UPDATES

ട്രെന്‍ഡിങ്ങ്

ചന്ദ്രയാൻ-2: സ്വപ്നങ്ങൾ പൊഴിഞ്ഞു വീണ 13 മിനിറ്റ്

വിജയിച്ചിരുന്നെങ്കില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ

വെല്ലുവിളികളും തിരിച്ചടികളും വലിയ വിജയങ്ങളും നിറഞ്ഞതാണ് 50 വർഷത്തെ ഐഎസ്ആർഒയുടെ ചരിത്രം. ഇക്കാലയളവിൽ ഐഎസ്ആർഒ ഏറ്റെടുത്ത ഏറ്റവും സങ്കീർണമായ ദൗത്യമായിരുന്നു ചന്ദ്രയാൻ-2. ഒരിക്കൽ മാറ്റിവച്ച് ജൂലായ് 22 നാണ് ചന്ദ്രയാൻ രണ്ട് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിജയകമായി വിക്ഷേപിക്കുന്നത്. എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചായിരുന്നു വിക്ഷേപണം. മുൻ നിശ്ചയിച്ച പാതിലൂടെ 48 ദിവസം നീണ്ടു നിന്നയാത്രയ്ക്ക് ശേഷമായിരുന്നു സെപ്തംബർ 7 ന് പുലർച്ചെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് കരുതിയത്.

എന്നാൽ, എല്ലാ പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി ചന്ദ്രന് വെറും   2.1 കിലോ മീറ്റർ മാത്രം അകലത്തില്‍ 13 മിനിറ്റുകള്‍ക്ക് മാത്രം മുൻപ് വിക്രം ലാന്ററുമായുള്ള ബന്ധം ഐഎസ് ആർഒക്ക് നഷ്ടപ്പെടുകയായിരുന്നു. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും  ഐഎസ്ആർഒ (ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന) ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു. പുലർച്ചെ 2.18നായിരുന്നു ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് മേൽ നിരാശ പടർത്തി ആ പ്രഖ്യാപനം വന്നത്.

സെപ്റ്റംബർ 2 നാണ് ചന്ദ്രയാൻ 2 ദൗത്യത്തിലെ സുപ്രധാന ഘട്ടങ്ങളിൽ ഒന്നെന്ന് വിലയിരുത്തിയ ഓർബിറ്ററും ലാൻഡറും വേർപെട്ടത്. ഓർബിറ്റർ നിശ്ചിത ഭ്രമണപഥത്തിൽ ചന്ദ്രനെ വലം വയ്ക്കും. ഒരു വർഷം ഇത് തുടരും.

സെപ്റ്റംബർ 3- 4: ഭ്രമണപഥം താഴ്ത്തിയും ക്രമീകരിച്ചും വിക്രം ലാൻഡർ ചന്ദ്രോപരിതലം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.
സെപ്റ്റംബർ 7: അതായിരുന്നു ഇന്ത്യയും ലോകവും കാത്തിരുന്ന ദിവസം.

നിർണായക ലാന്‍ഡിങ് ഘട്ടം: പുലർച്ചെ 1.38 നായിരുന്നു ദൗത്യത്തിലെ എറ്റവും നിർണായക ഘട്ടം ആരംഭിക്കുക എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തു ലാൻഡർ ഇറക്കുന്നതിനു മുന്നോടിയായി ഈ മേഖല ലാൻഡറിലെ ക്യാമറകൾ സ്കാൻ ചെയ്യും. വിക്രം താഴേക്കു പോകുന്നതിനിടെ ബ്രേക്കിങ് സംവിധാനങ്ങൾ പ്രവർത്തനമാരംഭിക്കും. നിർണായകമായ 15 മിനിറ്റ്, അതായിരുന്നു ഐഎസ് ആർഒക്ക് മുന്നിലുണ്ടായിരുന്ന മുന്നറിയിപ്പ്.

പുലർച്ചെ 1. 23: ചരിത്രത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ ഐഎസ്ആർഒ സെന്ററിലെത്തുന്നു. പിന്നാലെ, ബെംഗളൂരു പീനിയയിലെ ഇസ്റോ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ ആകാംക്ഷയുടെ നിമിഷങ്ങൾ. ലോകമെങ്ങും നിന്നുള്ള മാധ്യമപ്രവർത്തകരുടെ സംഘം കാത്തിരിക്കുകയായിരുന്നു. പുറത്ത് തത്സമയ സംപ്രേഷണത്തിനുള്ള വാഹനങ്ങളുടെ നീണ്ടനിര. കനത്ത സുരക്ഷാവലയത്തിലായിരുന്നു ഇസ്ട്രാക്കും പരിസരവും.

പുലർച്ചെ 1.38: ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള സോഫ്റ്റ്‌ ലാൻഡിങ് പ്രക്രിയ തുടങ്ങി. ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തായിരുന്നു ഈ സമയം. പിന്നാലെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനം ആരംഭിക്കുകയും ചെയ്തു. ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള 800 ന്യൂട്ടൻ ശേഷിയുള്ള 5 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ച് വേഗത കുറക്കാനുള്ള ശ്രമങ്ങൾ.

1. 50- ലാൻഡർ മുൻ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രന്റെ 7 കിലോമീറ്റർ പരിധിയിൽ. തുടർന്നു 1.52നു ഫൈൻ ബ്രേക്കിങ് ഘട്ടം തുടങ്ങുന്നതു വരെ സിഗ്നലുകൾ ലഭിച്ചു. എന്നാൽ എന്നാല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ വരെ അകലെ എത്തിയപ്പോള്‍ ശാസ്ത്രജ്ഞരെ നിരാശരാക്കി കൊണ്ട് സന്ദേശം നിലയ്ക്കുകയായിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രിയും ശാസ്ത്രകാരന്മാരോടൊപ്പം ഉണ്ടായിരുന്നു.

പിന്നീട് ആകാംഷയുടെ നിമിഷങ്ങൾ. അൽപസമയത്തിന് ശേഷം ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പ്രധാനമന്ത്രിക്ക് അടുത്തെത്തി വിവരം അറിയിക്കുന്നു. പുലർച്ചെ 2.18 നായിരുന്നു ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് മേൽ നിരാശ പടർത്തി ചെയർമാൻ തന്നെ ആ പ്രഖ്യാപനം നടത്തുകയായിരുന്നു. വിക്രം ലാൻഡറിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.

ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി 10 മിനുട്ടിന് ശേഷം, ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പ്രതീക്ഷ കൈവിടരുത് എന്നാണ്. ദൗത്യം വിജയിക്കാന്‍ കഴിയാത്തതില്‍ നിരാശനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനെ പ്രധാനമന്ത്രി സമാധാനിപ്പിച്ചു. നിങ്ങളുടേത് ചെറിയ നേട്ടമല്ല, രാജ്യം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയിരിക്കുന്ന പവലിയനിലെത്തി, ശിവന്‍ അദ്ദേഹത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് ശാസ്ത്രജ്ഞരും ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്വസിപ്പിച്ചു.

രാവിലെ 8: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി. ചന്ദ്രയാൻ-2 ദൗത്യം അവസാന നിമിഷം അനിശ്ചിതത്വത്തിലായെങ്കിലും നിരാശയുടെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയിൽ തളരരുത്. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോവരുത്. പരിശ്രമങ്ങൾ ഇനിയും തുടരണമെന്നും അദ്ദേഹം പറയുന്നു. ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സംസ്ക്കാരം സഹസ്രാബ്ദകാലത്തോളം അതിജീവിച്ചത് തിരിച്ചടികളെ നേരിട്ടാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഭാരത് മാതാ കീ ജയ് എന്ന് ആവർത്തിച്ച് വിളിച്ച് പ്രസംഗം അവസാനിപ്പിക്കുന്നു. ഏറെ വികാരനിര്‍ഭരമായ രംഗത്തിനാണ് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രം സാക്ഷിയായത്. പ്രസംഗത്തിന് ശേഷം ശാസ്ത്രജ്ഞര്‍ക്ക് ഹസ്തദാനം നൽകി അനുമോദിക്കാനും അദ്ദേഹം തയ്യാറായി. ഒരോരുത്തരുടെയും അടുത്തെത്തിയായിരുന്നു അദ്ദേഹം ആശ്വസിപ്പിച്ചത്.

പിന്നാലെ നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍