UPDATES

ട്രെന്‍ഡിങ്ങ്

തീരന്‍ സിനിമയുമായി സാമ്യം; തമിഴ്‌നാട് ഇന്‍സ്‌പെക്ടര്‍ രാജസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്

തമിഴ്‌നാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ പെരിയ പാണ്ടി രാജസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. സ്വര്‍ണമോഷ്ടാക്കളെ തേടി രാജസ്ഥനിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തെ ആക്രമിച്ച പ്രാദേശികവാസികള്‍ പെരിയപാണ്ടിയുടെ തോക്ക് തട്ടിയെടുത്ത് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു ആദ്യനിഗമനം. പെരിയപാണ്ടിയുടെ തോക്കില്‍ നിന്നു തന്നെയാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പെരിയ പാണ്ടിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ചുമത്തി പ്രത്യേകസംഘത്തില്‍ ഉണ്ടായിരുന്ന കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ മുനിശേഖറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് രാജസ്ഥാന്‍ പൊലീസ്. തമിഴ്‌നാട് മധുരവയല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ് പെരിയപാണ്ടിക്ക് വെടിയേറ്റത് കുളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ മുനിശേഖറിന്റെ തോക്കില്‍ നിന്നാണെന്നും ഇയാള്‍ക്കെതിരേ ഐപിസി 304(എ) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് പാലി എസ് പി ദീപക് ഭാര്‍ഗവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

മുനിശേഖര്‍ ഉറയില്‍ നിന്നും തോക്ക് എടുക്കുന്ന സമയത്ത് അബദ്ധത്തില്‍ കാഞ്ചിയില്‍ വിരല്‍ അമരുകയും പെരിയപാണ്ടിക്ക് വെടിയേല്‍ക്കുകയും ആയിരുന്നുവെന്ന് രാജസ്ഥാന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നടന്ന സ്വര്‍ണ മോഷണത്തിലെ പ്രതികളെ പിടികൂടുന്നതിനായാണ് പെരിയപാണ്ടിയും മുനിശേഖറും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രാജസ്ഥാനിലെ പാലി ജില്ലയില്‍ എത്തുന്നത്. നവംബര്‍ 16 നാണ് കൊളത്തൂരിലെ ഒരു ജ്വല്ലറിയുടെ മേല്‍ക്കൂര തുരന്ന് അകത്തു കയറി ഒരു സംഘം മൂന്നരക്കിലോ സ്വര്‍ണം മോഷ്ടിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലുപേര്‍ പിടിയിലായി. എന്നാല്‍ സംഘത്തിന്റെ തലവന്‍ സി നാഥുറാം ജട്ട് (28), ദിനേഷ് ചൗധരി(22) എന്നിവര്‍ സ്വദേശമായ രാജസ്ഥാനിലേക്ക് കടന്നു കളഞ്ഞു. മോഷണമുതലിന്റെ വലിയൊരു ഭാഗവുമായാണ് ഇരുവരും കടന്നത്. ഇവരെ കുറിച്ച് കിട്ടിയ വിവരം അനുസരിച്ച് ജയ്പൂരില്‍ നിന്നും 238 കിലോമീറ്റര്‍ അകലെ പാലിയിലെ ജയ്തരനിലെ മരുഭൂമി പ്രദേശത്തായുള്ള ഒരു ഇഷ്ടിക ചൂളയിലാണ് നാഥുറാമും ദിനേഷും ഒളിവിലിരിക്കുന്നതെന്നു വിവരം കിട്ടുകയും തുടര്‍ന്ന് പ്രതികളെ പിടികൂടാനായി പെരിയപാണ്ടിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് രാജസ്ഥാനിലേക്ക് പോവുകയുമായിരുന്നു.

നാഥുറാമിനെയും ദിനേഷിനും തേടിയെത്തിയ പെരിയപാണ്ടിക്കും സംഘത്തിനും പാലിയില്‍ രാംപുറ ഗ്രാമത്തില്‍വച്ച് സ്ത്രീകള്‍ അടങ്ങുന്ന ഒരു സംഘത്തിന്റെ ആക്രമണം നേരിടേണ്ടി വന്നു. നാഥുറാമിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശികവാസികളായവര്‍ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്നു നടന്ന സംഘര്‍ഷത്തിനിടയിലാണ് പെരിയപാണ്ടി വെടിയേല്‍ക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസിനെ ആക്രമിച്ച ഗ്രാമവാസികളടങ്ങിയ സംഘത്തിലുണ്ടായിരുന്നവര്‍ പെരിയപാണ്ടിയുടെ തോക്ക് തട്ടിയെടുത്തശേഷം അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. സംഘര്‍ഷത്തില്‍ മുനിശേഖരനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തില്‍ രാജസ്ഥാന്‍ പൊലീസ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മുനിശേഖറില്‍ നിന്നും മൊഴിയെടുത്തിരുന്നു. സംഭവസ്ഥലത്തു നിന്നും ഒഴിഞ്ഞ തിരക്കൂടും രണ്ട് 9 എംഎം പിസ്റ്റളുകളും രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയിരുന്നു. പെരിയപാണ്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വര്‍ണമോഷണക്കേസിലെ പ്രതി നാഥുറാം, ഭാര്യ ബിന്ധ്യ, മകള്‍ സുഗണ എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍