UPDATES

പകപോക്കല്‍ എന്നാക്ഷേപം; ഐ ഐ എസ് ടിയില്‍ വിദ്യാര്‍ത്ഥിയുടെ പിഎച്ച്ഡി പ്രവേശനം റദ്ദാക്കിയ നടപടി വിവാദമാകുന്നു

യു ജി സി മാനദണ്ഡങ്ങള്‍ക്ക് എതിരായി, മുന്‍കൂട്ടി അറിയിക്കാതെ പിഎച്ച്ഡി ഗവേഷകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താല്‍ യൂണിവേഴ്‌സിറ്റി തീരുമാനിക്കുന്നത് മുതലാണ് സംഭവങ്ങളുടെ തുടക്കം

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഗവേഷണത്തിന് ചേര്‍ന്ന യുവാവിന്റെ പിഎച്ച് ഡി പ്രവേശനം റദ്ദാക്കിയ അധികൃതരുടെ നടപടി വിവാദമാകുന്നു. ഒരേസമയം രണ്ടു യൂണിവേ്‌ഴ്‌സിറ്റികളുടെ കീഴില്‍ നിന്നും പഠനം തുടരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2016-ല്‍ പി ജിയും എം ഫിലും പൂര്‍ത്തിയാക്കിയ ഹരികൃഷ്ണന്‍ തിരുവനന്തപുരം ഐ ഐ എസ് ടിയില്‍ ചേര്‍ന്നത് 2017 ജൂലൈ 24 നാണ്. ആ മാസം 21 ന് തന്നെ എം ഫില്‍ പ്രബന്ധം സബ്മിറ്റ് ചെയ്തതിനു ശേഷമായിരുന്നു ഇത്. ആ സമയത്ത് ടി സി ഹാജരാക്കണമെന്ന് പ്രോസ്‌പെക്ടസില്‍ പറഞ്ഞിരുന്നു എങ്കിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വെവ്വേറെ ടി സി അനുവദിക്കുന്നില്ലാത്തതിനാല്‍ ടി സി ഹാജരാക്കാല്‍ പറ്റിയിരുന്നില്ല. എന്നാല്‍ അതിന് സമയം ആവശ്യമാണെന്ന് കാണിച്ച് മുമ്പു തന്നെ അപേക്ഷ നല്‍കിയരുന്നു എന്ന കാര്യം യൂണിവേഴ്‌സിറ്റി നല്‍കിയ മെമ്മോയില്‍ പറയുന്നുണ്ട്.

എന്നാല്‍, രണ്ടു മാസത്തിന് ശേഷം എന്‍ സി ഹാജരാക്കിയപ്പോഴാണ് ഐ ഐ എസ് ടി ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ ചെയ്യുന്ന കാര്യം മറച്ചു വെച്ച് പ്രവേശനം നേടി എന്നാണ് മെമ്മോയില്‍ പറയുന്നത്. പിഎച്ച്ഡി ആപ്ലിക്കേഷന്‍ ഫോമില്‍ എം.ഫില്‍ അടയാളപ്പെടുത്താല്‍ സ്‌പേസ് ഇല്ലാതിരുന്നതിനാലും പിഎച്ച്ഡി പ്രവേശനത്തിന് പി ജി മാത്രമേ മാനദണ്ഡമായി പരിഗണിക്കുന്നുള്ളൂ എന്നതിനാലുമാണ് എംഫിലിന്റെ കാര്യം പ്രത്യേകിച്ച് എടുത്തു പറയാതിരുതന്നതെന്ന് മെമ്മോയ്ക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇന്റര്‍വ്യൂ നടന്ന സമയത്ത് തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിരുതാണെന്നും ഹരികൃഷ്ണന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നുംതന്നെ മെമ്മോയില്‍ സൂചിപ്പിച്ചിട്ടില്ലെന്നാണ് വസ്തുത.

ടി സി ഹാജരാക്കിയില്ല എന്നത് മാത്രമാണെങ്കില്‍ മറ്റൊരു യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മന:പൂര്‍വ്വം വസ്തുതകള്‍ മറച്ചുവെച്ച് അഡ്മിഷന്‍ നേടി എന്ന കാരണമാണ് യൂണിവേഴ്‌സിറ്റി പറഞ്ഞിരിക്കുന്നത് എന്നതിനാല്‍ തന്നെ മറ്റൊരു സ്ഥലത്ത് പ്രവേശനം നേടുക എന്നതും ഇനി നടക്കില്ല എന്നും ഹരികൃഷ്ണന്‍ പറയുന്നു. നാലംഗ കമ്മിറ്റിയെ നിയമിച്ചാണ് ഇങ്ങനൊരു തീരുമാനം എടുത്തിട്ടുള്ളത്. എന്നാല്‍ ഇവര്‍ ഇത് ക്ലാരിഫൈ ചെയ്യുന്ന തരത്തില്‍ ഒഫീഷ്യല്‍ ആയ അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല എന്നും ഹരികൃഷ്ണന്‍ ആരോപിക്കുന്നു. ഇതിനെതിരെ ഇവിടുത്തെ തന്നെ സ്റ്റാഫിന്റെയും വിദ്യാര്‍ത്ഥികളുടേയും ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്.

യു ജി സി മാനദണ്ഡങ്ങള്‍ക്ക് എതിരായി, മുന്‍കൂട്ടി അറിയിക്കാതെ പിഎച്ച്ഡി ഗവേഷകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താല്‍ യൂണിവേഴ്‌സിറ്റി തീരുമാനിക്കുന്നത് മുതലാണ് സംഭവങ്ങളുടെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച് മുന്നിട്ടറങ്ങിയവരുടെ കൂട്ടത്തില്‍ ഹരികൃഷ്ണനും ഉണ്ടയിരുന്നു. പ്രവേശനം നേടിയ സമയത്ത് യൂണിവേഴ്‌സിറ്റി പ്രോസ്‌പെക്ടസില്‍ പറഞ്ഞിട്ടില്ലാത്ത ഫീസ് ഈടാക്കല്‍ യുജിസി നിയമത്തിന് എതിരാണ് എന്നിരിക്കെയാണ് ഇത്തരത്തില്‍ ഫീസ് ചുമത്താന്‍ യൂണിവേഴ്‌സിറ്റി തീരുമാനിക്കുന്നത്. ഇതിനെതിരേ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി എതിര്‍പ്പ് അറിയിക്കുകയും അടുത്ത ബാച്ച് മുതല്‍ പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം ഫീസ് ഈടാക്കിക്കൊള്ളുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രോസ്‌പെക്ടസില്‍ ഫീസിന്റെ കാര്യം പറഞ്ഞിട്ടില്ലാത്തതിനാലും യുജിസി മാനദണ്ഡങ്ങള്‍ക്ക് എതിരാണ് എന്നതിനാലും യൂണിവേഴ്‌സിറ്റിക്ക് ഇതൊരു തിരിച്ചടിയായി.

ഇതിനെത്തുടര്‍ാന്നണ് പെട്ടെന്ന് ഇത്തരമൊരു നടപടി യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് എന്നാണ് ആരോപണം. ഫീസ് വിഷയത്തില്‍ ഉണ്ടായിട്ടുള്ള പ്രതിഷേധം തുടക്കത്തില്‍ തന്നെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ഹരികൃഷ്ണന്‍ പറയുന്നു. എം ഫില്‍ സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ സാധാരണയായി വിദ്യാര്‍ത്ഥികള്‍ നിരവധി പേര്‍ പിഎച്ച്ഡിക്ക് വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടാറുണ്ട് എന്നിരിക്കേ ഐ ഐ എസ് ടി മാത്രം ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചുവെന്നതാണ് ആക്ഷേപം. ഇതിനെതിരേ നിയമപരമായി നീങ്ങുവാന്‍ തന്നെയാണ് ഹരികൃഷ്ണന്റെ തീരുമാനം.

വിന്നി പ്രകാശ്

വിന്നി പ്രകാശ്

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍