന്റെ ഏക വരുമാനം കൃഷിയാണ്. അവിടെ നെല്‍കൃഷിയല്ലാതെ മറ്റൊന്നും കൃഷി ചെയ്യേണ്ടെന്ന നിയമമൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഇപ്പോള്‍ ടൂറിസം വളര്‍ന്നുവരുന്ന വ്യവസായമാണ്’. ഒരിക്കല്‍ കുട്ടനാട്ടില്‍ വ്യവസായം വേണ്ടെന്ന് പറഞ്ഞ ചാണ്ടി തന്നെയാണ് പിന്നീട് അവിടേക്ക് ടൂറിസം വ്യവസായം കൊണ്ടുവന്നതും കായലുകളും പാടശേഖരങ്ങളും കയ്യേറി അതിനെ പുഷ്ടിപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്.

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍