ക്യാമ്പസിനകത്തെ കാവിവല്‍ക്കരണത്തെക്കുറിച്ചുള്ള വാര്‍ത്തകളിലൂടെ നേരത്തേയും ചര്‍ച്ചയായിട്ടുള്ളതാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ത്തന്നെയുള്ള മദ്രാസ് ഐഐടി
സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണത്തിന് മദ്രാസ് ഐഐടി അധികൃതരുടെ വിലക്ക്. ഐഐടി മദ്രാസിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ കേരള കലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് നടത്താനിരുന്ന പ്രഭാഷണത്തിനാണ് അധികൃതര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചിരിക്കുന്നത്. ‘കലാ, സംസ്‌കാരം, രാഷ്ട്രീയം: നവകേരളത്തിന്റെ സാധ്യതകള്‍’ എന്ന വിഷയത്തിലാണ് കാലടി ശ്രീശങ്കരാചാര്യ കോളേജിലെ അധ്യാപകന്‍ കൂടിയായ സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം നടക്കാനിരുന്നത്. അക്കാദമികമായ പരിപാടിയല്ലാത്തതിനാലും, തെരഞ്ഞെടുപ്പു ചട്ട ലംഘനമാകുമെന്നതിനാലും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പരിപാടിയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് സമിതിയുടെ ഭാരവാഹികള്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍, ഈ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.
പ്രഭാഷണത്തിന്റെ വിഷയവും, പ്രഭാഷകനുമടക്കമുള്ള വിവരങ്ങള്‍ നേരത്തേ തന്നെ ഡീന്‍ അടക്കമുള്ളവര്‍ക്ക് കൈമാറിയിരുന്നതായും, ക്യാമ്പസിനകത്ത് പരിപാടി നടത്താനുള്ള വേദി മുന്‍കൂട്ടി അനുവദിച്ചു തന്നിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഡീനിന്റെ അനുമതിയോടെ ക്യാമ്പസിലും സമൂഹമാധ്യമങ്ങളിലും പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് രാവിലെ സുനില്‍ പി ഇളയിടം സ്ഥലത്തെത്തിക്കഴിഞ്ഞ ശേഷമാണ് വേദി അനുവദിക്കാനാവില്ലെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശമെത്തുന്നത്. അക്കാദമികമായ പരിപാടിയല്ലാത്തതിനാല്‍ അനുമതി നിഷേധിക്കുന്നുവെന്ന സന്ദേശം ലഭിച്ച ശേഷം ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, തെരഞ്ഞെടുപ്പു ചട്ട ലംഘനമാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും പൊലീസുമടക്കം നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് പരിപാടി വിലക്കിയതെന്ന വിചിത്രമായ വിശദീകരണമാണ് തങ്ങള്‍ക്കു ലഭിച്ചതെന്ന് കേരള കലാ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. തെരഞ്ഞെടുപ്പു കമ്മീഷനും പൊലീസും ഇടപെട്ടാണ് പരിപാടി വിലക്കിയതെന്ന വാദം വിശ്വസിക്കാനാകില്ലെന്നും, ഈ വിശദീകരണം ഡീനിന്റെ പക്കല്‍ നിന്നും രേഖാമൂലം വാങ്ങിക്കാന്‍ ശ്രമിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
‘പരിപാടിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് രജിസ്ട്രാറിനും ഡീനിനുമെല്ലാം ഇന്നലെ രാത്രി ആരൊക്കെയോ മെയിലുകള്‍ അയച്ചിട്ടുണ്ട്. സുനില്‍ പി ഇളയിടം കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നയാളാണ്, വിശ്വാസങ്ങളെ മാനിക്കാത്തയാളാണ്, മതവികാരം വ്രണപ്പെടുത്തുന്നയാളാണ് എന്നെല്ലാം സൂചിപ്പിച്ചുകൊണ്ടുള്ള മെയിലുകളാണ്. അതിലൊരു മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് ഞങ്ങള്‍ക്കു കിട്ടിയിട്ടുമുണ്ട്. ഫേക്ക് ഐഡിയാണോ എന്നൊന്നമറിയില്ല. ആരാണെന്ന് മനസ്സിലായിട്ടുമില്ല. ഞങ്ങള്‍ കണ്ട മെയിലിലെ ഉള്ളടക്കമിതാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടലിനെക്കുറിച്ച് അധികൃതര്‍ വിശദീകരണം എഴുതിത്തരാന്‍ ഇതുവരെ തയ്യാറായിട്ടുമില്ലാത്തതിനാല്‍ ഈ മെയിലുകളാണ് പരിപാടിക്ക് അനുമതി ലഭിക്കാതിരിക്കാനുള്ള കാരണമെന്ന് ന്യായമായും സംശയിക്കാമല്ലോ. രണ്ടാഴ്ച മുന്‍പാണ് പ്രകാശ് കാരാട്ട് ഇവിടെ വന്ന് സംസാരിച്ചു പോയത്. അന്നും പരിപാടിക്ക് അനുമതി ലഭിച്ചിരുന്നതാണ്. അന്നു പക്ഷേ തെരഞ്ഞെടുപ്പു ചട്ട ലംഘനം എന്ന വാദം ആരുമുയര്‍ത്തിയിരുന്നില്ല. അക്കാദമികമല്ലാത്ത പരിപാടിയായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് പറയുന്നതിലും കഴമ്പില്ല. സ്യൂഡോ സയന്‍സ് പ്രോത്സാഹിപ്പിക്കുന്നവരുടെ പരിപാടികളും ഹീലിംഗ് പോലുള്ള കാര്യങ്ങളും പല സംഘടനകളും ക്യാംപസ്സില്‍ നടത്താറുള്ളതാണ്.‘ ഇന്റഗ്രേറ്റഡ് എംഎ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ അജ്‌സല്‍ പറയുന്നു.
പ്രഭാഷണത്തില്‍ പങ്കെടുക്കാനായി ഇന്ന് ഉച്ചയ്ക്ക് തന്നെ അദ്ദേഹം ഐഐടി ക്യാമ്പസില്‍ എത്തുച്ചേരുകയും ചെയ്തു. എന്നാല്‍ വേദി അനുവദിക്കാനാകില്ലെന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്. കാരണമെന്താണെന്ന് തനിക്ക് അറിയില്ലെന്നും അനുമതി ലഭിച്ചിരുന്നതാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചതെന്നും അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെയും പോലീസിന്റെയും നിര്‍ദ്ദേശമാണ് വിലക്കിന് പിന്നിലെന്നാണ് പറയുന്നത്. എന്നാല്‍ ആരാണ് പരാതി കൊടുത്തതെന്നും തനിക്ക് അറിയില്ല. പെരുമാറ്റച്ചട്ടത്തിന്റെയൊക്കെ പേര് പറഞ്ഞായിരിക്കും ഇത്തരമൊരു പരാതി പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പസിനകത്ത് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ പരിപാടി ഉപേക്ഷിക്കാതെ മറ്റു സാധ്യതകള്‍ തേടുകയാണ് കേരള കലാ സമിതി. കേരള സമാജത്തിന്റെ വേദി പോലെ ക്യാമ്പസിനു പുറത്തുള്ള മറ്റു വേദികളും മുന്‍കൂട്ടി അറിയിക്കാതെ ലഭിക്കില്ലെന്നതിനാല്‍, പ്രഭാഷണം വീഡിയോ വഴി പുറത്തുവിടാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ക്യാമ്പസിനകത്തെ കാവിവല്‍ക്കരണത്തെക്കുറിച്ചുള്ള വാര്‍ത്തകളിലൂടെ നേരത്തേയും ചര്‍ച്ചയായിട്ടുള്ളതാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ത്തന്നെയുള്ള മദ്രാസ് ഐഐടി. മാംസാഹാരികള്‍ക്കും സസ്യാഹാരികള്‍ക്കും വെവ്വേറെ ഇരിപ്പിടങ്ങളും മറ്റും മെസ്സുകളില്‍ സജ്ജീകരിച്ചതിന്റെ പേരില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഈയിടെ ക്യാമ്പസില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു.