UPDATES

ട്രെന്‍ഡിങ്ങ്

ഐഎസ് കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സി

കേരളത്തിന്റെ തീരമേഖലകളില്‍ സുരക്ഷ ശക്തമാക്കി

ശക്തികേന്ദ്രങ്ങളായ ഇറാഖിലും സിറിയയിലും തിരിച്ചടിയേറ്റ ഐഎസ്‌ഐഎസ്, മറ്റുമേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സംഘടന ശ്രമിക്കുന്നതെന്ന് ഇന്റലിജന്‍സ് വിഭാഗം കേരള പൊലീസിനെ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇത് സംബന്ധിച്ച് മൂന്ന് കത്തുകളാണ് സംസ്ഥാന പൊലീസിന് രഹസ്യാന്വേഷണ വിഭാഗം കൈമാറിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയയിലേയും ഇറാഖിലേയും പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതിന് ശേഷം സ്വന്തം രാജ്യങ്ങളില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഐഎസ്  പ്രവര്‍ത്തകര്‍ക്ക്‌
നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് നല്‍കിയിട്ടുളള മറ്റൊരു മുന്നറിയിപ്പില്‍ കൊച്ചിയിലെ ഷോപ്പിംങ് മാളുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുളളതായും പറയുന്നു.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളാണ് ഐഎസ് സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളെന്നും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. നേരത്തെ ടെലിഗ്രാം ആപ്പ് വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതില്‍ മാറ്റം വരുത്തിയതായും രഹസ്യാന്വേഷണ
വിഭാഗം പറയുന്നു. സന്ദേശങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന തോന്നലാണ് ടെലിഗ്രാമിനെ ഒഴിവാക്കി മറ്റ് ആപ്പുകള്‍ വഴി സന്ദേശങ്ങള്‍ കൈമാറാന്‍ കാരണം. ചാറ്റ് സെക്യുയര്‍, സിഗ്നല്‍, സൈലന്റ് ടാക്‌സ് എന്നിവയെയാണ് ഇപ്പോള്‍ സന്ദേശ കൈമാറ്റത്തിന് ഐഎസ്‌ഐഎസ് ആശ്രയിക്കുന്നതെന്നും സംസ്ഥാന പൊലീസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.

കേരളത്തില്‍നിന്ന 100 ഓളം ആളുകള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. സംസ്ഥാനത്തെ 21 കൗണ്‍സിലിംങ് കേന്ദ്രങ്ങളിലുടെ
3000ത്തോളം ആളുകളെ ഭീകരവാദ ആശയങ്ങളില്‍നിന്ന് മുക്തരാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഇപ്പോഴും നീരീക്ഷണത്തിലാണെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരാവാദ ആശയങ്ങളില്‍ പൊലീസുകാര്‍ കുടുങ്ങി പോയിട്ടുണ്ടെങ്കില്‍
ഇവരെ കണ്ടെത്താന്‍ ഹണി ട്രാപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ഓണ്‍ലൈന്‍ ഹണി ട്രാപ്പുകളാണ് ഇത്തരത്തില്‍ ഭീകരവാദ ആശയങ്ങളില്‍ അകപ്പെട്ടുപോയ പൊലീസുകാരെ കണ്ടെത്താന്‍ തയ്യാറാക്കിയിട്ടുള്ളത്.

ശ്രീലങ്കയില്‍ ഭീകരാക്രമണ നടന്നതിന് ശേഷം വിവിധ ഗ്രൂപ്പുകളുമായി ബന്ധമുള്ള 30 പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലാണ്. ശ്രീലങ്കയില്‍ ആക്രമണം നടന്നതിന് ശേഷം കേരള തീരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കയാണ്.

അതിനിടെ കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ ഏജന്‍സി അറസ്റ്റ് ചെയ്ത തമിഴ്‌നാട്ടിലെ ഐഎസ് സംഘത്തിന് കേരളത്തിലുള്ള ചില ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഐഎസ് അനുഭാവിയെന്ന് സംശയിച്ച് ഖത്തറില്‍നിന്ന് കേരളത്തിലെത്തിയ പാലക്കാട് സ്വദേശി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

read more:ബിനോയ് കോടിയേരിയെ തിരഞ്ഞ് മുംബൈ പോലീസ് തലശേരിയിലെ വീട്ടിലെത്തി; ഒളിവിലെന്ന് സൂചന

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍