UPDATES

ട്രെന്‍ഡിങ്ങ്

ഗോത്രവര്‍ഗക്കാരനായ മുഖ്യമന്ത്രി വേണമെന്ന് ഐ പി എഫ് ടി; ത്രിപുര ബിജെപി സഖ്യത്തില്‍ അടി തുടങ്ങി

അതേസമയം ഇക്കാര്യത്തില്‍ യാതൊരു അദ്ഭുതവുമില്ലെന്ന് സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപിയും ഐ പി എഫ് ടിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്.

25 വര്‍ഷക്കാലത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിയ ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസമാകുന്നതിന് മുമ്പ് തലവേദനയായി സഖ്യകക്ഷിയായ ഐ പി എഫ് ടി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി തന്നെ വേണമെന്നാണ് ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐപിഎഫ്ടിയുടെ (ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) ആവശ്യം. പൊട്ടിത്തെറിയുടെ സൂചനയാണ് ഐ പി എഫ് ടി നല്‍കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലവ് ദേബിനെ മുഖ്യമന്ത്രിയായി ബിജെപി പരിഗണിക്കുന്നതിനിടയിലാണ് ഐ പി എഫ് ടി കലാപക്കൊടി ഉയര്‍ത്തുന്നത്.

ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രി തന്നെ വേണമെന്ന് ഐ പി എഫ് ടി പ്രസിഡന്റ് എന്‍സി ദേബ് ബര്‍മ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഗോത്രവര്‍ഗ വോട്ടുകളാണ് ബിജെപി സഖ്യത്തിന്റെ വിജയത്തില്‍ നിര്‍ണായകമായതെന്ന് ദേബ് ബര്‍മ അവകാശപ്പെട്ടു. ബിപ്ലബ് ദേബിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നാണ് ദേബ് ബര്‍മ പ്രതികരിച്ചത്. അതേസമയം ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദേബ് ബര്‍മന്‍ പറഞ്ഞത് ദേബ് ബര്‍മയുടെ പ്രസ്താവനയെപ്പറ്റി തനിക്ക് അറിയില്ലെന്നാണ്. ത്വിപ്ര ലാന്‍ഡ് എന്ന പ്രത്യേക ഗോത്ര വര്‍ഗ സംസ്ഥാനം എന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും ഈ ഒറ്റ അജണ്ടയിലായിരുന്നു തങ്ങള്‍ പ്രചാരണം നടത്തിയതെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം എന്‍സി ദേബ് ബര്‍മ പറഞ്ഞിരുന്നു. ഞങ്ങള്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ച് മുന്നോട്ട് പോകും – ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് ദേബ് ബര്‍മ പറഞ്ഞു.

അതേസമയം ഇക്കാര്യത്തില്‍ യാതൊരു അദ്ഭുതവുമില്ലെന്ന് സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപിയും ഐ പി എഫ് ടിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ആദിവാസികള്‍ക്കായി പ്രത്യേക സംസ്ഥാനം വേണമെന്നാണ് ഐ പി എഫ് ടി ആവശ്യപ്പെടുന്നത്. എന്നാല്‍ ത്രിപുരയെ വിഭജിക്കില്ലെന്ന് ബിജെപി പറയുന്നു. അസ്ഥിരമായ സഖ്യമാണിത് – കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തപസ് ഡേ ചൂണ്ടിക്കാട്ടി.

ഈ ഹണിമൂണ്‍ കുറച്ചുകാലത്തേയ്‌ക്കേ ഉണ്ടാകൂ. തിരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടത്തിനായി വേണ്ടി ഒരു വിഘടനവാദി സംഘടനയുമായി സഖ്യമുണ്ടാക്കുമ്പോള്‍ ഇതാണ് സംഭവിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഐ പി എഫ് ടി സഖ്യത്തില്‍ തുടരുന്നത്. എന്നാല്‍ ഒരു പ്രത്യേക സംസ്ഥാനം ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ല. ഭൂമിശാസ്ത്രപരമായും മറ്റും തന്ത്രപ്രധാനമായ സംസ്ഥാനമാണ് ത്രിപുര. എന്ത് മാത്രം പൊള്ളയായ വാഗ്ദാനങ്ങളാണ് ബിജെപി തങ്ങള്‍ക്ക് മുന്നില്‍ വച്ചതെന്ന് ആദിവാസി യുവാക്കള്‍ തിരിച്ചറിയട്ടെ – ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സിപിഎം നേതാവും എംപിയുമായ ജിതേന്ദ്ര ചൗധരി പറഞ്ഞു.

1988ല്‍ 10 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയത് ടിയുഎസ് (ത്രിപുര ഉപജാതി സുബ സമിതി) എന്ന വിഘടനവാദി കക്ഷിയുമായി സഖ്യമുണ്ടാക്കിയാണ്. ത്രിപുരയിലെ സായുധ് ഗ്രൂപ്പുകളുടെ ചരിത്രം 1940കളില്‍ തുടങ്ങുന്നതാണ് രാജാധിപത്യത്തിനും മറ്റും എതിരെ ജനങ്ങളെ സംഘടിപ്പിക്കുന്ന ഗണമുക്തി പരിഷദ് (ത്രിപുര രാജേര്‍ ഉപജാതി ഗണമുക്തി പരിഷദ്) പോലുള്ള സായുധ വിപ്ലവ സംഘങ്ങളുണ്ടായിരുന്നു. ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും 1993 മുതല്‍ 98 വരെ ത്രിപുര മുഖ്യമന്ത്രിയുമായിരുന്നു ദശരഥ് ദേബ്. ആദിവാസി വിഭാഗക്കാരനായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി. സ്വാതന്ത്ര്യത്തിന് ശേഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കട്ട തീസിസിന്റെ അടിസ്ഥാനത്തില്‍ ഇവിടെ സായുധ സമരം സജീവമായി മുന്നോട്ട് പോയി. 1948-51 കാലത്ത് ദശരഥ് ദേബ് അടക്കമുള്ള നേതാക്കള്‍ ഒളിവിലിരുന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

80കളുടെ അവസാനം എന്‍ എല്‍ എഫ് ടി (നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര), എ ടി ടി എഫ് (ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്‌സ്) തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകള്‍ ശക്തിപ്പെട്ടു. എന്‍എല്‍എഫ്ടിയെ സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് 1996ല്‍ ഐ പി എഫ് ടി നിലവില്‍ വരുന്നത്. 1997ല്‍ ടിയുഎസും ഐഎന്‍പിടിയും (ഇന്‍ഡിജെനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്വിപ്ര) ഐപിഎഫ്ടിയില്‍ ലയിച്ചു. ഐഎന്‍പിടി നേരത്തെ ടിഎന്‍വി (ത്രിപുര നാഷണല്‍ വളണ്ടിയേഴ്‌സ്) എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദി സംഘമായിരുന്നു. 2000ല്‍ എന്‍ എല്‍ എഫ് ടിയുടെ പിന്തുണയോടെയാണ് ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ജയിച്ച് ഐപിഎഫ്ടി സാന്നിദ്ധ്യമറിയിച്ചത്. എന്നാല്‍ 2003, 2008 നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം പാര്‍ട്ടിയെ വലിയ ഭിന്നതകളിലേയ്ക്കും പിളര്‍പ്പിലേയ്ക്കും നയിച്ചു.

2016ല്‍ ഐ പി എഫ് ടി പ്രത്യേക ത്വിപര ലാന്‍ഡ് വാദം ശക്തമാക്കി വീണ്ടും രംഗത്ത് വന്നു. ഓഗസ്റ്റ് 23ന് ബംഗാളികളും ഗോത്രവര്‍ഗക്കാരും തമ്മില്‍ അഗര്‍ത്തലയില്‍ വലിയ സംഘര്‍ഷമുണ്ടായി. പാര്‍ട്ടി അധ്യക്ഷന്‍ ദേബ് ബര്‍മയുടെ നേതൃത്വത്തില്‍ വലിയ റാലി സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 26ന് സിംന തമകാരി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ഈ ഉപതിരഞ്ഞെടുപ്പ് ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ സിപിഎമ്മിനോടുള്ള അതൃപ്തി പ്രകടമാക്കിയിരുന്നു. വെറും 582 വോട്ടിനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ കുമദ് ദേബ് ബര്‍മ ജയിച്ചത്. കുമുദ് ദേബ് ബര്‍മയ്ക്ക് 9260 വോട്ട്. രണ്ടാം സ്ഥാനത്തെത്തിയ ഐ പി എഫ് ടി സ്ഥാനാര്‍ത്ഥി മംഗള്‍ ദേബ് ബര്‍മയ്ക്ക് 8678 വോട്ട്. 2013ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ 60ല്‍ 50 സീറ്റും നേടിയാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. 49 സീറ്റ് നേടിയ സിപിഎമ്മിന്റെ 19 സീറ്റുകള്‍ ഗ്രോത്ര മേഖലയില്‍ നിന്നായിരുന്നു. ആകെയുള്ള 20 സീറ്റില്‍ 19 സീറ്റും നേടി.

ഓഫീസിലേക്ക് സൈക്കിളിലും മലമുകളിലേക്ക് ഹെലികോപ്റ്ററിലും എത്തുന്ന മണിക് സര്‍ക്കാരിനെ കുറിച്ച് ഇനി കഥകള്‍ വരും

സിപിഎമ്മിനുള്ള തിരിച്ചടിയുടെ സൂചനയായി സിംന തമകാരി ഉപതിരഞ്ഞെടുപ്പ് ഫലം എത്രത്തോളം ഗൗരവമായി പാര്‍ട്ടി നേതൃത്വം കണ്ടിരുന്നു എന്ന ചോദ്യമുണ്ട്. അതേസമയം ടിവി റിപ്പോര്‍ട്ടറായിരുന്ന ശന്തനു ഭൗമികിന്റെ കൊലപാതകത്തില്‍ ആരോപണവിധേയരായതോടെ ഐ പി എഫ് ടിക്കെതിരെ വലിയ ജനരോഷം ഉയര്‍ന്നിരുന്നു. ത്വിപര ലാന്‍ഡ് സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രതിഷേധ മാര്‍ച്ചിനിടെയാണ് ഐ പി എഫ് ടി പ്രവര്‍ത്തകര്‍ ശന്തനു ഭൗമികിനെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. എന്നാല്‍ സോഷ്യല്‍ മീഡിയയും പണമൊഴിക്കിയും ജനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയും സോഷ്യല്‍ മീഡിയയിലൂടെയുള്ള ശക്തമായ പ്രചാരണങ്ങളിലൂടെയും ബിജെപി ഐ പി എഫ് ടിയോടൊപ്പം ചേര്‍ന്ന് ത്രിപുരയെന്ന സിപിഎമ്മിന്റെ ചെങ്കോട്ട തകര്‍ത്ത് മുന്നേറി.

ഇത്തരത്തില്‍ പഴയ വിഘടനവാദി – തീവ്രവാദി ഗ്രൂപ്പുകളുടെ ഐക്യത്തില്‍ രൂപീകരിച്ച, പാര്‍ലമെന്ററി ജനാധിപത്യത്തിലേയ്ക്ക് വരാന്‍ തീരുമാനിച്ച, എന്നാല്‍ പ്രാദേശിക തീവ്രവാദവും ഗോത്രവിഭാഗങ്ങള്‍ക്ക് ബംഗാളികളില്‍ നിന്ന് വേര്‍പെട്ട് പ്രത്യേക സംസ്ഥാനം എന്ന വിഭജന വാദവുമായി മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് ഐഫ്പിടി. ത്രിപുരയിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് മുന്നോട്ട് കൊണ്ടുപോകാനും അത്തരത്തിലുള്ള നയങ്ങള്‍ സ്വീകരിക്കാനും ഇത്തരം അജണ്ടകളുള്ള ഐ പി എഫ് ടിക്ക് എങ്ങനെ കഴിയും എന്ന ചോദ്യമുണ്ട്. മാത്രമല്ല ബിജെപിയുടെ പാന്‍ ഇന്ത്യന്‍ ഹിന്ദുത്വ ദേശീയ വാദത്തിലേയ്ക്ക് ത്രിപുരയെ കൊണ്ടുപോകാനുള്ള അജണ്ടക്കും വിരുദ്ധമായിരിക്കും ഐ പി എഫ് ടിയുടെ താല്‍പര്യങ്ങള്‍.

മണിക് സര്‍ക്കാര്‍ ബംഗ്ലാദേശിലേക്ക് പോകണോ? ത്രിപുരയില്‍ ജയിക്കാന്‍ സംഘപരിവാര്‍ കളിച്ച കളികള്‍

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍