UPDATES

ട്രെന്‍ഡിങ്ങ്

അഭിഭാഷകര്‍ക്കിടയിലെ സീനിയര്‍ ജൂനിയര്‍ വിവേചനം അവസാനിപ്പിക്കാന്‍ ഇന്ദിര ജയ്‌സിംഗ്

തന്റെ സീനിയര്‍ അഭിഭാഷക കുപ്പായം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് സ്വാതന്ത്ര്യദിനത്തില്‍ തുടക്കം കുറിക്കുമെന്ന് പ്രമുഖ അഭിഭാഷക

അഭിഭാഷകര്‍ക്കിടയിലെ സീനിയര്‍, ജൂനിയര്‍ വര്‍ഗ്ഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തന്റെ സീനിയര്‍ അഭിഭാഷക കുപ്പായം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് സ്വാതന്ത്ര്യദിനത്തില്‍ തുടക്കം കുറിക്കുമെന്ന് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്‌സിംഗ്. അവാര്‍ഡ് മടക്കിനല്‍കല്‍ മാതൃകയില്‍ രാജ്യവ്യാപകമായി അഭിഭാഷകര്‍ക്കിടയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അവര്‍ അറിയിച്ചു.

മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് സീനിയര്‍ അഭിഭാഷകയായി ബോംബെ ഹൈക്കോടതിയാണ് ഇന്ദിര ജയ്‌സിംഗിനെ നാമനിര്‍ദ്ദേശം ചെയ്തത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും അവരാണ്. 1986മുതല്‍ സീനിയര്‍ അഭിഭാഷക എന്ന നിലയില്‍ രാജ്യത്തെമ്പാടുമുള്ള കോടതികളില്‍ പ്രത്യേക പരിഗണനകള്‍ അനുഭവിച്ചതിന് ശേഷമാണ് ഒരു സാധാരണ വക്കീലില്‍ നിന്നും മുതിര്‍ന്ന വക്കീലിനെ വേര്‍ത്തിരിക്കുന്ന ഡ്രസ് കോഡ് ലംഘിക്കാന്‍ ഈ 76കാരി തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരുടെ കഴുത്തില്‍ ഒരു ഫ്‌ളാപ്പ് ഉണ്ടാവും. സാധാരണ അഭിഭാഷകരുടെ കുപ്പായത്തില്‍ ഇതുണ്ടാവില്ല.

എന്നാല്‍ മുതിര്‍ന്ന അഭിഭാഷകര്‍ ധരിക്കുന്ന അലങ്കരിച്ച കറുത്ത കുപ്പായത്തിന് പകരം സാധാരണ കറുത്ത അഭിഭാഷക കുപ്പായത്തിലേക്ക് മാറുമോ എന്ന കാര്യം അവരുടെ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടില്ല. അഭിഭാഷകനായ ആനന്ദ് ഗോവറിനെ വിവാഹം കഴിച്ചിരിക്കുന്ന ഇന്ദിര ജയ്‌സിംഗ് ആണ് ഇന്ത്യയിലെ ആദ്യത്തെ വനിത സോളിസിറ്റര്‍ ജനറല്‍. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അവര്‍ക്ക് ഈ പദവി ലഭിച്ചത്.

സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷക പദവി സമ്മാനിക്കുന്നതിന്റെ രീതിയെയും സമ്പ്രദായത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള അവരുടെ പരാതി പരമോന്നത നീതിപീഠം വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്. ഇന്ദിരയുടെ ഹര്‍ജി ലഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സുപ്രീം കോടതി ആരെയും മുതിര്‍ന്ന അഭിഭാക തലത്തിലേക്ക് ഉയര്‍ത്തിയിട്ടില്ലെങ്കിലും ഇത്തരം പദവികള്‍ നല്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നത് പരമോന്നത കോടതിയുടെ വിവേചനാധികാരത്തില്‍ പെട്ടതാണെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. സാധാരണ അഭിഭാഷകരെക്കാള്‍ ഉയര്‍ന്ന ഫീസാണ് മുതിര്‍ന്ന അഭിഭാഷകര്‍ ഈടാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍