UPDATES

വൈറല്‍

ജാതി ‘തീട്ടങ്ങളോ’ട് ഒരു കാര്യം കൂടി, ‘ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം തിന്നവരോട്…. നാളെ ചായക്ക് പലഹാരം ഇലയട ആണ്’

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിക്കെത്തിയ 29 പേരില്‍ എട്ടുപേര്‍ ആഭിജാത്യം കാരണം ഒരു തുളളി വെളളം കുടിച്ചില്ല; കാസര്‍കോട് മാവില സമുദായക്കാരിയായ ഒരു അധ്യാപികയുടെ അനുഭവം

21ാം നൂറ്റാണ്ടിലും ജാതിവെറിയോ?  എന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഭൂമിമലയാളത്തില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിക്കെത്തിയ 29 പേരില്‍ എട്ടുപേര്‍ ആഭിജാത്യം കാരണം ഒരു തുളളി വെളളം കുടിച്ചില്ലെന്ന കാസര്‍കോട് കോളേജ് അധ്യാപിക ബിജിതയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

“എന്റെ വീട്ടിൽ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് ചായ കുടിക്കാതെ മാറി നിന്നവരോട്…..
അതെ ഞാൻ ആദിവാസി മാവിലൻ തന്നെ. എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തിന്റെ നിറം നല്ല ഒന്നാന്തരം കട്ട ചോപ്പെന്നെ. അതിൽ എനിക്ക് ഇരുണ്ട തൊലിയും കറ തീർന്ന മനസും. നിനക്ക്…….. ഒരു പോറലേറ്റാലോ പേന കൊണ്ട് വരഞ്ഞാലോ പെട്ടന്ന് തിരിച്ചറിയത്തക്ക വിധത്തിലുള്ള തൊലിയും ജാതിക്കറ നിറഞ്ഞ മനസും ആണെന്നുള്ളത് മനസിലാക്കുക. ഒരു കാര്യം കൂടി ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം തിന്നവരോട്…. നാളെ ചായക്ക് പലഹാരം ഇലയട ആണ്.”

ബിജിതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഷജിത്ത് സി കെ പാലേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മാസങ്ങള്‍ക്കു മുമ്പ് പാലക്കാട്ടുനിന്നും കോഴിക്കോട് പേരാമ്പ്രയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജാതി വെറിയെ സൂചിപ്പിക്കുന്നു. കേരളീയ നവോത്ഥാനത്തിന്റെ തിരിഞ്ഞുനടത്തത്തെ കുറിച്ച്‌ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ് ഷജിത്തിന്റെ കുറിപ്പ്. തനിക്കു ചെയ്യാനാവുന്ന ചെറുതല്ലാത്ത പുതുവഴികള്‍ വെട്ടിതുറന്ന കാസര്‍കോടുകാരിയായ ബിജിത തന്റ സുഹൃത്തിനോട് പങ്കുവെച്ച അനുഭവ കുറിപ്പ് താഴെ:

ഇന്ന് ബിജിതതയെ വിളിച്ചിരുന്നു. ജാതി വെറിപൂണ്ട കുറേ “തീട്ടങ്ങൾ” അവൾക്കും കുടുംബത്തിനും അപമാനമുണ്ടാക്കും വിധം പെരുമാറിയതിനെ കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചത്.

29 പേരാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ബിജിതയുടെ വീട്ടിൽ ജോലിക്കെത്തിയത്. അവർക്കു വേണ്ടി ചായയും പലഹാരവും തയ്യാറാക്കിയിരുന്നു. പക്ഷേ കൂട്ടത്തിൽ എട്ടുപേർ ചായയോ പച്ച വെള്ളം പോലുമോ കുടിക്കാൻ തയ്യാറായില്ല.നായർ ജാതിക്കാരായ ഞങ്ങൾ കുലമഹിമ ഉള്ളവരാണെന്ന ആഭിജാത്യമാണ് ബിജിതയുടെ വീടിനും കിണറിനും അവളുടെ അടുപ്പിൽ തിളപ്പിച്ച ചായയ്ക്കും ” അയിത്തം” കൽപ്പിക്കാൻ അവരെ പ്രേരിപ്പിച്ചത്.

ജാതി ശരീരങ്ങളായ് മനുഷ്യരെ പരിഗണിക്കുന്ന, ശുദ്ധി ജാതിനിഷ്ഠമായ് നിലകൊള്ളുന്നതാണെന്ന നവോത്ഥാന പൂർവ്വധാരണയുടെ നേർ സൂചനയായി ഇതിനെ കാണേണ്ടതുണ്ട്. മുമ്പ് പാലക്കാടും കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പറയക്കോളനിയിലെ വിദ്യാർത്ഥികളുടെ സ്കൂൾ ജീവിതവുമായ് ബന്ധപെട്ടും ഇതിനോട് ചേർത്തു നിർത്താവുന്ന സംഭങ്ങൾ ഉണ്ടായിട്ടുണ്ട്. ആഴത്തിലുള്ള സാമൂഹിക വിശകലനവും സാംസ്കാരിക ഇടപെടലും ഇത്തരം വിഷയങ്ങളിൽ ആവശ്യമാണുതാനും. എങ്കിലും അൽപ്പം വൈകാരികമായി ചിലത് പറയാതെ നിർവ്വാഹമില്ല.

also read: ദലിത് പൂജാരിമാരില്‍ നിന്നും നിങ്ങള്‍ പുണ്യാഹം വാങ്ങുമോ? കാസര്‍കോടും ചെട്ടിക്കുളങ്ങരയും തുറന്നുകാട്ടുന്ന ‘നവകേരളം’

ബിജിതയും കുടുംബവും മാവിലയ ജാതിയിൽ ഉൾപ്പെട്ടതുകൊണ്ടാണ് അവരുടെ ഭക്ഷണം നിങ്ങളുടെ ആഭിജാത്യത്തിന് കുറവു വരുത്തുന്നതെങ്കിൽ ഇതു കൂടി കേൾക്കുക;

“മൂന്നോ നാലോ തലമുറയ്ക്കപ്പുറം അച്ഛനാരാണ് എന്നു പോലും നിജപ്പെടുത്താൻ കഴിയാത്തതാണ് നിങ്ങളുടെ പാരമ്പര്യമഹത്വം. നമ്പൂതിരി സ്ത്രീകളുടെ തീണ്ടാരി തുണി കഴുകിയും ആർത്തവകാലങ്ങളിൽ അവരെ പരിചരിച്ചും അവരുടെ ഉച്ചിഷ്ടം ഭക്ഷിച്ചും നമ്പൂതിരി പുരുഷൻമ്മാർക്കിഷ്ടപെട്ട കാമ ശരീരങ്ങളായും ജീവിച്ച മ്ളേച്ചതയുടെ വിയർപ്പാണ് നിങ്ങളുടെ ജാതി മൂലധനം.”

പൊതുവഴിയിലൂടെ പോകുമ്പോൾ തീട്ടം കണ്ടാൽ ഞങ്ങൾ അറയ്ക്കാറുണ്ട്. അതിനൊപ്പമോ അതിലപ്പുറമോ അറയ്ക്കുന്ന തീട്ടങ്ങളായ് മാത്രമേ നിങ്ങളെ കാണാൻ കഴിയൂ.

Also Read: ആ ചിരിയില്‍ ജാതിചിന്ത കത്തി നില്‍ക്കുന്നുണ്ടായിരുന്നു; തൊഴിലുറപ്പുകാരുടെ ‘ആഭിജാത്യ’ത്തെ കുറിച്ച് തന്നെ- ബിജിത സംസാരിക്കുന്നു

പിന്നെ ബിജിത ഞങ്ങൾക്ക് അഭിമാനമാണ്. നിങ്ങളുടെ നാട്ടിലെ കുടുംബശ്രീ ആവശ്യങ്ങൾക്കായ് ബാങ്കിൽ പല തവണ കയറി ഇറങ്ങുന്ന ബിജിതയെ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളുടെ നാടിനും പ്രകൃതിക്കും മനുഷ്യസമൂഹത്തിനും ദുരന്തമായ് തീരുമായിരുന്ന ഒരു വ്യവസായം അവിടെ തലപൊക്കിയപ്പോൾ കാസർക്കോട് കലക്ട്രേറ്റിൽ അവൾ പലവട്ടം കയറി ഇറങ്ങിയതിനും സ്റ്റോപ്പ് മെമ്മോ വാങ്ങിച്ചെടുത്തതിനും ഞാനടക്കമുള്ള സുഹൃത്തുക്കൾ തെളിവും സാക്ഷികളുമാണ്. അപ്പൊഴൊക്കെ അത്ഭുതത്തോടെ ഞങ്ങളവളെ നോക്കി നിന്നിട്ടുണ്ട്.

കിണറുകുത്താനും തെങ്ങിൽ കയറാനും മുന്നിട്ടിറങ്ങിയ ബിജിതയെ മാത്രമേ ഒരു പക്ഷേ നിങ്ങളറിയു. അതിനപ്പുറം കളരിപ്പയറ്റു വേദിയിലും നാടൻ പാട്ടു വേദിയിലും സജീവ സാന്നിദ്ധ്യമാണമൾ. കാസർക്കോട് കോളേജിലെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അദ്ധ്യാപിക. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും സ്നേഹ സാന്നിധ്യം. ഒരേ പാത്രത്തിൽ നിന്നും കയ്യിട്ടുവാരി തിന്നാണ് ഞങ്ങൾ കാസർക്കോട് കോളേജിൽ ജീവിച്ചത്.(സുഷമകുമാരി,രാജശ്രീ ആർ ,ശ്യാമള മാനിച്ചേരി , സുസ്മിത മുരളീധരൻ, ജയലക്ഷ്മി, നിത്യ, ഷിബുകുമാർ, സജിരാഗ്, രഞ്ജുമോൻ, നമിത.കെ.സി)

” അവറ്റേക്ക് വിവരേല്ലാത്തേന് നമ്മളെന്ത് ചെയ്യാന മാഷേ?” എന്നാണ് ജാതിപരമായ വേർതിരുവുകൾ അനുഭവപെടുമ്പോൾ അവൾ പറയാറുള്ളത്. “അവറ്റകളുടെ വിവരക്കേടു മാത്രമായ്” നിങ്ങളുടെ നായർ ആഭിജാത്യം ബിജിതയ്ക്ക് കാണാൻ കഴിയാത്തത് അവളെ അത്രമേൽ വേദനിപ്പിച്ചിട്ടുള്ളതുകൊണ്ടാണ്. നിങ്ങളുടെ മനസിലും ശരീരത്തിലും നിറഞ്ഞിട്ടുള്ള തീട്ടത്തിന്റെ നാറ്റം നിങ്ങൾ സ്വയം കഴുകി ശുദ്ധീകരിക്കുക. അല്ലെങ്കിൽ സ്വയം കുടിച്ചു തീർക്കുക. അതിനപ്പുറം ഇനിയുമത് തല പൊക്കുന്നുവെങ്കിൽ ബിജിത ഒരു തുരുത്തല്ലെന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും വിദ്യാർത്ഥികളും ഒക്കെയായ് ചെറുതല്ലാത്ത ഒരു കൂട്ടം മനുഷ്യർ അവൾക്കൊപ്പമുണ്ടെന്നും വൈകാതെ നിങ്ങൾ തിരിച്ചറിയും.

Also Read: ദലിത് പൂജാരിമാരില്‍ നിന്നും നിങ്ങള്‍ പുണ്യാഹം വാങ്ങുമോ? കാസര്‍കോടും ചെട്ടിക്കുളങ്ങരയും തുറന്നുകാട്ടുന്ന ‘നവകേരളം’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍