UPDATES

ട്രെന്‍ഡിങ്ങ്

കേരള കേന്ദ്രസര്‍വകലാശാലയിലെ ‘പകപോക്കല്‍ കര്‍ഫ്യൂ’: നാല് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി

വിവിധ വിഷയങ്ങളില്‍ സര്‍വ്വകലാശാലക്കെതിരെയുള്ള സമരങ്ങള്‍ നയിച്ചിട്ടുള്ളവരാണ് ഈ നാല് പേരും

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് വരുന്നതത്രയും സുഖമുള്ള വാര്‍ത്തകളല്ല. ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിനൊട്ടാകെയും മാതൃകയാകേണ്ട സര്‍വ്വകലാശാലയാണിത്. എന്നാല്‍ സ്വാതന്ത്യവും പ്രബുദ്ധതയുമുള്ള ഒരു അന്തരീക്ഷം രൂപീകരിക്കുന്നതിന് പകരം പകപോക്കല്‍ നടപടികള്‍ക്കും സദാചാര പോലീസിങ്ങിനുമൊക്കെയാണ് സര്‍വ്വകലാശാല അധികൃതര്‍ക്ക് താല്‍പര്യം. ഏറ്റവും ഒടുവിലായി കാരണങ്ങള്‍ പരിശോധിക്കുകയോ നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെ നാല് പേരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരിക്കുന്നു.

ശില്‍പ, അഭിനന്ദ്, റാം, സുബ്രഹ്മണ്യന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് ഇപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഇതിനു ശേഷം അന്നപൂര്‍ണ്ണി എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ അന്വേഷണങ്ങളോ സസ്‌പെന്‍ഷനോ ഒന്നുമില്ലാതെ നേരിട്ട് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് അന്നപൂര്‍ണ്ണിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയപ്പോഴും ഹോസ്റ്റലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നപ്പോഴും സമരത്തിന് ഇറങ്ങിയതില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ഈ വിദ്യാര്‍ത്ഥികള്‍. ‘ബ്രേക്ക് ദ കര്‍ഫ്യൂ’ എന്നാണ് എട്ട് മണിക്ക് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കയറ്റി അടക്കുന്ന സംവിധാനത്തിനെതിരെ ഇവര്‍ ചുവരില്‍ എഴുതിയിടാറുള്ളത്. അതേ കര്‍ഫ്യൂ നിയമങ്ങള്‍ പ്രകാരമാണ് ഇപ്പോഴത്തെ നടപടി.

ഈ നാലു പേരെ പുറത്താക്കിക്കൊണ്ട് രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇങ്ങനെയാണ്, “ശില്‍പ എന്ന പെണ്‍കുട്ടിയും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കബനി വുമണ്‍സ് ഹോസ്റ്റലില്‍ വന്ന് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കണമെങ്കില്‍ ഒമ്പത് മണിക്ക് ശേഷം ഹോസ്റ്റ്‌ലില്‍ കയറുന്നത് ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കാന്‍ വാര്‍ഡന്‍ ആവശ്യപ്പെടുകയും ശില്‍പ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ഡനും സെക്യൂരിറ്റിക്കും നേരെ അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിക്കുകയും പുലരും വരെ ശില്‍പയും മറ്റ് ആണ്‍കുട്ടികളും കറങ്ങി നടക്കുകയും ചെയ്തു. കൂടാതെ ഇവര്‍ പെയിന്റ് ഉപയോഗിച്ച് മതിലും പരിസരവും നശിപ്പിക്കുകയുമുണ്ടായി. ഇവര്‍ സ്ഥിരമായി ഹോസ്റ്റലില്‍ പ്രശ്‌നമുണ്ടാക്കുകയും ഹോസ്റ്റല്‍ നിയമങ്ങള്‍ ലംഘിക്കുകയും യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ഇവയെല്ലാം സി.സി.ടി.വി യില്‍ പതിഞ്ഞിട്ടുമുണ്ട്.”

എട്ടു മണിക്ക് കയറണമെന്നാണ് ഹോസ്റ്റലിലെ നിയമം. എന്നാലിത് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രമാണ്. ആണ്‍കുട്ടികള്‍ക്കിത് ബാധകമല്ലേ എന്ന് പുറത്താക്കപ്പെട്ടവരില്‍ ഒരാളായ ശില്‍പ ചോദിക്കുന്നു. പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ & പോളിസി സ്റ്റഡീസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശില്‍പ. ”ഈ മാസം ഒമ്പതാം തിയ്യതിയാണ് സംഭവം. രാത്രി കാംപസില്‍ ചുവരെഴുത്ത് കഴിഞ്ഞെത്തിയപ്പോള്‍ സമയം വൈകിയിരുന്നു. അകത്തേക്ക് കയറാനാകില്ലെന്ന് പറഞ്ഞപ്പോള്‍ കുഴപ്പമില്ല പുറത്ത് ഇരുന്നോളാം എന്ന് ഞാനും പറഞ്ഞു. ഇതിനിടക്ക് എന്റെ അച്ഛനേയും ഹോസ്റ്റല്‍ വാര്‍ഡനെയുമെല്ലാം കെയര്‍ടേക്കര്‍ വിളിച്ച് സംസാരിച്ചു. എച്ച്.ഒ.ഡിയെ കൂടി വിളിക്കണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തേയും വിളിച്ച് കാര്യങ്ങള്‍ സംസാരിച്ച് വെച്ചതാണ്. ഉറക്കത്തിനിടയില്‍ ഇവരെയൊക്കെ ശല്യപ്പെടുത്തേണ്ട കാര്യമെന്താണെന്നറിയില്ല. എന്നെ കയറ്റിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞപ്പോഴാണ് ഇനി ഒരിക്കലും വൈകി വരില്ലെന്ന് എഴുതിത്തരാന്‍ ആവശ്യപ്പെട്ടത്. താമസിച്ചു വന്നതിന് വിശദീകരണമോ മാപ്പോ ഒന്നുമല്ല. ഇനിയൊരിക്കലും വൈകില്ലെന്നാണ് എഴുതിത്തരാന്‍ പറഞ്ഞത്. അത് നമുക്ക് എങ്ങനെയാ പറയാന്‍ പറ്റുക? പരീക്ഷയും സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ ഉള്ളതാണ്. ഇത് പറ്റില്ലെങ്കില്‍ കയറ്റാനാകില്ലെന്ന് കെയര്‍ ടേക്കല്‍ ആവര്‍ത്തിച്ചു. അവര്‍ മാന്യമായാണ് സംസാരിച്ചത്. പിന്നെ ഞാനും അവിടെ കിടന്നോളാമെന്ന് പറഞ്ഞു. തിരിച്ചു പോയ സുഹൃത്തുക്കള്‍ അപ്പോള്‍ തിരിച്ചു വന്നിരുന്നു. ആ സമയത്ത് മോറല്‍ പോലീസിങ്ങിനെതിരെയും ബ്രേക്ക് ദ കര്‍ഫ്യു മുദ്രാവാക്യങ്ങളും എഴുതി. അവര്‍ തിരിച്ചു പോകുകയും ചെയ്തു. അഞ്ച് മണിക്ക് സെക്യൂരിറ്റി എന്നെ വിളിച്ചുണര്‍ത്തി അകത്ത് പോയി ഉറങ്ങിക്കോളൂ എന്നു പറഞ്ഞു. ഇതിനിടയിലൊന്നും ഞങ്ങള്‍ മോശമായി സംസാരിക്കുകയോ വാക്കേറ്റം ഉണ്ടാകുകയോ ഒന്നും ചെയ്തിട്ടില്ല.” ശില്‍പ പറയുന്നു.

വാര്‍ഡനെ അന്നേ ദിവസം വിദ്യാര്‍ത്ഥികള്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അതേ ആളോടാണ് അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനിടക്ക് ഹോസ്റ്റലില്‍ വൈകാനുള്ള കാരണങ്ങള്‍ ചോദിച്ച് ശില്‍പക്ക് അധികൃതരില്‍ നിന്ന് മെയില്‍ വന്നിരുന്നു. മുമ്പും വൈകിയിട്ടുള്ളതിന്റെ ഉള്‍പ്പെടെ കാരണങ്ങള്‍ മറുപടിയും അയച്ചു. ഇതില്‍ ഏതെങ്കിലും പ്രത്യേക ദിവസം വൈകിയതിനെ കുറിച്ച് പരാമര്‍ശമേ ഉണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ച് പതിനേഴിനാണ് ശില്‍പക്ക് മെയില്‍ ലഭിക്കുന്നത്. ഇതോടൊപ്പം തന്നെ മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളേയും പുറത്താക്കി. ഏതെങ്കിലും തരത്തില്‍ കാരണം കാണിക്കാനുള്ള നോട്ടീസുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. അന്വേഷണ കമ്മീഷനെ നിയമിക്കുകയോ അതിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുകയോ ചെയ്തിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചിട്ടുണ്ടെന്നാണ് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് നേരെ വെക്കുന്ന മുഖ്യ ആരോപണമായ മോശം വാക്കുകള്‍ ഉപയോഗിച്ചു എന്ന കാര്യം ശബ്ദമില്ലാത്ത സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുകയുമില്ല.

വിവിധ വിഷയങ്ങളില്‍ സര്‍വ്വകലാശാലക്കെതിരെയുള്ള സമരങ്ങള്‍ നയിച്ചിട്ടുള്ളവരാണ് ഈ നാല് പേരും. അത് കൊണ്ട് തന്നെ പ്രതികാരനടപടിയായാണ് ഈ നീക്കമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ”പരീക്ഷക്ക് തൊട്ടു മുമ്പേ സര്‍വ്വകലാശാലയില്‍ പാചകക്കാരെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടക്കുന്നുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ അഴിമതി മൂലം യു.ജി.സി അനധികൃതമായി ജോലിക്കെടുത്ത സ്റ്റാഫിനെ പിരിച്ചു വിടാന്‍ ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായി ജോലിക്കെടുത്തവരെ പിരിച്ചു വിടുന്നതിന് പകരം കൃത്യമായ നിയമനം ലഭിച്ചിട്ടുള്ള പാചകക്കാരെ പിരിച്ചു വിടുന്ന നീക്കമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ ഒരാഴ്ച നീണ്ട നിരാഹാര സമരം നടത്തി. ആ സമരം അവസാനിപ്പിച്ചത് പൂര്‍ണ്ണമായും ആവശ്യങ്ങള്‍ നേടിയിട്ടായിരുന്നില്ല. കളക്ടറുമായുള്ള ചര്‍ച്ചയില്‍ മൂന്ന് പേരെ തിരിച്ചെടുക്കാന്‍ തീരുമാനമായിരുന്നു. പരീക്ഷക്കും അവധിക്കും ശേഷം സമരം തുടരാനായിരുന്നു ഞങ്ങളുടെ തീരുമാനം. യൂണിവേഴ്‌സിറ്റിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ശേഖരിച്ചും വരികയായിരുന്നു. ആ സമരം പൊളിക്കാനായി വിദ്യാര്‍ത്ഥികളില്‍ ഭീതി ഉണ്ടാക്കാനാണ് ഞങ്ങള്‍ക്കെതിരെയുള്ള നീക്കം.” പുറത്താക്കപ്പെട്ടവരില്‍ ഒരാളായ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്&പൊളിറ്റിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സുബ്രഹ്മണ്യന്‍ പറയുന്നു.

മദ്യപിച്ച് ഹോസ്റ്റലില്‍ എത്തി പ്രശ്‌നം ഉണ്ടാക്കിയതിനും ചുവരെഴുത്ത് നടത്തിയതിനുമാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതെന്ന് സര്‍വ്വകലാശാല അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. സി.സി.ടി.വി തെളിവായുള്ളപ്പൊള്‍ മെമ്മോ കൊടുക്കേണ്ട ആവശ്യമില്ലെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എം. രാധാകൃഷ്ണന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്നേ ദിവസം ആരും മദ്യപിച്ചിട്ടുണ്ടായാരുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത തന്നെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ വെക്കുന്നതും സമരങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നതിന്റെ വൈരാഗ്യം തീര്‍ക്കലാണെന്ന് ശില്‍പ ആവര്‍ത്തിച്ചു.

വേനല്‍ അവധി കഴിഞ്ഞ് സര്‍വ്വകലാശാല പ്രവര്‍ത്തനം തുടങ്ങുന്ന മുറയ്ക്ക് വൈസ് ചാന്‍സലര്‍ക്ക് അപ്പീല്‍ നല്‍കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍