UPDATES

ട്രെന്‍ഡിങ്ങ്

‘സംഘികള്‍ കയറിയിറങ്ങുന്നതിനു കുഴപ്പമില്ല, പക്ഷെ, നാട് ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് പോകണമെങ്കില്‍ കോടതി അനുവാദമോ?’

ഹാദിയയെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ കോടതിയുടെ അനുമതി തേടാനുള്ള വനിതാ കമ്മീഷന്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെ. ദേവിക

ഹാദിയ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന വനിതാ കമ്മീഷന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി അധ്യാപികയും എഴുത്തുകാരിയുമായ ജെ. ദേവിക. ഹാദിയയുടെ വീട്ടില്‍ സംഘികള്‍ കയറിയിറങ്ങുന്നതിനു കുഴപ്പമില്ല, പക്ഷെ, നാട് ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് പോകണമെങ്കില്‍ കോടതിയുടെ അനുവാദം വേണമെന്ന കമീഷന്റെ നിലപാട് നാണം കെട്ടതാണെന്ന് ദേവിക അഭിപ്രായപ്പെട്ടു. ഹാദിയയെ അടിയന്തിരമായി കമ്മീഷന്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ നേരത്തെ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നിവേദനം നല്‍കുകയും ജോസഫൈന്‍ ഉള്‍പ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ടവര്‍ക്ക് തുറന്ന കത്തുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു.

കോടതി ഉത്തരവനുസരിച്ച് മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഹാദിയ അവകാശലംഘനം നേരിടുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വനിത കമ്മിഷന്‍ കോടതിയില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചിരുന്നുവെന്നും ഈ സാഹചര്യത്തില്‍ സാമൂഹ്യാന്തരീക്ഷം കലുഷിതമാകാതിരിക്കാനാണ് വനിതാ കമ്മിഷന്‍ ഇടപെടുന്നതെന്നും ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീപക്ഷ വിഷയങ്ങളില്‍ ഇടപെടേണ്ടത് വനിതാ കമ്മിഷന്റെ ചുതലയാണ്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതിയെ സമീപിക്കുന്നത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയുടെ അനുമതി തേടുമെന്നും ജോസഫൈന്‍ പറഞ്ഞു. കൂടാതെ ഹാദിയയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും അനുമതി തേടുമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ നാടുഭരിക്കുന്ന സർക്കാരിന്റെ പ്രതിനിധികൾക്കു പോകണമെങ്കിൽ കോടതിയുടെ അനുവാദം വേണമത്രെ എന്ന് ദേവിക വിമര്‍ശിക്കുന്നു. ഇതിൽപ്പരമൊരു അധികാരം വിട്ടൊഴിലുണ്ടോ? എന്തിനു കൊള്ളാം നിങ്ങളെ? നിങ്ങൾ ഇടതുരാഷ്ട്രീയ പ്രവർത്തക തന്നെയോ എന്നും ദേവിക ചോദിക്കുന്നു.

ഭാവിയിൽ പ്രായപൂർത്തിയായ മലയാളിസ്ത്രീകൾക്ക് സ്വയം സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം തന്നെയാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ നാട്ടിലെ ആത്മാഭിമാനമുള്ള സ്ത്രീ പ്രവർത്തകരും ബുദ്ധിജീവികളും ഈ സംഘിപ്രീണന കമ്മീഷനോട് സഹകരിക്കരുതെന്നും അവര്‍ പറഞ്ഞു.

ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

വാർത്ത ശരിയാണെങ്കിൽ, നാണംകെട്ട കേരള വനിതാ കമ്മീഷൻ! സംഘികൾ കയറി ഇറങ്ങുന്നത് കുഴപ്പമില്ല, ഈ നാടുഭരിക്കുന്ന സർക്കാരിന്റെ പ്രതിനിധികൾക്കു പോകണമെങ്കിൽ കോടതിയുടെ അനുവാദം വേണമത്രെ. ഇതിൽപ്പരമൊരു അധികാരം വിട്ടൊഴിലുണ്ടോ? എന്തിനു കൊള്ളാം നിങ്ങളെ? നിങ്ങൾ ഇടതുരാഷ്ട്രീയ പ്രവർത്തക തന്നെയോ?

ഈ നാട്ടിലെ ആത്മാഭിമാനമുള്ള സ്ത്രീ പ്രവർത്തകരും ബുദ്ധിജീവികളും ഈ സംഘിപ്രീണന കമ്മീഷനോട് സഹകരിക്കരുത്. ഭാവിയിൽ പ്രായപൂർത്തിയായ മലയാളിസ്ത്രീകൾക്ക് സ്വയം സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം തന്നെയാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നത്. എന്നിട്ടും ഈ ആത്മഹത്യാപരമായ വഴി തെരഞ്ഞെടുത്ത ശ്രീമതി ജോസഫൈനെ അവർ ഇതിൽ നിന്നും പിൻമാറുന്നതുവരെ അംഗീകരിക്കരുത് നാം.

എല്ലാവർക്കും സ്വന്തം ഫേസ്ബുക്ക് പേജിലൂടെയും എസ്എംഎസ് വഴിയും ഈമെയിൽ വഴിയും ‘അയ്യയ്യേ, സംഘിപ്രീണന കമ്മീഷൻ’ എന്ന പ്രതിഷേധസന്ദേശം അവരെ അറിയിക്കാമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍