UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടകയില്‍ യെച്ചൂരി വരുമോ?

എംപിമാരുടെ എണ്ണം കൊണ്ടല്ല, അനിവാര്യമായ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടാണ് മുമ്പും സിപിഎം ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിച്ചിട്ടുള്ളത്

ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണേന്ത്യ പിടിച്ചെടുക്കാമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയത് ആഘോഷമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ നേതാക്കളെ കുമാരസ്വാമി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.

എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്‌, തെലുങ്കാന രാഷ്ട്ര സമിതി നേതാവ് ചന്ദ്രശേഖര്‍ റാവു തുടങ്ങിയ പ്രമുഖര്‍ കര്‍ണാടകയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ബിജെപിയെ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ നേരിടാനുള്ള ആത്മവിശ്വാസമാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൈവന്നിരിക്കുന്നത്. കര്‍ണാടകയിലെ സത്യപ്രതിജ്ഞാ വേദി ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ മഹാസഖ്യത്തിന്റെ ഒത്തുചേരലായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം സിപിഎം ഈ സഖ്യത്തോടൊപ്പമുണ്ടാകുമോയെന്ന ചോദ്യവും അതിനിടയില്‍ ഉയരുന്നുണ്ട്.

ബിജെപി വിരുദ്ധ നീക്കം ശക്തിപ്പെടുത്താനാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തത്വത്തില്‍ തീരുമാനമായത്. പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ച് കര്‍ണാടക തെരഞ്ഞെടുപ്പ് ആശയവിനിമയത്തിനുള്ള ഒരു പൊതുവേദിയാണ് ഒരുക്കിയത്. ഈ പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേരാനുള്ള ഉത്തരവാദിത്വം തീര്‍ച്ചയായും സിപിഎമ്മിനുണ്ട്. പ്രത്യേകിച്ചും തങ്ങള്‍ക്ക് അധികാരമുള്ള ഏക സംസ്ഥാനമായ കേരളത്തിലെ സഖ്യകക്ഷി ജെഡിഎസ് ആണ് കര്‍ണാടകയില്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് എന്ന സാഹചര്യത്തില്‍. 2019ലെ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് സഖ്യമുണ്ടാക്കുന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും പ്രധാന നീക്കം. തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കിയപ്പോള്‍ കര്‍ണാടകയില്‍ ബിജെപിയെ അധികാര മോഹത്തില്‍ നിന്നും ആട്ടിപ്പായിക്കാന്‍ സാധിച്ചെന്നത് നിസാര കാര്യമായി കോണ്‍ഗ്രസോ മറ്റ് ബിജെപി വിരുദ്ധ പാര്‍ട്ടികളോ കരുതാന്‍ ഇടയില്ല. ഇവിടെ ഈ സഖ്യത്തെ കോര്‍ത്തിണക്കാന്‍ യെച്ചൂരിയ്ക്ക് എങ്ങനെ സാധിക്കുമെന്നത് നിര്‍ണായകമാണ്. കാരണം മതേതര സഖ്യത്തെ ഒന്നിച്ചു നിര്‍ത്തേണ്ടത് ഇവിടുത്തെ ഇടതു പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണ്.

പൊതുതെരഞ്ഞെടുപ്പില്‍ സിപിഎം എത്ര സീറ്റുകള്‍ നേടുമെന്ന ചിന്തയ്ക്ക് ഇവിടെ പ്രസക്തിയില്ല. കാരണം എംപിമാരുടെ എണ്ണം കൊണ്ടല്ല, അനിവാര്യമായ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടാണ് മുമ്പും സിപിഎം ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിച്ചിട്ടുള്ളത്. 2004ല്‍ രാജ്യത്തെ ബിജെപിയുടെ തേരോട്ടം തടയുന്നതില്‍ സിപിഎം വഹിച്ച പങ്ക് മാത്രം ഓര്‍ത്താല്‍ അക്കാര്യം വ്യക്തമാകും. കോണ്‍ഗ്രസിന് 145 സീറ്റുകള്‍ മാത്രമാണ് ഉള്ളതെന്ന് വന്നപ്പോള്‍ നമ്പര്‍ 10 ജനപഥിലെത്തി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തുകയും മുലായം സിംഗ്, ലാലുപ്രസാദ് യാദവ്, എം കരുണാനിധി തുടങ്ങിയ നേതാക്കളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തത് ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത് ആണ്. സുര്‍ജിത്തിന്റെ ആ ചാണക്യ ബുദ്ധിയാണ് അന്ന് കോണ്‍ഗ്രസിനെ അധികാരത്തിലെച്ചത്. അന്ന് സുര്‍ജിത്തിന്റെ ഈ കളികള്‍ അടുത്തു നിന്ന് കണ്ട നേതാവാണ് യെച്ചൂരി. ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം എക്കാലത്തും സിപിഎമ്മിനുണ്ട്. അന്നത്തേതില്‍ നിന്നും ഏറെ ക്ഷീണിച്ച് പോയിട്ടുണ്ടെങ്കിലും പ്രത്യയശാസ്ത്ര പരമായി വര്‍ഗീയ രാഷ്ട്രീയത്തെയാണ് സിപിഎം എതിര്‍ക്കുന്നത്.

കൂടാതെ കര്‍ണാടകത്തില്‍ നടന്ന ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നിലും സിപിഎമ്മും യെച്ചൂരിയുമുണ്ടെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റും ന്യൂസ് 18ഉം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടില്ലെന്ന് വോട്ടെണ്ണലിന് മുമ്പ് തന്നെ ഉറപ്പായതോടെ മതേതര സഖ്യത്തിനൊപ്പം നില്‍ക്കണമെന്ന് എച്ച്ഡി ദേവഗൗഡയെ യെച്ചൂരി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതാണ് ബിജെപിയ്ക്ക് യാതൊരു സാധ്യതയുമില്ലാത്ത വിധത്തില്‍ വളരെ പെട്ടെന്ന് തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സാധ്യമാക്കിയതെന്നായിരുന്നു ആ റിപ്പോര്‍ട്ട്. ഒരു സംസ്ഥാനത്ത് മാത്രം മേല്‍വിലാസമുള്ള പാര്‍ട്ടിയെന്ന് അധിക്ഷേപിക്കുമ്പോഴും ബിജെപി എന്തുകൊണ്ട് സിപിഎമ്മിനെ ഭയപ്പെടുന്നുവെന്ന് ഈ രണ്ട് സംഭവങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്.

ബുധനാഴ്ച കര്‍ണാടകത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തില്‍ നിന്നുമാണ് മഹാസഖ്യത്തിന്റെ അംഗബലം എത്രയായിരിക്കുമെന്ന് വ്യക്തമാകുക. ഇവരെയെല്ലാം ഒത്തിണക്കാന്‍ സിപിഎമ്മിന് ഇനിയും സാധിക്കുമോയെന്നതിന് അനുസരിച്ചിരിക്കും 2019 ലെ ബിജെപിയുടെ വിധി.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കര്‍ണാടകയില്‍ വകുപ്പ് വിഭജന തര്‍ക്കം; “ഇത് ചെറുത്, ഇപ്പ ശരിയാക്കി തരാം” എന്ന് കുമാരസ്വാമി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍