UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ പ്രസംഗം കേള്‍പ്പിക്കൂ, വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ വഴിത്തിരിവാകട്ടെ; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 11നാണ് രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധനം ചെയ്തു സംസാരിക്കുന്നത്‌

സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാര്‍ത്ഥികളെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിയുടെ ഈ പ്രസംഗം പ്രൊജക്ടറുകളും സ്‌ക്രീനും വച്ചോ അല്ലെങ്കില്‍ ടിവി വച്ചോ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ വഴിത്തിരിവാകും ഈ പ്രസംഗമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍) ചെയര്‍മാന്‍ വിഎസ് ചൗഹാനും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍ ഉപദേഷ്ടാവ് രാജീവ്കുമാറുമാണ് സര്‍വകലാശാലകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഐഐടികളും ഐഐഎമ്മുകളുമടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ സ്റ്റുഡന്റ്‌സ് ലീഡേഴ്‌സ് കണ്‍വെന്‍ഷനിലാണ് മോദി അനുസ്മരണ പ്രസംഗം നടത്തുക. ‘Young lndia, New lndia – A Resurgent Nation: from Sankalp to Siddhi’ എന്ന വിഷയത്തിലാണ് പരിപാടി. സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ക്ക് സമകാലീന ഇന്ത്യയിലുള്ള പ്രസക്തിയെപ്പറ്റി മോദി സംസാരിക്കുമെന്നാണ് കത്തുകളില്‍ യുജിസി ചെയര്‍മാനും ടെക്‌നിക്കല്‍ എജുക്കേഷന്‍ കൗണ്‍സില്‍ ഉപദേഷ്ടാവും പറയുന്നത്. വിദ്യാര്‍ത്ഥികള്‍ നേടേണ്ട ആത്മീയ ഉന്നതിയ പറ്റിയും പ്രധാനമന്ത്രി സംസാരിക്കും. വിവേകാനന്ദനെ കുറിച്ചും ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാദ്ധ്യായയെക്കുറിച്ചുമുള്ള വീഡിയോ ചിത്രങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍