UPDATES

സിനിമ

ജനപ്രിയനില്‍ നിന്നും രണ്ടാം പ്രതിയിലേക്ക്; രാമലീലയുടെ ആഘോഷവേളയില്‍ കുറ്റപത്രവുമായി അന്വേഷണസംഘം കോടതിയിലേക്ക്

ഒക്‌ടോബര്‍ ആറിന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം

നടി ആക്രമിക്കപ്പെട്ട കേസിന്റെ ക്ലൈമാക്‌സ് സീനുകള്‍ എഴുതുകയാണ് പൊലീസ്. ഒക്‌ടോബര്‍ ആറിന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിവ്. പഴുതുകളെല്ലാം അടച്ചുള്ള ഒരു കുറ്റപത്രത്തിന്റെ അവസാനവട്ട ശ്രമങ്ങളിലാണ് ഇപ്പോള്‍ അന്വേഷണസംഘം. ചെറിയൊരു പിഴവുപോലും ഉണ്ടാകരുതെന്ന നിര്‍ബന്ധത്തോടെ തയ്യാറാകുന്ന കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ ഭാവി നിര്‍ണയിക്കപ്പെടും.

ഈ കേസില്‍ രണ്ടാം കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിക്കുന്നത്. ഫെബ്രുവരി 17 നു നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെയുള്‍പ്പെടെ കൃത്യത്തില്‍ പങ്കെടുത്ത എല്ലാവരെയും പിടികൂടിയതിനു പിന്നാലെയായിരുന്നു ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനുശേഷമാണ് സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ഉയരുന്നത്. ഈ സംശയം നടന്‍ ദിലീപിനു നേരെയാവുകയും നടനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായത്. നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തുകയും ഒന്നരക്കോടിക്ക് ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് നല്‍കുകയുമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പള്‍സര്‍ സുനിയുടെ ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴിയാണ് നടനു കുരുക്കായത്. ജൂലൈ പത്തിന് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടിയോട് വ്യക്തിപരമായ പകയുള്ള നടന്‍ നടിക്കെതിരേ വര്‍ഷങ്ങള്‍ മുമ്പു തന്നെ ഗൂഢാലോചന തുടങ്ങുകയും ഒടുവില്‍ ഫെബ്രുവരിയിലെ രാത്രിയില്‍ ആ കൃത്യം ചെയ്യിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാലുവട്ടം നടന്‍ നല്‍കിയ ജാമ്യാപേക്ഷ ഹര്‍ജിയിലും എതിര്‍വാദം ഉന്നയിച്ചുകൊണ്ട് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയതും കേസില്‍ നടനു വ്യക്തമായ പങ്കുണ്ടെന്നും അതിനു തക്ക തെളിവുകള്‍ തങ്ങള്‍ക്കു കിട്ടിയിട്ടുണ്ടെന്നുമായിരുന്നു. പുറത്തുപോയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനു കഴിയുമെന്ന വാദവും കണക്കിലെടുത്താണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും നടനു ജാമ്യം നിഷേധിച്ചത്. അഞ്ചാം തവണ ജാമ്യവുമായി വീണ്ടും ഹൈക്കോടതിയെ നടന്‍ സമീപിച്ചെങ്കിലും വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. തന്റെ മേല്‍ ഗൂഢാലോചന കുറ്റം മാത്രമാണ് പൊലീസ് ചാര്‍ത്തിയിരിക്കുന്നതെന്നും പത്തുവര്‍ഷത്തില്‍ താഴെമാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും അതിനാല്‍ തന്നെ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം. നടന്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയാന്‍ തുടങ്ങിയിട്ട് എണ്‍പതു ദിവസത്തിലേറെയായി. 90 ദിവവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നടന് സ്വാഭാവിക ജാമ്യം കിട്ടാനും സാഹചര്യമുണ്ട്.

ഇതു തടയാനാണ് പൊലീസ് ഇപ്പോള്‍ തിരക്കിട്ട് നീങ്ങുന്നത്. ഒക്ടോബര്‍ ആറിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനു കഴിയുകയാണെങ്കില്‍ അത് നടന് വലിയ തിരിച്ചടിയാകും. കേസിന്റെ വിചാരണയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പിന്നെ ജാമ്യം ലഭിക്കുക ബുദ്ധിമുട്ടാകും.

"</p

രണ്ടാം പ്രതിയാകും
നിലവില്‍ ദിലീപ് പതിനൊന്നാം പ്രതിയാണെങ്കില്‍ പുതിയതായി സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ നടന്‍ രണ്ടാം പ്രതിയായിരിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഗൂഢാലോചന കുറ്റത്തിനു പുറമെ കൂട്ടബലാത്സംഗവും ചേര്‍ക്കും. മുഖ്യപ്രതി സുനില്‍കുമാര്‍ ചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിനും തുല്യപങ്കാണെന്നാണ് പൊലീസ് പറയുന്നത്. 20 വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് നടന് മേല്‍ പുതിയതായി ചുമത്തിയിരിക്കുന്നത്. ഇത് ദിലീപിന്റ ഭാവിയെ വളരെ ഗുരുതരമായി ബാധിക്കും. സാക്ഷിമൊഴികളും തെളിവുകളും സഹിതം പ്രോസിക്യൂഷന്‍ ശക്തമായ വാദം നടത്തിയാല്‍ പ്രതിഭാഗത്തിനു കാര്യങ്ങള്‍ കീറാമുട്ടിയാകും.

പ്രത്യേക കോടതി
കേസിന്റെ പ്രധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി എന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിക്കുമെന്നാണ് അറിയുന്നത്. സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട കേസായതുകൊണ്ട് വിചാരണ നീണ്ടു പോകാതിരിക്കാന്‍ പ്രത്യേക കോടതിയാണ് നല്ലതെന്നാണ് പൊലീസ് ഉന്നതകേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നത്. നിയമവിദഗ്ദരുമായി ആലോചിച്ച് ഈ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്. വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക കച്ചവടം നടത്തിയ കേസില്‍ പ്രത്യേക കോടതി സ്ഥാപിച്ചാണ് വിചാരണ നടത്തിയത്.

പ്രോസിക്യൂഷന്‍ ആത്മവിശ്വാസത്തില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തത്തിനെതിരേ പൊലീസിനു മേല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നുണ്ട് ഒരു വിഭാഗം കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണ് നടനെ കേസില്‍ പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. ചില വ്യക്തികളുടെ താത്പര്യത്തിനു വഴങ്ങി അന്വേഷണ സംഘത്തിലുള്ള ഉന്നതര്‍ മെനഞ്ഞ കുറ്റമാണ് ദിലീപിനു മേല്‍ ചുമത്തിയിരിക്കുന്നതെന്നാണ് ജനപ്രതിനിധികളും മാധ്യമപ്രതിനിധികളായിട്ടുള്ളവരുമൊക്കെ ആരോപിക്കുന്നത്. ഒരു ക്രിമിനലിന്റെ വാക്ക് മാത്രം വിശ്വസിച്ച് ഇല്ലാത്തൊരു ഗൂഢാലോചന കുറ്റത്തിലേക്ക് നടനെ വലിച്ചിടുമ്പോള്‍ കോടതിയില്‍ അതു സ്ഥാപിക്കാന്‍ കഴിയാതെ പോകും അന്വേഷണ സംഘത്തിനെന്ന വെല്ലുവിളിയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണം സംഘം ആവശ്യമായ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു. സാക്ഷി മൊഴികളും സാഹചര്യ തെളിവുകളും ഉണ്ട്. സിനിമാമേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി പേരെ ചോദ്യയം ചെയ്തു. ഫോണ്‍ കോളുകളും കാമറദൃശ്യങ്ങളും ഉള്‍പ്പെടെ പ്രതി സുനില്‍ കുമാറും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിയും. ഓരോ തവണയും ജാമ്യം നിഷേധിക്കുമ്പോഴും പ്രോസിക്യൂഷന്‍ വാദങ്ങളില്‍ കഴമ്പുണ്ടെന്നാണ് കോടതികള്‍ നിരീക്ഷിച്ചതെന്ന കാര്യവും പ്രോസിക്യൂഷനു ധൈര്യം നല്‍കുന്നു.

മൊബൈല്‍ ഫോണ്‍ എന്ന തലവേദന
പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും ആകെ കുഴയ്ക്കുന്ന ഒന്നു നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ആയിട്ടില്ലെന്നതാണ്. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ ഹൈക്കോടതിയും ഫോണ്‍ എവിടെയെന്നു ചോദിച്ചിരുന്നു. തങ്ങള്‍ നേരിടുന്ന ചോദ്യവും അതു തന്നെയാണെന്നും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രോസിക്യൂഷന്‍ മറുപടി പറഞ്ഞത്. പ്രതിയുടെ അഭിഭാഷകന്റെ പ്രധാന ആയുധവും കണ്ടെടുക്കാനാവാത്ത ഫോണ്‍ തന്നെയായിരിക്കും. കേസിലെ ഏറ്റവും നിര്‍ണായകമായ തൊണ്ടുമുതലാണ് ഈ ഫോണ്‍. നടിയെ ആക്രമിച്ച് നഗ്നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്താനായിരുന്നു ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രതികള്‍ പറയുന്നത്. അന്വേഷണസംഘം പ്രധാന മൊഴിയായി ഇതു സ്വീകരിക്കുമ്പോള്‍ ഒപ്പം ഫോണ്‍ ദൃശ്യങ്ങള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്. അതിനു കഴിയാത്തത് തിരിച്ചടിയാകുമോ എന്നറിയില്ല.

പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞെന്നാണ് രണ്ടു തവണ ചോദ്യം ചെയ്തപ്പോഴും പ്രതീഷ് ചാക്കോ പറഞ്ഞത്. പലവഴിയിലും അന്വേഷിച്ചെങ്കിലും ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞുമില്ല.

"</p

ദൃശ്യങ്ങളുടെ പകര്‍പ്പ് തെളിവാക്കാം
ഫോണ്‍ കിട്ടിയില്ലെങ്കിലും പള്‍സര്‍ സുനി അഭിഭാഷകനു കൈമാറിയ മറ്റൊരു ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനഫലം കോടതിയില്‍ എത്തിയിട്ടുണ്ട്. സുനി പകര്‍ത്തിയ വിവാദദൃശ്യങ്ങളുടെ പകര്‍പ്പും പൊലീസ് കണ്ടെടുത്തിരുന്നുവെന്നും പറയുന്നു. നടി ക്രൂരമായ പീഢനത്തിന് ഇരയാകുന്നത് ഈ ദൃശ്യങ്ങളിലുണ്ടെന്നു പറയുന്നു. കോടതിയില്‍ ഇതു നിര്‍ണായക തെളിവായി പ്രോസിക്യൂഷന്‍ ഉപയോഗിക്കുമെന്നും കരുതുന്നു. മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘിടതമായി ഒളിപ്പിച്ചിരിക്കുകയാണെന്നും ഇതു കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കൂടി ചേര്‍ത്തായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാലും കേസില്‍ നിര്‍ണായകമാകുന്ന തൊണ്ടിമുതലുകളും ആയുധങ്ങളും ലഭിക്കുകയാണെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം പുതുക്കി സമര്‍പ്പിക്കാനുള്ള നിയമവഴികളും ഉണ്ട്. പൊലീസ് ഇങ്ങനെയും ശ്രമിക്കും.

നാദിര്‍ഷായും കാവ്യയും
ഒക്ടോബര്‍ ആറിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക്, അവസാന സമയത്ത് ഇനിയാരെയെങ്കിലും ചോദ്യം ചെയ്യുന്നത് ഉണ്ടാവില്ല. കുറ്റപത്രത്തിലെ പിഴവുകളും പഴുതുകളും അടയ്ക്കുകയെന്നതിലായിരിക്കും ശ്രദ്ധ. അങ്ങനെ വരികില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാതെ ഒഴിവാക്കുമോ എന്നാണ് അറിയേണ്ടത്. നാദിര്‍ഷായെ അറസ്റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്യുമെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. നാദിര്‍ഷാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് തന്നെ ദിലീപിനെതിരേ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റിവച്ചെങ്കിലും ചോദ്യം ചെയ്യുന്നതില്‍ നിന്നും പൊലീസിനെ വിലക്കില്ലെന്നു കോടതി പറഞ്ഞിരുന്നു. ആദ്യം ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ച സമയത്ത് ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷാ പിന്നീട് ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും വീണ്ടും ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് നിര്‍ത്തിയിരുന്നു.

"</p

നാദിര്‍ഷായ്ക്ക് പള്‍സുനിയെ അറിയാമായിരുന്നുവെന്നും ക്വട്ടേഷനുള്ള മുന്‍കൂര്‍ പണം നാദിര്‍ഷായാണ് ദിലീപിനുവേണ്ടി സുനിക്കു കൈമാറിയതെന്നും സുനി മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൃത്യത്തില്‍ പങ്കില്ലെന്നും സംഭവത്തെ കുറിച്ച് നാദിര്‍ഷാ അറിഞ്ഞിരുന്നുവെന്നും പ്രതികളെ സംരക്ഷിക്കാന്‍ തയ്യാറായെന്നുമുള്ള സംശയമാണ് പൊലീസ് അദ്ദേഹത്തിനുമേല്‍ കാണുന്നത്. ഇതേപോലെ സംശയം വിരല്‍ ചൂണ്ടിയ മറ്റൊരാള്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനാണ്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയില്‍ സുനി സംഭവദിവസം വന്നിരുന്നുവെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തെളിഞ്ഞതായി പറയുന്നു. സുനിയെ അറിയില്ലെന്നു കാവ്യ പറയുമ്പോഴും അയാള്‍ കാവ്യയുടെ ഡ്രൈവറായി ജോലി നോക്കിയിരുന്നുവെന്നും തമ്മില്‍ അറിയാമായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കേസില്‍ ഒരു മാഡം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുനി ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ മാഡം കാവ്യയാണെന്നു സുനി അടുത്തിടെ മാധ്യമപ്രവര്‍ത്തകരോടും പറയുകയും ചെയ്തു. ഇതിനെയെല്ലാം തുടര്‍ന്ന് കാവ്യയും അറസ്റ്റ് ഭയന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. കാവ്യയെ അറസ്റ്റ് ചെയ്യാന്‍ നീക്കമില്ലെന്നു പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ജാമ്യഹര്‍ജി കോടതി മടക്കുകയും ചെയ്തു.

കേരള ചരിത്രത്തില്‍ തന്നെ പ്രമാദമായൊരു കേസില്‍ അവസാനനിമിഷത്തിലേക്ക് കാര്യങ്ങള്‍ അടുക്കുമ്പോള്‍ അകത്തും പുറത്തുമുള്ള കഥാപാത്രങ്ങളെല്ലാവരും തന്നെ അങ്കലാപ്പിലാണ്. രാമലീലയുടെ വിജയം ആഘോഷിക്കുന്നവര്‍ക്കും അന്വേഷണസംഘത്തിന്റെ പുതിയ നീക്കം നിരാശയുണ്ടാക്കുകയാണ്…

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍