UPDATES

ട്രെന്‍ഡിങ്ങ്

രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കാനുളള മഹാമനസ്‌കത സോണിയഗാന്ധി കാണിക്കണം: ജസ്റ്റിസ് കെ ടി തോമസ്

പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ജസറ്റിസ്മാരില്‍ ഒരാളായിരുന്ന കെ ടി തോമസ് സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്‌

1991 മുതല്‍ ജയില്‍വാസം അനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കുന്നതിനുള്ള തന്റെ പിന്തുണ അറിയാക്കാനുള്ള ‘മഹാമനസ്‌കത’ കാണിക്കണമെന്ന് സോണിയ ഗാന്ധിയോട് ഒരു കത്തില്‍ ശിക്ഷ വിധിച്ച സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിലെ അംഗമായിരുന്ന വിരമിച്ച ജഡ്ജി കെടി തോമസ് അഭ്യര്‍ത്ഥിച്ചു. ശിക്ഷയില്‍ ഇളവ് നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നതിനാല്‍ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ഒക്ടോബര്‍ 18ന് അയച്ച കത്തില്‍ ജസ്റ്റിസ് തോമസ് ചൂണ്ടിക്കാണിച്ചു. തങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലഘട്ടം ജയിലില്‍ കഴിഞ്ഞ ഈ കുറ്റവാളികളെ വെറുതെ വിടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് സോണിയയും രാഹുലും പ്രിയങ്കയും രാഷ്ട്രപതിക്ക് കത്തയച്ചാല്‍ ഒരുപക്ഷെ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയേക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. താന്‍ ഇത്തരത്തിലുള്ള ഒരു കത്തയച്ച കാര്യം അദ്ദേഹം ബുധനാഴ്ച ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് സമ്മതിച്ചു. വിഷയത്തില്‍ മാനുഷിക പരിഗണനയാണ് വേണ്ടതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു. കേസില്‍ വിധി പറഞ്ഞ ഒരു ജഡ്ജി എന്ന നിലയില്‍ അവരോട് കരുണ കാണിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ഇത്തരത്തില്‍ ഒരു കത്തെഴുതേണ്ടത് തന്റെ കടമയായി കാണുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കേസില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ ‘ഗുരുതരമായ വീഴ്ചകള്‍’ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രത്യേകിച്ചും കുറ്റക്കാരില്‍ നിന്നും 40 ലക്ഷം രൂപ പിടിച്ചെടുത്തു എന്ന അവകാശവാദം സംശയാസ്പദമാണെന്നും അതിനാല്‍ തന്നെ ‘ഇന്ത്യന്‍ ക്രിമിനല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ട’ നിലനില്‍ക്കുന്ന അക്ഷന്തവ്യമായ വീഴ്ചയിലേക്കാണ് അന്വേഷണം വിരല്‍ ചൂണ്ടുന്നതെന്നും ജസ്റ്റിസ് തോമസ് അഭിപ്രായപ്പെടുന്നു. 1999 മേയ് 11നാണ് ജസ്റ്റിസ് തോമസ് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ഡിപി വാധ്വ, സയിദ് ഷാ മുഹമ്മദ് ഖ്വാദ്രി എന്നിവര്‍ അംഗങ്ങളുമായ സുപ്രീം കോടതി ബഞ്ച്, മുരുകന്‍, ഭാര്യ നളിനി, ശാന്തന്‍, എജി പേരറിവാളന്‍ എന്നീ നാല് പേരുടെ വധശിക്ഷയും മറ്റ് മൂന്ന് പേരുടെ ജീവപര്യന്തവും ശരിവെച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 1991 മേയ് 21ന് ശ്രീപെരുമ്പത്തൂരിലെ സ്‌ഫോടന സ്ഥലത്ത് സന്നിഹിതയായിരന്ന പ്രതികളില്‍ ഒരേ ഒരാള്‍ എന്ന് അന്വേഷണസംഘം ആരോപിച്ച നളിനിയുടെ കാര്യത്തില്‍ ജസ്റ്റിസ് തോമസ് വിയോജനക്കുറിപ്പ് എഴുതുകയും അവരുടെ വധശിക്ഷ ജീവര്യന്തമായി ഇളവ് ചെയ്യണമെന്നും വിധിച്ചിരുന്നു. 2000ല്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2000ല്‍ വെല്ലൂര്‍ ജയില്‍ നളിനിയെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുകയും അക്രമത്തില്‍ നിന്നും സമാധാനത്തിലേക്കും തനിക്കുണ്ടായ നഷ്ടവുമായും പൊരുത്തപ്പെടുന്നതിനാണ് സന്ദര്‍ശനമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2014ല്‍ സുപ്രീം കോടതി മറ്റ് മൂന്ന് പേരുടെയും ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

ഒരു ഉന്നതന്റെ കൊലയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ ഇങ്ങനെയൊരു വിധി ഉണ്ടായതെന്ന് താന്‍ പലപ്പോഴും സംശയിക്കാറുണ്ടെന്ന് ജസ്റ്റിസ് തോമസ് തുറന്നുപറയുന്നു. കുപ്രസിദ്ധമായ കേസല്ലായിരുന്നെങ്കില്‍ വിധി എന്തായിരിക്കും എന്നതിനെ കുറിച്ച് തനിക്ക് ഉത്തരങ്ങളില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ഒരാവശ്യം സോണിയ ഗാന്ധിയുടെ മുന്നില്‍ ഉന്നയിക്കുന്നത് ‘കഠിനമാണെങ്കിലും’ അനുകമ്പയാണ് ഇപ്പോള്‍ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മഹാത്മ ഗാന്ധി കൊലപാതക കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയ്ക്ക് 14 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം മോചനം നല്‍കിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാകണം ഇക്കാര്യത്തില്‍ മാതൃകയെന്നും ജസ്റ്റിസ് തോമസ് പറയുന്നു. ഒരു പ്രതിയുടെ കുറ്റസമ്മതം മറ്റൊരാള്‍ക്കെതിരെ ഉപയോഗിക്കാന്‍ ആവുമോ എന്ന കാര്യത്തില്‍ തീവ്രവാദമായ സംവാദം നടന്നുവെന്ന് പേരറിവാളന്റെ കാര്യം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അംഗീകൃത തെളിവ് നിയമപ്രകാരം ഒരു പ്രതിയുട കുറ്റസമ്മതം മറ്റ് തെളിവുകളും ശക്തിപ്പെടുത്തുന്നതിനുള്ള ഉപാധിയായി മാത്രമേ ഉപയോഗിക്കാവൂ. പക്ഷെ, ഇത് പ്രാമാണിക തെളിവായി ഉപയോഗിക്കണം എന്നായിരുന്നു ബഞ്ചിലെ മറ്റ് രണ്ട് ജഡ്ജിമാരുടെയും അഭിപ്രായം. അവരെ വീട്ടില്‍ വിളിച്ചുവരുത്തി ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ടാഡ നിയമപ്രകാരം അത് പ്രാമാണിക തെളിവാണെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും ജസ്റ്റിസ് തോമസ് വെളിപ്പെടുത്തുന്നു. ഭൂരിപക്ഷ വിധി തെറ്റായ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് പല നിയമജ്ഞരും തന്നോടെ പിന്നീട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കിലേറ്റുന്നത് ഭരണഘടന വിരുദ്ധമാണെന്ന് 2013ല്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളില്‍ നിന്നും 40 ലക്ഷം രൂപ പിടിച്ചെടുത്തു എന്ന അന്വേഷണസംഘത്തിന്റെ വാദം തന്നെ അന്നേ പ്രകോപിപ്പിച്ചിരുന്നതായി ജസ്റ്റിസ് തോമസ് വെളിപ്പെടുത്തി. ഈ പണത്തിന്റെ സ്‌ത്രോതസ് കണ്ടെത്തിയിട്ടുണ്ടോ എന്ന് താന്‍ അന്നത്തെ സോളിസിറ്റര്‍ ജനറല്‍ അല്‍ത്താഫ് അഹമ്മദിനോട് ചോദിച്ചു. കാരണം, 40 ലക്ഷം രൂപ അക്കാലത്ത് വലിയ തുകയായിരുന്നു. ശ്രീലങ്കക്കാരായ പ്രതികളുടെ കൈയില്‍ ഇത്രയും പണം എങ്ങനെ എത്തി എന്ന് അറിയണമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സമയം വേണമെന്നാണ് അല്‍ത്താഫ് അഹമ്മദ് ബോധിപ്പിച്ചത്. ഇതിന്റെ സ്‌ത്രോതസ് കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പിറ്റെ ദിവസം കോടതിയെ അറിയിച്ചു. ഇത്തരം വീഴചകളെ കുറിച്ചുള്ള തന്റെ ആശങ്കകള്‍ മറ്റ് രണ്ട് ജഡ്ജിമാരുമായും പങ്കുവെച്ചുവെന്നും എന്നാല്‍ ഇത്രയും കഠിനാദ്ധ്വാനം ചെയ്ത സിബിഐയെ അന്തിമവിധിയില്‍ വിമര്‍ശിക്കരുതെന്നായിരുന്നു അവരുടെ നിലപാടെന്ന് ജസ്റ്റ്ിസ് തോമസ് പറയുന്നു. തുടര്‍ന്ന സിബിഐയെ അഭിനന്ദിക്കേണ്ടതുമില്ല എന്ന പൊതുതീരുമാനത്തില്‍ ജഡ്ജിമാര്‍ എത്തി. എന്നാല്‍ അന്തിമ വിധി വന്ന ദിവസം ജ്സ്റ്റിസ് ഡിപി വാധ്വ അന്വേഷണ സംഘം തലവന്‍ കാര്‍ത്തികേയനെ അനുമോദിച്ചത് തന്റെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. അത് പത്രങ്ങളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുകയും സു്പ്രീം കോടതി അന്വേഷണത്തില്‍ പൂര്‍ണ തൃപ്തരാണ് എന്ന ധാരണ പരത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ വിരമിച്ച ജസ്റ്റിസ് വാധ്വ വിസമ്മതിച്ചു.

19 പേരെ വെറുതെ വിട്ട സുപ്രീം കോടതി വിധിക്ക് ശേഷം വെറുതെ വിട്ടവരില്‍ ഒരാളുടെ അഭിമുഖം ദ വീക്കില്‍ വന്നത് താന്‍ വായിച്ചിരുന്ന കാര്യവും ജസ്റ്റിസ് തോമസ് ഓര്‍ക്കുന്നു. ‘ഈ നാല്‍പതു ലക്ഷം രൂപ ചന്ദ്രസ്വാമിയാണ് തനിക്ക് നല്‍കിയതെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോള്‍ മനുഷ്യദൈവത്തെ കുറിച്ച് പരാമര്‍ശിക്കരുതെന്ന് ഒരു ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി ആ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. ചന്ദ്രസ്വാമിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാതിരുന്നത് ഇന്ത്യന്‍ ക്രിമിനല്‍ സംവിധാനത്തിന്റെ പരാജയവും ഇന്ത്യന്‍ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തിന് സംഭവിച്ച അക്ഷന്തവ്യമായ വീഴ്ചയുമാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു, ‘എന്നും ജസ്റ്റിസ് കെടി തോമസ് കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍