UPDATES

ഓപ്പറേഷൻ വിജയ് മുതൽ മിന്നലാക്രമണം വരെ; പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടികൾ

മുൻപും ഇത്തരം വൻ ആക്രമണങ്ങൾ അരങ്ങേറിയപ്പോഴെല്ലാം ശക്തമായ തിരിച്ചടികളും സൈനീക നീക്കങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടണ്ട്.

കശ്മീരിലെ പുൽവാമയിൽ‌ 43 സൈനികർ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണം ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ് ഷെ മുഹമ്മദ് എന്ന സംഘടന ഏറ്റെടുക്കുമ്പോഴും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്ഥാനാണെന്ന വാദം ശക്തി പ്രാപിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ നിന്നുൾപ്പെടെ പാക്കിസ്ഥാനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സംഭവത്തിൽ ശക്തമായ താക്കീതാണ് ഇന്ത്യ പാക്കിസ്ഥാന് നൽകിയിട്ടുള്ളത്. ഭീകരര്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അതിനിടെ, സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം പാക്കിസ്ഥാന്റെ സൗഹൃദ രാഷ്ട്രപദവി പിൻവലിച്ചു. പുല്‍വാമ ഭീകരാക്രമണത്തിലൂടെ പാക്കിസ്ഥാൻ വലിയ തെറ്റ് ചെയ്തിരിക്കുകയാണ് എന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഭീകരാക്രണത്തിന്റെ ആസൂത്രകര്‍ വലിയ വില നല്‍കേണ്ടി വരും. സൈന്യത്തിന് ശക്തമായി തിരിച്ചടിക്കാന്‍ എല്ലാ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ് എഎന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിസഭ സമിതി യോഗത്തിന് (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) ശേഷം ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് മുൻപും ഇത്തരം വൻ ആക്രണങ്ങൾ അരങ്ങേറിയപ്പോഴെല്ലാം ശക്തമായ തിരിച്ചടികളും സൈനിക നീക്കങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ നൽകിയ മറുപടികൾ പലതും ചരിത്രത്തിൽ ഇടം പിടിച്ചവയുമാണ്. അവയിൽ ചിലത്.

1999: കാർഗിൽ യുദ്ധം (ഓപറേഷൻ വിജയ്)
അതിര്‍ത്തി ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താൻ പട്ടാളവും തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതോടെയാണ് കാർഗിലിൽ ഇന്ത്യ തുറന്ന യുദ്ധത്തിനു മുതിർന്നത്. 1999 മെയ് മുതൽ ജൂലൈ വരെയായിരുന്നു ഏറ്റുമുട്ടൽ. നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താൻ പട്ടാളവും തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. ഇന്ത്യൻ വായുസേനയുടെ പിന്തുണയോടെ കരസേനയാണ് കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയത്.

200,000 സേനാംഗങ്ങൾ ഉൾപ്പെട്ട ഓപറേഷൻ വിജയ് എന്ന പദ്ധതിയിലൂടെയാണ് ഇന്ത്യ അന്ന് തിരിച്ചടിച്ചത്. ആയിരക്കണക്കിനു ഇന്ത്യൻ അർദ്ധസൈനികര്‍ പ്രശ്നബാധിത പ്രദേശത്ത് വിന്യസിക്കപ്പെട്ടു. കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്ഥാനെ നിർബന്ധിതമാക്കി. നിയന്ത്രണ രേഖ ലംഘിക്കാതെ ഇന്ത്യൻ അതിർത്തിക്ക് ഉള്ളിൽ നിന്നുകൊണ്ടായിരുന്നു അന്ന് ഇന്ത്യ യുദ്ധം നയിച്ചത്.

ഔദ്യോഗിക ഇന്ത്യൻ കണക്കുകൾ പ്രകാരം കാർഗിൽ യുദ്ധത്തിൽ 527 പേർ കൊല്ലപ്പെട്ടു. 1,363 പേർക്ക് പരിക്കേറ്റതായും ഇന്ത്യൻ അധികൃതർ പറയുന്നു. 4000 പേർ വരെ കൊല്ലപ്പെട്ടതായാണ് പാക്കിസ്താൻ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. 665-ൽ അധികം പാക്കിസ്ഥാന്‍ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

2001: പാർലമെന്റ് ആക്രമണം ( ഓപ്പറേഷൻ പരാക്രം 2001-02)

2001 ഡിസംബർ 13നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റിന് നേരെ ആക്രമണ നടത്തിയത്. സംഭവത്തിൽ അഞ്ച് തീവ്രവാദികൾ ഉൾപ്പെടെ 14 പേരാണ് മരിച്ചത്. ആറ് ഡെൽഹി പോലീസ് സേനാംഗങ്ങൾ, രണ്ട് പാർലമെന്റ് സർവീസ് ഉദ്യോഗസ്തർ ഒരു ഗാർഡനറും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന് നേരെ നടന്ന ആക്രമണത്തിൽ അന്നത്തെ വാജ്പേയ് ഗവൺമെന്റ് ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തും. ഓപ്പറേഷൻ പരാക്രം എന്ന പേരിലായിരുന്നു അന്നത്തെ നടപടികൾ പുരോഗമിച്ചത്.

 ഓപ്പറേഷൻ പരാക്രം 2001-02:

പാർലമെന്റ് ആക്രമണത്തിന് പിറകെ ശക്തമായ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ പരാക്രമിലൂടെ ഇന്ത്യ നൽകിയത്. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളായ ശേഷം ഇരുരാജ്യങ്ങളും നിയന്ത്രണ രേഖയിൽ നേരിട്ട് ഏറ്റുമുട്ടലിന് തയ്യാറെടുത്തതായിരുന്നു ഈ സംഭവം. വൻ സൈനിക വിന്യാസമായിരുന്നു അതിർത്തിയിൽ ഇന്ത്യ നടത്തിയത്. വ്യോമ സേനയ്ക്കും നാവിക സേനയ്ക്കും അതീവ ജാഗ്രതാ നിർദേശവും നൽകി. യുദ്ധ സന്നദ്ധരായി മാസങ്ങളോളം സൈനികർ അതിർത്തിയിൽ സജ്ജമായി. 1998 ൽ കാർഗിൽ യുദ്ധത്തിനുശേഷം നടന്ന ഏറ്റവും നിർണ്ണായകമായ സൈനിക നീക്കമായി ഇതു കണക്കാക്കപ്പെടുന്നു.

2002 ജനുവരിയിൽ ഇന്ത്യാ-പാകിസ്താൻ നിയന്ത്രണ രേഖക്കരികിലേക്ക് ഏതാണ്ട് അഞ്ചുലക്ഷത്തോളം സൈനിരെയാണ് ഇന്ത്യ നിയോഗിച്ചത്. പാകിസ്താൻ മൂന്നു ലക്ഷത്തോളം സൈനികരെയും വിന്യസിച്ചു. നടപടി ഇന്ത്യാ-പാകിസ്താൻ തർക്കം ഒരു ആണവയുദ്ധത്തിലേക്കു വഴിവെച്ചേക്കാമെന്ന് വിലയിരുത്തലിനെ തുടന്ന് അന്താരാഷ്ട്ര ഇടപെടലുകളും സജീവമായി. അന്താരാഷ്ട്ര ചർച്ചക്കൾക്കവസാനം, ഇരു രാജ്യങ്ങളും നിയന്ത്രണരേഖയിൽ നിന്നും സൈന്യത്തെ പിൻവലിക്കുകയായിരുന്നു.

ഓപ്പറേഷൻ പരാക്രമിന്റെ ഭാഗമായി 789-ഓളം ഇന്ത്യൻ സൈനികർ ഈ കൊല്ലപ്പെട്ടതായാണ് കണക്ക്. 2000ത്തോളം പട്ടാളക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. മൈൻ വിന്യാസത്തിലെ അപകടങ്ങളിലും വിന്യാസ പരിശീലനത്തിനിടയിലുമായിരുന്നു ഇത്രയും പട്ടാളക്കാർ മരിച്ചത്.

2008: മുംബൈ ഭീകരാക്രമണം 

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിൽ 2008 നവംബർ 26നായിരുന്നു 10 ഭീകരാക്രമണങ്ങൾ നടന്നത്. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം രാജ്യം കണ്ട ഏറ്റവും വലിയ കമാൻഡോ ഓപ്പറേഷന് ശേഷം ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിച്ചു. ഓപ്പറേഷന്‍ നവംബർ 29 വരെ നീണ്ടു.

ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ്, ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്; മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വാർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്.

പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ തോയ്‌ബ എന്ന ഭീകരവാദി സംഘടനയാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ വിലയിരുത്തൽ. ആക്രമണങ്ങളിൽ 21 വിദേശികളടക്കം ഏതാണ്ട് 160ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒൻപത് തീവ്രവാദികളും ഉള്‍പ്പെടുന്നു. ഒൻപത് പേരെ അറസ്റ്റ് ചെയ്തു.

ആക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബ് പാകിസ്ഥാൻകാരനെന്ന് സ്ഥിരീകരിച്ചത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും കടുത്ത വിള്ളൽ സൃഷ്ടിച്ചു. ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ ആരോപിച്ചു. തിരിച്ചടിക്ക് ഇന്ത്യ തയ്യാറെടുത്തെങ്കിലും കൃത്യമായ ലക്ഷ്യങ്ങൾ ഇല്ലാത്തതും, പരസ്യമായ ആക്രമണത്തിന് മുതിർന്നാൽ വിഷയം കൈവിട്ടു പോവുകയും ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പിന്നീട് സൈനിക നീക്കങ്ങൾ ഉണ്ടായില്ല.

2016: പഠാൻകോട്ട് ആക്രമണം 

പശ്ചിമ എയർ കമാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ 2016 ജനുവരി രണ്ടിന് ആക്രമിക്കപ്പെട്ടു. ഇന്ത്യൻ കരസേനയുടെ യൂണിഫോം അണിഞ്ഞാണ് തീവ്രവാദികൾ എത്തിയത്. 2 തീവ്രവാദികളും 3 സുരക്ഷാസൈനികരും കൊല്ലപ്പെട്ടു. ഏകദേശം 17 മണിക്കൂർ പോരാട്ടം നീണ്ടു നിന്നു. ജയ്‌ഷെ-ഇ-മുഹമ്മദ് എന്ന തീവ്രവാദിസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർക്കുകയെന്ന് ലക്ഷ്യത്തോടെ എത്തിയ സംഘത്തെ പഞ്ചാബ് പോലീസ്, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, കരസേന, വായുസേന, ദേശീയ സുരക്ഷാസേന എന്നിവർ സംയുക്തമായാണ് നേരിട്ടത്.

ഇന്ത്യ- പാക് സംയുക്ത അന്വേഷണ സംഘം (ജെഐടി)

പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പൂര്‍ണമായി തടസപ്പെട്ടു. ഭീകരാക്രമണത്തിന് പിന്നില്‍ പാക് ബന്ധം ആരോപിച്ച ഇന്ത്യ പാകിസ്ഥാന് തെളിവുകളും കൈമാറി. ഇതിന് പിന്നാലെ ഇന്ത്യയിലെത്തിയ പാക് സംയുക്ത അന്വേഷണ സംഘം (ജെഐടി) പത്താന്‍കോട്ട് സന്ദര്‍ശിച്ച് തെളിവെടുപ്പും നടത്തി. ആദ്യമായിട്ടാണ് ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ- പാക് സംയുക്ത സംഘം അന്വേഷണം നടത്തിയത്.

പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറിയ വിവരങ്ങളില്‍ പഠാന്‍കോട്ട് ആക്രമണത്തില്‍ പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ തന്റെ നാലു കൂട്ടാളികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങളാണ് എന്‍ഐഎയ്ക്ക് കൈമാറിയത്. പഠാന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്തതു പാകിസ്ഥാനിലാണ് എന്നു തെളിയിക്കുന്ന രേഖകളായിരുന്നു ഇത്.

2016: ഉറി ഭീകരാക്രമണം (മിന്നലാക്രമണം 2016 സെപ്തംബർ 29)

2016 സപ്തംബർ 18നാമ് ജമ്മു കാശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമണം നടന്നത്. നാലു പേരായിരുന്നു അക്രമത്തിന് പിന്നിൽ. കാശ്മീർ താഴ്വര സംഘർഷഭരിതമായ കാലത്തായിരുന്നു ഈ സംഭവം.  നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന സംഭവത്തിൽ 17 സൈനികരാണ് കൊല്ലപ്പെട്ടത്. പരസ്പരം ഉണ്ടായ വെടിവെയ്പ്പിൽ 30 പേർക്ക് പരിക്കേൽക്കുയും ചെയ്തു. കശ്മീർ താഴ്വരയിലെ ചാവേർ ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു ഉറിയിലെ സംഭവവും.

മിന്നലാക്രമണം 2016 സെപ്തംബർ 29

ഉറി ആക്രമണത്തിന് അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിലൂടെയായിരുന്നു ഇന്ത്യൻ സൈന്യം മറുപടി നല്‍കിയത്. പാക്ക് അധിനിവേശ കശ്മീരിൽ പാക്ക് ഔട്ട് പോസ്റ്റുകളിൽ കടന്ന് കയറിയായിരുന്നു ആക്രമണം നടത്തിയത്. 35- 50 പേർ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായാണ് മാധ്യമ റിപ്പോർട്ടുകൾ. ആക്രമണം സംബന്ധിച്ച് വാർത്തകൾ പക്ഷേ പാക്ക് അധികൃതർ നിഷേധിക്കുകയായിരുന്നു. ഇതിന് പിറകെ 2018 ജൂൺ 27 ന് ഇന്ത്യൻ സൈന്യം ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

എന്നാല്‍ മിന്നലാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കങ്ങളും ഇതിന് പിന്നാലെ ഉണ്ടായി. അതിർത്തികടന്ന് അക്രമണം ഇതിന് മുൻപും നടത്തിയിട്ടുണ്ടെങ്കിലും ഇത്തരം ഒരു നീക്കത്തെ രാഷ്ട്രീയ നേട്ടമാക്കിമാറ്റാൻ ശ്രമിച്ച ബിജെപി സർക്കാറിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.

അതേസമയം, രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പറയുമ്പോഴും ഒരു തുറന്ന സൈനിക നടപടിയിലേക്ക് സർക്കാർ കടക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര തലത്തിൽ സമ്മർദം ശക്തമാക്കി പാക്കിസ്ഥാനെ സമ്മര്‍ദത്തിലാക്കുന്ന നീക്കമായിരിക്കും ഇന്ത്യ സ്വീകരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍