UPDATES

സിനിമാ വാര്‍ത്തകള്‍

നിങ്ങളുടെ അവാര്‍ഡുകള്‍ എനിക്ക് വേണ്ട, നിങ്ങളുടെ അഭിനയം എന്നോട് വേണ്ട: മോദിയോട് പ്രകാശ് രാജ്‌

“ഞാന്‍ അത്യാവശ്യം അറിയപ്പെടുന്നൊരു നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് കണ്ടാല്‍ എനിക്ക് മനസിലാവില്ലെന്ന് കരുതിയോ?” – ബംഗളൂരുവില്‍ ഡിവൈഎഫ്‌ഐയുടെ 11ാമത് സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവേയാണ് മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ് രംഗത്തെത്തിയത്.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോഴും മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊട്ടിത്തെറിച്ച് നടന്‍ പ്രകാശ് രാജ്. ബംഗളൂരുവില്‍ ഡിവൈഎഫ്‌ഐയുടെ 11ാമത് സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവേയാണ് മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ് രംഗത്തെത്തിയത്. തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുമെന്ന് പ്രകാശ് രാജ് പറഞ്ഞു.

ഗൗരിയുടെ കൊലയാളികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനേക്കാള്‍ അസ്വസ്ഥമാക്കുന്ന കാര്യം അവരുടെ മരണം ചിലര്‍ ആഘോഷിക്കുന്നു എന്നാണ്. ഗൗരിയുടെ കൊലയാളികളെ നമുക്ക് കാണാന്‍ കഴിയുന്നുണ്ടാവില്ല. എന്നാല്‍ എന്നാല്‍ ആരാണ് വിഷം പരത്തുന്നത് എന്ന് നമുക്കറിയാം. പ്രധാനമന്ത്രി ഫോളോ ചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ട്. ഇത്തരം കാര്യങ്ങളോട് കണ്ണടക്കുകയാണ് പ്രധാനമന്ത്രി. എനിക്ക് കിട്ടിയ അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ നിങ്ങള്‍ തന്നെ കയ്യില്‍ വച്ചോളൂ. എനിക്ക് വേണ്ട. നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്നൊന്നും പറഞ്ഞ് എന്റടുത്തേക്ക് വരണ്ട. ഞാന്‍ അത്യാവശ്യം അറിയപ്പെടുന്നൊരു നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് കണ്ടാല്‍ എനിക്ക് മനസിലാവില്ലെന്ന് കരുതിയോ. എന്താണ് സത്യം, എന്താണ് അഭിനയം എന്ന് എനിക്ക് കൃത്യമായി മനസിലാകും. അങ്ങനെയുള്ള എന്നെ നിങ്ങള്‍ ചെറുതായി കാണരുത് – പ്രകാശ് രാജ് പറഞ്ഞു.

നമ്മള്‍ എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കൊലപാതകം നടത്തിയവരെ പിടികൂടുക എന്നത് പൊലീസിന്റേയും സിബി-സിഐഡിയുടേയും ഒക്കെ ജോലിയാണ്. പക്ഷെ ഒരു രാജ്യമെന്ന നിലയ്ക്ക്, ഈ രാജ്യത്തെ പൗരന്മാരെന്ന് നിലയ്ക്ക് നമ്മളെ ആര് ഭരിക്കണം എന്ന് നമ്മള്‍ തീരുമാനിക്കുന്ന പ്രശ്‌നമുണ്ട്. ആരാണ് നയരൂപീകരണം നടത്തേണ്ടത്. ആരാണ് ഇത്തരമൊരു അസഹിഷ്ണുതയുടെ സാഹചര്യം രാജ്യത്തുണ്ടാക്കിയത്. ഈ ഭീരുക്കള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ മനസാക്ഷിയെ വെല്ലുവിളിക്കുകയാണവര്‍ – പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തായിരുന്നു ഗൗരി ലങ്കേഷ്. ഇരുവരും തമ്മില്‍ മുപ്പത് വര്‍ഷത്തെ സൗഹൃദബന്ധമുണ്ട്. ഗൗരിയുടെ പിതാവ് ലങ്കേഷ് ഞങ്ങളുടെയൊക്കെ ഗുരുവായിരുന്നു. ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. എനിക്ക് ഗൗരിയെ 35 വര്‍ഷമായി അറിയാം – പ്രകാശ് നേരത്തെ റിപ്പബ്ലിക് ടിവിയോട് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍