UPDATES

ട്രെന്‍ഡിങ്ങ്

ഐപിഎസുകാരന്റെ ക്രിമിനല്‍ ബുദ്ധി ആദ്യം തുണച്ചു, പിന്നെ ചതിച്ചു; മോഹിച്ചതിനൊപ്പം നേടിയതും നഷ്ടപ്പെടുന്ന അവസ്ഥയില്‍ സഫീര്‍ കരീം

സിവില്‍ സര്‍വീസില്‍ കയറാന്‍ കാണിച്ച കൃത്രിമം പൊലീസ് സര്‍വീസില്‍ നിന്നും പുറത്തുപോകാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്

യുപിഎസ്‌സി പരീക്ഷയില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് പിടിയിലായ മലയാളി ഐപിഎസ് ഓഫിസര്‍ സഫീര്‍ കരീമിനെ പൊലീസ് സര്‍വീസില്‍ നിന്നും പിരിച്ചു വിടുമെന്നു സൂചന. ഐപിഎസ് പ്രൊബേഷണറി ഓഫിസറായി സഫീര്‍ തിരുന്നല്‍വേലി അസിസ്റ്റന്‍ഡ് സൂപ്രണ്ട് ഓഫ് പൊലീസ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മാതൃകാപരമായ ശിക്ഷ സഫീറിന്റെ കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാനാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആദ്യം കബളിപ്പിച്ചു
കര്‍ശന സുരക്ഷാ സംവിധാനം പരിക്ഷാകേന്ദ്രത്തിനു മുന്നില്‍ ഉണ്ടായിരുന്നുവെങ്കിലും അത് വെട്ടിച്ച് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുമായി പരീക്ഷാകേന്ദ്രത്തില്‍ കടക്കാന്‍ കരീമിന് കഴിഞ്ഞിരുന്നു. ഗേറ്റില്‍ സുരക്ഷ പരിശോധനയ്ക്ക് വിധേയനായപ്പോള്‍ കരീം തന്റെ പേഴ്‌സും മൊബൈല്‍ ഫോണും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു. ഫോണുമായി പരീക്ഷാകേന്ദ്രത്തിലേക്ക് കടക്കരുതെന്നാണ് നിര്‍ദേശം. എന്നാല്‍ അവിടെ കരീം ബുദ്ധി കാണിച്ചു. ഫോണ്‍ കാറില്‍ വച്ചു പോരാന്‍ മറന്നതാണെന്നും അതിനു ക്ഷമ ചോദിക്കുന്നതായും പറഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥരുടെ കൈവശം തന്റെ മൊബൈല്‍ ഫോണ്‍ അദ്ദേഹം ഏല്‍പ്പിച്ചു. എന്നാല്‍ അതിനൊപ്പം സുരക്ഷ ഉദ്യോഗസ്ഥരെ സമര്‍ത്ഥമായി കബളിപ്പിക്കുക കൂടിയാണ് കരീം ചെയ്തത്. കാലിലെ സോക്‌സിനുള്ളില്‍ മറ്റൊരു മൊബൈല്‍ ഫോണും വയര്‍ലെസ് ഇയര്‍പീസും ഒളിപ്പിച്ചിരുന്നു. ഷര്‍ട്ടിനുള്ളില്‍ ഒരു മൈക്രോ കാമറയും. ഇവ സുരക്ഷ ഉദ്യോഗസ്ഥരില്‍ നിന്നും ഒളിപ്പിക്കാന്‍ കരീമിന് കഴിഞ്ഞിടത്ത് അദ്ദേഹത്തിന് ആദ്യഘട്ടം വിജയയകരമാക്കാന്‍ കഴിഞ്ഞു.

ഹൈടെക് കോപ്പിയടി
മൂന്നു മണിക്കൂര്‍ സമയമാണ് പരീക്ഷ. കൃത്യം ഒമ്പതു മണിക്ക് പരീക്ഷ തുടങ്ങിയതും കരീം തന്റെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി. ഗൂഗിള്‍ ഡ്രൈവുമായി കണക്റ്റ് ചെയ്ത മൈക്രോ കാമാറ കരീം നെഞ്ചില്‍ ഘടിപ്പിച്ചിരുന്നു. മുന്നിലിരിക്കുന്ന ചോദ്യ പേപ്പര്‍ ഈ കാമറ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവ് വഴി ഹൈദരാബാദിലുളള ഭാര്യ ജോയ്‌സി ജോയ്‌സിനു മുന്നില്‍ എത്തിക്കും. ഓരോ ചോദ്യത്തിന്റെയും ഉത്തരം അവിടെയിരുന്ന ജോയ്‌സി പറയും. ജോയ്‌സിയുടെ ശബ്ദം ബ്ലൂടൂത്ത് വഴി സഫറിന്റെ കാതുകളില്‍ എത്തും. ജോയ്‌സി പറഞ്ഞത് വ്യക്തമായില്ലെങ്കില്‍ ഒരു കടലാസില്‍ സഫീര്‍ പെന്‍സില്‍ കൊണ്ട് അടയാളം കാണിക്കും. ഇത് കാമറ സ്‌കാന്‍ ചെയ്ത് ജോയിസിയുടെ ലാപ്‌ടോപ്പില്‍ എത്തിക്കും. ഉടന്‍ തന്നെ ഉത്തരം വ്യക്തമായ രീതിയില്‍ ജോയ്‌സി ഒരാവര്‍ത്തി കൂടി പറയും.

ഐബി എത്തുന്നു, പിടിവീഴുന്നു
പരീക്ഷയെഴുത്ത് ഇത്തരത്തില്‍ സുഗമമായി പോകുന്നതിനിടയില്‍, കൃത്യമായി പറഞ്ഞാല്‍ പരീക്ഷ തുടങ്ങി 20 മിനിട്ട് കഴിഞ്ഞപ്പോള്‍ പരീക്ഷാഹാളിലേക്ക് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ കടന്നെത്തി. അവര്‍ കരീമിന്റെ കള്ളത്തരങ്ങള്‍ പിടികൂടി. അയാളില്‍ നിന്നും ഫോണും കാമറയും അടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ കരീം താന്‍ നടത്തിയ കൃത്രിമം സമ്മതിക്കുകയും ചെയ്തു. കരീമിനെ കൂടാതെ അയാളുടെ ഭാര്യ ജോയ്‌സി ജോയ്‌സിനെയും കരീമിന്റെ സുഹൃത്ത് ഹൈദരാബാദ് സ്വദേശി രാംബാബുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

"</p

ഐഎഎസ് ആകാനുള്ള മോഹം ആപത്തായി
ആലുവ സ്വദേശിയായ സഫീര്‍ കരീം 2015 ബാച്ച് ഐപിഎസ് ഓഫിസറാണ്. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറായിരുന്ന കരീം സിവില്‍ സര്‍വീസ് മോഹിച്ചാണ് യുപിഎസ് സി പരീക്ഷയില്‍ പങ്കെടുക്കുന്നത്. ആദ്യതവണ കരീമിന് 112 ആം റാങ്ക് ആണ് കിട്ടിയത്. ഐഎഎസ് മോഹിച്ചെങ്കിലും കിട്ടിയത് ഐപിഎസ്. ഐപിഎസില്‍ മനസ് ഉറയ്ക്കാതിരുന്ന കരീമിന്റെ ലക്ഷ്യം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ കയറുക എന്നതായിരുന്നു. മൂന്നുഘട്ടങ്ങളിലായി നടത്തുന്ന യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷയുടെ പ്രിലിമനറി പരീക്ഷ പൂര്‍ത്തിയാക്കിയശേഷമാണു മെയിന്‍ പരീക്ഷയ്ക്കായി തിങ്കളാഴ്ച ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹൈസ്‌കൂളില്‍ എത്തിയതും വളഞ്ഞ വഴിയിലൂടെ പരീക്ഷയെഴുതാന്‍ ശ്രമിച്ചു പിടിയിലായതും. അക്കാദമിക് വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്ന ഒരാള്‍ എന്തിനാണ് ഇത്തരത്തില്‍ കൃത്രിമം കാണിച്ച് പരീക്ഷ വിജയിക്കാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെയടക്കം ചിന്തിപ്പിക്കുന്നത്.

നേടിയതും മോഹിച്ചതും കൈവിടും
തിരുന്നല്‍വേലി എഎസ്പിയായി കരീമിന്റെ സര്‍വീസിലെ ആദ്യ പോസ്റ്റിംഗ് ആയിരുന്നു. അറസ്റ്റിലായതോടെ സ്വഭാവിക സസ്‌പെന്‍ഷന് വിധേയനായിരിക്കുകയാണ് കരീം. രണ്ട് വര്‍ഷത്തെ പ്രൊബേഷണറി പിരീഡ് പോലും അയാള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്ന തീരുമാനം ഉണ്ടാകുന്നതിനു മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ കരീമിന് തന്റെ വിശദീകരണം നല്‍കാനുള്ള അനുമതി കിട്ടും. എന്നാല്‍ തെളിവോടുകൂടി പിടിക്കപ്പെട്ടതിനാലും കരീം കുറ്റം സമ്മതിച്ചിട്ടുള്ളതിനാലും എന്തു വിശദീകരണം നല്‍കിയാലും അത് അയാളെ പിരിച്ചുവിടുന്നത് തടയാന്‍ കഴിയണമെന്നില്ലെന്നാണ് ഐപിഎസ് വൃത്തങ്ങളില്‍ നിന്നു തന്നെ വരുന്ന സൂചനകള്‍.

ഭര്‍ത്താവിന്റെ കള്ളത്തരത്തിനു കൂട്ടുനിന്ന് ജോയ്‌സിയും കുടുങ്ങി
ഭര്‍ത്താവിന്റെ അതിമോഹത്തിന് കൂട്ടുനിന്നതാണ് ജോയ്‌സിയേയും ഇപ്പോള്‍ അഴിക്കുള്ളിലാക്കായിരിക്കുന്നത്. കരീമിനെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ തമിഴ്‌നാട് പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് ആണ് ജോയ്‌സിയേയും അവരെ സഹായിച്ചിരുന്ന രാംബാബുവിനെയും അവിടെ നിന്നും അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരമുള്ള കേസ് ജോയ്‌സിക്കും രാംബാബുവിനും മേലും ചുമത്തും. അശോക്‌നഗറില്‍ ലാ എക്‌സലന്‍സ് ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ എന്ന പേരില്‍ കോച്ചിംഗ് സെന്റര്‍ നടത്തിവരുന്ന ഡോ. പി ആര്‍ രാംബാബു കരീമിന്റെ അടുത്തസുഹൃത്തും ബിസിനസ് പങ്കാളിയുമാണ്. രാംബാബുവുമായി ചേര്‍ന്ന് തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ലാ എക്‌സലന്‍സ് എന്ന പേരില്‍ ഐഎഎസ് കോച്ചിംഗ് സെന്റര്‍ സഫര്‍ നടത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍