സര്‍ക്കാരിനെതിരെയോ ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയോ പ്രതികരിച്ചാല്‍ നടപടി ഉണ്ടാവുമെന്ന് ഭയന്ന് എല്ലാവരും മൗനം പാലിക്കുകയാണെന്ന് ഐപിഎസ് ഓഫീസര്‍മാര്‍
ചൈത്ര തെരേസ ജോണിനെതിരെയുള്ള അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളിലും പോലീസ് സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം. ചൈത്രക്ക് പിന്തുണയറിയിച്ച് ഐപിഎസ് ഓപീസര്‍മാര്‍ എത്തിയിട്ടുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ല. സര്‍ക്കാരിനെതിരെയോ ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയോ പ്രതികരിച്ചാല്‍ നടപടി ഉണ്ടാവുമെന്ന് ഭയന്ന് എല്ലാവരും മൗനം പാലിക്കുകയാണെന്ന് ഐപിഎസ് ഓഫീസര്‍മാര്‍ പറയുന്നു.
ചൈത്ര ചെയ്തത് നിയമപ്രകാരം ഒരു ഉദ്യോഗസ്ഥ ചെയ്യേണ്ട കാര്യമാണെന്നും കൃത്യമായ വിവരം ലഭിച്ചാല്‍ പ്രതികള്‍ക്കായി ഏതിടത്തും പരിശോധന നടത്തുക എന്നത് പോലീസ് ഓഫീസറുടെ കര്‍തവ്യമാണെന്നുമാണ് സര്‍വീസിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. സാധാരണ ഗതിയില്‍ പാര്‍ട്ടി ഓഫീസുകളില്‍ പരിശോധന നടത്താന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം മടിച്ച് നില്‍ക്കുമ്പോള്‍ ചൈത്ര ചെയ്ത കാര്യത്തെ അഭിനന്ദക്കുകയാണ് ഒരു ഭരണാധികാരി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ആ ഉദ്യോഗസ്ഥ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരു പ്രതിക്കായി തിരച്ചില്‍ നടത്തുമ്പോള്‍ അയാള്‍ എവിടെയെങ്കിലും ഉണ്ടെന്ന് സൂചന കിട്ടിയാല്‍ അവിടം പരിശോധിക്കുക എന്നത് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമാണ്. അത് പാര്‍ട്ടി ഓഫീസാണോ, ആരാധനാലയമാണോ എന്നൊന്നും ആലോചിച്ച് നില്‍ക്കേണ്ട ബാധ്യത ഒരു ഉദ്യോഗസ്ഥയ്ക്കില്ല. നിയമം പരിപാലിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാവരും ഒരുപോലെയാണ്. അതില്‍ രാഷ്ട്രീയ പാര്‍ട്ടികളെന്നോ, പാര്‍ട്ടി ഓഫീസുകളെന്നോ ഒന്നുമുള്ള വ്യത്യാസമില്ല. ഉണ്ടാവാന്‍ പാടില്ല എന്നാണ് നിയമം അനുശാസിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് പാര്‍ട്ടി ഓഫീസുകള്‍ എന്നും അതിനാല്‍ അവിടെ കയറി പരിശോധന നടത്തേണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനാധിപത്യ ഇന്ത്യയില്‍ തന്നെയാണ് പോലീസുകാര്‍ക്കും ചുമതലകളും കര്‍ത്തവ്യങ്ങളും നിര്‍വ്വചിച്ചിട്ടുള്ളത്. അതില്‍ പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്, അതുകൊണ്ട് അവിടെ നിങ്ങള്‍ കയറി പരിശോധന നടത്തരുതൊന്നും ഒരു നിയമവും പറഞ്ഞിട്ടില്ല. സാധാരണ പാര്‍ട്ടി ഓഫീസുകള്‍ പരിശോധിക്കാറില്ല എന്ന് പറഞ്ഞാല്‍, എന്ത് സംഭവിച്ചാലും പോലീസുകാര്‍ പാര്‍ട്ടി ഓഫീസുകളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും സംരക്ഷിക്കേണ്ടവരാണെന്നാണോ? നട്ടെല്ലില്ലാത്ത പലരും സേനയിലുണ്ടാവും. രാഷ്ട്രീയക്കാരുടെ മൂടുതാങ്ങി നടക്കുന്നവര്‍. പക്ഷെ എല്ലാവരും അങ്ങനെയാണെന്ന് കണക്കാക്കരുത്. കൃത്യമായി ജോലി ചെയ്യുന്നവര്‍ ഇത്തരത്തില്‍ പല കാര്യങ്ങളും ചെയ്‌തെന്ന് വരും. യഥാര്‍ഥത്തില്‍ നല്ല ഒരു ഭരണാധികാരിയായിരുന്നെങ്കില്‍ ധൈര്യത്തോടെ ആ പ്രവര്‍ത്തി ചെയ്ത ചൈത്രയെ പ്രശംസിക്കുകയോ അഭിനന്ദിക്കുകയോ ആയിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അതിന് പകരം ജോലി ചെയ്ത ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്നത് അധികാരത്തിന്റെ ബലത്തിലാണ്.’
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്താന്‍ ചൈത്ര കോടതിയില്‍ സര്‍ച്ച് മെമ്മോ നല്‍കിയിരുന്നു എന്നും പൂര്‍ണമായും ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പരിശോധന എന്നും എഡിജിപി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ ഡയറിയിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനായാണ് ഡിസിപിയുടെ ചുമതലയുണ്ടായിരുന്ന വനിതാ സെല്‍ എസ് പി ചൈത്ര തെരേസ ജോണ്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ തിരച്ചില്‍ നടത്തിയത്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ എന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ എഡിജിപി മനോജ് എബ്രഹാമിനെ ഡിജിപി ചുമതലപ്പെടുത്തുകയായിരുന്നു.
ചട്ടപ്രകാരം മാത്രം പ്രവര്‍ത്തിച്ച ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കരുതെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അഭിപ്രായം. നടപടിയുണ്ടായാല്‍ അത് യുവ ഓഫീസര്‍മാരുടെ മനോവീര്യം തകര്‍ക്കുമെന്നും ഇവര്‍ പറയുന്നു.